Columns

10 Jul 2020 21:30 PM IST

Geetha

ദുരഭിമാനക്കൊലകൾ മലയാള സിനിമയിലും

കുടുംബങ്ങളുടെയും കുലങ്ങളുടെയും ദുരഭിമാനം മൂലമുള്ള പ്രണയ ദുരന്തങ്ങളെ മലയാള സിനിമ സമീപിച്ചത് എങ്ങനെയെന്ന് പഴയ ചില മലയാള സിനിമകൾ മുൻനിർത്തി അന്വേഷിക്കുകയാണ് വെള്ളിവിഴായുടെ ഈ ലക്കത്തിൽ ഗീത.

ജാതിവ്യവസ്ഥക്കെതിരായ ശക്തമായ നവോത്ഥാന പ്രസ്ഥാനങ്ങൾ പടർന്നു പന്തലിച്ച മണ്ണാണ് മലയാളം. ശ്രീനാരായണഗുരു, അയ്യങ്കാളി, വിടി ഭട്ടതിരിപ്പാട് എന്നിവരുടെ നേതൃത്വത്തിൽ നടന്ന സമരങ്ങളെപ്പറ്റി ആവർത്തിക്കുന്നില്ല. അതതു ജാതികൾക്കുള്ളിൽ പരിഷ്കരണങ്ങൾ നടക്കുമ്പോഴും വ്യത്യസ്ത ജാതിമതങ്ങളുമായുള്ള വിവാഹമുൾപ്പടെയുള്ള കാര്യങ്ങളിൽ നമ്മൾ എത്രത്തോളം മുന്നോട്ടു പോയി എന്നതു പരിശോധിക്കേണ്ടതു തന്നെയാണ്. മിശ്രഭോജനത്തിൽ യാതൊരു വിരോധവുമില്ലാത്തവരും മിശ്രവിവാഹത്തെ നഖശിഖാന്തം എതിർത്തു എന്നതു ശ്രദ്ധേയമാണ്.

 

സ്പർശം ആശാൻ കവിതയുടെ സ്വപ്നമാണ്. പരസ്പരം തൊടാൻ ആഗ്രഹിക്കുന്നവർ ഒന്നു തൊടുമ്പോഴേക്കു മരിച്ചു പോവുക! സമൂഹത്തിൻ്റെ വിലക്കുകളെ ഭയന്ന് ജീവിതകാലം മുഴുവൻ ഓടിത്തളർന്ന സ്ത്രീപുരുഷന്മാർ സ്വമേധയാ ഓടിക്കൊണ്ടിരുന്നതല്ല. ചില കുലനീതികൾ അഥവാ അഭിജന സങ്കട ദേശചര്യങ്ങൾ അവരെ പരസ്പരം തൊടാനനുവദിക്കാതെ ഓടിക്കുകയായിരുന്നു. നാടു ബഹിഷ്കരിച്ച ഇവർക്ക് കാട്ടിലും ഒരുമിച്ചുള്ള ജീവിതം സാധ്യമായില്ല. കവിതക്ക് എന്തിനെയും ഉദാത്തമാക്കാൻ കഴിയും. അങ്ങനെ കാല്പനികമായി ആദർശവത്കരിച്ച് യാഥാർഥ്യങ്ങളെ പുറം തള്ളി മുമ്പോട്ടു പോയ മലയാള കവിത ദളിതനും ദരിദ്രനുമായ ഇടയ കാമുകൻ രമണൻ്റെ 'ആത്മഹത്യ'യിലാണ് എത്തിപ്പെടുന്നതെന്നു കാണാം. കാവ്യ പ്രസ്ഥാനങ്ങളുടെ നിർവചനങ്ങൾക്കപ്പുറം ലീലയും മദനനും ചന്ദ്രികയും രമണനുമൊക്കെ വ്യക്തമാക്കുന്ന ചിലതുണ്ട് - കുലത്തിൻ്റെയും ഗോത്രത്തിൻ്റെയും ജാതിമതങ്ങളുടെയും ദുരഭിമാനങ്ങൾ എങ്ങനെയൊക്കെ പ്രണയികള കൊലക്കു കൊടുത്തുവെന്നതാണത്.

