29 Jul 2020 01:30 AM IST
നിയമസഭ നടപടികൾ പൂർണ്ണമായും ജനങ്ങളിലെത്തിക്കാൻ മുഖ്യധാരാ മാധ്യമങ്ങൾക്ക് അനുവാദം നല്കാമെന്നിരിക്കെ നിയമസഭയക്ക് വേണ്ടി ഒരു പ്രത്യേക ചാനലിൻ്റെ എന്ത് ആവശ്യമാണുള്ളതെന്ന് വ്യക്തമാക്കണമെന്ന് പി.ടി തോമസ് എം.എൽ.എ. നിയമസഭാംഗങ്ങളുടെ ഏതെങ്കിലും സമിതിയുടെ നിർദ്ദേശപ്രകാരമാണോ ഇങ്ങനെ ഒരു ചാനൽ ആരംഭിക്കുന്നതെന്ന് സ്പീക്കർ ഗ്രീരാമകൃഷ്ണന് അയച്ച കത്തിൽ പി.ടി തോമസ് ചോദിച്ചു.
സഭ ടിവിയുടെ പ്രവർത്തനത്തിന് ആവശ്യമായ പ്രൊഫഷണലുകളെ തെരഞ്ഞെടുക്കുന്നതിൻ്റെ മാനദണ്ഡങ്ങൾ എന്താണെന്നും അതു സംബന്ധിച്ച് മാധ്യമങ്ങളിൽ പരസ്യം ചെയ്തിട്ടുണ്ടൊ എന്നും കത്തിൽ ചോദിക്കുന്നു. നിലവിൽ ആരെയെങ്കിലും നിയമിച്ചിട്ടുണ്ടെങ്കിൽ അവരെ സംബന്ധിച്ച പൂർണ്ണ വിവരങ്ങളും സംവരണ തത്വം പാലിച്ചിട്ടുണ്ടോ എന്ന വിവരവും വ്യക്തമാക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
നിയമസഭാ സ്പീക്കറും ചാനലും തമ്മിലുള്ള ഔപചാരിക ബന്ധം, ചാനലിൻ്റെ ആസ്ഥാനം എവിടെ, ഇതിനകം എത്ര തുക ചെലവഴിച്ചിട്ടുണ്ട്, പ്രവർത്തനത്തിന് ആവശ്യമായ ചെലവിൻ്റെ ഉറവിടമെന്താണ്, ചെലവഴിക്കുന്ന തുക ഓഡിറ്റ് ചെയ്യപ്പെടുമോ തുടങ്ങി നിരവധി ചോര്യങ്ങൾ പി.ടി തോമസ് ഉന്നയിക്കുന്നു. നിലവിലുള്ള സർക്കാരിൻ്റെ കാലാവധി അവസാനിക്കാൻ മാസങ്ങൾ മാത്രം അവശേഷിക്കെ, ഇങ്ങനെ ഒരു ചാനൽ ആരംഭിക്കുന്നതിൻ്റെ ആവശ്യവും കത്തിൽ ചോദ്യം ചെയ്യപ്പെടുന്നു.