07 May 2020 06:35 AM IST
കോവിഡ്-19 എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന രോഗം പരത്തുന്ന പുതിയ കൊറോണ വൈറസാണ് ഇന്ന് മനുഷ്യരാശിയുടെ ഉറക്കം കെടുത്തുന്നത്. തിരിച്ചറിയപ്പെട്ടിട്ട് ഏതാനും മാസങ്ങളേ ആയിട്ടുള്ളുവെങ്കിലും ഇതിനോടകം രണ്ടുലക്ഷത്തിലധികം മനുഷ്യജീവനുകൾ അപഹരിച്ചുകഴിഞ്ഞ ഈ പകർച്ചവ്യാധി അതിന്റെ സംഹാരതാണ്ഡവം തുടരുകയാണ്. ദുരിതാവസ്ഥയുടെ ഭീകരതയ്ക്ക് മുന്നിൽ പകച്ചു നിൽക്കാതെ, രോഗികളെ ശുശ്രൂഷിക്കാനും പരിചരിക്കാനും മുന്നിട്ടിറങ്ങിയ ആതുരസേവകരിലും, കോവിഡിനെ തോല്പിക്കാൻ അശ്രാന്തം പരിശ്രമിക്കുന്ന ശാസ്ത്രജ്ഞരിലും നമുക്ക് വിശ്വാസമർപ്പിക്കാം.
കോവിഡ്-19 നു കാരണമാകുന്ന 'സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം-കൊറോണവൈറസ്-2' (SARS-CoV-2) ഒറ്റ ഇഴ മാത്രമുള്ള ഒരു പോസിറ്റീവ് ആർഎൻഎ മാത്രമടങ്ങിയതാണ്.
മനുഷ്യൻ ഇന്നേവരെ കൈവരിച്ച എല്ലാ അറിവും ഉപയോഗപ്പെടുത്തി ഈ വൈറസിനെ പ്രതിരോധിക്കാനായി ലോകത്താകമാനം നടക്കുന്ന ഗവേഷണങ്ങൾ ഏറെ മുന്നേറിക്കഴിഞ്ഞു. മരുന്നും പ്രതിരോധ വാക്സിനും വികസിപ്പിച്ചുകൊണ്ട് സമീപഭാവിയിൽ തന്നെ ഈ മഹാമാരിയെ പിടിച്ചുകെട്ടാനാകുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ.
ഈ അവസരത്തിൽ വൈറസ് എന്ന അതിസൂക്ഷ്മ ജീവികളെപ്പറ്റി കൂടുതൽ അറിയുന്നത് നന്നായിരിക്കും. യഥാർത്ഥത്തിൽ എന്താണ് വൈറസുകൾ? രോഗകാരികളായ കീടാണുക്കൾ മാത്രമാണോ അവ? ഭൂമിയിലെ ജീവന്റെ പരിണാമത്തിലും നിലനിൽപ്പിലും വൈറസുകൾക്ക് എന്തെങ്കിലും പങ്ക് വഹിക്കാനുണ്ടോ? ഏതെല്ലാം മേഖലകളിലാണ് വൈറസുകൾ മനുഷ്യന് ഉപയോഗപ്രദമാകുന്നത്? എപ്പോഴാണ് അവ അപകടകാരികളായി പരിണമിക്കുന്നത്? ഒന്ന് പരിശോധിക്കാം.
വൈറസുകൾ എന്നാൽ പ്രോട്ടീൻ കവചത്തിനുള്ളിൽ സംരക്ഷിക്കപ്പെട്ട ജനിതക ദ്രവ്യം(DNA/RNA) പേറി നടക്കുന്ന സൂക്ഷ്മാണുക്കളാണ്. നിർബന്ധമായും ജീവകോശത്തിനകത്ത് മാത്രം വളർന്ന് പെരുകുന്ന പരാദങ്ങളാണ് വൈറസുകൾ. എന്നാൽ ഭൂമിയിലെ ജീവന്റെ ആദ്യ തുടിപ്പുകളിൽ നിന്നും പ്രകൃതിയെ ഇന്നു കാണുന്ന ജൈവ വൈവിധ്യത്തിലേക്ക് എത്തിച്ച പരിണാമ പ്രക്രിയയിലെ മുഖ്യ കണ്ണികളിലൊന്നാണ് ഈ അതിസൂക്ഷ്മ ജീവികൾ എന്നും അറിയുക.
