Specials

17 Jan 2020 02:30 AM IST

Reporter-Leftclicknews

ക്ഷമ പറയാൻ വൈകുന്ന ഓരോ നിമിഷവും ചെറുതാകുന്നത് മോഹൻലാൽ

പ്രശസ്ത ഗായകൻ വി.ടി മുരളി പാടിയ ഗാനം താനാണ് പാടിയതെന്ന മോഹൻലാലിന്റെ അവകാശവാദം വലിയ വിവാദമായതിന് ശേഷവും തെറ്റ് തിരുത്താൻ മോഹൻലാൽ തയാറായിട്ടില്ല. മറ്റൊരാൾ പാടിയ ഗാനത്തിന്മേൽ അവകാശവാദം ഉന്നയിച്ച് അതിന്റെ പേരിൽ നിയമ നടപടികൾ നേരിടണോ, തെറ്റ് തിരുത്തി, ഇതിനകമുണ്ടായ മാനക്കേട് ഇല്ലാതാക്കണോ എന്ന് തീരുമാനിക്കാൻ മോഹൻലാൽ ഇനിയും വൈകിക്കൂടാ.

വർഷങ്ങൾക്ക് മുമ്പ് പ്രശസ്ത ഗായകൻ വി.ടി മുരളി പാടിയ "മാതളത്തേനുണ്ണാൻ പാറിപ്പറന്നു വന്ന മാണിക്യക്കുയിലാളെ..." എന്ന ചലച്ചിത്രഗാനം താനാണ് പാടിയതെന്ന് നടൻ മോഹൻലാൽ അവകാശവാദം ഉന്നയിച്ചത് വലിയ വിവാദമായിരിക്കുന്നു. മോഹൻലാലിനെപ്പോലെ മലയാളികൾ കൊണ്ടാടുന്ന വലിയ ഒരു അഭിനേതാവിന്, മറ്റൊരാൾ പാടിയ പഴയ ഒരു ചലച്ചിത്ര ഗാനത്തിന്റെ ഉടമസ്ഥത തട്ടിയെടുത്തിട്ട് എന്തു നേടാനാണ് ? എങ്ങനെയോ പറ്റിയ ഒരു അബദ്ധം, അതേക്കുറിച്ച് അറിഞ്ഞ നിമിഷത്തിൽ അദ്ദേഹം തിരുത്തുമെന്നാണ് ഏതൊരാളും കരുതുക. ആ പാട്ട് പാടിയ വി.ടി മുരളി തന്നെ തെറ്റ് ചൂണ്ടിക്കാണിച്ചതിന് ശേഷവും മോഹൻലാൽ ആ കാര്യത്തിൽ പ്രതികരിച്ചില്ല എന്നതാണ് കൂടുതൽ വലിയ തെറ്റ്.

 

കഴിഞ്ഞ വർഷം (2019 ) ജനുവരിയിൽ ഗാനാലാപന രംഗത്തെ കനകജൂബിലി ആഘോഷിച്ച ഗായകനാണ് വി.ടി മുരളി. ലളിത ഗാനങ്ങൾ, നാടക ഗാനങ്ങൾ, മാപ്പിളപ്പാട്ടുകൾ, നാടോടിപ്പാട്ടുകൾ, ചലച്ചിത്രഗാനങ്ങൾ തുടങ്ങി നൂറു കണക്കിന് ഗാനങ്ങളിലൂടെ സംഗീതപ്രേമികളായ മലയാളികളുടെ ഹൃദയത്തിൽ സ്ഥിരപ്രതിഷ്ഠ നേടിയ അദ്ദേഹത്തിന്റെ സംഗീത സംഭാവനകളെ കുറിച്ച് അറിയാത്ത ആളാവില്ല മോഹൻലാൽ. സിനിമാപ്പാട്ടുകളാണ് ഗാനശാഖയിലെ ആത്യന്തിക മേഖല എന്ന വിശ്വാസത്തിൽ കോടമ്പാക്കത്ത് കുടിയേറി സിനിമാ നിർമ്മാതാക്കളുടെയും സംവിധായകരുടെയും സംഗീത സംവിധായകരുടെയും പടിവാതിൽക്കൽ കാത്തുകിടക്കാൻ വി.ടി മുരളി തയ്യാറായിട്ടില്ല. അതുകൊണ്ടു പത്തോളം ചലച്ചിത്രഗാനങ്ങൾ മാത്രമേ അദ്ദേഹം പാടിയിട്ടുള്ളൂ. പക്ഷേ, എണ്ണത്തിൽ കുറവാണെങ്കിലും 'ഓത്തുപള്ളിയിൽ അന്നു നമ്മൾ..'എന്ന പാട്ടു പോലെ അവയോരോന്നും വലിയ ഒരു ഗായകന്റെ വ്യക്തിമുദ്രയുള്ളവയാണ്.

