15 Feb 2020 02:20 AM IST
അങ്ങിനെയൊരു തമിഴ് സിനിമാക്കാലമുണ്ടായിരുന്നു , ആവാരം പൂക്കൾ വിരിഞ്ഞു നില്ക്കുന്ന വഴികളിലൂടെ കരിമ്പിൻ പാടങ്ങൾക്കിടയിലെ വള്ളി പോലുള്ള വരമ്പുകളിലൂടെ തട്ടിച്ചിതറി കുതറി ഒഴുകുന്ന ആറ്റു തീരത്തുള്ള കൽമണ്ഡപങ്ങളിലൂടെ ഊർക്കാവലർ വാളോങ്ങി നില്ക്കുന്ന ചെമ്മണ്ണു പുരട്ടി തടവിയ ഗ്രാമങ്ങളിലൂടെ മുത്തുമാരി കുടിയിരിക്കുന്ന ജടപിടിച്ച അരയാൽക്കൂട്ടങ്ങൾക്കരികിലൂടെ സ്‌ലോ മോഷനിൽ നീങ്ങുന്ന വെളുത്ത ആട്ടിൻ പറ്റം പോലെ തമിഴ് സിനിമ ഓടിത്തുടങ്ങിയിരുന്ന കാലം . ഒന്നു തൊടുമ്പോഴേക്കും ഉതിരുന്ന കടലാസു പൂക്കളുടെ ഉദ്യാനങ്ങളിൽ നിന്നും അരയന്നത്തോണികളിൽ നിന്നും പ്രചണ്ഡ ബ്രഹ്മാണ്ഡ പാണ്ടിക്കോട്ടകളിൽ നിന്നും ചുവന്ന പരവതാനിയിലൂടെ കയറി രണ്ടായി പിളരുന്ന ഗോവണി സെറ്റുകളിൽ നിന്നും പടിയിറങ്ങിത്തുടങ്ങിയ തമിഴ് സിനിമ, ഊട്ടിയിലെ കൊടൈയിലെ മധുവിധു ക്കാലങ്ങളും കഴിഞ്ഞ് നാടൻ പെൺപോൽ ജാട പേശുന്ന പരുവ പ്രായത്തിൽ നാണമൂറുന്ന ശെയ്തിയുമായി പൂവരശ് പൂക്കുന്ന ചെമ്മൺ വഴികളിലേക്കിറങ്ങിയ കാലം. മുടന്തിയും വിക്കിയും മൂക്കൊലിപ്പിച്ചും ഉമിനീരൊഴുക്കിയും ഒരു ചപ്പാണി, ഉരുക്കു കോട്ടകൾ പോലെ നെഞ്ചു തള്ളി നില്ക്കുന്ന സിംഹങ്ങളെപ്പോലെ ഗർജിക്കുന്ന പടക്കപ്പലുകൾ പോലെ കൊടിയിറങ്ങാത്ത നായകൻമാരെ പിന്തള്ളി മൗണ്ട് റോഡിലെ വലിയ കൊടിമരത്തിൽ ഉത്സവക്കൊടിയേറ്റിയ കാലം. മുഖം പൂവെന്ന് നമ്പി തേൻ നുകരാനടുക്കുന്ന പൊൻ വണ്ടിനെക്കുറിച്ച് കാമുകനോട് പരാതിപ്പെടുന്ന തമിഴ് പെണ്മ , കല്ലുവെട്ടുകുഴിയിലെ കൂത്താടിയാടുന്ന കറുത്ത കുടിവെള്ളം മുന്താണിയിൽ അരിച്ചെടുക്കുന്ന യാഥാർത്ഥ്യങ്ങളിലേക്ക് ഇറങ്ങി വന്ന കാലം .
അന്നൊരിക്കൽ മണ്ണപ്പം ചുട്ടതു പോലുള്ള മൺകുടിലുകൾക്കു മുന്നിലിരുന്ന് തേമ്പിയ കാലുകൾ തിരുമ്മി ചുവന്ന മണ്ണു ചാലിച്ച കണ്ണീരൊഴുക്കി ഒരുവൻ പാടി ... 'ഉച്ചി വക്ന്തെട്ത്ത് പിച്ചിപ്പൂ വെച്ച കിളി ....' അന്ന് വീട്ടിൽ ടി വിയില്ല , സിനിമ കാണലും നന്നെ കുറവ് . വായിക്കുന്ന കഥകളും കേൾക്കുന്ന പാട്ടുകളും ചലിക്കുന്ന കൊച്ചു കൊച്ചു ചിത്രങ്ങൾ പോലെയാണ് ഞാൻ അറിഞ്ഞിരുന്നത് . അതുകൊണ്ടു തന്നെ കഥയും പാട്ടും കഴിഞ്ഞാലും കലിഡോസ്കോപ്പ് ഇളക്കി ചിത്രം കണ്ടു കൊണ്ടേ ഇരുന്നിരുന്നു മനസ് പാട്ടുകൾക്കെല്ലാം എന്റെതായ കാഴ്ചപ്പുറങ്ങൾ നല്കിയിരുന്നു .
