27 Jul 2020 06:10 AM IST
ഇന്ന് ജൂലൈ 26, അന്തർദേശീയ കണ്ടൽ വന സംരക്ഷണ ദിനം. ഭൂമിയിലെ ജൈവവൈവിധ്യത്തെയും പരിസ്ഥിതിയെയും സംരക്ഷിക്കുന്നതിൽ കണ്ടൽക്കാടുകൾ വഹിക്കുന്ന പ്രാധാന്യത്തെപ്പറ്റി ലോകവ്യാപകമായ ബോധവൽക്കരണത്തിനും കണ്ടൽ ആവാസവ്യവസ്ഥയുടെ സംരക്ഷണത്തിനും വേണ്ടി ഈ ദിനം മാറ്റിവെക്കപ്പെട്ടിരിക്കുന്നു. യുനെസ്കോയുടെ ആഭിമുഖ്യത്തിലാണ് ഇത്തരമൊരു ദിനാചരണം നടക്കുന്നത്.
സമുദ്രത്തെയും കരയേയും വേർതിരിക്കുന്ന തീരപ്രദേശങ്ങളിൽ രൂപമെടുക്കുന്ന വളരെ ഏറെ പാരിസ്ഥിതിക പ്രാധാന്യമുള്ളതും സമൃദ്ധമായ ആവാസവ്യവസ്ഥകൾ ഉൾക്കൊള്ളുന്നവയുമാണ് കണ്ടൽവനങ്ങൾ. ലോകത്താകമാനം തീരപ്രദേശത്തിൻറെ സുരക്ഷയും ഒപ്പം തീരദേശവാസികളുടെ ഭക്ഷ്യസുരക്ഷയും ഉറപ്പാക്കുന്നതിൽ കണ്ടൽക്കാടുകൾക്കുള്ള പ്രാധാന്യം വൈകിയാണ് മനുഷ്യൻ തിരിച്ചറിഞ്ഞത്. ജൈവവൈവിധ്യ സമ്പന്നമായ ഇത്തരം ആവാസവ്യവസ്ഥകൾ വിവിധയിനം മത്സ്യങ്ങൾക്കും ചില പ്രത്യേക ജീവികൾക്കും പ്രജനന കേന്ദ്രങ്ങളായും വർത്തിക്കുന്നു. സുനാമി പോലെയുള്ള പ്രകൃതി ദുരന്തങ്ങളിൽ നിന്നും തീരപ്രദേശത്തെ സംരക്ഷിക്കുന്നതിലും മണ്ണൊലിപ്പ് തടയുന്നതിനും കണ്ടൽവനങ്ങൾ വലിയ പങ്കു വഹിക്കുന്നുണ്ട്.
എണ്ണിയാലൊടുങ്ങാത്ത പാരിസ്ഥിതിക, സാമൂഹ്യ-സാമ്പത്തിക പ്രാധാന്യങ്ങളുള്ള കണ്ടൽ ആവാസവ്യവസ്ഥ ഇന്ന് ലോകത്താകമാനം നാശത്തിന്റെ പാതയിലാണ്. ലോകവ്യാപകമായി സംഭവിക്കുന്ന സ്വാഭാവിക വനങ്ങളുടെ നാശത്തിന്റെ മൂന്നു മുതൽ അഞ്ചുവരെ മടങ്ങ് വേഗത്തിലാണ് കണ്ടൽവനങ്ങൾ ഇല്ലാതായി കൊണ്ടിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ നിയന്ത്രിക്കുന്നതിൽ ഇത്തരം ആവാസവ്യവസ്ഥകൾ സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. കഴിഞ്ഞ നാല്പത് വർഷങ്ങൾക്കിടയിൽ കണ്ടൽവനങ്ങളുടെ വിസ്തൃതി പകുതിയായി കുറഞ്ഞിരിക്കുന്നതായാണ് ശാസ്ത്രജ്ഞന്മാർ വിലയിരുത്തുന്നത്.