 

മലയാളത്തിൻ്റെ ഈയൊരു സാംസ്കാരിക ഭൂമികയിലേക്കാണ് സ്വാതന്ത്ര്യലബ്ധിക്കു ശേഷം വെള്ളിത്തിരയിലൂടെ നീലക്കുയിൽ (1954) പറന്നെത്തിയത്. ഉറൂബിൻ്റെ രചനയും പി ഭാസ്കരനും രാമുകാര്യാട്ടും ചേർന്ന സംവിധാനവും നീലക്കുയിലിനെ മലയാള സിനിമയിലെ ഒരു നാഴികക്കല്ലാക്കി മാറ്റി. ശ്രീധരൻ നായരുടെയും നീലിയുടെയും പ്രണയത്തിനു വിഘാതമായത് അവർക്കിടയിലെ മേലുകീഴവസ്ഥകളാണ്. അഭിമാനവും അന്തസ്സുമൊക്കെ മേലാളർക്കു മാത്രമുള്ളതാണെന്നാണ് അവരുടെ നാട്യം. മേലാളനായ ശ്രീധരൻ നായരുടെയും കുടുംബത്തിൻ്റെയും അഭിമാനബോധമാണ് കീഴാളയായ നീലിയെ ആത്മഹത്യയിൽ എത്തിച്ചത്. അവളെ ആരും അടിച്ചോ വെട്ടിയോ വിഷം കൊടുത്തോ കൊന്നതല്ല. മരണത്തിൻ്റെ വഴി അവളുടെ തെരഞ്ഞെടുപ്പായിരുന്നു. പക്ഷേ എന്തുകൊണ്ട്? നീലിയുടെ ആത്മഹത്യ ആ അർഥത്തിൽ ശ്രീധരൻ നായരുടെയും കുടുംബത്തിൻ്റെയും അഭിമാനത്തിനും അന്തസിനും വേണ്ടി നടന്ന കൊല തന്നെയാണ്. മലയാള സിനിമ പക്ഷേ അതു നേർക്കുനേരെ പറഞ്ഞില്ല.

 

തകഴിയുടെ ചെമ്മീൻ എന്ന നോവൽ വായിച്ചതിനേക്കാളേറെ ആളുകൾ രാമു കാര്യാട്ടിൻ്റെ ചെമ്മീൻ സിനിമ (1965) കണ്ടിട്ടുണ്ടാകണം. എന്തുകൊണ്ടാണ് പ്രണയികളായ കറുത്തമ്മക്കും പരീക്കുട്ടിക്കും ഒരുമിച്ചു ജീവിക്കാൻ കഴിയാതിരുന്നത്? അതിൻ്റെ അടിസ്ഥാന കാരണം കറുത്തമ്മ അരയത്തിയും പരീക്കുട്ടി മേത്തനുമായിരുന്നു എന്നതാണ്. മേത്തനോടു തോന്നുന്ന പ്രണയം അരയത്തിപ്പെണ്ണിനെ പിഴപ്പിച്ചു കളയും. അങ്ങനെ സംഭവിക്കാതിരിക്കാൻ അവളെ വീട്ടുകാർ മറ്റൊരു തുറയിലെ അരയനു വിവാഹം ചെയ്തയക്കുന്നു (forced marriage). എന്നിട്ടും അവൾ പരീക്കുട്ടിയുടെ വിളിയിലേക്ക് ഇറങ്ങി വന്നു. കറുത്തമ്മയുടെയും പരീക്കുട്ടിയുടെയും പളനിയുടെയും മരണങ്ങൾ ഒരു മുന്നറിയിപ്പാണ്. നീലിയുടെ കുഞ്ഞെന്ന പോലെ കറുത്തമ്മയുടെ കുഞ്ഞും ബാക്കിയായിട്ടുണ്ട്. ആ കുട്ടികൾക്കുള്ള / അടുത്ത തലമുറക്കുള്ള മുന്നറിയിപ്പാണ് അവരുടെ ഇല്ലായ്മകൾ. പ്രണയം കൊണ്ടു 'പിഴച്ചു പോകുന്ന'വളുമാരെ സമൂഹം വെറുതെ വിടില്ല, കുല / ഗോത്ര നീതികൾ വെറുതെ വിടില്ല.

 

1970കൾ മലയാള സാഹിത്യത്തിൽ ആധുനികത കൊടികുത്തി വാണ പതിറ്റാണ്ടാണ്. സിനിമകൾ മുഖ്യധാരയും സമാന്തരവുമായി പിരിഞ്ഞ കാലം. ഇക്കാലത്തുണ്ടായ രണ്ടു സിനിമകൾ ഇവിടെ പ്രത്യേകമായി പരാമർശിക്കേണ്ടതുണ്ട്. എം.ടി തിരക്കഥയെഴുതി പിഎൻ മേനോൻ സംവിധാനം ചെയ്ത കുട്ടേടത്തി (1971) യാണ് അതിൽ ആദ്യത്തേത് .