മനുഷ്യന്റെ ജനിതകഘടന ശാസ്ത്രജ്ഞന്മാർ ഇഴപിരിച്ചെടുത്തപ്പോൾ, മനുഷ്യരില്‍ നിര്‍ജ്ജീവാവസ്ഥയിൽ കഴിയുന്ന നിരവധി ജീനുകളെക്കുറിച്ചും വിവരം ലഭിച്ചു. നിലവിലുള്ള സാഹചര്യത്തില്‍ അതിജീവനത്തിന് ആവശ്യമില്ലാത്തതിനാല്‍ നിര്‍ജ്ജീവമായിരിക്കുന്നവയാണ് ഈ ജീനുകളെന്ന് ശാസ്ത്രലോകം വിലയിരുത്തുന്നു. ഏകകോശ ജീവിയില്‍ നിന്ന് മനുഷ്യനിലേക്കുള്ള പരിണാമയാത്രയില്‍, ഉപേക്ഷിക്കാതെ നിശ്ശബ്ദമായി കൂടെക്കൂട്ടിയിരിക്കുന്ന ഇത്തരം മനുഷ്യജീനുകളില്‍ വൈറസിന്റെ കാല്പാടുകളും കണ്ടെത്താം. അതായത്‍, കോടാനുകോടി സംവത്സരങ്ങളിലൂടെ കടന്നുവന്ന് ഇപ്പോഴും അനുസ്യുതം തുടരുന്ന പരിണാമ പ്രക്രിയയിലെ സുപ്രധാന കണ്ണികളാണ് വൈറസുകള്‍.
ആദ്യമായി, വൈറസുകള്‍ ഏതെങ്കിലും കോശത്തില്‍ കടന്നുകയറിയാൽ എന്തു സംഭവിക്കുമെന്ന് നോക്കാം. ഒന്നുകിൽ കയറിപ്പറ്റിയ കോശത്തേയോ ആ ജീവിയെത്തന്നെയോ വകവരുത്തി സ്വയം വംശവർദ്ധനവ് നടത്തിയ ശേഷം പുറത്തുകടന്ന് അനുയോജ്യമായ പുതിയ ഇരകളെത്തേടും. അല്ലെങ്കില്‍ കടന്നുകൂടിയ ജീവിയുമായി ഇഴുകിച്ചേർന്ന് പരസ്പര ധാരണയോടെ സഹവസിക്കും. മറ്റു ചില വൈറസുകൾക്ക്
ബാക്ടീരിയകോശങ്ങൾക്കുള്ളിൽ കടന്ന് അവയുടെ ജനിതകദ്രവ്യത്തോട് (ഡിഎന്‍എ) തങ്ങളുടെ ജനിതകദ്രവ്യം ചേർത്തുവച്ച്, അവയോടൊപ്പം ഒന്നിച്ചുകൂടി കഴിയാനുള്ള വിരുത് ഉണ്ട്. വൈറസുകളിൽ അന്തർലീനമായ ഈ ജനിതക എന്‍ജിനീയറിംഗ് വൈദഗ്ധ്യം ഏകകോശ ജീവികളില്‍ പരിണാമമുണ്ടാക്കി, ഇന്നു കാണുന്ന ജൈവവൈവിധ്യത്തിലേക്ക് പ്രകൃതിയെ നയിച്ചതിൽ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
മനുഷ്യന്റെ അനിയന്ത്രിതമായ പ്രകൃതി ചുഷണം ഭൂമിയിൽ ജീവന്റെ നിലനില്‌പിനെത്തന്നെ അപകടപ്പെടുത്തുന്ന നിലയിലേക്ക് എത്തിച്ചിരിക്കുന്നു. പരിസ്ഥിതി നാശവും കാലാവസ്ഥാ വ്യതിയാനവും ഭൂമിയുടെ സന്തുലിതാവസ്ഥയെ തകിടം മറിക്കുകയും അതിസൂക്ഷ്മാണുക്കൾ തൊട്ട് മനുഷ്യർ വരെയുള്ള സകല ജീവിവർഗ്ഗങ്ങളിലും അതിന്റെ അനുരണനങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്.