കണ്ടൽ ആവാസവ്യവസ്ഥയുടെ കാര്യത്തിൽ ഒരു കാലത്ത് സമ്പന്നമായിരുന്ന കേരളത്തിൽ ഇന്ന് അപകടകരമായ രീതിയിൽ കണ്ടൽ വന വിസ്തൃതി കുറഞ്ഞു കഴിഞ്ഞിരിക്കുന്നു. കണ്ടൽ സംരക്ഷണത്തിനും വ്യാപനത്തിനുമായി ജീവിതം ഉഴിഞ്ഞുവച്ച കല്ലേൻ പൊക്കുടനെ പോലെയുള്ള പരിസ്ഥിതി സ്നേഹികളുടെ പ്രവർത്തനങ്ങൾ കണ്ടൽകാടുകളുടെ പ്രാധാന്യത്തെ പറ്റി അവബോധം വളർത്തുന്നതിൽ മലയാളികളെ വളരെയേറെ സഹായിച്ചിട്ടുണ്ട്.
തലതിരിഞ്ഞ നിർമ്മാണ പ്രവർത്തനങ്ങളുടെ പേരിൽ കണ്ടൽക്കാടുകളും പരിസ്ഥിതിലോലപ്രദേശങ്ങളും നശിപ്പിക്കുന്നതിൽ മടിയില്ലാത്തവരായി തീർന്നിരിക്കുന്നു നമ്മുടെ ഭരണാധികാരികൾ.
കീടനാശിനികളുടെയും കളനാശിനികളുടെയും മറ്റും അനിയന്ത്രിതവും അശാസ്ത്രീയവുമായ ഉപയോഗവും, മണ്ണും ജലവും മലിനമാകാൻ കാരണമാകുന്നുണ്ട്.
നമ്മുടെ ജലസ്രോതസ്സുകളിൽ കലരുന്ന കീടനാശിനികൾ ദ്രവിപ്പിച്ച് നിർവീര്യമാക്കാൻ ശേഷിയുള്ള സൂക്ഷ്മജീവികളുടെ സാന്നിധ്യം കണ്ടൽ വനങ്ങളിൽ ഉള്ളതായി ശാസ്ത്രീയ ഗവേഷണങ്ങൾ തെളിയിച്ചിരിക്കുന്നു. കൊല്ലത്ത് അഷ്ടമുടിക്കായലിന്റെ തീരത്തുള്ള കണ്ടൽക്കാടുകളിൽ നടത്തിയ ഒരു പഠനത്തിലാണ് ‘കീടനാശിനി നിർമാർജന ശാലകളായി’ കണ്ടൽവനങ്ങൾ പരിണമിക്കുന്നതായി കണ്ടെത്തിയിട്ടുള്ളത്. ‘റിസർച്ച് ജേണൽ ഓഫ് കെമിസ്ട്രി ആൻഡ് എൻവയൺമെന്റ്’ 2020 ഏപ്രിൽ ലക്കത്തിൽ ഈ ഗവേഷണഫലം റിപ്പോർട്ട് ചെയ്യുന്നുണ്ട്. മൈക്രോബയോളജി ഗവേഷകനായ കൊല്ലം എഴുകോൺ സ്വദേശി ഡോക്ടർ സായി ദേവാണ് പഠനത്തിന് നേതൃത്വം നൽകിയത്. പി. ജിജിത, കെ. വിനോദ് എന്നിവരാണ് പഠന സംഘത്തിലുണ്ടായിരുന്ന മറ്റ് ഗവേഷകർ.
കീടനാശിനികളെ ദ്രവിപ്പിച്ച് നിർവീര്യമാക്കാൻ കഴിവുള്ള ’ക്ലെബിഷിയെല്ല ന്യൂമോണിയെ’ ഇനത്തിൽപ്പെട്ട ബാക്ടീരിയയാണ് ഗവേഷകർ കണ്ടെത്തിയത്. അമേരിക്കയിലെ നാഷണൽ സെൻറർ ഫോർ ബയോടെക്നോളജി ഇൻഫർമേഷനിൽ(NCBI) നിന്നും SNCK-4 എന്നപേരിൽ ഈ ബാക്ടീരിയക്ക് ജീൻ ബാങ്ക് നമ്പർ MH 824418 നേടിയെടുക്കാനും കഴിഞ്ഞിരുന്നു.
