editorial

03 Jun 2020 01:30 AM IST

TKV

പാവപ്പെട്ട കുട്ടികൾ ബലിയാടുകളാകരുത്

വീടുകളിൽ ടിവിയും കേബിൾ കണക്ഷനും സ്മാർട് ഫോണുമില്ലാത്ത കുട്ടികളുടെ കൃത്യമായ വിവരം ശേഖരിച്ച് അവർക്ക് അവ ലഭ്യമാക്കുകയും ഉപയോഗിക്കാൻ പ്രാപ്തരാക്കുകയും ചെയ്തതിനു ശേഷം ഓൺലൈൻ പഠനം ആരംഭിച്ചാൽ മതി. അധ്യയനവർഷം ആരംഭിക്കുന്നത് ജൂൺ ഒന്ന് എന്നത് ജൂലൈ ഒന്നോ ഓഗസ്റ്റ് ഒന്നോ അതിനുമല്പം അപ്പുറത്തേക്കോ മാറുന്നതു കൊണ്ട് ഒന്നും സംഭവിക്കാനില്ല.

മലപ്പുറം വളാഞ്ചേരിയിൽ 10-ാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത് നമ്മുടെ റിദ്യാഭ്യാസ പദ്ധതികൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുന്നവർക്കുള്ള മുന്നറിയിപ്പും താക്കീതുമാണ്. കോവിഡ് രോഗവ്യാപനം മൂലം കുട്ടികളുടെ വിദ്യാഭ്യാസം തടസ്സപ്പെടാൻ പാടില്ല എന്ന തീരുമാനത്തിൻ്റെ അടിസ്ഥാനത്തിലാണ് ഓൺലൈൻ ക്ലാസ്സുകൾ ആരംഭിച്ചത്. സംസ്ഥാനം പൂർണ്ണമായും കോവിഡിൽ നിന്ന് മുക്തി നേടിയതിനു ശേഷം പുതിയ അധ്യയന വർഷം ആരംഭിച്ചാൽ മതി എന്നു തീരുമാനിക്കാനാവില്ല എന്നു വ്യക്തമാണ്. കോവിഡിൽ നിന്ന് നമുക്ക് എന്നു മുക്തി നേടാൻ കഴിയുമെന്ന് പ്രവചിക്കാൻ ഒരാൾക്കും കഴിയില്ല.

 

പഠനം താല്കാലികമായെങ്കിലും ഓൺലൈനിലേക്ക് മാറുമ്പോൾ നേരിടുന്ന ഏറ്റവും പ്രധാന പ്രശ്നം ദാരിദ്യവും മറ്റു പരാധീനതകളും മൂലം നല്ലൊരു പങ്ക് വിദ്യാർത്ഥികൾക്ക് സൈബർ ലോകം അന്യമാണ് എന്നതാണ്. അതിനു പരിഹാരം എന്ന നിലയിൽ ദൃശ്യമാധ്യമത്തെ ഉപയോഗപ്പെടുത്തുമ്പോഴും കുറേയധികം വിദ്യാർത്ഥികൾക്ക് അവ പ്രയോജനപ്പെടുത്താൻ കഴിയാത്ത സാഹചര്യമുണ്ട്. വളാഞ്ചേരിയിൽ ആത്മഹത്യ ചെയ്ത കുട്ടിയുടെ വീട്ടിലെ കേടായ ടി.വി നന്നാക്കാൻ വീട്ടുകാർക്ക് കഴിഞ്ഞിരുന്നില്ല. സഹപാഠികൾ അധ്യയന വർഷത്തിൻ്റെ തുടക്കം മുതൽ പഠനം ആരംഭിക്കുമ്പോൾ തനിക്ക് അതിനു കഴിയുന്നില്ലല്ലോ എന്ന ദുഃഖം പഠിക്കാൻ സമർത്ഥയായ ഒരു പാവപ്പെട്ട പെൺകുട്ടിയിൽ സൃഷ്ടിക്കുന്ന ആഘാതം എത്ര വലുതാണെന്ന് ദാരിദ്ര്യത്തിൻ്റെ ബുദ്ധിമുട്ട് അനുഭവിച്ചിട്ടില്ലാത്ത മുതിർന്നവർക്ക് മനസ്സിലാക്കാൻ കഴിയുന്നതല്ല. ഒരു കുട്ടിയ്ക്കുണ്ടായ മാനസികാഘാതം എന്ന വൈകാരിക പ്രശ്നത്തിനപ്പുറമുള്ള മാനങ്ങൾ കേരളത്തിൽ ആരംഭിച്ച ഓൺലൈൻ വിദ്യാഭ്യാസത്തിനുണ്ട്.