ഏകകോശ ജീവികളായ ബാക്ടീരിയകളില്‍ മുതല്‍ മനുഷ്യരില്‍ വരെ, ജനിതക ഭാഷ കോഡ് ചെയ്ത് വച്ചിരിക്കുന്നത് ഡിഎന്‍എയിൽ ആണ്. ഒരു വിഭാഗം വൈറസുകളില്‍ മാത്രമാണ് ആര്‍എന്‍എയില്‍ കോഡ് ചെയ്യുന്നത്. ഡിഎന്‍എയെക്കാൾ താരതമ്യേനെ ജനിതകമാറ്റത്തിന് എളുപ്പം വിധേയമാകുന്നതാണ് ആര്‍എന്‍എ. മാറുന്ന പ്രകൃതിക്ക് അനുസരിച്ച് വൈറസുകള്‍ വേഗത്തിൽ ഉൽപരിവര്‍ത്തനത്തിന് (മ്യൂട്ടേഷന്‍) വിധേയവുമാകും. ഇത്തരം ജനിതകമാറ്റം യഥാർത്ഥത്തിൽ വൈറസുകളുടെ ഒരു അതിജീവന തന്ത്രമാണ്.
സന്തുലിതാവസ്ഥയുടെ താളം തെറ്റുമ്പോൾ പ്രകൃതിയിലുണ്ടാകുന്ന രാസ, ഭൗതിക വ്യതിയാനങ്ങള്‍ ഇത്തരം അതിസൂക്ഷ്മ ജീവികളില്‍ ഉൽപരിവര്‍ത്തനത്തിന് പ്രേരകമാകുന്നു. വൈറസുകൾ ഈ വിധത്തിൽ അതിജീവനത്തിനുള്ള തന്ത്രങ്ങൾ മെനയുമ്പോൾ യഥാർത്ഥത്തിൽ പുതിയ മഹാമാരികള്‍ക്ക് ബീജാവാപം ചെയ്യപ്പെടുകയാണ്. എണ്ണിയാലൊടുങ്ങാത്ത വൈറസുകളിൽ വളരെ ചെറിയ ശതമാനം മാത്രമേ രോഗകാരികളായിട്ടുള്ളൂ എന്നതിൽ നമുക്ക് ആശ്വസിക്കാം.
രോഗചികിത്സയ്ക്കും വാക്സിൻ നിർമ്മാണത്തിനും വൈറസുകളെ ഉപയോഗപ്പെടുത്താം. ബാക്റ്റീരിയോ ഫേയ്ജ് വൈറസുകൾ രോഗകാരികളായ ബാക്ടീരിയകളെ നശിപ്പിക്കാനുള്ള ഫേയ്ജ് തെറാപ്പിയിൽ പ്രയോജനപ്പെടുന്നുണ്ട്. ഓരോ പ്രത്യേക ഇനം ബാക്ടീരിയോ ഫേയ്ജും രോഗം പരത്തുന്ന അതേ ഇനം ബാക്ടീരിയകൾക്ക് ഉള്ളിൽ കടന്ന് അവയെ മാത്രമേ നശിപ്പിക്കുകയുള്ളൂ എന്നതിനാൽ ഇത്തരം ചികിത്സയിൽ മനുഷ്യശരീരത്തിലെ ഉപകാരികളായ മറ്റ് ബാക്ടീരിയകൾക്ക് ദോഷം സംഭവിക്കുന്നില്ല.
അതേ സമയം ആന്റിബയോട്ടിക് ചികിത്സയില്‍ ഇത്തരം വിവേചനം സാധ്യമല്ലാത്തതിനാൽ ഉപകാരികളായ ബാക്റ്റീരിയകളുടെ കൂട്ടനശീകരണവും തന്മൂലമുള്ള പാര്‍ശ്വഫലങ്ങള്‍ക്കും കാരണമാകും. രോഗകാരികളായ ബാക്റ്റീരിയകളില്‍, ആന്റിബയോട്ടിക് റെസിസ്റ്റന്‍സ് ഉടലെടുത്താൽ മരുന്ന് ഫലപ്രദമാകാത്ത അവസ്ഥയും സംജാതമാകാം. രോഗാണുജന്യ രോഗചികിത്സ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ആന്റിബയോട്ടിക് റസിസ്റ്റൻസ് ആണെന്ന് ലോകാരോഗ്യസംഘടന തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഇവിടെയാണ് ഫേയ്ജ് തെറാപ്പിയുടെ പ്രസക്തി വർദ്ധിക്കുന്നത്.
കോളറയ്ക്ക് കാരണമാകുന്ന ‘വിബ്രിയോ കോളറ’ എന്ന ബാക്ടീരിയയുടെ ഗംഗാനദിയിലൂടെയുള്ള വ്യാപനം കുറയാന്‍ കാരണം കോളറാഫെയ്ജുകളുടെ സാന്നിധ്യമാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട് . കോളറ രോഗം പൊട്ടിപ്പുറപ്പെടുന്ന പ്രദേശത്തെ ജലസ്രോതസ്സുകളിൽ ഇത്തരം വൈറസ്സുകളെ ഉപയോഗിച്ച് രോഗവ്യാപനം തടയാൻ സാധിക്കും.