 

അക്ഷരാർഥത്തിൽ ദുരഭിമാനക്കൊല മൂർത്തമായി ആവിഷ്കരിക്കപ്പെട്ട സിനിമയായിരുന്നു കുട്ട്യേടത്തി. അപ്പുണ്ണിയും മാളു എന്ന കുട്ട്യേടത്തിയും തമ്മിലുള്ള പ്രണയമാണ് ഇരുവരുടെയും ജീവനെടുത്തത്. അപ്പുണ്ണി എന്ന അടിയാളൻ്റെ കൊച്ചമ്പ്രാട്ടിയാണ് കുട്ട്യേടത്തി. ''രണ്ടു ജാത്യേള്ളൂ ലോകത്തില്. ആണും പെണ്ണും . മറ്റതൊക്കെ വെറുതെ" എന്നാണ് അപ്പുണ്ണിയുടെ സിദ്ധാന്തം . അതവളും ഉൾക്കൊള്ളുകയായിരുന്നു. പ്രണയം ഇരുവരെയും സൗന്ദര്യമുള്ളവരാക്കി മാറ്റുന്ന സന്ദർഭത്തിലാണ് നാട്ടുകൂട്ടം അവർക്കിടയിൽ ചാടി വീണത്. അകായിലേക്കു സംഭവിച്ച ''ചീത്തപ്പേരു '' കളയാൻ അപ്പുണ്ണിയുടെ കൂടെയുള്ള കറുപ്പൻ തന്നെയായിരുന്നു അക്രമികളായ നാട്ടുകൂട്ടത്തെ നയിച്ചത്. അപ്പുണ്ണിയെ അവർ നാലഞ്ചു പേർ ചേർന്ന് വെട്ടിക്കൊല്ലുകയും അവൻ്റെ പുരക്കു തീയിടുകയും ചെയ്തു. ''ഇനിയിതു കേൾക്ക്വോ? ഒന്നുകിൽ നീ നന്നാവണം അല്ലെങ്കിൽ ചാവണം. മാനം കെടുത്താൻ പിറന്ന ജന്തു'' എന്നു പറഞ്ഞാണ് വീട്ടുകാർ അവളെ മർദ്ദിക്കുന്നത്. അവൾക്കു ജീവിതം അവസാനിപ്പിക്കുകയല്ലാതെ മറ്റൊരു വഴിയില്ല. വർഗപരവും വർണപരവുമായി ഒത്തവർ തമ്മിലല്ലാത്ത പ്രണയത്തെ ചുട്ടുകരിക്കുന്ന നാട്ടുകൂട്ടം പ്രണയികളെയും നാമാവശേഷമാക്കി തൃപ്തിയടയുന്നു.

 

രണ്ടാമത്തെ സിനിമ എസ് എൽ പുരം തിരക്കഥയെഴുതി ജെ ശശികുമാർ സംവിധാനം ചെയ്ത പിക്നിക് (1975) ആണ്. നസീർ, ലക്ഷ്മി, ഉണ്ണിമേരി അടൂർ ഭാസി എന്നിവരുടെ അഭിനയ സാന്നിധ്യം മൂലവും ശ്രീകുമാരൻ തമ്പി - എം കെ അർജുൻ കൂട്ടുകെട്ടിൽ നിന്നുണ്ടായ ഹിറ്റ് ഗാനങ്ങളിലൂടെയും (കസ്തൂരി മണക്കുന്നല്ലോ, ചന്ദ്രക്കല മാനത്ത്, വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി തുടങ്ങിയവ) ശ്രദ്ധേയമായിരുന്നു പിക്നിക്\

"മാനവത്വമെന്നൊരേ മതം
സാഹോദര്യമെന്നൊരു ജാതി'' എന്ന സന്ദേശം അവതരണഗാന സന്ദർഭത്തിൽത്തന്നെ (ശില്പികൾ നമ്മൾ ) നല്കാൻ സിനിമ ശ്രദ്ധിച്ചിട്ടുണ്ട്. ജാതിമതങ്ങൾക്ക് അപ്പുറത്തുള്ള മനുഷ്യ ഐക്യമാണ് സിനിമയുടെ ഊന്നൽ എന്നു വ്യക്തം.

