Specials

05 May 2020 19:30 PM IST

Reporter-Leftclicknews

ശ്രീചിത്രയിൽ വൻ ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോർട്ട്

ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ നടക്കുന്ന വൻ ക്രമക്കേടുകൾ കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പിൻ്റെ ഓഡിറ്റ് വിഭാഗം കണ്ടെത്തി.

കേന്ദ്ര സർക്കാർ സ്ഥാപനമായ തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആന്റ് ടെക്നൊളജിയിൽ വൻ ക്രമക്കേടുകൾ കണ്ടെത്തി കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് ഓഡിറ്റ് വിഭാഗം. 2017 ഏപ്രിൽ ഒന്ന് മുതൽ 2019 മാർച്ച് 31 വരെയുള്ള കാലയളവിലെ ഓഡിറ്റിലാണ് ഈ ക്രമക്കേടുകൾ കണ്ടെത്തിയത്. വിവിധ തരത്തിലുള്ള ക്രമക്കേടുകളും അനാവശ്യ ചെലവുകളും നടപടിക്രമങ്ങളിലെ വീഴ്ചകളും അക്കമിട്ട് നിരത്തിയ ഓഡിറ്റ് റിപ്പോർട്ട് പുറത്ത് വന്നിട്ടും ഒരു തിരുത്തൽ നടപടിയും സ്വീകരിക്കാൻ ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല.

 

കേന്ദ്ര സർക്കാർ അനുമതിയില്ലാതെ നിയമവിരുദ്ധമായ പ്രൊമോഷൻ, സ്ഥാപനത്തിന്റെ ഫണ്ടുകൾ അനാവശ്യമായി സേവിങ് ബാങ്ക് അക്കൗണ്ടിൽ സൂക്ഷിക്കുക, കാലാവധി കഴിഞ്ഞ ബാങ്ക് ഗ്യാരണ്ടികൾ റീഫണ്ട് ചെയ്യാതിരിക്കുക, വിദേശരാജ്യങ്ങളിൽ നിന്നും എംബസികൾ അറിയാതെ പർച്ചേസ് നടത്തുക, മുൻ വർഷങ്ങളിലെ ഓഡിറ്റുകളിലെ നിരീക്ഷണങ്ങൾ അവഗണിക്കുക തുടങ്ങി പല വീഴ്ചകളും റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ അനധികൃത ചെലവാക്കൽ, പ്രോജക്ടുകളിൽനിന്നും മറ്റും കിട്ടാനുള്ള ഫണ്ട് സമയത്തിന് വാങ്ങിയെടുക്കാതിരിക്കുക തുടങ്ങി സാമ്പത്തിക അച്ചടക്കമില്ലായ്മയുടെയും കെടുകാര്യസ്ഥതയുടെയും നിരവധി ഉദാഹരണങ്ങൾ ഓഡിറ്റ് റിപ്പോർട്ടിൽ എടുത്തു പറയുന്നു.

 

സീനിയർ ഡെപ്യൂട്ടി ഡയറക്ടർ നിയമനത്തിൽ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ല എന്ന് ഓഡിറ്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഈ പോസ്റ്റിലേക്ക് ഗിരിജാവല്ലഭൻ എന്ന ഒരു വ്യക്തിയെ മാത്രമാണ് പരിഗണിച്ചത്. കോൺട്രാക്ട് അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷിക്കാൻ മറ്റ് ഉദ്യോഗാർത്ഥികൾക്ക് അവസരം നല്കിയില്ല. കോൺട്രാക്ട് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നയാൾക്ക് വീട്ടുവാടക അലവൻസിന് അർഹതയില്ല. ഗിരിജാവല്ലഭന് നിയമവിരുദ്ധമായി വീട്ടുവാടകയിനത്തിൽ നല്കിയ നാലേമുക്കാൽ ലക്ഷത്തോളം രൂപ അദ്ദേഹത്തിൽ നിന്ന് തിരിച്ചുപിടിക്കണമെന്ന് റിപ്പോർട്ടിൽ പറയുന്നു.


Reporter-Leftclicknews