 

എത്ര സിനിമാപ്പാട്ടുകൾ പാടി എന്ന കണക്ക് നോക്കി പാട്ടുകാരെ അടയാളപ്പെടുത്തുന്നവർക്ക് വി.ടി മുരളിയെ മനസിലാക്കാൻ കഴിയണമെന്നില്ല. സംഗീതത്തെക്കുറിച്ച് 12 ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ച എഴുത്തുകാരനും സംസ്ഥാനത്താകെ അറിയപ്പെടുന്ന പ്രമുഖനായ ഒരു ഇടതുപക്ഷ സാംസ്കാരിക പ്രവർത്തകനും കൂടിയായ വി.ടി മുരളി, അദ്ദേഹത്തിന്റെ നിലയിൽ കേരളീയ സാംസ്കാരിക ജീവിതത്തിൽ ഉന്നതമായ സ്ഥാനമുള്ള വ്യക്തിയാണ്. സിനിമയിലെ പകിട്ടാണ് കലാകാരനെ അളക്കാനുള്ള മാനദണ്ഡമെന്ന് ധരിക്കുന്ന വിഡ്ഢികളായ ആരാധകർ, തന്നെപ്പോലെ ഒരു അഭിനേതാവിന് വലിയ ബാധ്യതയാണെന്ന് തിരിച്ചറിയാൻ മോഹൻലാലിന് കഴിഞ്ഞാൽ അദ്ദേഹത്തിന് നല്ലത്. അഭിനേതാവ് എന്ന നിലയ്ക്കുള്ള അംഗീകാരമല്ല, താരപരിവേഷം മാത്രമാണ് മോഹൻലാലിന്റെ ലക്ഷ്യമെങ്കിൽ അദ്ദേഹത്തെ രക്ഷിക്കാൻ ആർക്കും കഴിയില്ല. കോമാളികളെപ്പോലെ, കോപ്രായങ്ങൾ കണ്ട് തുള്ളിച്ചാടുന്ന ആരാധകപ്പരിഷകളുടെ തടവിൽ തന്നെ അദ്ദേഹം കഴിയട്ടെ.

 

ആരാധകർ എന്ന വിഡ്ഢിക്കൂട്ടത്തിന്റെ ഇഷ്ടങ്ങൾക്ക് അനുസരിച്ച് തുള്ളുന്നതും തുള്ളാത്തതും മോഹൻലാലിൻറെ ഇഷ്ടം. പക്ഷേ, വി.ടി മുരളിയോട് കാട്ടിയ അനീതിക്ക് പരിഹാരമുണ്ടായേ മതിയാകൂ. മോഹൻലാലും ചാനൽ അധികൃതരും തെറ്റ് തിരുത്താൻ തയാറായില്ലെങ്കിൽ നിയമ നടപടിക്ക് ഒരുങ്ങുകയാണ് വി.ടി മുരളി. മാന്യമായ ഭാഷയിൽ തെറ്റ് ചൂണ്ടിക്കാട്ടിയ തന്നെ മോശപ്പെട്ട ഭാഷയിൽ ആക്ഷേപിക്കുകയാണ് മോഹൻലാലിൻറെ ആരാധകരെന്ന പേരിൽ ഒരു കൂട്ടം ആളുകൾ ചെയ്തതെന്നും ഇത് മോഹൻലാലിന്റെ അറിവോടു കൂടിയാണോ എന്നറിയില്ലെന്നും വി.ടി മുരളി ലെഫ്റ്റ്ക്ലിക്ന്യൂസിനോട് പറഞ്ഞു. ചാനൽ അധികൃതരോ മോഹൻലാലോ ഇതുവരെ തന്നെ ബന്ധപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം അറിയിച്ചു.

 

മറ്റൊരാൾ പാടിയ ഗാനത്തിന്മേൽ അവകാശവാദം ഉന്നയിച്ച് അതിന്റെ പേരിൽ നിയമ നടപടികൾ നേരിടണോ, മാന്യമായി തെറ്റ് തിരുത്തി, ഇതിനകമുണ്ടായ മാനക്കേട് ഇല്ലാതാക്കണോ എന്ന് തീരുമാനിക്കാൻ മോഹൻലാലിന് മുന്നിൽ ഇനിയും സമയമുണ്ട്. മോഹൻലാൽ പരസ്യമായി അപമാനിതനാകുന്നത് ഒഴിവാക്കണമെന്ന് ആഗ്രഹിക്കുന്നവരാകും നടനെന്ന നിലയിൽ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവർ. അവരുടെ താല്പര്യങ്ങളോട് നീതി പുലർത്താനാണോ, ആരാധകർ എന്ന കോമാളിക്കൂട്ടത്തിന്റെ ആർപ്പുവിളികൾക്ക് അനുസരിച്ച് തുള്ളാനാണോ മോഹൻലാൽ തീരുമാനിക്കുന്നത് എന്നു മാത്രമാണ് അറിയാനുള്ളത്.

 


Reporter-Leftclicknews