'വട്ടു കരുപ്പെട്ടിയെ വാസമുള്ള റോസാവേ കട്ട്റ്മ്പ് മൊച്ച്ത് ന്ന് സൊന്നാങ്കേ .... ' ആയിടക്ക് വായിച്ച 'ഭുജംഗയ്യൻ' തംബുരു മീട്ടി വേവലാതിയോടെ തല കുടഞ്ഞു പാടി , 'സത്തിയമാ നാനും അത് ഒത്ത്ക്കലേ ....' വീടായ വീടെല്ലാം ദീപങ്ങൾ കൊണ്ട് വെട്ടിത്തിളങ്ങുന്ന ദീപാവലിയുടെ തലേന്ന് രാത്രി , വീടിന്റെ മുൻവശത്തും പിൻവശത്തും മാത്രമല്ല ചാണകക്കുഴിക്കരികിൽ വരെ വിളക്കുകൾ കൊളുത്തി വെക്കുന്ന മാദള്ളിയിൽ , വാശിയോടെ എന്തിനെയോ പുറങ്കാലുകൊണ്ട് തട്ടിയെറിഞ്ഞ് ഭുജംഗയ്യൻ ഉരുകി , 'ഒത്ത്ക്കലേ .... ഒത്ത്ക്കലേ ....' കുരുടൻ ഭുജംഗയ്യൻ മലർക്കെ തുറന്നിട്ട വാതിലിലൂടെ അകത്തേക്കു കയറിയ വെളിച്ചം മുറിക്കകം തൂത്തു വൃത്തിയാക്കാൻ തുടങ്ങി . മുറ്റത്ത് ചാണകവെള്ളം തളിച്ച് സുശീല കോലമിട്ടു , ഇറയത്തിരുന്ന് പൂമാല കോർത്തു . 'ഉച്ചി വക്ന്തെട്ത്ത് പിച്ചിപ്പൂ വെച്ച കിളി ....' എനിക്ക് ഭുജംഗയ്യന്റെയും സുശീലയുടെയും പാട്ടായിരുന്നു . ഏറെ വർഷങ്ങൾക്കു ശേഷം ടിവിയിൽ ആ ഗാനരംഗം കണ്ടു ഞാൻ അത്ഭുതപ്പെട്ടു പോയി , മാദള്ളിയിലെ മൺകുടിലിനു മുന്നിലിരുന്ന് ' ഞാൻ സമ്മതിച്ചു തരില്ലാ ....' എന്നയാൾ വാശി പിടിക്കുന്നു , നടുമുറ്റത്തെ കളത്തിലിരുന്ന് അവൾ ഉറഞ്ഞാടുന്നു.
പിരിച്ച ഈറപ്പുല്ലും മിനുക്കിയ കൈതോലപ്പരമ്പും കൊണ്ട് വിടവുകളില്ലാതെ മുറുക്കിപ്പിന്നിയ വീടിനകത്ത് ചാണകവും ചിരട്ടക്കരിയും ചേർത്തു തേച്ചുമിനുക്കിയ വെടിപ്പുള്ള മുറിക്കകത്ത് പഴയ പട്ടുചേല രണ്ടായി മടക്കി വിരിച്ച പഞ്ഞിക്കിടക്കയിൽ കൈക്കണ്ണാടിയിൽ മുഖം നോക്കി അവൾ മലർന്നു കിടന്നു . വാസന മെഴുകി നീട്ടിപ്പിന്നിയ മുടിയിൽ ചെണ്ടുമല്ലി മാല ചൂടി കടും നിറത്തിലുള്ള റൗക്ക കെട്ടി വെറ്റിലച്ചാറു തേവുന്ന ചുണ്ടുകളിൽ ചിരി പൂഴ്ത്തി കടുകുപാടങ്ങൾക്കു നടുവിൽ അവൾ നിന്നു . ഉമിക്കരി കൊണ്ടു പല്ല് അമർത്തിത്തേച്ച് കിണ്ടിയ ചക്കരപ്പൊങ്കലിന്റെ നിറമുള്ള സോപ്പ് പതച്ചു തേച്ച് ദിവസേന അവൾ നീരാടി . മുതുകത്തും കക്ഷത്തിലും ചെവിക്കടിയിലും കറുത്ത മണ്ണു ചൊറിയുന്ന ജാക്കറ്റിടാത്ത പച്ചച്ചാണകം മണക്കുന്ന മറ്റു പെണ്ണുങ്ങളിൽ നിന്നും അവളെന്ന കൊമരത്തി മഞ്ഞളാടി നിന്നു . കടുകു പാടങ്ങൾക്കിടയിലെ വീതി കുറഞ്ഞ വരമ്പത്തു കൂടെ ബൈക്കോടിച്ചു വരുന്ന പോലീസുകാരന്റെ വൃത്തിയായി മുറിച്ചു മിനുസപ്പെടുത്തിയ വെടിപ്പുള്ള കൈനഖപ്പാടുകളിൽ വിരലോടിച്ച് സ്വയം മറന്നിരിക്കുന്നവളുടെ അരികിലിരുന്ന് ചെളിയടിഞ്ഞ നഖങ്ങൾ നീണ്ട വിരലുകളാൽ ചോറു കുഴയ്ക്കാൻ മടിച്ച് മഞ്ഞളിട്ടു വേവിച്ച ആട്ടിറച്ചി ചവയ്ക്കാൻ പേടിച്ച് താടിയിലൂടിറ്റു വീഴുന്ന മസാല കുഴച്ച ഉമിനീര് പുറങ്കയ്യാൽ തുടയ്ക്കാൻ അറച്ച് അവനെന്ന ഭർത്താവ് കുനിഞ്ഞിരുന്നു . ചന്ദനത്തിരികൾ പുകയുന്ന രാവിന്റെ കുളിരിൽ വേറൊരാളെ കിനാവു കണ്ടുറങ്ങുന്നവളുടെ വാതിലിനു വെളിയിൽ സംശയത്തിന്റെ പുകയൂതുന്ന ഗ്രാമത്തിന്റെ കനലു കെടാത്ത മിഴികളിലേക്കു നോക്കി അയാൾ വാശിയോടെ പറഞ്ഞു കൊണ്ടിരുന്നു , ' അങ്ങനെയല്ലവൾ ... നാൻ ഒത്ത്ക്കലേ ഒത്ത്ക്കലേ .... ഞാൻ സമ്മതിച്ചു തരില്ല സമ്മതിച്ചു തരില്ല .... ' ചാരക്കുഴിയിൽ നിന്നെഴുന്നേറ്റു വന്ന നായിനെപ്പോലുള്ള അയാളുടെ മൊളിഞ്ഞ ഉടലും മുട്ടിനു മേൽ നില്ക്കുന്ന കാക്കി കാലുറയും വിധേയത്വത്തിന്റെ അപകർഷതയുടെ കോടിയ ചുണ്ടുകളും കണ്ണിനാഴത്തിലെവിടെ ഒളിപ്പിച്ചു വെച്ചിരിക്കുന്ന ഭ്രാന്തിനോടടുത്ത പ്രണയത്തിന്റെ ചുവന്ന നീരുറവകളും ... കരിമ്പു കാടുകൾക്കിടയിലും ഊർക്കാവലർ വാഴുന്ന നാട്ടു മന്ദകളിലും പച്ചരി മാവു പുഴുങ്ങുന്ന മല ഉച്ചികളിലും ആവാരം പൂ പൂത്തിറങ്ങുന്ന വരണ്ട തോടുവക്കത്തും കരുമാരി വിത്തിറക്കുന്ന കരിം പച്ച തണലുകളിലും ആടിക്കാറ്റിൽ പരക്കുന്ന അപവാദപ്രചരണങ്ങളിൽ മനം നൊന്ത് അവനുറക്കെ ഉറക്കെ പാടി , ' ശൊന്നവർഹൾ വാർത്തയിലെ ശുത്തമില്ലെ , അടി ചിന്നക്കണ്ണ് നാനുമത് ഒത്ത്ക്കലേ .... പറയുന്നവരുടെ വാക്കുകളിൽ സത്യമില്ല , ഞാനത് സമ്മതിച്ചു തരില്ല ...'
അടിമുടി ചമഞ്ഞ തേരു പോലെ അവൾ അവന്റെ മുന്നിലെ കളത്തിലിരുന്ന് ചക്കര പൊങ്കലുണ്ടാക്കി അരിപ്പൊടി കോലങ്ങൾ വരഞ്ഞു നിലാവിലേക്കു ചിരിച്ച് മലർന്നു കിടന്നു .
പ്രണയത്തിന്റെ സമ്പൂർണമായ കീഴടങ്ങലിൽ മാത്രം ഒരാൾക്കു കൈവരുന്ന ആത്മഹത്യയോളമെത്തുന്ന പരിപൂർണ വിശ്വാസമാണ് അയാളുടെ സത്യം . അവിടേക്കെത്താൻ കഴിയുന്ന മനസുകളുടെ ആത്മീയതയാണ് നമ്മെ അത്ഭുതപ്പെടുത്തുന്നത് . ലോകം മുഴുവൻ കളവു പറയുന്നു, അവൾ അങ്ങിനെയുള്ളവളല്ല , ഞാൻ സമ്മതിച്ചു തരില്ല .... ഇനി , അവൾ തന്നെ പറഞ്ഞാൽ പോലും ഞാനത് സമ്മതിച്ചു തരില്ലാ .... എന്നു തലകുടഞ്ഞു പാടുന്ന ആ പാട്ടോളം പ്രണയ തീവ്രമായി ഈ പ്രണയ ദിനത്തിൽ വേറൊന്ന് എനിക്കോർമ വരുന്നില്ല.