editorial

30 Apr 2020 07:05 AM IST

TKV

ശമ്പളം പിടിക്കൽ : നിയമവും ധാർമ്മികതയും ഏറ്റുമുട്ടുമ്പോൾ

സാമ്പത്തിക പ്രശ്നങ്ങളെ വൈകാരികമായി സമീപിക്കുന്നതിൽ അർത്ഥമില്ല. ശമ്പളം പിടിക്കുന്നതിലെ നിയമ പ്രശനങ്ങൾ പ്രധാനമാണ്. അതുപോലെയോ അതിനെക്കാളേറെയോ പ്രധാനമാണ് സാമ്പത്തിക യുക്തി എന്നതും മറക്കാൻ പാടില്ല.

സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം 5 മാസങ്ങളായി പിടിക്കാനുള്ള സർക്കാർ തീരുമാനം കോടതി തടഞ്ഞത് വലിയ തർക്കങ്ങൾക്ക് വഴി വച്ചിരിക്കുകയാണ്. കോവിഡ് രോഗബാധ സൃഷ്ടിച്ച കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ എല്ലാ ധനാഗമ മാർഗ്ഗങ്ങളും അടഞ്ഞ സർക്കാർ, ജീവനക്കാരുടെ ശമ്പളത്തിൻ്റെ ഒരു ഭാഗം പിന്നീട് നല്കാൻ വേണ്ടി മാറ്റി വയ്ക്കാൻ നിർബന്ധിതമായിരിക്കുകയാണ് എന്നാണ് സർക്കാർ വാദം. നിർമ്മാണ മേഖലയും വ്യാപാര മേഖലയും സേവന മേഖലയും പാടേ സ്തംഭിച്ചിരിക്കുന്നു. ദിവസവരുമാനക്കാരും അസംഘടിത മേഖലയിൽ പണിയെടുക്കുന്നവരും ചെറുകിട വ്യാപാരികളും, ചെറുകിട ബിസിനസുകാരും മാത്രമല്ല വൻകിട ബിസിനസുകാർ പോലും പ്രതിസന്ധിയിലാണ്. ഈ ദുർഘട ഘട്ടത്തിൽ സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ ചെറിയ ഒരു ഭാഗം പിന്നീട് നല്കാനായി മാറ്റി വയ്ക്കാനായിരുന്നു സർക്കാർ തീരുമാനം. അതനുസരിച്ചാണ് 6 ദിവസത്തെ ശമ്പളം വീതം 5 മാസം പിടിക്കുന്നതായി ഉത്തരവിറക്കിയത്.

 

തൊഴിലാളിക്ക് നല്കുമെന്ന് ഉറപ്പു നല്കിയിട്ടുള്ള വേതനം ഏകപക്ഷീയമായി കുറയ്ക്കാനോ പിടിച്ചു വയ്ക്കാനോ തൊഴിൽ ദാതാവിന് നിയമപരമായി അധികാരമില്ലെന്നതിനാൽ കോടതി സംസ്ഥാന സർക്കാരിൻ്റെ ഉത്തരവ് സ്റ്റേ ചെയ്തു. 2018ലെ പ്രളയത്തിൻ്റെ കാലയളവിൽ ഇതേ കാര്യം ഹൈക്കോടതി വ്യക്തമാക്കിയതായിരുന്നു. നിയമത്തെ മറികടന്നു കൊണ്ടുള്ള നടപടികൾ അംഗീകരിക്കാൻ കോടതിയ്ക്കാവില്ല. ഉത്തരവിലൂടെ ശമ്പളം പിടിക്കുന്നത് നിയമപരമായി അനുവദനീയല്ല എന്ന ഹൈക്കോടതി നിലപാടിനെ തുടർന്ന് ഒരു ഓർഡിനൻസിലൂടെ ഇതേ തീരുമാനം നടപ്പിലാക്കാനാണ് ഇപ്പോൾ സർക്കാർ ശ്രമിക്കുന്നത്. ഓർഡിനൻസും കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടേക്കാം. ധാർമ്മികതയോ സാമ്പത്തിക ന്യായങ്ങളോ അല്ല കോടതിയുടെ മാനദണ്ഡങ്ങൾ. നിയമത്തിൻ്റെ കർശന മാനദണ്ഡങ്ങൾ കോടതി പാലിച്ചില്ലെങ്കിൽ നാളെ സ്വകാര്യ തൊഴിൽ ദാതാക്കൾ തൊഴിൽ നിയമങ്ങളെ അട്ടിമറിക്കാൻ ഇതിനെ മറയാക്കിയേക്കാം.

