Culture

14 Feb 2020 01:40 AM IST

P Rohini

ഇന്ത്യയുടെ ; പാകിസ്ഥാന്റെ ; ലോകത്തിന്റെ കവി

നീതിനിഷേധത്തിനെതിരായ പോരാട്ടങ്ങളിൽ ഇന്ന് ഇന്ത്യൻ തെരുവുകൾ ഏറ്റു പാടുന്നത് വിഖ്യാത പാകിസ്ഥാൻ കവി ഫൈസ് അഹമദ് ഫൈസിന്റെ കവിതകളാണ്. അതിർത്തികളെ അതിജീവിച്ച മഹാനായ കവിയെ അദ്ദേഹത്തിന്റെ 109-ാം ജന്മവാർഷികദിനത്തിൽ പി.രോഹിണി ഓർമ്മിക്കുന്നു.

ഇന്ത്യക്കാരായ കവികളുടേതായി എത്രയോ പ്രശസ്തമായ സമര - വിപ്ലവ ഗാനങ്ങളും കവിതകളും ഉണ്ടായിരിക്കെ ശാഹീൻബാഗിലെ സമരത്തിന് ഊർജ്ജം പകരാൻ, അവിടെക്കൂടിയ സ്ത്രീപുരുഷന്മാരുടെയും കുഞ്ഞുങ്ങളുടെയും വികാരവിചാരങ്ങളുടെ ഭാഷയാകാൻ ഇന്ത്യൻ ഉപഭൂഖണ്ഡം കണ്ട ഏറ്റവും വലിയ കവികളിലൊരാളായ ഫൈസ് അഹമ്മദ് ഫൈസിന്റെ കവിതയാണ് ഉപയോഗിക്കപ്പെട്ടത്. എന്തുകൊണ്ട് ഈ കവിത? എന്തുകൊണ്ട് ഫൈസ് അഹമദ് ഫൈസ് എന്ന ചോദ്യത്തിനുത്തരം ആരാണ് ഫൈസ് അഹമദ്‌ ഫൈസ് എന്നതിന്റെ ഉത്തരം കൂടിയാണ്.

 

സാധാരണ ജനങ്ങളെ അധികാരം കൊണ്ട് അടിച്ചമർത്തുന്ന ഭരണാധികാരികളെ ഭയചകിതരാക്കാൻ ഫൈസ് അഹമ്മദ് ഫൈസിന്റെ വാക്കുകൾക്ക് അസാധാരണമായ ശേഷിയുണ്ട് എന്നതിന്റെ തെളിവാണ് ഈ കവിത ചൊല്ലിയവർക്കെതിരെ സ്വീകരിക്കപ്പെട്ട നടപടികൾ. ജീവിച്ചിരിക്കുന്ന കാലത്ത് പാകിസ്ഥാൻ സർക്കാർ പലതവണ അദ്ദേഹത്തെ കൊലക്കുറ്റമടക്കം ചുമത്തി ജയിലിലടയ്ക്കുകയും നാടുകടത്തുകയും ചെയ്തിട്ടുണ്ട്. 1977ൽ സുൾഫിക്കർ അലി ഭൂട്ടോയുടെ ഭരണത്തെ അട്ടിമറിച്ച് സിയ ഉൽ ഹഖ് പാകിസ്ഥാനിൽ പട്ടാളഭരണം നടപ്പാക്കിയപ്പോൾ അതിനെതിരെ പ്രതിഷേധിച്ചുകൊണ്ട് എഴുതിയ കവിതയാണ് ' ഹം ദേഖേംഗേ ' എന്ന, ഇന്ന് ഇന്ത്യയിലെ എല്ലാ തെരുവുകളിലും നിന്ന് ഉയരുന്ന സമരഗാനം.

 

ഇസ്ലാമികമല്ല എന്ന കാരണം പറഞ്ഞ് സിയ ഉൽ ഹഖ്, സ്ത്രീകൾ സാരി ധരിക്കുന്നത് നിരോധിച്ചപ്പോൾ പ്രശസ്ത സംഗീതജ്ഞയായ ഇഖ്‌ബാൽ ബാനു ഒരു കറുത്ത സാരി ധരിച്ചുകൊണ്ട് ലക്ഷക്കണക്കിന് ജനങ്ങൾ തിങ്ങി നിറഞ്ഞ സദസ്സിൽ ഗസൽ ആയി ആലപിച്ച കവിതയാണ് 'ഹം ദേഖേംഗേ '. അതിനു ശേഷം തന്റെ സിംഹാസനത്തിന്റെ അടിത്തറയിളക്കാൻ മാത്രം കെൽപ്പുള്ള ഫൈസിന്റെ കവിതകൾ സിയ ഉൽ ഹഖ് നിരോധിച്ചു. 'ഫൈസ് അഹമദ് ഫൈസിനെ ആഘോഷിക്കുമ്പോൾ 'എന്ന തൻ്റെ ലേഖനത്തിൽ പ്രശസ്ത കവി ജാവേദ് അക്തർ ഇങ്ങനെ പറയുന്നു." ഈ കവിത ഹിന്ദുവിരുദ്ധമാണെന്നു പറയുന്നവർ ഇന്ത്യയെ ഏറ്റവുമധികം വെറുത്തിരുന്ന, ഏറ്റവും വലിയ മതമൗലികവാദിയും പിന്തിരിപ്പനുമായിരുന്ന പാകിസ്ഥാൻ പട്ടാളഭരണാധികാരി സിയ ഉൽ ഹഖ് ഇന്ത്യക്ക് അനുകൂലമായ നിലപാടുകളുള്ള വ്യക്തിയാണ് എന്നു അഭിപ്രായപ്പെടുന്നതിനു തുല്യമാണ് അതെന്ന് ഓർക്കണം."