മറ്റു കോശങ്ങളില്‍ ജനിതകമാറ്റം വരുത്താന്‍ വൈറസുകൾക്ക് കഴിയുമെന്നതിനാല്‍ ജനിതക എന്‍ജിനീയറിംഗ് മേഖലയില്‍ വൈറസുകളെ വലിയ തോതിൽ പ്രയോജനപ്പെടുത്തിവരുന്നുണ്ട്. വൈറല്‍ വാക്‌സിനുകളുടെ നിർമ്മാണത്തിന്നും വൈറസുകള്‍ ആവശ്യമാണ്. ഇത്തരത്തില്‍ നോക്കുമ്പോൾ മനുഷ്യരാശിയുൾപ്പെടുന്ന പ്രകൃതിയിലെ ജീവവർഗ്ഗങ്ങളുടെയാകെ സന്തുലിതമായ സഹവർത്തിത്വത്തിനും അതിജീവനത്തിനും വൈറസുകൾ അത്യന്താപേക്ഷിതമാണെന്ന് കാണാം.
കാലാവസ്ഥാ വ്യതിയാനത്തിന്റ അനന്തരഫലമായി വൈറസുകള്‍, ബാക്ടീരിയകള്‍ തുടങ്ങിയ രോഗാണുക്കള്‍ പരത്തുന്ന ചില രോഗങ്ങള്‍ അവ പടർന്നുപിടിക്കാൻ സാധ്യതയില്ലാത്തതായി കരുതപ്പെടുന്ന പ്രദേശങ്ങളില്പോലും പൊട്ടിപുറപ്പെടുന്നതായി കാണുന്നുണ്ട്.
കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടയിൽ വർദ്ധിച്ചതോതിലുള്ള വനനശീകരണത്തിന്റ ഫലമായി ലോകത്താകമാനം വനവിസ്തൃതി ഗണ്യമായി കുറഞ്ഞു. തൊണ്ണൂറുകളുടെ തുടക്കത്തിൽ 250 മില്യൻ ഹെക്ടർ ഉണ്ടായിരുന്നിടത്ത് ഇപ്പോള്‍ ഇത് 100 മില്യണ്‍ ഹെക്ടര്‍ ആയി ചുരുങ്ങി. തന്മൂലം ലോകത്താകെ കണക്കാക്കപ്പെട്ടിട്ടുള്ള 87 ലക്ഷം ജീവിവര്‍ഗ്ഗങ്ങളില്‍ 10 ലക്ഷവും വംശനാശത്തിന്റെ ഭീഷണിയിലാണ്. തനതായ ആവാസവ്യവസ്ഥ നഷ്ടപ്പെടുന്ന ജന്തുജീവികൾ നിലനില്പിനായി സ്വാഭാവികമായും മനുഷ്യവാസമേഖലകളിലേക്ക് കടന്നുകയറുകയും മനുഷ്യരിലേക്ക് ജന്തുജന്യവൈറസുകള്‍ പടരാന്‍ ഇത് വഴിയൊരുക്കുകയും ചെയ്യുന്നു.
പരിസ്ഥിതിയെ അവഗണിച്ചുകൊണ്ട് താല്ക്കാലിക നേട്ടങ്ങൾക്കുവേണ്ടിയുള്ള മനുഷ്യന്റെ ലാഭക്കൊതിയുടേയും ഉപഭോഗാർത്തിയുടേയും പ്രത്യക്ഷഫലങ്ങളാണ് നിപയും, കൊറോണയും പോലെയുള്ള മാരകങ്ങളായ രോഗങ്ങൾ എന്നു പറയാവുന്നതാണ്.
എപ്പോഴും ഓർക്കുക; ഇഷ്ടംപോലെ ധൂർത്തടിക്കാൻ നമ്മുടെ മുൻഗാമികൾ ദാനം നൽകിയതല്ല മനോഹരമായ ഈ ഭൂമി, വരും തലമുറയിൽ നിന്നും നാം കടം കൊണ്ടതാണ് ഈ പ്രകൃതിയും അതിലെ വിഭവങ്ങളും.
(ഐസിഎംആർ മുൻ ഗവേഷകനും തൃശ്ശൂര്‍ പിഎസ്എം ദന്തല്‍ കോളേജ് മൈക്രോബയോളജി വിഭാഗം മേധാവിയും അസോസിയേറ്റ് പ്രൊഫസറുമാണ് ഡോ. സായി. ഡി. എസ്. )