 

കോടതിയുടെ ഉത്തരവിനെയല്ല, കോടതിയിലേക്ക് ഈ പ്രശ്നം വലിച്ചിഴച്ച അധ്യാപക സംഘടനയെയും അതിനെ പിന്താങ്ങുന്ന പ്രതിപക്ഷത്തെയുമാണ് സർക്കാരും സർക്കാരിനോടൊപ്പം നില്ക്കുന്നവരും കുറ്റപ്പെടുത്തുന്നത്‌. സംസ്ഥാനം ഇന്നേ വരെ നേരിട്ടിട്ടില്ലാത്ത പ്രതിസന്ധി നേരിടുമ്പോൾ അത് തരണം ചെയ്യാൻ രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റി വച്ച് സർക്കാരിനൊപ്പം നില്ക്കുകയാണ് പ്രതിപക്ഷത്തുള്ളവർ ഉൾപ്പെടെ എല്ലാവരുടെയും കടമ എന്നാണ് സർക്കാരിനെ പിന്തുണയ്ക്കുന്നവരുടെ വാദം. കോടതി വിധി വരുന്നതിനമുമ്പുതന്നെ ഈ പ്രശ്നത്തിൽ പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ നടക്കുകയുണ്ടായി. ശമ്പളം പിടിച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവ് ഒരു പ്രതിപക്ഷ സ്കൂൾ അധ്യാപക സംഘടനയുടെ അംഗങ്ങൾ കത്തിച്ചതിനെ തുടർന്നുണ്ടായ വാദപ്രതിവാദങ്ങളിൽ അന്തരീക്ഷം കലുഷിതമായിരിക്കുമ്പോഴാണ് ഉത്തരവു ഹൈക്കോടതി സ്റ്റേ ചെയ്തത്.

 

കൂലിപ്പണിക്കാരും അസംഘടിത മേഖലയിൽ പണിയെടുക്കുന്നവരും, വേലയും കൂലിയുമില്ലാതെ ബുദ്ധിമുട്ടുമ്പോൾ സുരക്ഷിതമായ ജോലിയുള്ള സർക്കാർ ജീവനക്കാർ, അവരുടെ ശമ്പളത്തിലെ ചെറിയൊരു ഭാഗം മാറ്റി വയ്ക്കാനുള്ള സർക്കാർ നിർദ്ദേശത്തെ എതിർക്കുന്നത് സാമൂഹ്യബോധമില്ലായ്മയും സ്വാർത്ഥതയും കൊണ്ടാണെന്ന് സർക്കാർ ഉത്തരവിനെ അനുകൂലിക്കുന്നവർ പറയുന്നു. പൊതു വിദ്യാഭ്യാസത്തിൻ്റെയും പൊതുജനാരോഗ്യ മേഖലയുടെയും ഗുണഭോക്താക്കളാണ് കേരളത്തിലെ സർക്കാർ ജീവനക്കാരെന്നും സമൂഹത്തിൽ നിന്ന് നേടാനല്ലാതെ തിരികെ നല്കാൻ തയ്യാറാകാത്തവർ അറുപിന്തിരിപ്പന്മാരാണെന്നും സർക്കാരിനെ പിന്താങ്ങുന്നവർ പറയുന്നു. അതേ സമയം, സർക്കാരിൻ്റെ പാഴ്ചെലവുകൾ കുറയ്ക്കാൻ ഒന്നും ചെയ്യാതെ ഉദ്യോഗസ്ഥരെ പിഴിയാൻ ശ്രമിക്കുകയാണ് സർക്കാരെന്നാണ് ഉത്തരവ് കത്തിച്ചവരുടെ വാദം. സർക്കാർ സ്വന്തം ചുമതല നിറവേറ്റാതെ ഉത്തരവാദിത്വം ജീവനക്കാരുടെ മേലേക്ക് തള്ളിയിടുകയാണെന്ന് അവർ കുറ്റപ്പെടുത്തുന്നു.

