National News

19 Nov 2018 17:15 PM IST

Reporter-Leftclicknews

ഈ അക്രമം നടത്തുന്നത് മുസ്ലീങ്ങളാണെങ്കിൽ കിടക്കുന്നത് ജയിലിൽ : കെമാൽ പാഷ

ഇപ്പോൾ സംഘപരിവാർ നാട്ടിൽ നടത്തുന്നതുപോലെയുള്ള അക്രമങ്ങൾ ഏതെങ്കിലും മുസ്‍ലീം സംഘടനകൾ നടത്തിയാൽ തീവ്രവാദി മുദ്ര കുത്തി അവർ ജയിലിൽ അടയ്ക്കപ്പെടുമെന്ന് ജസ്റ്റിസ് കെമാൽ പാഷ.

കൊച്ചി വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം പ്രതിഷേധക്കാർ കാട്ടിക്കൂട്ടിയത് ഏതെങ്കിലും മുസ്ലീം സംഘടനകളായിരുന്നു ചെയ്തതെങ്കിൽ പ്രതിഷേധിച്ചവർ തീവ്രവാദികളായി മുദ്ര കുത്തപ്പെട്ട് ജീവിതകാലം മുഴുവൻ ജയിലിൽ കിടക്കുമായിരുന്നു എന്ന് ജസ്റ്റിസ് കെമാൽ പാഷ. കൊല്ലം പോലീസ് ക്ലബ്ബ് ഹാളിൽ പുനലൂർ ബാലൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ, 'വിശ്വാസം, ആചാരം, ഭരണഘടന ' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭരണഘടനയെ അംഗീകരിക്കില്ലെന്ന് ജനങ്ങൾ പറഞ്ഞാൽ രാജ്യം എങ്ങനെ മുന്നോട്ടു പോകുംമെന്ന് കെമാൽ പാഷ ചോദിച്ചു.

 

ഭരണഘടനയിൽ സോഷ്യലിസം എഴുതി വച്ചിട്ടുള്ള രാജ്യത്ത് ജനങ്ങൾ തെരുവിൽ അന്തിയുറങ്ങുന്നു. മരുന്ന് വാങ്ങാൻ പണമില്ലാത്തതു കൊണ്ട് ആയിരങ്ങൾ മരിക്കുന്ന ഒരു രാജ്യത്ത് വിശ്വാസമാണോ പ്രധാന പ്രശ്നമെന്ന് കെമാൽ പാഷ ചോദിച്ചു.ചരിത്രത്തിൽ നമ്മൾ പുറകോട്ടു നടക്കുകയാണ്. ശ്രീ നാരായണ ഗുരുവും കുമാരനാശാശനുമെല്ലാം വീണ്ടും ജനിക്കേണ്ടിയിരിക്കുന്നു. ആർത്തവത്തിന്റെ പേരിൽ സ്ത്രീകൾക്ക് പതിത്വം കല്പിക്കുന്ന പ്രാകൃതമായ യുഗത്തിലേക്ക് നാടിനെ തിരിച്ചു കൊണ്ടുപോകാനാണ് ശ്രമം നടത്തുന്നത്.

 

സുപ്രീം കോടതി വിധി അനുസരിക്കില്ലെന്ന് പറയുന്നത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്. സുപ്രീം കോടതി എന്തു വിധി പ്രഖ്യാപിക്കണമെന്ന് പറയാൻ ഒരു രാഷട്രീയപ്പാർട്ടിക്കും മതസംഘടനയ്ക്കും അധികാരമില്ല. നിയമം വ്യാഖ്യാനിക്കാനുള്ള അധികാരം കോടതിക്കാണ്. ആചാരങ്ങളെക്കുറിച്ച് പറയുന്നത് അധികാരത്തിനും വോട്ടിനും വേണ്ടിയാണ്.

 

 


Reporter-Leftclicknews