Columns

15 Jul 2020 02:55 AM IST

J Raghu

പത്മാനഭ ക്ഷേത്രത്തിൻ്റെ അധമപൈതൃകം വലിച്ചെറിയണം

ഭരണഘടന നിലവിൽ വന്നതോടെ അസാധുവായ ഒരു ഉടമ്പടിയെ മുൻനിർത്തിയാണ് സുപ്രീം കോടതി പത്മനാഭക്ഷേത്രത്തിൻ്റെ അവകാശം മുൻ രാജകുടുംബത്തിന് നല്കുന്നത്. ലജ്ജാകരമായ ഈ അധമ പൈതൃകം തങ്ങൾക്ക് ആവശ്യമില്ലെന്നു വിളിച്ചു പറയാൻ മർദ്ദിത ജാതികളിലെ മനുഷ്യർ തയ്യാറാവണം.

ബ്രാഹ്മണ - നായർ വാഴ്ചയുടെ പ്രതീകമായിരുന്ന പത്മനാഭ ക്ഷേത്രത്തിൻ്റെ ഭരണം മുൻ തിരുവിതാംകൂർ രാജാവിൻ്റെ കുടുംബത്തിന് തീറെഴുതിക്കൊടുത്ത സുപ്രീം കോടതി വിധി, വാസ്തവത്തിൽ, പരാജയപ്പെടുത്തുന്നത് ഇന്ത്യയിലെ മഹാഭൂരിപക്ഷം മർദ്ദിതജാതി ജനതയെയാണ്. " കോടതി വിധിയിൽ ഹിന്ദുക്കൾ സന്തോഷിക്കുന്നു" എന്ന പ്രചരണവും സംഘപരിവാർ ആരംഭിച്ചു കഴിഞ്ഞു. ഞായറാഴ്ചകളിലെ വൈവാഹിക പരസ്യങ്ങളിൽ പുലയരും നായരും ഈഴവരും നമ്പൂതിരിയും മാത്രമായ മലയാളികൾ എപ്പോഴാണ് 'ഹിന്ദു' ആയത് ?

 

ഈഴവർ തൊട്ട് 'താഴോട്ടുള്ള ' ജാതികളിലെ മനുഷ്യരെ അടിച്ചമർത്തുന്നതിനെയും ആട്ടിപ്പായിക്കുന്നതിനെയും ന്യായീകരിച്ചിരുന്നത് ഈ ക്ഷേത്രത്തിൻ്റെ പേരിലായിരുന്നു. തിരുവനന്തപുരത്തെ പ്രധാന നിരത്തുകളിൽ മർദ്ദിത ജാതികൾക്ക് സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചിരുന്നത്, ഈ ക്ഷേത്രം അശുദ്ധമാക്കുമെന്ന കാരണത്താലായിരുന്നു. മുറജപകാലത്ത് തിരുവനന്തപുരം നഗരത്തിൻ്റെ ഏഴയലത്തു പോലും മർദ്ദിത ജാതി മനുഷ്യർക്കു പ്രവേശനമില്ലായിരുന്നു. മർദ്ദിത ജാതികളെ സംബന്ധിച്ചിടത്തോളം പത്മനാഭ ക്ഷേത്രം, അടിമത്തത്തിൻ്റെയും ജാതി-വംശീയതയുടെയും കരിങ്കൽ പ്രതീകം മാത്രമാണ്. അത്തരമൊരു പ്രതീകത്തിൻ്റെ പേരിൽ അഭിമാനിക്കുകയോ സന്തോഷിക്കുകയോ ചെയ്യുന്ന ഹിന്ദുക്കൾ എന്തായാലും മർദ്ദിതജാതി ഭൂരിപക്ഷമല്ലെന്ന് ഉറപ്പാണ്. മുൻ രാജാക്കൻമാരുടെയും റാണിമാരുടെയും കൊട്ടാരങ്ങളിലെ അടിച്ചു തളിക്കാരുടെ പിൻഗാമികളാണ് ഈ ഹിന്ദുക്കൾ.

 

മുൻ തിരുവിതാംകൂറിലെ രാജാക്കന്മാർ കൊള്ളയടിയിലൂടെയും കവർച്ചയിലൂടെയും ഉണ്ടാക്കിയ കൊള്ളമുതൽ ഒളിച്ചു വെച്ചിരിക്കുന്ന ഈ ക്ഷേത്രം കേരള സർക്കാർ ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധി (2011) റദ്ദാക്കാൻ സുപ്രീം കോടതി ആശ്രയിച്ചത്, 1949 നവംബർ 26 ന് ഭരണഘടന അംഗീകരിക്കപ്പെട്ടതോടെ അസാധുവാക്കപ്പെട്ട ഒരു ഉടമ്പടിയെയാണ്. കാരണം ഇന്ത്യയിലെയും കേരളത്തിലെയും ന്യൂനപക്ഷം മാത്രമായ സവർണരുടെ താല്പര്യങ്ങൾക്കു വേണ്ടി ഭരണഘടനയേ ഉപയോഗിക്കാൻ കഴിയില്ല എന്നതാണ്. ഇല്ലാത്ത ഉടമ്പടി യെയും പരമജീർണമായ പരശുരാമ പാരമ്പര്യത്തെയും ഉയർത്തിപ്പിടിക്കുന്ന സുപ്രീം കോടതി ജഡ്ജിമാർ ഫലത്തിൽ, പുരോഹിതരായി മാറുകയാണ് ചെയ്യുന്നത്. പത്മനാഭ ക്ഷേത്രത്തിൻ്റെ അധമപൈതൃകത്തിൽ തങ്ങൾ ലജ്ജിക്കുന്നുവെന്ന് കേരളത്തിലെ മർദ്ദിത ജാതികൾ ഉറക്കെ പ്രഖ്യാപിക്കുകയാണ് വേണ്ടത്.