29 May 2020 23:20 PM IST
അടിയന്തരാവസ്ഥയ്ക്കു ശേഷം ഒരു ദിവസം സിവിക് ചന്ദ്രനോടൊപ്പം വീരേന്ദ്രകുമാറിന്റെ വീട്ടിൽ പോയാണ് അദ്ദേഹത്തെ ആദ്യം കാണുന്നത്. നക്സലൈറ്റ് രാഷ്ട്രീയപ്രവർത്തകനാണ് ഞാൻ എന്ന് അദ്ദേഹത്തിനറിയാം. വളരെ വിശദമായി സംസാരിക്കുകയൊന്നുമുണ്ടായില്ല. അടിയന്തരാവസ്ഥയെകുറിച്ചൊക്കെ സംസാരിച്ചു. പിന്നീട് പല വേദികളിലും ഒന്നിച്ചു കാണാറുണ്ടായിരുന്നു.
എഴുത്തുകാരൻ യു.കെ കുമാരന്റെ മുൻകൈയിൽ എന്റെ ഒരു ലേഖന സമാഹാരം കോഴിക്കോട്ടെ ഒരു പുസ്തക പ്രസിദ്ധീകരണശാല പ്രസിദ്ധീകരിച്ചപ്പോൾ പ്രകാശനം ചെയ്യാൻ അവർ വിളിച്ചത് വീരേന്ദ്രകുമാറിനെയാണ്. അന്ന് മാതൃഭൂമി ബുക്സ് കാര്യമായി വികസിച്ചു വരുന്നതേയുള്ളൂ. എന്റെ പുസ്തകങ്ങൾ മാതൃഭൂമി ബുക്സിന് നൽകുമോ എന്നദ്ദേഹം ചോദിച്ചു. ഞാൻ സമ്മതിച്ചു.എന്റെ നാലു അഞ്ചു പുസ്തകങ്ങൾ മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ചു.
ഞാൻ ഒളിവിലിരിക്കുമ്പോൾ തിരുവനന്തപുരത്തുവച്ച് അന്ന് മാതൃഭൂമിയുടെ പ്രധാനികളിൽ ഒരാളായിരുന്ന പി.രാജൻ എന്നെ ഇന്റർവ്യൂ ചെയ്തു. അടുത്ത ദിവസമൊന്നും അത് പ്രസിദ്ധീകരിച്ചില്ല. മാതൃഭൂമി തിരുവനന്തപുരം എഡിഷൻ തുടങ്ങുന്ന ദിവസമാണ് ആ ഇന്റർവ്യൂ അച്ചടിച്ചുവന്നത്. അത് തിരുവനതപുരം എഡിഷൻ തുടങ്ങുന്ന ദിവസം പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചതിനു പിന്നിൽ വീരേന്ദ്രകുമാറായിരുന്നു എന്ന് ഇന്ന് അദ്ദേഹത്തെക്കുറിച്ചുള്ള ഒരു ലേഖനത്തിൽ കണ്ടു. അത് ഞാൻ അറിഞ്ഞിരുന്നില്ല.
കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിന് പുറത്ത് പുരോഗമനപരമായ ജനാധിപത്യ രാഷ്ട്രീയത്തിനുള്ള സാധ്യത കേരളത്തിലുണ്ട്. രണ്ടു മുന്നണികൾക്കും ബദലായി അധികാരത്തിലെത്താൻ കഴിയുന്ന രാഷ്ട്രീയം എന്ന നിലയിലല്ല, ഒരു മൂന്നാം ധാരയായി മാറാൻ കഴിയുന്ന രാഷ്ട്രീയം എന്നാണുദ്ദേശിച്ചത്. പക്ഷേ, അതിനു നേതൃത്വം നൽകാൻ വീരേന്ദ്രകുമാറിന് കഴിഞ്ഞില്ല. ജനതാദൾ പോലെ ഒരു ചെറിയ പാർട്ടിയുടെ നേതാവാകുന്നതിനു പകരം കമ്മ്യൂണിസ്റ്റിതര ഇടതുപക്ഷം എന്ന രാഷ്ട്രീയധാരയുടെ വക്താവാകാൻ കഴിയാത്തതെന്തുകൊണ്ട് എന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചിട്ടുണ്ട്. പല കാര്യങ്ങളിൽ മുഴുകി ജീവിക്കുന്ന തനിക്കുള്ള പരിമിതിയാണ് അദ്ദേഹം ചൂണ്ടിക്കാണിച്ചത്.
ഇടതുപക്ഷത്തെ ശക്തമായി വിമർശിക്കുന്ന എന്നെപ്പോലെയുള്ളവരോട് സംവദിക്കാൻ ഇടതുപക്ഷത്തിന്റെ ഭാഗമായി നിൽക്കുമ്പോഴും അദ്ദേഹം തയ്യാറായിരുന്നു. ആഗോളവല്കരണം തുടങ്ങി ശക്തമായ അഭിപ്രായവ്യത്യാസമുള്ള വിഷയങ്ങളിൽ ആശയസംവാദത്തിന് വൈമുഖ്യം ഉണ്ടായിരുന്ന ആളല്ല. ഇടതുപക്ഷത്തെക്കുറിച്ചുള്ള എന്റെ വിമർശനങ്ങളോട് പലപ്പോഴും യോജിച്ചിട്ടുണ്ട്. പക്ഷേ, ആ അഭിപ്രായങ്ങൾ പരസ്യമായി പ്രകടിപ്പിക്കാൻ അദ്ദേഹം ശ്രമിച്ചില്ല. ജനാധിപത്യവാദിയായ ഒരു രാഷ്ട്രീയ നേതാവ് എന്ന നിലയിൽ ശക്തമായ ആശയസമരങ്ങൾക്ക് നേതൃത്വം നൽകുന്നതിനു പകരം രാഷ്ട്രീയത്തിലെ പ്രായോഗികതയ്ക്കാണ് അദ്ദേഹം പ്രാധാന്യം നൽകിയത്.
പഠനത്തിനും ചിന്തയ്ക്കും പ്രാധാന്യം നൽകിയ രാഷ്ട്രീയ നേതാവാണ് വീരേന്ദ്രകുമാർ. അദ്ദേഹത്തിന്റെ പുസ്തകങ്ങൾ എഴുതിയത് മറ്റുള്ളവരാണ് എന്ന ആരോപണം കേട്ടിട്ടുണ്ട്. വിവരങ്ങൾ ശേഖരിക്കുന്നതിനും എഴുതുന്നതിനും സഹായങ്ങൾ സ്വീകരിച്ചിട്ടുണ്ടാകാം. പക്ഷേ, സ്വന്തമായി വ്യക്തമായ നിലപാടുകളുള്ള എഴുത്തുകാരൻ തന്നെയായിരുന്നു അദ്ദേഹം. സ്വന്തമായി നിലപാടുകളുള്ള, വ്യത്യസ്ത ആശയങ്ങളോട് സഹിഷ്ണുത പുലർത്തുകയും ജനാധിപത്യപരമായ സംവാദങ്ങൾക്ക് തയ്യാറാവുകയും ചെയ്ത, പുരോഗമനവാദിയായ രാഷ്ട്രീയ നേതാവാണ് വീരേന്ദ്രകുമാറിന്റെ മരണത്തോടെ ഇല്ലാതാകുന്നത്.