19 Mar 2019 21:30 PM IST
പത്തനംതിട്ട സീറ്റിനെച്ചൊല്ലിയുള്ള തർക്കം ബിജെപിയിൽ പരസ്യമായ പൊട്ടിത്തെറിയിലേക്ക്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരും മുൻപുതന്നെ പത്തനംതിട്ടക്കായി ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരനെ പിള്ള, എം.ടി.രമേശ്,കെ.സുരേന്ദ്രൻ, കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം തുടങ്ങി സീറ്റ് മോഹികളുടെ ഘോഷയാത്രയായിരുന്നു. ഇതിൽ പത്തനംതിട്ട ഇല്ലെങ്കിൽ മത്സരത്തിനുതന്നെ ഇല്ലെന്നായിരുന്നു എല്ലാവരുടെയും നിലപാട്. എന്നാൽ മത്സരത്തിൽ പി.എസ്.ശ്രീധരൻ പിള്ളയാണ് മറ്റുള്ളവരെ മറികടന്നത്. ഇതോടെ പാർട്ടിയിലെ സീറ്റ് തർക്കം പൊട്ടിത്തെറിയിലെത്തുകയായിരുന്നു.
പത്തനംതിട്ട സീറ്റിൽ പിടി മുറുക്കിയ പി.എസ്.ശ്രീധരൻപിള്ളക്കെതിരെയാണ് പാർട്ടിയിലെ പ്രധാന പ്രതിഷേധം. കേന്ദ്ര നേതൃത്വത്തെ തെറ്റിദ്ധരിപ്പിച്ചാണ് പി.എസ്.ശ്രീധരൻപിള്ള പത്തനംത്തിട്ട സീറ്റ് നേടിയെടുത്തതെന്നാണ് എതിർക്കുന്നവരുടെ വാദം. പത്തനംതിട്ടയിൽ എൻ.എസ്.എസ്സിന്റെ മാത്രം പിന്തുണ കൊണ്ട് ജയിക്കാനാകില്ലെന്നും ഓർത്തഡോക്സ് സഭയുടെ പിന്തുണ കൂടി വേണമെന്നും അത് തനിക്ക് ഉണ്ടെന്നും കേന്ദ്ര നേതൃത്വത്തെ തെറ്റിധരിപ്പിച്ചു. ഇതോടെയാണ് പത്തനംതിട്ട ശ്രീധരൻപിള്ളക്കും കൊല്ലം കണ്ണന്താനത്തിനും ആറ്റിങ്ങൽ കെ.സുരേന്ദ്രനും നല്കാൻ കേന്ദ്ര നേതൃത്വം ധാരണയിലെത്തുന്നത്.
ഇതോടെ പത്തനംതിട്ട ഇല്ലെങ്കിൽ മത്സരിക്കാനില്ലെന്ന് കെ.സുരേന്ദ്രൻ അറിയിച്ചു. സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ കെ.സുരേന്ദ്രനായി ക്യാമ്പയിൻ ആരംഭിച്ചു. ദേശീയ അധ്യക്ഷൻ അമിത് ഷായുടെ ഫെയ്‌സ് ബുക്ക് പേജിൽ വരെ ആവശ്യം ഉന്നയിച്ചുകൊണ്ട് പോസ്റ്റുകൾ നിറഞ്ഞു. പാർട്ടിക്കുള്ളിലെ പടലപ്പിണക്കം പരസ്യമായ ആരോപണ പ്രത്യാരോപണങ്ങളിലേക്ക് വഴി മാറി. ഇതോടെയാണ് ആർ.എസ്.എസ് രംഗത്ത് വരുന്നത്. സീറ്റ് തർക്കം തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രതിച്ഛായ തകർത്തുവെന്നും അടിയന്തിരമായി സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയാക്കണമെന്നും ആർ.എസ്.എസ് കർശന നിർദ്ദേശം നല്കിയിരിക്കുകയാണ്. നിലവിലെ ചർച്ചകൾ ബിജെപിയുടെ സാധ്യതകൾ ഇല്ലാതാക്കുന്നു. പ്രധാനനേതാക്കൾ എല്ലാം മൽസരിക്കണം. കെ.സുരേന്ദ്രനും ശോഭാ സുരേന്ദ്രനും പ്രധാന മണ്ഡലങ്ങൾ നൽകണം. ദേശീയ നേതൃത്വം നിർണായക ഇടപെടലുകൾ നടത്തുമെന്നും ആർഎസ്എസ് അറിയിച്ചു.