Open Space

തുഴഞ്ഞു തീരാത്ത ദുരിതങ്ങൾ

ദന്തഗോപുരങ്ങളിലിരുന്നു കാണുന്ന നിലാവിലെ മഴ, രാത്രിമഴ, കാമുകനും കാമുകിയും ഭൂമിയിലെ കാല്പനികമായതെല്ലാമായി നിമിഷംപ്രതി വേഷം മാറുന്ന മഴയുടെ സുന്ദരമായ ഭാവപ്പകര്‍ച്ച - ഇതൊന്നും മഴക്കെടുതികള്‍ കാലങ്ങളായി അനുഭവിക്കുന്ന സാധാരണക്കാർക്ക് ഒട്ടും കാല്പനികമായി തോന്നാനിടയില്ല. പ്രളയത്തിന്റെ കുട്ടനാടൻ അനുഭവത്തെക്കുറിച്ച് കവിയും അധ്യാപികയുമായ ലോപ എഴുതുന്നു.

"ഏത് ഭഗവദ്‌വചനാമൃതത്താലും പരിഹരിക്കപ്പെടാവുന്നതല്ല ജീവിതമേല്പിക്കുന്ന യാതനകള്‍" എന്ന വാക്യം (ഭാരതപര്യടനം) ഓര്‍മ്മിച്ചു കൊണ്ടേ, കുട്ടനാട്ടുകാര്‍ക്ക് മഴയെക്കുറിച്ചെഴുതാനാവൂ. ദന്തഗോപുരങ്ങളിലിരുന്നു കാണുന്ന നിലാവിലെ മഴ, രാത്രിമഴ, കാമുകനും കാമുകിയും ഭൂമിയിലെ കാല്പനികമായതെല്ലാമായി നിമിഷംപ്രതി വേഷം മാറുന്ന മഴയുടെ സുന്ദരമായ ഭാവപ്പകര്‍ച്ച - ഇതൊന്നും മഴക്കെടുതികള്‍ കാലങ്ങളായി അനുഭവിക്കുന്ന സാധാരണക്കാർക്ക് ഒട്ടും കാല്പനികമായി തോന്നാനിടയില്ല.

 

മഴയില്ലാക്കാലങ്ങളിലും വെള്ളം ധാരാളമുള്ള കുട്ടനാട്ടില്‍ കൊല്ലംതോറുമാവര്‍ത്തിക്കുന്ന മഴയും വെള്ളപ്പൊക്കവും ജീവിതചര്യയുടെ ഒരു ഭാഗമായി മാത്രമേ കുട്ടനാട്ടുകാര്‍ കാണാറുള്ളൂ. ജലം, അത്രമേല്‍ അവരുടെ ജീവിതവും സത്തയുമായി ബന്ധപ്പെട്ടിരിക്കുന്നു. കടുത്ത വെള്ളപ്പൊക്കത്തിലേ അവര്‍ കുലുങ്ങാറുള്ളൂ. കേട്ടറിവു മാത്രമുള്ള 99 ലെ ആ വെള്ളപ്പൊക്കത്തിനു ശേഷം, ഇത്രമേല്‍ പ്രകൃതി മുടിയഴിച്ചാടി കേരളത്തെ വിറപ്പിച്ച ഒരു കാലം ഉണ്ടായിട്ടില്ല. തുടര്‍ച്ചയായ മഴ, ഉരുള്‍പൊട്ടല്‍, അണക്കെട്ടുകളിലെ വെള്ളം തുറന്നുവിടല്‍ തുടങ്ങിയവയുടെ ബാക്കിപത്രമായി വന്ന വെള്ളപ്പൊക്കം അക്ഷരാര്‍ത്ഥത്തില്‍ പ്രളയസമാനമായി. ഇരുനിലക്കെട്ടിടങ്ങളിലുമേറെ പൊങ്ങിയ വെള്ളത്തില്‍ വീണു മരിച്ചും, നീന്തിയേറിയും പലായനം ചെയ്തും ദിവസങ്ങളോളം കേരളം കിതപ്പാറാതെ നിന്നു.