 

ശമ്പളം പിടിക്കുന്നതിനു പിന്നിലെ നിയമപരവും സാമ്പത്തികവുമായ പ്രശ്നങ്ങളെ വൈകാരികമായി സമീപിക്കുന്നതിൽ അർത്ഥമില്ല. നിയമപരമായ പ്രശ്നങ്ങൾ നിയമപരമായ മാർഗ്ഗത്തിലൂടെ തന്നെ പരിഹരിക്കാമെന്ന് കരുതാം. ശമ്പളം പിടിച്ചു വയ്ക്കുന്നതു മൂലമുള്ള സാമ്പത്തിക പ്രയോജനമെന്താണ്? ശമ്പളം നീട്ടി വയ്ക്കുന്നതു കൊണ്ട് തല്കാലികമായി സർക്കാരിന് സാമ്പത്തികമായ അല്പം ആശ്വാസം ലഭിക്കുമെന്നതിനപ്പുറം കാര്യമായ നേട്ടമുണ്ടോ? നിശ്ചിത വരുമാനമുള്ള സർക്കാർ ജീവനക്കാർ, അവരിൽ തന്നെ, ഇടത്തരത്തിലും താഴ്ന്ന തട്ടിലും പെട്ടവർക്ക് ശമ്പളത്തിലൂടെ ലഭിക്കുന്ന പണമാണ് സാധാരണക്കാരുടെ ദൈനംദിന ജീവിതത്തെ സഹായിക്കുന്ന തരത്തിൽ കമ്പോളത്തിൽ ചെലവഴിക്കപ്പെടുന്നത്. ശമ്പളം പിടിക്കുന്ന നടപടി, പണം ചെലവഴിക്കുന്നതിൽ ആവശ്യത്തിൽ കവിഞ്ഞ നിയന്ത്രണം ഏർപ്പെടുത്താൻ സർക്കാർ ജീവനക്കാരെ പ്രേരിപ്പിച്ചാൽ അത് ചെറുകിട വ്യാപാരികളും കൂലിപ്പണിക്കാരുമുൾപ്പെടെയുള്ള സാധാരണ ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന തരത്തിൽ സാമ്പത്തിക പ്രവർത്തനത്തെ മന്ദീഭവിച്ചേക്കാം. ഇത്തരം പ്രശ്നങ്ങൾ ഗൗരവത്തോടെ പരിഗണിക്കപ്പെടേണ്ടതുണ്ട്. അതോടൊപ്പം അനാവശ്യമായ ചെലവുകൾ ഒഴിവാക്കാനും സാധാരണക്കാരെ ബാധിക്കാതെ പുതിയ ധനാഗമ മാർഗ്ഗങ്ങൾ കണ്ടെത്താനുമുള്ള ആത്മാർത്ഥമായ ശ്രമങ്ങളുമുണ്ടാകണം.

 

അന്ധമായ കക്ഷി രാഷ്ട്രീയം മാറ്റി വച്ച് സമ്പദ് ശാസ്ത്ര- വ്യവസായ - തൊഴിൽ- വ്യാപാര - നിയമ മേഖലകളിലെ വിദഗ്ദ്ധരുടെ കൂട്ടായ ആലോചനകളിലൂടെ സാമ്പത്തിക നടപടികൾ സ്വീകരിക്കാൻ നമുക്ക് കഴിയണം. വിമർശനങ്ങളോട് അസഹിഷ്ണുത കാണിക്കുകയല്ല, ഏതു വിമർശനത്തെയും തുറന്ന മനസ്സോടെ സമീപിക്കാനാണ് അധികാരത്തിലിരിക്കുന്നവർ ശ്രമിക്കേണ്ടത്. കോവിഡ് 19 പോലെ ഒരു വലിയ പ്രതിസന്ധിയിൽ സമൂഹത്തെ മുന്നോട്ടു നയിക്കേണ്ട ബാധ്യത സർക്കാരിൻ്റേതു മാത്രമല്ല എന്ന് പ്രതിപക്ഷവും മനസ്സിലാക്കണം.