20 Jul 2020 04:50 AM IST
നവോത്ഥാനത്തിൽ നിർണ്ണായകമായ പങ്കു വഹിച്ച പ്രസ്ഥാനമാണ് 1903 ൽ സ്ഥാപിതമായ ശ്രീ നാരായണ ധർമ്മ പരിപാലന യോഗം. സാമൂഹികവും സാമ്പത്തികവും ആയ അവശതകളുടെ ഭാഗമായി ആരാധനാ സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ട ഒരു ജനസമൂഹത്തിനെ മുഖ്യധാരയിൽ എത്തിക്കാനുള്ള കർമ്മപരിപാടികൾ ആവിഷ്കരിച്ച് നടപ്പിലാക്കുക എന്ന ധർമ്മമാണ് യോഗം ഏറ്റെടുത്തത്. സംഘടനയിലൂടെ ശക്തി നേടാനും വിദ്യാഭ്യാസത്തിലൂടെ സ്വാതന്ത്ര്യബോധം ഉണ്ടാക്കുവാനും വ്യവസായം ചെയ്ത് ധനമാർജ്ജിക്കുവാനും ഉള്ള അടിസ്ഥാന പ്രമാണങ്ങളാണ് യോഗ നേതൃത്യത്തോട് ഗുരു നിർദ്ദേശിച്ചത്. ഈ നിർദ്ദേശങ്ങൾ നടപ്പിലാക്കാനുള്ള പ്രവർത്തനങ്ങളിലൂടെ ജനസമൂഹത്തിൻ്റെ ഭൗതികവും ബൗദ്ധികവും വൈകാരികവും മാനസികവും ആത്മീയവുമായ ഉന്നമനമാണ് അദ്ദേഹം ലക്ഷ്യം വെച്ചത്.
117 വർഷക്കാലം നീണ്ട എസ്.എൻ.ഡി.പി യോഗത്തിൻ്റെ പ്രവർത്തനം അഞ്ചു ഘട്ടങ്ങളിലായി തിരിച്ച് വിലയിരുത്തുന്നതാകും ഉചിതം. 1903 മുതൽ 1920 വരെയുള്ള പ്രഥമ ഘട്ടത്തിൽ പ്രധാനമായും ഡോ.പൽപ്പു, കുമാരനാശാൻ, സി.വി.കുഞ്ഞുരാമൻ, മിതവാദി സി. കൃഷ്ണൻ, എൻ.കുമാരൻ തുടങ്ങിയവരാണ് നേതൃനിരയിൽ ഉണ്ടായിരുന്നത്. എങ്കിലും മഹാകവി കുമാരനാശാൻ യോഗം ജനറൽ സെക്രട്ടറി എന്ന നിലയിലും വിവേകോദയം പത്രാധിപർ എന്ന നിലയിലും നടത്തിയ മഹത്തായ സേവനമാണ് ആദ്യഘട്ടത്തിൽ ഏറെ ശോഭയോടെ കാണാനായത്. പൗരസ്വാതന്ത്ര്യം, അയിത്തോച്ചാടനം, എന്നിങ്ങനെയുള്ള വിഷയങ്ങളിൽ ആശാൻ്റെ ലേഖനങ്ങളും പ്രഭാഷണങ്ങളും സമൂഹത്തിൽ വൻ ചലനം സൃഷ്ടിച്ചു.
യോഗ നേതൃത്വത്തിൽ ദേശാഭിമാനി ടി.കെ.മാധവൻ എത്തിയ 1921 മുതൽ 1940 വരെയുള്ള രണ്ടാം ഘട്ടത്തിൽ ഉണ്ടായ സാമൂഹിക മാറ്റങ്ങൾ ആരെയും അതിശയപ്പെടുത്തുന്നതാണ്. ഈ ഘട്ടത്തിൽ സഹോദരൻ അയ്യപ്പൻ, സി.കേശവൻ തുടങ്ങിയവർ കൂടി കാലക്രമേണ എത്തിയതോടെ എസ്.എൻ.ഡി.പി യോഗത്തിന് നേട്ടങ്ങളുടെ ഒരു നീണ്ട പട്ടിക സൃഷ്ടിക്കാനായി. ബാവാ മൂപ്പൻ്റ നേതൃത്വത്തിൽ ഗുരുവിൻ്റെ ആശീർവാദത്തോടെ സംഘടിപ്പിക്കപ്പെട്ട കേരളത്തിലെ ആദ്യ ട്രേഡ് യൂണിയൻ (ട്രാവൻകൂർ ലേബർ കോൺഗ്രസ്), സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടി നടത്തിയ വൈക്കം സത്യാഗ്രഹം, 8 മണിക്കൂർ ആയി ജോലി സമയം നിജപ്പെടുത്തണമെന്ന ആവശ്യവുമായി നടത്തിയ കർഷക സമരങ്ങൾ, ആലുവായിലെ സർവ്വ മത സമ്മേളനം, ജനപ്രാതിനിധ്യ സമ്മേളനം, ഉദ്യോഗ നിയമന സംവരണ സമരം തുടങ്ങി കേരളം അതുവരെ കണ്ടിട്ടില്ലാത്ത നിരവധി ചരിത്ര സംഭവങ്ങൾക്ക് നേതൃത്വം നൽകിയത് യോഗനേതാക്കളായിരുന്നു. സമര സംഘടന എന്ന ഖ്യാതി നേടിയ എസ്.എൻ.ഡി.പി യോഗം സ്ഥിതി സമത്വബോധം സമൂഹത്തിൽ പടർത്തി. കേരളത്തിൽ തൊഴിലാളി വർഗ്ഗ ചിന്തയും അതുവഴി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് അണികളെ നയിക്കാനുള്ള ബോധവും വളർത്തിയത് യോഗത്തിൻ്റെ പ്രവർത്തനങ്ങൾ ആയിരുന്നുവെന്നത് കേരളത്തിലെ കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികരും നേതാക്കളും അംഗീകരിച്ച കാര്യമാണ്..
