Specials

04 Feb 2020 03:05 AM IST

Reporter-Leftclicknews

ഹര്യാനയിലെ ക്യാമ്പ് കൊറോണ വൈറസ് പരത്താൻ

കൊറോണ വൈറസ് ഭീതിമൂലം ചൈനയിൽ നിന്ന് ഇന്ത്യയിൽ തിരിച്ചെത്തിച്ച 300 ലേറെ പേർ ഹരിയാനയിലെ മാനേസർ സൈനിക പരിശീലനക്യാമ്പിൽ കഴിയുന്നത് ഒരു സുരക്ഷാ മുൻകരുതലുമില്ലാതെ. 300 ലേറെ പേർക്ക് ഉപയോഗിക്കാൻ 5 ശുചിമുറികളാണുള്ളതെന്നും ശുചിമുറികളിൽ സോപ്പ് പോലുമില്ലെന്നും ക്യാമ്പിൽ കഴിയുന്ന ഒരു മലയാളി മെഡിക്കൽ വിദ്യാർത്ഥി ലെഫ്റ്റ്ക്ലിക്ന്യൂസിനോട് പറഞ്ഞു.

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയില്‍ നിന്ന് ഇന്ത്യയിലെത്തിയ 300 ലേറെ പേരെ ഹര്യാനയിലെ മാനേസറിലെ സൈനിക പരിശീലന ക്യാമ്പില്‍ താമസിപ്പിച്ചിരിക്കുന്നത് വേണ്ട സുരക്ഷാ മുന്‍കരുതലുകളൊന്നുമില്ലാതെ. കൊറോണ വൈറസ് ബാധ ഏറ്റവും കൂടുതലുള്ള വുഹാനില്‍ നിന്ന് മടങ്ങിയെത്തിയവരും ക്യാമ്പിലുണ്ട്. കഴിഞ്ഞദിവസം വിമാനമാര്‍ഗ്ഗത്തിലെത്തിയവര്‍ക്ക് ആവശ്യമായ പരിശോധനകളൊന്നും നടത്തിയിട്ടില്ല.

 

കൊറോണ വൈറസ് ബാധിക്കാൻ സാധ്യതയുള്ളവർ മടങ്ങിയെത്തിയവരിൽ ഉണ്ടാകാം എന്നതിനാൽ, തമ്മില്‍ ബന്ധപ്പെടാന്‍ സാഹചര്യമുണ്ടാകാതെ താമസിപ്പിക്കുകയും ശുചിത്വം ഉറപ്പു വരുത്തുകയും ചെയ്യേണ്ടതുണ്ട്. എന്നാൽ സാമാന്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പോലും പാലിക്കാതെയാണ് മാനേസറിലെ ക്യാമ്പിൽ ആളുകളെ താമസിപ്പിച്ചിരിക്കുന്നതെന്ന് ക്യാമ്പിലുള്ള ഒരു മലയാളി മെഡിക്കൽ വിദ്യാർത്ഥി പറഞ്ഞു.

 

സൈനിക പരിശീലന ക്യാമ്പില്‍ താന്‍ താമസിക്കുന്ന ബാരക്കില്‍ 22 പേരുണ്ടെന്നും അതുപോലെ 23 ബാരക്കുകളോ മറ്റോ ഉണ്ടെന്നും മലയാളി വിദ്യാർത്ഥി പറഞ്ഞു. എല്ലാവരും ഒരേ ക്യാന്റീനില്‍ നിന്നാണ് ഭക്ഷണം കഴിക്കുന്നത്. 300ലേറെ പേര്‍ക്ക് വേണ്ടി ആകെ 5 ടോയ്‌ലറ്റുകളാണുള്ളത്. 300 ലേറെ പേരും ഒരേ ടാങ്കില്‍ നിന്ന് വെള്ളം കോരിയാണ് കൈ കഴുകുന്നത്.ശുചിമുറിയില്‍ സോപ്പ് പോലുമില്ല എന്ന ദയനീയ സ്ഥിതിയാണുള്ളത്.

 

ആര്‍ക്കെങ്കിലും കൊറോണ വൈറസ് ബാധയുണ്ടോ എന്നറിയില്ല. ഒരാള്‍ക്കെങ്കിലും വൈറസ് ബാധയുണ്ടെങ്കില്‍ എല്ലാവര്‍ക്കും പകരുന്ന സ്ഥിതിയാണുള്ളത്. ടോയ്‌ലറ്റില്‍ പോയാല്‍ കൈ കഴുകാന്‍ സോപ്പോ ഡെറ്റോളോ പോലുമില്ലാത്ത സാഹചര്യം ഓര്‍ത്തു നോക്കൂ. വൈറസ് ബാധയുണ്ടായിട്ടുണ്ടോ എന്നറിയാനും ഇന്‍ഫക്ഷന്‍ ഉണ്ടായിട്ടുള്ളവരില്‍ നിന്ന് മറ്റുള്ളവരിലേക്ക് പകരാതിരിക്കാനുമുള്ള മുന്‍ കരുതലുകൾ അടിയന്തരമായി ഏർപ്പെടുത്തേണ്ടതുണ്ട്.

 

കൊറോണ വൈറസ് ഒരാളെ ബാധിച്ചാൽ ക്യാമ്പിലെ എല്ലാവരെയും ബാധിക്കും. അപകടകരമായ ഈ അവസ്ഥയിൽ സംസ്ഥാന സർക്കാരും കേരളത്തിൽ നിന്നുള്ള എംപിമാരും ഇക്കാര്യത്തിൽ ഇടപെടാൻ കഴിയുന്ന മറ്റാളുകളും ഇടപെടണമെന്ന് ഞങ്ങളോട് വിവരം പങ്കുവച്ച വിദ്യാർത്ഥി അപേക്ഷിച്ചു. ആ അപേക്ഷ ഞങ്ങൾ കേരളം സർക്കാരിനും സംസ്ഥാനത്തു നിന്നുള്ള ജനപ്രതിനിധികളുടെയും മുന്നിൽ സമർപ്പിക്കുന്നു.


Reporter-Leftclicknews