 

വെള്ളം ഒരു ദുഃസ്വപ്നം പോലെ താഴ്ന്നുമറഞ്ഞു - ചിലയിടങ്ങളില്‍ ആസന്നമായ വരള്‍ച്ചയെ സൂചിപ്പിച്ച് വരണ്ടു തുടങ്ങി. കുട്ടനാട് അപ്പോഴും വെള്ളത്തില്‍ മുങ്ങിത്തന്നെ കിടക്കുന്നു. കിഴക്കന്‍ പ്രദേശങ്ങളില്‍ നിന്ന് ഒഴുകി വന്ന ജലം മുഴുവന്‍ അറബിക്കടലിലേക്കുള്ള യാത്രാമധ്യേ, കുട്ടനാട്ടില്‍ വന്നടിഞ്ഞിരിക്കുന്നു - എങ്ങും പോകാതെ മുക്കാല്‍പങ്കും അവിടത്തന്നെ നിലനില്‍ക്കുന്നു. ഈ നൂറ്റാണ്ടു കണ്ട ഏറ്റവും വലിയ ദുരന്തത്തില്‍ നിന്ന്, കേരളം ഒന്നില്‍ത്തുടങ്ങി കരേറിയാലും, മറ്റെല്ലാപ്രദേശങ്ങളും ഉയിര്‍ത്തെഴുന്നേറ്റാലും, കുട്ടനാട് അപ്പോഴും പിന്നില്‍ത്തന്നെ തുടരുന്നു. ചെളിക്കുഴമ്പില്‍ അഭിഷേകം നടത്തപ്പെട്ട സ്‌കൂളുകളും കോളേജുകളും വീടുകളും മുന്നോട്ടുള്ള യാത്രയില്‍ ഒപ്പമെത്താനാവാതെ പിന്നില്‍ത്തറഞ്ഞു നില്‍ക്കുന്നു.

 

പെട്ടെന്നുണ്ടായ നഷ്ടങ്ങള്‍, സാമ്പത്തിക അരക്ഷിതാവസ്ഥ, ജീവഹാനി, ഭക്ഷണദൗര്‍ലഭ്യം, ശുദ്ധജല ദൗര്‍ലഭ്യം ഇതൊക്കെ സര്‍ക്കാരിന്റെയും സുമനസ്സുകളുടെയും സഹായത്താല്‍ അതിജീവിക്കാന്‍ കഴിഞ്ഞാലും വീണ്ടും ഒരുപാടൊരുപാട് പേടികള്‍ കുട്ടനാടിനെ കാത്തിരിക്കുന്നു. വെള്ളപ്പൊക്കത്തിന്റെ ഫലമായി വൃത്തിഹീനമായി മാറിയ ചുറ്റുപാടുകള്‍. പക്ഷിമൃഗാദികളുടെ ജഡാവശിഷ്ടങ്ങള്‍, വരാനിരിക്കുന്ന പേരറിയാത്ത അനേകം പകര്‍ച്ചവ്യാധികള്‍ - ജീവിക്കാന്‍ വേണ്ടി കുട്ടനാടിന് ഒരുപാട് പൊരുതേണ്ടി വരും- ആസന്നമായ തുലാവര്‍ഷത്തെക്കാത്ത്, മഴക്കാലത്തിന്റെ അനേകം ഓര്‍മ്മകള്‍ പേറി നനഞ്ഞ മനസ്സോടെ ഓരോ കുട്ടനാട്ടുകാരനും ഉണര്‍ന്നിരിക്കുന്നു. കട്ടച്ചെളിപ്പോലെ ഉറച്ച നെഞ്ചോടെ 'Riders to the sea' (J.M.Synge) എന്ന നാടകത്തിലെ അമ്മ (മൗര്യ) കടലിനോട് ചോദിച്ചത് അവന്‍ മഴയോട് ചോദിക്കുന്നു...
'What else can you do to me?'