1941- 1970 വരെയുള്ള മൂന്നാം ഘട്ടം ആർ.ശങ്കറിൻ്റെ കാലഘട്ടമാണ്. ഈ ഘട്ടത്തിൽ എസ്എൻഡിപി യോഗത്തിൻ്റെ നേതൃത്വത്തിൽ തുടങ്ങി വെച്ച, സാമൂഹിക സമത്വത്തിൽ അധിഷ്ഠിതമായ വിദ്യാഭ്യാസ വിപ്ലവം മറ്റു സമുദായ സംഘടനകളും പിന്തുടർന്ന് ഉന്നത വിദ്യാഭ്യാസ മേഖലയിൽ സാർവ്വത്രികമായി അവസരങ്ങൾ ഒരുക്കി. രാജ്യത്തിനു തന്നെ മാതൃക ആയി മാറിയ സാമൂഹിക പരിവർത്തനത്തിന് നേതൃത്വം നല്കാൻ ആർ.ശങ്കറിൻ്റെ മുൻകയ്യിൽ എസ്എൻഡിപി യോഗത്തിനു കഴിഞ്ഞു.
1971-1999 വരെയുള്ള നാലാം ഘട്ടത്തിൽ സംഘടനാ ശേഷിയുള്ള പലരും നേതൃനിരയിൽ എത്തിയെങ്കിലും അതുവരെ ഉണ്ടായിരുന്ന ജനപങ്കാളിത്തം അതേപടി ഉറപ്പു വരുത്തി യോഗത്തെ മുന്നോട്ട് നയിച്ചു എന്ന് പറയാനാവില്ല. യോഗാംഗങ്ങളിലുണ്ടായ അടിയുറച്ച രാഷ്ട്രീയ കാഴ്ചപ്പാട് സംഘടനയുടെ പ്രവർത്തനം മന്ദീഭവിക്കൻ കാരണമായി. ശ്രീനാരായണ സന്ദേശങ്ങളിലൂടെ മതാതീത ചിന്തയിലേക്ക് മുന്നേറിയവർ യോഗത്തിൽ നിന്ന് അകന്നു മാറി പുരോഗമന പ്രസ്ഥാനങ്ങളുമായി സഹകരിക്കുകയും സാമൂഹിക മാറ്റത്തിന് ആ മാർഗ്ഗമാണ് സ്വീകരിക്കേണ്ടത് എന്ന കാഴ്ചപ്പാടിലേക്ക് എത്തുകയും ചെയ്തു.
2000 മുതൽ തുടങ്ങിയ അഞ്ചാം ഘട്ടത്തിലൂടെയാണ് ഇപ്പോൾ യോഗം കടന്നു പോകുന്നത്. ആധുനിക കാലത്തിൻ്റെ ആവശ്യങ്ങൾ മനസ്സിലാക്കുകയും പൂർണ്ണമായും ജനാധിപത്യപരമായി പ്രവർത്തിക്കുകയും ചെയ്തില്ലെങ്കിൽ എസ്എൻഡിപി യോഗത്തിന് കാലത്തെ അതിജീവിക്കാനാവില്ല. എസ്എൻഡിപി യോഗത്തിൻ്റെ മുൻകയ്യിൽ ത്യാഗപൂർവ്വമായ സമരങ്ങളിലൂടെ നേടിയെടുത്ത ഉദ്യോഗത്തിലും വിദ്യാഭ്യാസത്തിലുമുള്ള സാമുദായിക സംവരണം അട്ടിമറിച്ച് സാമ്പത്തിക സംവരണം നടപ്പാക്കുമ്പോൾ അതു കണ്ടു കാഴ്ചക്കാരായി നില്ക്കാനാണെങ്കിൽ എസ്എൻഡിപി യോഗം എന്ന സംഘടനയ്ക്ക് ഒരു പ്രസക്തിയുമില്ല.
എസ്.എൻ.ഡി.പി യോഗത്തിൻ്റെ ദശലക്ഷക്കണക്കിനു വരുന്ന അംഗങ്ങളിൽ പതിനായിരത്തോളം പേർ മാത്രം വോട്ടു ചെയ്താണ് ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത്. ജനാധിപത്യ വിരുദ്ധമായ ഈ രീതിക്ക് പകരം സംഘടനയുടെ എല്ലാ സ്ഥിരാംഗങ്ങൾക്കും വോട്ടവകാശം ഉണ്ടാകുകയും കുറ്റമറ്റ രീതിയിൽ തെരഞ്ഞെടുപ്പു നടക്കുകയും ചെയ്യേണ്ടതാണ്. ആധുനിക ജനാധിപത്യ മൂല്യങ്ങൾ അംഗീകരിച്ചു കൊണ്ട് മാത്രമേ ഏതു സംഘടനയ്ക്കും മുന്നോട്ടു പോകാൻ കഴിയൂ. പതിനായിരത്തോളം ആളുകൾ വോട്ടു ചെയ്ത് അതിൽ ഭൂരിപക്ഷത്തിൻ്റെ വോട്ടു നേടി ഭാരവാഹികളായവർ സംഘടനയുടെ മുഴുവൻ അംഗങ്ങളുടെയും പ്രാതിനിധ്യം അവകാശപ്പെടുന്നത് വഞ്ചനയാണ്. അതു വിശ്വസിക്കുന്ന രാഷട്രീയ നേതൃത്വങ്ങൾ, തങ്ങൾ കബളിപ്പിക്കപ്പെടുകയാണെന്ന് തിരിച്ചറിയണം.