Kerala News

27 Jul 2020 01:30 AM IST

Reporter-Leftclicknews

എൻഐഎ അന്വേഷണം അത്യുന്നതങ്ങളിലേക്ക്

അഴിമതിക്കാരും സാമൂഹ്യ വിരുദ്ധ താല്പര്യങ്ങൾ ഉള്ളവരുമായ ഒരു വിഭാഗം ഉന്നത ഉദ്യോഗസ്ഥരും സാമ്പത്തിക അധോലോകവും ചേർന്ന് സെക്രട്ടറിയേറ്റിനു സമാന്തരമായി സൃഷ്ടിച്ച അധികാര കേന്ദ്രം ശിവശങ്കറിനെ സമർത്ഥമായി ഉപയോഗിക്കുകയായിരുന്നു എന്ന നിഗമനം ശക്തമാണ്.

സ്വർണ്ണക്കള്ളക്കടത്തു കേസ് എൻഐഎ ഏറ്റെടുത്തതോടെ തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിലെ അറ്റാഷേ യുഎഇയിലേക്ക് മടങ്ങുകയും കോൺസലിനും അറ്റാഷേക്കും സ്വർണ്ണക്കടത്തിൽ പങ്കുണ്ടായിരുന്നുവെന്ന് കസ്റ്റഡിയിലുള്ള പ്രതികൾ മൊഴി നല്കുകയും ചെയ്ത സാഹചര്യത്തിൽ യുഎഇ കോൺസുലേറ്റുമായി അടുത്ത ബന്ധം പുലർത്തിയ എല്ലാവരും എൻഐഎ നിരീക്ഷണത്തിൻ്റെ പരിധിയിൽ വരും. ഉന്നതസ്ഥാനങ്ങൾ വഹിക്കുന്ന നിരവധി പ്രമുഖർ കോൺസലുമായും അറ്റാഷേയുമായും നിരന്തരം ബന്ധം പുലർത്തിയിരുന്നു. യുഎഇയിലുള്ള മലയാളികളുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടു മാത്രമാണോ ഉന്നതരുടെ ഇടപെടലുകൾ എന്ന് എൻഐഎ അന്വേഷിക്കുന്നുണ്ട്.

 

യുഎഇ കോൺസലിൻ്റെ ഗൺമാനെ കോൺസുലേറ്റിൽ തന്നെ നിലനിർത്തുന്നതിനു വേണ്ടി ഡിജിപി ലോക്നാഥ് ബെഹ്റ ചട്ടവിരുദ്ധമായി പ്രവർത്തിച്ചു എന്ന ആരോപണം ഉയർന്നിട്ടുണ്ട്. കള്ളക്കടത്ത് ഉൾപ്പെടെയുള്ള കേസുകളിൽ സംശയത്തിൻ്റെ നിഴലിൽ നിന്നിട്ടുള്ളവരും ക്രിമിനൽ പശ്ചാത്തലമുള്ളവരുമാണ് സംസ്ഥാന പോലീസിൻ്റെ തലപ്പത്ത് പ്രധാന സ്ഥാനങ്ങളിലുള്ള ചിലർ. അവരിൽ പലരുമായും സ്വപ്ന ഉൾപ്പെടെയുള്ള പ്രതികൾ ബന്ധം പുലർത്തിയിട്ടുണ്ട്. സ്വർണ്ണക്കടത്തിലും സ്വർണ്ണക്കടത്തു കേസിലെ പ്രതികളെ സംരക്ഷിക്കുന്നതിലും ഐഎഎസ്സുകാരുൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെയും പോലീസിൻ്റെ തലപ്പത്തുള്ളവരുടെയും പങ്ക് എൻഐഎ വിശദമായി പരിശോധിക്കും.

 

അഴിമതിക്കാരും സാമൂഹ്യ വിരുദ്ധ താല്പര്യങ്ങളുള്ളവരുമായ ഒരു വിഭാഗം ഉന്നത ഉദ്യോഗസ്ഥരും സാമ്പത്തിക അധോലോകവും ചേർന്ന് സെക്രട്ടറിയേറ്റിനു സമാന്തരമായി സൃഷ്ടിച്ച അധികാര കേന്ദ്രം ശിവശങ്കറിനെ സമർത്ഥമായി ഉപയോഗിക്കുകയായിരുന്നു എന്ന നിഗമനം ശക്തമാണ്. സ്വർണ്ണക്കടത്തുമായി ശിവശങ്കറിന് നേരിട്ടു ബന്ധമുണ്ടായിരുന്നില്ല എന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. പക്ഷേ, ശിവശങ്കർ സ്വർണ്ണക്കടത്തു കേസിലെ പ്രതികൾക്കു താവളമൊരുക്കുകയും അവരെ രക്ഷപ്പെടുത്താൻ സഹായിക്കുകയും ചെയ്തു എന്ന് തെളിഞ്ഞാൽ നാളത്തെ ചോദ്യം ചെയ്യലിനുശേഷം എൻഐഎ അദ്ദേഹത്തെ അറസ്റ്റു ചെയ്യും.


Reporter-Leftclicknews