editorial

31 Mar 2019 01:40 AM IST

Reporter-Leftclicknews

കൊച്ചി ബിനാലെ എന്ന ആഗോളതട്ടിപ്പ് ; നിയമം പിടി മുറുക്കുമോ ?

തുടക്കം മുതൽ അഴിമതിയിൽ മുങ്ങിയ ബിനാലെ നാലാം എഡിഷനായപ്പോൾ ബിനാലെ ഫൗണ്ടേഷന് എതിരെ കേസുമായി രംഗത്തെത്തിയിരിക്കുന്നത് കരാർ ഏറ്റെടുത്ത കമ്പനിയും പല മേഖലകളിൽ പണിയെടുത്ത കൂലിപ്പണിക്കാരുൾപ്പെടെയുള്ള തൊഴിലാളികളുമാണ്. തട്ടിപ്പിന് പുതിയ മാനങ്ങൾ കണ്ടെത്തിയ ബിനാലെ ഫൗണ്ടേഷൻ കള്ളങ്ങൾ കൊണ്ട് കോട്ട കെട്ടി രക്ഷപ്പെടാനുള്ള ശ്രമങ്ങളിലാണ്.

തട്ടിപ്പില്‍ തുടങ്ങി തട്ടിപ്പില്‍ വളര്‍ന്ന് തട്ടിപ്പിലൂടെ നിലനില്‍ക്കുന്ന കൊച്ചി ബിനാലെ എന്ന ആഗോള വെട്ടിപ്പിന് നേതൃത്വം കൊടുക്കുന്നവര്‍ ഒടുവില്‍ നിയമത്തിന്റെ പിടിയിലാകുമോ? ബിനാലയുടെ തുടക്കം മുതല്‍ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് ഇപ്പോള്‍ ഉയരുന്ന ആരോപണങ്ങള്‍. കഴിഞ്ഞ 2 വര്‍ഷമായി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, ചീഫ് ഫിനാന്‍സ് ഓഫീസര്‍ എന്നീ തസ്തികകളില്‍ ആളില്ലാതെയാണ് ബിനാലെ ഫൗണ്ടേഷന്‍ പ്രവര്‍ത്തിക്കുന്നത്. കൊച്ചി ബിനാലെയുടെ നാലാം എഡിഷനു വേണ്ടിയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത തോമസ് ക്ലെറി ഇന്‍ഫ്രാസ്ട്രക്ചഴ്‌സ് ആന്‍ഡ് ഡവലപ്പേഴ്‌സ് എന്ന സ്ഥാപനം തങ്ങളുടെ പണിക്കുള്ള പ്രതിഫലമായി നല്‍കേണ്ട കോടിക്കണക്കിന് രൂപ നല്‍കാത്തതിന് ബിനാലെ ഫൗണ്ടേഷന് എതിരേ നിയമനടപടികള്‍ക്ക് ഒരുങ്ങുകയാണ്.

 

ആസ്പിന്‍വാള്‍ കെട്ടിടത്തെ അടിമുടി മാറ്റാന്‍ ആഴ്ചകളോളം കഠിനാദ്ധ്വാനം ചെയ്ത കൈവേലക്കാര്‍ക്കും പാവപ്പെട്ട തൊഴിലാളികള്‍ക്കും നയാപൈസ കെടുത്തിട്ടില്ലെന്നാണ് പരാതി. സര്‍ക്കാര്‍ പണം വാങ്ങി പരിപാടി നടത്തുമ്പോള്‍, അത്യാവശ്യം കണക്കുകള്‍ എങ്കിലും സൂക്ഷിക്കേണ്ടതല്ലേ എന്ന് കരാര്‍ ഏറ്റെടുത്ത കമ്പനിയെക്കൊണ്ടുപോലും ചോദിക്കാനിടയാക്കിയതാണ് ബിനാലെ സംഘാടകരുടെ മിടുക്ക്. justicefrombiennale18-19 എന്ന പേരിലുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ബിനാലെയ്ക്ക് വേണ്ടി പല തരം പണികൾ ചെയ്തിട്ട് പ്രതിഫലം കിട്ടാത്ത കൂലിപ്പണിക്കാർ ഉൾപ്പെടെയുള്ളവരുടെ പരാതികൾ നിറയുകയാണ്. നാലാം ബിനാലെയ്ക്ക് എതിരെ നാനാഭാഗങ്ങളിൽ നിന്നും പ്രവഹിക്കുന്ന പരാതികൾ സംബന്ധിച്ച് അന്വേഷണത്തിന് ഇതുവരെ സർക്കാർ തീരുമാനിച്ചിട്ടില്ല. ബിനാലെ ഫൗണ്ടേഷൻ ബോഡ് അംഗമായ ടൂറിസം ഡയറക്ടർ ബാലകൃഷ്ണനോട് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