’ക്ലെബിഷിയെല്ല ന്യൂമോണിയെ’ എൻഡോസൾഫാൻ ദ്രവിപ്പിക്കുന്നതായി മുൻപ് പഠന റിപ്പോർട്ടുകൾ ഉണ്ട്. ‘ഫിപ്രൊനിൽ’ പോലെയുള്ള കീടനാശിനികളുടെ വർദ്ധിച്ചുവരുന്ന ഉപയോഗം സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ ചെറുതല്ല. താരതമ്യേന പതിയെ മാത്രം വിഘടിക്കുന്ന ഇത്തരം കീടനാശിനികൾ സസ്യജാലങ്ങളിലും, മണ്ണിലും, ജലത്തിലും ഏറെനാൾ തങ്ങിനിൽക്കും. ‘ഫിപ്രൊനിൽ’ വിഘടിച്ച് ഉണ്ടാകുന്ന ‘ഫിപ്രൊനിൽ ഡൈസൾഫൈനിൽ’ പോലുള്ള പദാർഥങ്ങൾ കൂടുതൽ വിനാശകരമായ സ്വഭാവം കൈവരിക്കുന്നതായി കാണാം. ഇത് കാലക്രമത്തിൽ നമ്മുടെ മത്സ്യങ്ങളിലും ആത്യന്തികമായി മനുഷ്യശരീരത്തിലും എത്തിച്ചേരും. വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന മറ്റ് ജല ജീവികൾക്കും, പക്ഷികൾക്കും, തേനീച്ചകൾക്കും വരെ ഇത് ഭീഷണിയായി മാറും. ഇത്തരത്തിലുള്ള ഫിപ്രൊനിൽ വിഭാഗത്തിൽപ്പെട്ട കീടനാശിനികളെ ദ്രവിപ്പിക്കുന്ന ബാക്ടീരിയയാണ് കൊല്ലം തീരത്ത് കണ്ടെത്തിയിട്ടുള്ളത്.
“കല്ലടയാറിന്റെ നീർത്തടപരിധിയിൽപ്പെട്ട മലയോര മേഖലകളിൽ നിന്നും പാട ശേഖരങ്ങളിൽ നിന്നും ഒഴുകിയെത്തുന്ന കീടനാശിനികൾ അഷ്ടമുടി കായലിൽ വന്നടിയുകയും ഇത്തരത്തിൽ കായൽ ജലത്തിൽ അടിഞ്ഞുകൂടുന്ന കീടനാശിനികൾ മൽസ്യത്തിലൂടെയും മറ്റും മനുഷ്യനിൽ എത്തിച്ചേർന്നു ക്യാൻസർ ഉൾപ്പെടെയുള്ള മാരകരോഗങ്ങൾക്ക് കാരണമാകുകയും ചെയ്യാം. അവിടെയാണ് കീടനാശിനികളെ നിർവീര്യമാക്കാൻ കഴിവുള്ള ബാക്ടീരിയകളുടെ പ്രാധാന്യം. ഇത്തരം സൂക്ഷ്മാണുക്കളുടെ കലവറയായ കണ്ടൽ കാടുകൾ, കീടനാശിനി നമ്മുടെ ആഹാര ശൃംഖലയിൽ എത്തിപ്പെടാത്ത അവസ്ഥ സൃഷ്ടിച്ച് യഥാർത്ഥത്തിൽ പരിസ്ഥിതിയുടെ കാവൽക്കാരായി മാറുകയാണ്,” ഡോ. സായ്ദേവ് അഭിപ്രായപ്പെടുന്നു. “ആഗോളതാപന ഫലമായുള്ള വെള്ള പ്പൊക്കത്താലും, അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തനത്താലും കണ്ടൽ വനങ്ങൾ ഇന്ന് അഷ്ടമുടിക്കായൽ തീരത്തുനിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. കണ്ടൽക്കാടെന്ന ആവാസവ്യവസ്ഥ പുനരുജ്ജീവിപ്പിക്കേണ്ടതിന്റെയും സംരക്ഷിക്കേണ്ടതിന്റേയും പ്രാധാന്യം വിളിച്ചോതുന്നതാണ് ഈ കണ്ടെത്തൽ.”
കണ്ടൽ ആവാസ വ്യവസ്ഥകളുടെ സംരക്ഷണം മനുഷ്യരാശിയുടെ നിലനില്പിന്
ഒഴിച്ചുകൂടാനാകാത്തതാണെന്ന് നാം തിരിച്ചറിയുക. അതാകട്ടെ ഈ ജൂലായ് 26 ന്റെ സന്ദേശം.