Kerala News

08 Dec 2018 12:15 PM IST

കെ.സുരേന്ദ്രൻ ജയിൽ മോചിതനായി

സന്നിധാനത്ത് സ്ത്രീയെ ആക്രമിച്ച കേസിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് കെ.സുരേന്ദ്രൻ ജയിൽ മോചിതനായി.

Thiruvananthapuram

സന്നിധാനത്ത് സ്ത്രീയെ ആക്രമിച്ച കേസിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് കെ.സുരേന്ദ്രൻ ജയിൽ മോചിതനായി. വി.മുരളീധരൻ എം.പി ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള അടക്കമുള്ള നേതാക്കളാണ് പൂജപ്പുര ജയിലിനു മുന്നിൽ സുരേന്ദ്രനെ സ്വീകരിക്കാനെത്തിയത്. നവംബർ 17 നു അറസ്റ്റിലായ കെ. സുരേന്ദ്രൻ 22 ദിവസത്തെ ജയിൽവാസത്തിനുശേഷമാണ് പുറത്തിറങ്ങുന്നത്.

 

സുരേന്ദ്രന്‍റെ അറസ്റ്റ് ബി ജെ പിയില്‍ വലിയ ചേരിതിരിവിനും കാരണമായിയിരുന്നു. അറസ്റ്റിനെതിരെ പാര്‍ട്ടി ശക്തമായി പ്രതികരിച്ചില്ലെന്നായിരുന്നു വി മുരളീധരന്‍ അടക്കമുളളവരുടെ വിമര്‍ശനം. ബി.ജെ.പി സംസ്ഥാന ഘടകത്തില്‍ നേരത്തേ തന്നെ രൂക്ഷമായിരുന്ന ചേരിപ്പോര് ഇതോടെ വന്‍ പൊട്ടിത്തെറിയുടെ വക്കിലെത്തിയിരിക്കുന്നു. ശ്രീധരന്‍പിള്ളയുടെ പിടിപ്പുകേടും അപക്വതയുമാണ് പാര്‍ട്ടിയെ ഇത്രയും വലിയ പ്രതിസന്ധിയില്‍ കൊണ്ടെത്തിച്ചതെന്നാണ് ഗ്രൂപ്പുകള്‍ക്കതീതമായി ഭൂരിപക്ഷം നേതാക്കളുടെയും അഭിപ്രായം. ഇതിനിടെ കെ.സുരേന്ദ്രനെ പ്രസിഡന്റാക്കണമെന്ന ആവശ്യവും മുരളീധരന്‍ ഗ്രൂപ്പ് മുന്നോട്ട് വച്ചിരുന്നു.

 

ശബരിമല സമരം കൈവിട്ട സ്ഥിതിക്ക് കെ.സുരേന്ദ്രന്റെ ജയിൽ മോചനത്തെ ആഘോഷമാക്കാനാണ് ബിജെപി തീരുമാനം. ജയില്‍മോചിതനായെത്തുന്ന സുരേന്ദ്രന് വിവിധ ജില്ലകളില്‍ സ്വീകരണം നല്‍കാനും പാര്‍ട്ടിയില്‍ ആലോചനയുണ്ട്. ഇതിന്റെ ആദ്യ പടി എന്ന നിലക്കാണ് ഇന്നത്തെ പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. ജയിലിൽ നിന്ന് വാഹന റാലിയുടെ അകമ്പടിയോടെ ആദ്യം പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലും അവിടെനിന്ന് കാൽനടയായി എ എൻ രാധാകൃഷ്ണൻ നിരാഹാരം കിടക്കുന്ന സെക്രട്ടറിയേറ്റിന് മുന്നിലെ സമരപ്പന്തലിലേക്കുമാണ് സുരേന്ദ്രന്‍ പോകുക.