 

പുലിക്കണ്ണൻ ഡാമിൻ്റെ നിർമ്മാണത്തിനായി ഉൾക്കാടുകളിലേക്കു സർവ്വേയുമായി എത്തിയവരുടെ നേതാവ് എഞ്ചിനീയർ രവി. സർക്കാർ പദ്ധതിയാണ് വികസനമാണ് പുരോഗതിയാണ് കാടിനെയും കാട്ടാരെയും വെട്ടിത്തെളിച്ചുണ്ടാക്കുന്ന ഏത് അണക്കെട്ടും പോലെ പുലിക്കണ്ണൻ ഡാം. അപ്പോൾ നാട്ടിൽ നിന്നു നിയോഗിക്കപ്പെട്ടവർക്ക് ഏതു രീതിയിലും സർവ്വേ പൂർത്തീകരിക്കേണ്ടതുണ്ട്. ആദിവാസികളെ കാട്ടുവാസികൾ എന്നാണ് സിനിമ പറയുന്നത്. ആദിവാസികളുടെ കൈയിലെ വിഷം പുരട്ടിയ അമ്പുകളെ തോക്കുകൾ കൊണ്ടു നേരിട്ടാണ് അവർ മുന്നോട്ടു പോകുന്നത്.ഇന്നത്തെ രീതിയിൽ പല പ്രത്യയശാസ്ത്ര പ്രശ്നങ്ങളും ഉന്നയിക്കാവുന്ന രീതിയിലാണ് കാടും നാടും തമ്മിലുള്ള സംഘർഷം ചിത്രീകരിച്ചിട്ടുള്ളത്. നാടിൻ്റെ ഭാഗത്തു നിന്നുള്ള ഒരു കാഴ്ചയും വികസന തടസ്സവും മാത്രമാണ് കാടും അവിടെ ജീവിക്കുന്നവരും. രവിയും മാലയും തമ്മിൽ പ്രണയത്തിലാകുന്നു. അത് കാട്ടിലെ കുലാചാരങ്ങൾക്കെതിരായതിനാൽ ഇരുവരെയും കുരുതി കൊടുക്കാൻ. തീരുമാനിച്ച് അടച്ചിടുന്നു. മൂപ്പൻ്റെ അനന്തരാവകാശി ചുടല മുത്തുവിനായിരുന്നു കുരുതിയുടെ ചുമതല. രവിയുടെ കൂടെയുള്ള ഉദ്യോഗസ്ഥർ അവിടെയെത്തി മാലയുടെ കൂട്ടുകാരി വളളിയുടെ സഹായത്തോടെ അവരെ രക്ഷിക്കുന്നു. അങ്ങനെ അവർ നാട്ടിലേക്കു പോകുന്നു. അഞ്ചു വർഷങ്ങൾക്കു ശേഷം ആ സ്ഥലം വീണ്ടും കാണാൻ രവിയും മാലയും കുഞ്ഞും എത്തുന്നു. അവിടെ അണക്കെട്ടിൻ്റെ പണി പുരോഗമിക്കുകയാണ്. രവിയും മാലയും പൂർവകാല പ്രണയ സന്ദർഭങ്ങൾ ഓർത്തു നില്ക്കുന്നതിനിടയിൽ ചുടലമുത്തു തൻ്റെ ചുമതല നിർവഹിക്കുന്നു- വിഷം പുരട്ടിയ അമ്പെയ്ത് രവിയെയും മാലയെയും വധിക്കുന്നു. ഒന്നു പ്രതിരോധിക്കാൻ പോലുമാകാതെ ഇരുവരും മരിച്ചു പോകുന്നു. കുലത്തിൻ്റെ അഭിമാന സംരക്ഷണാർത്ഥം നടത്തിയ കൊല തന്നെയായിരുന്നു ഇതെന്നു വ്യക്തം. ഇവിടെയും അവരുടെ കുഞ്ഞു ബാക്കിയാവുന്നു.

 

പല ഉപകഥകളും പിക്‌നിക്കിൽ ഉണ്ട്. പക്ഷെ മുഖ്യതന്തു മാല - രവി പ്രണയവും മരണവും തന്നെയാണ്. ഗോത്രാചാരങ്ങളായിരുന്നു ആ കൊലപാതകത്തിലേക്കു നയിച്ചത്. മാലയുടെയും രവിയുടെയും പ്രണയം കുറ്റമായതും അതിൻ്റെ പേരിൽ അവർക്കു വധശിക്ഷ വിധിച്ചതും മാലയുടെ കുലാചാരങ്ങളും ഗോത്രയുക്തിയും തന്നെയായിരുന്നു. ആ നിലക്ക് പിക്നിക്കിലേത് ഒരു ദുരഭിമാനക്കൊല തന്നെയായിരുന്നു. എന്നാൽ ഇക്കാര്യം ഇത്തരത്തിൽ ഒരിക്കൽപ്പോലും ചർച്ച ചെയ്യപ്പെട്ടില്ല എന്നതും ശ്രദ്ധേയമാണ്.