 

2012 ലെ ആദ്യ ബിനാലെ മുതല്‍ കലയുടെ മറവില്‍ നടന്ന വന്‍ തട്ടിപ്പിനെക്കുറിച്ച് ലെഫ്റ്റ് ക്ലിക് ന്യൂസ് വിശദമായ റിപ്പോര്‍ട്ടുകള്‍ നല്‍കിയിരുന്നു. ഇടതുമുന്നണി ഭരണത്തിന്റെ അവസാനകാലത്ത് അന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രിയായിരുന്ന എം.എ.ബേബിയുടെ സംരക്ഷണയിലാണ് റിയാസ് കോമു, ബോസ് കൃഷ്ണമാചാരി എന്നീ 2 തട്ടിപ്പുകാരുടെ നേതൃത്വത്തില്‍ ഈ പരിപാടി നടത്താന്‍ വേണ്ടി ഒരു ട്രസ്റ്റ് തട്ടിക്കൂട്ടുന്നത്. വി.എസ് സര്‍ക്കാരിന്റെ അവസാന വര്‍ഷം ബിനാലെ നടത്തിപ്പിനുവേണ്ടി സര്‍ക്കാര്‍ ബിനാലെ ഫൗണ്ടേഷന്‍ എന്ന സ്വകാര്യ ട്രസ്റ്റിന് 5 കോടി രൂപ ഗ്രാന്റായി നല്‍കി. കൃത്യമായ വ്യവസ്ഥകള്‍ ഒന്നുമില്ലാതെ ഒരു സ്വകാര്യ ട്രസ്റ്റിന് സര്‍ക്കാര്‍ 5 കോടി രൂപ ഗ്രാന്റ് നല്‍കുക എന്നത് കേട്ടുകേഴ്‌വി ഇല്ലാത്ത കാര്യമാണ്. കോമുവും ബോസും സംഘവും വഴിനീളെ നടന്ന് മദ്യപിച്ചതിന്റെയും സ്വന്തം വീടുകളിലേക്ക് ഫര്‍ണിച്ചര്‍ വാങ്ങിയതിന്റെയും ബില്ലുകളാണ് പണം ചെലവാക്കിയതിനുള്ള രേഖകളായി കാണിച്ചത്. അനാവശ്യമായി ചെലവാക്കിയ പണം തിരിച്ചുപിടിക്കാനോ, കുറ്റക്കാരുടെ പേരില്‍ നടപടി എടുക്കാനോ ഒരു നീക്കവുമുണ്ടായില്ല. എം.എ.ബേബി പാരീസില്‍ പോകാന്‍ വേണ്ടി ബിനാലെ ഫൗണ്ടേഷന്‍ ചെലവാക്കിയ 127000 രൂപ ബേബി തിരിച്ചടച്ചതു മാത്രമാണ് ആകെ തിരിച്ചു കിട്ടിയ തുക.

 

ബിനാലെ ആദ്യ എഡിഷന് 5 കോടി രൂപയാണ് നല്‍കിയതെങ്കില്‍ നാലാം എഡിഷന് 7 കോടി രൂപയാണ് സര്‍ക്കാര്‍ നല്‍കിയത്. സ്‌പോണ്‍സര്‍മാര്‍ കുറേ കോടികൾ സമാഹരിക്കുകയും ചെയ്തു. ബിനാലെ നടത്തിപ്പിൽ ഫൗണ്ടേഷന് 5 കോടി രൂപ കടമുണ്ടെന്നാണ് പറയുന്നത്. പൊതു പണം ചെലവഴിക്കുന്നതിന് വരവ് ചെലവ് കണക്കുകള്‍ സൂക്ഷിക്കണമെന്ന് മാത്രം ബിനാലെ നടത്തുന്നവര്‍ക്ക് അറിയില്ല. സംഘാടകരും അവരുടെ സുഹൃത്തുക്കളും കള്ളു കുടിച്ചതിനാണ് പണം കൂടുതല്‍ ചെലവാക്കിയത് എന്ന് ആദ്യ ബിനാലെയുടെ കണക്ക് ആവശ്യപ്പട്ടപ്പോള്‍ ബോസ്-കോമു സംഘം വെളിപ്പെടുത്തിയിരുന്നു. ആര്, എവിടെവെച്ച് എപ്പോള്‍ കള്ളുകുടിച്ചതിന് എന്ന വിവരം നല്‍കിയിരുന്നില്ല. നാലാം എഡിഷനായപ്പോള്‍ മദ്യത്തിന്റെ ബില്ലുകൾ പോലുമില്ല. ദിവസങ്ങളോളം പണിയെടുത്ത പാവപ്പെട്ട തൊഴിലാളികൾ, തങ്ങൾക്ക് ന്യായമായി ലഭിക്കാനുള്ള പ്രതിഫലം ലഭിക്കുന്നതുവരെ നിയമനടപടികളുമായി മുന്നോട്ടു പോകാനാണ് തീരുമാനിച്ചിട്ടുള്ളത്.