 

ഏറ്റവും അടിത്തട്ടിലുള്ളവരിലേക്ക് എത്തിച്ചേരാൻ ഓൺലൈൻ പഠനത്തിനു കഴിയുന്നില്ല എന്ന വസ്തുത മറച്ചുവയ്ക്കാനാവില്ല. ഇങ്ങനെ ഒരു സംഗതി നടക്കുന്നതായി പോലും അറിയാത്ത കുട്ടികൾ നാട്ടിലുണ്ട്. പക്ഷേ, അതേ സമയം തന്നെ അധ്യയനം ആരംഭിക്കുന്നത് അനിശ്ചിതമായി നീട്ടിക്കൊണ്ടു പോകാനാകുമോ എന്ന ചോദ്യം അവഗണിക്കാനാവില്ല. സർക്കാർ ഓൺ ലൈൻ പഠനം ആരംഭിച്ചില്ലെങ്കിൽ പോലും സമ്പന്ന വിഭാഗങ്ങളിലും മധ്യ വർഗ്ഗത്തിലും പെട്ട കുട്ടികൾ സർക്കാരിൻ്റെ കനിവിനു കാത്തു നില്ക്കാതെ പുതിയ സാങ്കേതിക വിദ്യയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി മുന്നോട്ടു പോകുമ്പോൾ പാവപ്പെട്ട കുട്ടികൾ സ്വാഭാവികമായും പിന്നിലേക്ക് തള്ളി നീക്കപ്പെടില്ലേ എന്ന ചോദ്യവുമുണ്ട്.

 

ജൂൺ ഒന്ന് എന്ന തീയതിയിൽ തന്നെ അധ്യയനവർഷം ആരംഭിച്ചേ മതിയാകൂ എന്നൊരു നിർബ്ബന്ധവുമില്ല. അങ്ങനെ ഏതെങ്കിലുമൊരു ദിവസത്തിന് പരമ പവിത്രത കല്പിക്കേണ്ട ആവശ്യമില്ല. ഇപ്പോൾ തുടങ്ങിയത് ട്രയൽ മാത്രമാണെന്നും ജൂൺ 8 മുതലാണ് ക്ലാസുകൾ ആരംഭിക്കുക എന്നും വിദ്യാഭ്യാസ മന്ത്രി പറയുകയുണ്ടായി. ഓൺലൈൻ ക്ലാസ്സുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ച് 2 ദിവസത്തെ അനുഭവത്തിൽ നിന്നു തന്നെ ധാരാളം മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ടാവും. 8 ദിവസത്തെ ട്രയൽ ക്ലാസ്സുകൾ നേരത്തേ നിശ്ചയിച്ചതു പോലെ നടക്കട്ടെ. എന്നാൽ ഓൺലൈൻ പഠനം സംബന്ധിച്ച് സമഗ്രമായ പഠനം നടത്തി അതിൻ്റെ അടിസ്ഥാനത്തിൽ വേണം ഓൺലൈൻ ക്ലാസ്സുകൾ ആരംഭിക്കേണ്ടത്. ടിവിയും കേബിൾ കണക്ഷനും സ്മാർട്ട് ഫോണുകളുമില്ലാത്ത കുട്ടികളുടെ കൃത്യമായ കണക്ക് ആദ്യം ശേഖരിക്കട്ടെ. അവർക്കെല്ലാം അവ ലഭ്യമാക്കുകയും ഉപയോഗിക്കാൻ അവരെ പ്രാപ്തരാക്കുകയും ചെയ്തിട്ട് ഓൺലൈൻ ക്ലാസ്സുകൾ ആരംഭിക്കാം. ജൂൺ ഒന്ന് എന്നത് ജൂലൈ ഒന്ന് എന്നോ ഓഗസ്റ്റ് ഒന്ന് എന്നോ അതിനുമല്പം അപ്പുറത്തേക്കോ പോയതുകൊണ്ട് ഒന്നും സംഭവിക്കാനില്ല. പാവപ്പെട്ട കുട്ടികളെ ബലി കൊടുത്തുകൊണ്ടല്ല പരിഷ്കാരങ്ങൾ നടപ്പാക്കേണ്ടത്.