 

കാടിനോടും പരിസ്ഥിതിയോടും സിനിമ സ്വീകരിച്ച ഉദാസീന സമീപനം തന്നെയാണ് പ്രേക്ഷകരും സിനിമാനിരൂപകരുമൊക്കെ ഈ ദുരഭിമാനക്കൊലയോടും സ്വീകരിച്ചത്.

 

ഒരു പതിറ്റാണ്ടിനുള്ളിൽ കൊച്ചിൻ ഫനീഫയും ജോൺ പോളും തിരക്കഥയെഴുതി ജോഷി സംവിധാനം ചെയ്ത ഇണക്കിളി (1984) പുറത്തുവന്നു. സഹപാഠികളായ നിമ്മിയും ജോണിയും തമ്മിലുള്ള പ്രണയമാണ് പ്രമേയം. നിമ്മിയുടെ പിതാവിന് ഈ ബന്ധത്തോട് എതിർപ്പാണ്. മകൾ അതിൽ നിന്നു പിന്തിരിയില്ലെന്നുറപ്പായതോടെ വിവാഹം നടത്തിത്തരാമെന്നു സമ്മതിച്ച് ജോണിയെ നിമ്മിയുടെ പിതാവ് വീട്ടിലേക്കു ക്ഷണിക്കുന്നു. അവിടെ വെച്ച് ജോണിയെ അയാൾ തോക്കിൻ്റെ പാത്തി കൊണ്ട് അടിച്ചു കൊല്ലുന്നു. ഇത് കണ്ട നിമ്മിയുടെ മനോനില തെറ്റി. മനസിക ചികിത്സാ കേന്ദ്രത്തിൽ നിന്ന് ഓടിപ്പോയി അവളെത്തുന്നതു ജോണിയുടെ കുഴിമാടത്തിലാണ്. അവിടെ അവൾ മരിച്ചു വീഴുന്നു. തനിക്കിഷ്ടപ്പെടാത്ത ബന്ധം എന്ന ഒരൊറ്റ കാരണം കൊണ്ടാണ് ദുരഭിമാനിയായ അലക്സാണ്ടർ ജോണിയെ കൊല്ലുന്നത്. ജീവിതത്തിൽ ഒന്നിക്കാൻ അനുവദിക്കപ്പെടാത്ത ജോണിയും നിമ്മിയും മരണത്തിലാണ് ഒന്നിക്കുന്നത്.

 

25 വർഷം മുമ്പുള്ള മലയാള സിനിമകളിൽ ചിലത് ഇക്കാര്യത്തിൽ പ്രകടമാക്കിയ പ്രവണതകളാണ് വിശകലനം ചെയ്തത്. പ്രണയം - തടസങ്ങൾ - സംഘർഷങ്ങൾ - അതി ജീവനം - നായക വിജയം എന്നിങ്ങനെയുള്ള പൊതു പാറ്റേണ്ടിൽ നിന്നു വഴുതിമാറിയ ചില സിനിമകളെ മാത്രമേ പരിഗണിച്ചിട്ടുള്ളൂ. ''അയ്യോ ആരെങ്കിലും കാണും, ആരെങ്കിലും കാണും'' എന്ന് സദാ പേടിക്കുന്ന നായികമാരെയാണ് നമുക്കു പരിചയം. ആ പേടി സ്വകാര്യതയെക്കുറിച്ചുള്ള വികസിത ബോധത്തിൽ നിന്നല്ല ഉണ്ടായത്, മറിച്ച് തങ്ങൾ ഇരുവരുടെയും പ്രണയത്തിൻ്റെയും ജീവിതത്തിൻ്റെയും ജീവൻ്റെ തന്നെയും സുരക്ഷിതത്വം അപകടത്തിലാണെന്ന തിരിച്ചറിവു കൂടിയായിരുന്നു ആ പേടി. പക്ഷേ ആ പേടി പോലും ഇല്ലാത്തവരായിരുന്നു മേൽ സൂചിപ്പിച്ച സിനിമകളിലെ മിക്ക നായികമാരും. മോഷ്ടാക്കളെപ്പോലെയല്ല അവർ ഇരുട്ടത്തും ഒളിവിലും പ്രണയിച്ചത്.

 

നീലക്കുയിൽ, കുട്ട്യേടത്തി, പിക്നിക് എന്നീ സിനിമകളിൽ ജാതി വ്യത്യാസമായിരുന്നു പ്രണയികളുടെ 'കൊല'കളിലേക്കു നയിച്ചത് എന്നു വ്യക്തം. എല്ലാ പ്രണയ ദുരന്തങ്ങളുടെയും കാരണം കുടുംബങ്ങളുടെയും കുലങ്ങളുടെയും ദുരഭിമാനം തന്നെയായിരുന്നു.


Geetha