 

കേരളത്തിലുടനീളം മികച്ച കലാകാരന്മാര്‍ ക്യാന്‍വാസും ചായവും ബ്രഷും പോലും വാങ്ങാന്‍ പണമില്ലാതെ ബുദ്ധിമുട്ടുമ്പോഴാണ് കോഴിമുട്ട വരയ്ക്കാന്‍ പോലും അറിയാത്ത കുറേ കള്ളവേഷങ്ങള്‍, സര്‍ക്കാരിന്റെയും പൊതുജനങ്ങളുടെയും കോടികള്‍ അടിച്ചുമാറ്റുന്നത്. ബിനാലെയുടെ ഭാഗമായി മികച്ച ഇന്‍സ്റ്റലേഷനുകളും ചിത്രങ്ങളും കലാനുഭവങ്ങളും തീര്‍ച്ചയായും ഉണ്ടാകും. പക്ഷേ, ചെലവാക്കുന്ന പണത്തിന് ആനുപാതികമായ ഫലം ഉണ്ടാകണമെന്ന നിര്‍ബ്ബന്ധബുദ്ധിയും പ്രവര്‍ത്തനത്തിലെ സുതാര്യതയും ജനാധിപത്യവും കൂടുതല്‍ കലാകാരന്മാരെ ഉള്‍ക്കൊള്ളാനുള്ള ശ്രമവുമില്ല എന്ന പ്രശ്‌നം യഥാര്‍ത്ഥ കലാകാരന്മാരെ ബിനാലെയില്‍ നിന്ന് അകറ്റി നിര്‍ത്തുന്നു. കലയിലും സാഹിത്യത്തിലും സിനിമയിലും ചെറുപ്പകാലത്ത് സംഭാവനകള്‍ നല്‍കുകയും ഇപ്പോള്‍ പ്രത്യേകിച്ച് പണിയൊന്നുമില്ലാതിരിക്കുകയും ചെയ്യുന്ന ചില ആളുകളെ ബിനാലെ വേദിയില്‍ വിളിച്ചു കൊണ്ടുവന്ന് സല്‍ക്കരിച്ച് നല്ല വാക്കുകള്‍ പറയിക്കാന്‍ ബിനാലെ സംഘാടകര്‍ക്ക് കഴിയുന്നുണ്ട്. നാലാം ബിനാലെയുടെ സമാപനത്തില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞതു കേട്ടില്ലേ, 'ബിനാലെ ഇല്ലാത്ത കേരളത്തെക്കുറിച്ച് ചിന്തിക്കാന്‍ കഴിയില്ല' എന്ന്.

 

ഇതിനിടയില്‍, എല്ലാത്തിനും മകുടം ചാര്‍ത്തിക്കൊണ്ട് സ്ത്രീപീഡന ആരോപണം നേരിട്ട റിയാസ് കോമുവിനെ ഇന്റേണല്‍ എന്‍ക്വയറി കമ്മിറ്റി കുറ്റവിമുക്തനാക്കിയിരിക്കുന്നു. ബിനാലെ ഫൗണ്ടേഷന്‍ ട്രസ്റ്റികളില്‍ ഒരാളായ മുന്‍ ചീഫ് സെക്രട്ടറി ലിസി ജേക്കബ്ബ് (അവര്‍ക്ക് കലയുമായുള്ള ബന്ധം എന്താണെന്ന് അറിയില്ല) അധ്യക്ഷയായ ഇന്റേണല്‍ എന്‍ക്വയറി കമ്മിറ്റി, കോമുവിന്റെ ലൈംഗിക പീഡനത്തെക്കുറിച്ച് പരാതി ഒന്നും ലഭിക്കാത്തതുകൊണ്ട് കോമുവിനെ കുറ്റവിമുക്തനാക്കിയതായി അറിയിക്കുകയായിരുന്നു. കോമു ബിനാലെയുടെ ചുമതലകളില്‍ തിരിച്ചെത്താന്‍ ഫൗണ്ടേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മലയാളികളുടെ സാമാന്യ ബുദ്ധിയെയും നീതിബോധത്തെയും പരിഹസിക്കുന്ന തട്ടിപ്പുമായി ബന്ധപ്പെട്ട കൂടുതല്‍ കഥകള്‍ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്.


Reporter-Leftclicknews