 

I haven't lost hope, but just a fight, that is all
The night of suffering lengthens, but just a night, that is all

 

നഷ്ടപ്പെട്ടത് വിശ്വാസമല്ല, ഒരു യുദ്ധത്തിലെ വിജയം മാത്രമാണ്.
സഹനത്തിന്റെ രാത്രി നീണ്ടുപോകുന്നു,വെങ്കിലും ഇതൊരു രാത്രി മാത്രമാണ്.

 

In the hand of time is not the rolling of my fate
In the hand of time roll just the days, that is all

 

ഭാഗധേയം വരുന്നത് സമയത്തിന്റെ കൈകളിലൂടെയല്ല
ദിവസങ്ങൾ മാത്രമാണ് സമയത്തിന്റെ കൈകളിലൂടെ വരുന്നത്.

 

A day will come for sure when I will see the truth
My beautiful beloved is behind a veil, that is all

 

ഉണ്മയെ ഞാൻ തെളിഞ്ഞു കാണുന്ന ദിവസം വരും.
എൻ്റെ പ്രിയപ്പെട്ടവൾ മൂടുപടം അണിഞ്ഞിരിക്കുന്നുവെന്നുമാത്രം.

 

Speak, your lips are free.
Speak, it is your own tongue.
Speak, it is your own body.
Speak, your life is still yours.

 

സംസാരിക്കൂ, നിന്റെ ചുണ്ടുകൾ സ്വതന്ത്രമാണ്
സംസാരിക്കൂ, നിന്റെ നാവുകൾ നിന്റേതുതന്നെയാണ്
സംസാരിക്കൂ, നിന്റെ ശരീരം നിന്റേതു തന്നെയാണ്
സംസാരിക്കൂ, നിന്റെ ജീവിതം ഇപ്പോഴും നിന്റേതുതന്നെയാണ്.

 

ഏതു മനുഷ്യനേയും തന്റേതാക്കി മാറ്റാൻ ശക്തിയുള്ള, ഏതു മനുഷ്യനും തന്റേതാക്കി മാറ്റാൻ സാധിക്കുന്ന വരികളാണ് ഫൈസിന്റേത്. ലളിതവും തീക്ഷ്ണവും ദീപ്തവുമായ വരികൾ. തോക്കുകളെക്കാൾ ശക്തമാണ് വാക്കുകളെന്ന് അനുഭവിപ്പിക്കുന്നവയാണ് ഫൈസ് അഹമ്മദ് ഫൈസിന്റെ കവിതകൾ.

 

This thought keeps consoling me:
though tyrants may command that lamps be smashed
in rooms where lovers are destined to meet,
they cannot snuff out the moon, so today,
nor tomorrow, no tyranny will succeed,
no poison of torture make me bitter,
if just one evening in prison
can be so strangely sweet,
if just one moment anywhere on this earth.

 

രാത്രിയിൽ പ്രണയികൾ കണ്ടുമുട്ടുന്ന മുറികളിലെ വിളക്കുകൾ
അടിച്ചുടക്കാൻ അധികാരികൾ ആജ്ഞാപിക്കട്ടെ.
ചന്ദ്രനെ മൂക്കിൽക്കയറ്റാൻ അവർക്കു കഴിയില്ലല്ലോ.
പീഡനത്തിന്റെ വിഷത്തിന് എന്നിൽ വിദ്വേഷത്തിന്റെ തിക്തത നിറക്കാൻ കഴിയില്ല.
ഈ ഒരൊറ്റ ചിന്തയുടെ തലോടൽ മാത്രം തടവുമുറിയിലെ ഒരു സന്ധ്യയെ ഇത്രയും മധുരതരമാക്കുന്നുവെങ്കിൽ ,
ഭൂമിയിലെ ഏതു നിമിഷവും മനോഹരമാണ്.

 

തടവറയിൽ നിന്നുമെഴുതിയ ഒരു ഗസലിൽ നിന്നുമുള്ള വരികളാണ് മേൽ ഉദ്ധരിച്ചത്. സ്വന്തം ദുരവസ്ഥകളെ തന്റേതുമാത്രമായ സ്വകാര്യദുഃഖമായി കാണാൻ അദ്ദേഹത്തിനു സാദ്ധ്യമല്ലായിരുന്നു. ആരുടേയും ദുഃഖങ്ങൾ സ്വകാര്യമല്ല. ഓരോരുത്തരുടെ അനുഭവങ്ങളും മർദ്ദിതരും പീഡിതരും നീതി നിഷേധിക്കപ്പെട്ടവരും നിശ്ശബ്ദരാക്കപ്പെട്ടവരും അസ്വതന്ത്രരുമായ എല്ലാ മനുഷ്യരുടെതുമാണെന്ന് തിരിച്ചറിഞ്ഞ സാർവലൗകിക വ്യക്തിത്വമായിരുന്നു ഫൈസ് അഹമദ് ഫൈസിന്റേത്. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ വാക്കുകൾ എല്ലാവരുടേതുമായി മാറിയത്. ആ വാക്കുകൾ എല്ലാ കാലത്തിന്റേതുമായി നിലനിൽക്കുന്നതും.

 

ഫൈസ് അഹമദ് ഫൈസിന്റെ പൗത്രനും അദ്ദേഹത്തിന്റെ ജീവചരിത്രമായ 'പ്രണയവും വിപ്ലവവും' എന്ന കൃതിയുടെ രചയിതാവുമായ അലി മദീ ഹാഷ്മി ഇങ്ങനെ എഴുതി, "രാഷ്ട്രീയത്തിലെ നെറികേടുകളോട് സമരസപ്പെടുവാൻ അദ്ദേഹത്തിന് ഇഷ്ടമല്ലായിരുന്നു. അതിനാൽ സജീവ രാഷ്ട്രീയത്തിൽനിന്നും ഒഴിഞ്ഞ് തനിക്ക് പ്രിയപ്പെട്ട വഴികളായ കല, കവിത എഴുത്ത്, പത്രപ്രവർത്തനം തുടങ്ങിയവയിലൂടെ തന്റെ ചിന്തകളും വിശ്വാസവും രാഷ്ട്രീയവും അദ്ദേഹം ആവിഷ്ക്കരിച്ചു. കവിത എന്നത് ഒരു മനുഷ്യന്റെ ഏറ്റവും അടിത്തട്ടിലെ വികാരവിചാരങ്ങളെയാണ് സ്പർശിക്കുന്നത്. അതിനാൽ അത് കാലാതീതമാണ് .അതുകൊണ്ടാണല്ലോ മിർസ ഖാലിബിന്റെയും ആമിർ ഖുസ്രോവിന്റെയും വരികൾ ഇന്നും നമ്മുടെ കണ്ണുകളെ ഈറനാക്കുന്നത്. ഫൈസ് അന്ന് എന്തിനെപ്പറ്റിയാണ് എഴുതിയതെന്ന് ഒരു നൂറുകൊല്ലം കഴിയുമ്പോൾ മറന്നുപോയേക്കാം. പക്ഷേ, ,അദ്ദേഹത്തിന്റെ വരികൾ നാം പാടുകതന്നെ ചെയ്യും, അവയുടെ സൗന്ദര്യത്തിൽ വിസ്മയിക്കുകയും. "

 

മതം, രാജ്യം, വർണ്ണം തുടങ്ങി ഒരു തരത്തിലുള്ള വേർതിരിവുകളിലും ഫൈസ് അഹമ്മദ് ഫൈസ് വിശ്വസിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ വ്യക്തിജീവിതം, രാഷ്ട്രീയപ്രവർത്തനം, എഴുത്ത്, പത്രപ്രവർത്തനം, അധ്യാപനം, സാംസ്കാരികപ്രവർത്തനം ഇവയൊന്നും തമ്മിൽ വേർതിരിച്ചു പ്രത്യേകം പ്രത്യേകമായി വിവരിക്കുവാൻ സാദ്ധ്യമല്ല എന്നതാണ് ഫൈസിന്റെ മഹത്വം. കവിതയിലും പൊതുപ്രവർത്തനത്തിലും വ്യക്തിജീവിതത്തിലും അദ്ദേഹത്തിന്റെ മാനദണ്ഡങ്ങൾ ഒന്നുതന്നെയായിരുന്നു. സ്നേഹവും സ്വാതന്ത്ര്യവും നീതിയും പുലരുന്ന ഒരു ലോകത്തിനുവേണ്ടിയാണ് അദ്ദേഹം എഴുതിയതും ജീവിച്ചതും. ഇന്ന് ഇന്ത്യൻ തെരുവുകൾ ഏറ്റു പാടുന്നതുപോലെ ലോകത്തെവിടെയും സ്നേഹവും സ്വാതന്ത്ര്യവും നീതിയും പുലർന്നു കാണണമെന്ന് ആഗ്രഹിക്കുന്നവർ, അതിനുവേണ്ടി യത്നിക്കുന്നവർ ഫൈസിന്റെ കവിതകൾ ഏറ്റു പാടുക തന്നെ ചെയ്യും.


P Rohini