22 Apr 2020 20:00 PM IST
കോവിഡിന്റെ പിടിയിൽ ഭൂഗോളത്തിൽ മനുഷ്യചലനം നിലച്ച ഒരവസ്ഥയാണിപ്പോൾ. ഈ വൈറസിനെതിരെ വാക്സിനോ മരുന്നോ ഇല്ല എന്നത് തീരാ തലവേദയാണ്. വൈറസ് പിടികൂടാതെ അകന്നു നടക്കുക എന്നതു മാത്രമാണ് ഇപ്പോൾ സ്വീകരിക്കാൻ കഴിയുന്ന ഏക പ്രതിവിധി.
ലോകാരോഗ്യസംഘടന ( ഡബ്ല്യു.എച്ച്.ഒ ) വൈറസിനെ തളയ്ക്കാൻ ഉരുവിടുന്ന മന്ത്രം ‘ട്രെയ്സ്, ടെസ്റ്റ്, ട്രീറ്റ്:' എന്നാണ്. ഈ മന്ത്രം പ്രയോഗിക്കാൻ ടെസ്റ്റിനായി ഒന്നുകിൽ ശരീരത്തിലെ വൈറസ് ആർഎൻഎ, അല്ലെങ്കിൽ വൈറസിനെതിരെ രക്തത്തിലുണ്ടായിട്ടുള്ള ആന്റിബോഡി കണ്ടെത്തണം. വൈറസിന്റെ ജനിതക (ആർഎൻഎ സ്വീക്വൻസ്) വിവരങ്ങൾ ചൈന ജനുവരിയിൽ തന്നെ പുറത്തുവിട്ടിട്ടുണ്ട്. തൊട്ടു പിന്നാലെ ബർലിനിലുള്ള ഷർലറ്റ്-മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ വൈറോളജി ഇസ്റ്റിറ്റ്യൂട്ടിന്‍റെ ഡയറക്ടർ ഡോ.ക്രിസ്റ്റിയാൻ ഡ്രോസ്റ്റൺ എന്ന കൊറോണ വിദഗ്ധൻ വളരെ കൃത്യതയുള്ള തൽസമയ ആർടിപിസിആർ (real time-RT-PCR) എന്ന ടെസ്റ്റ് വികസിപ്പിക്കുകയും അത് ലോകാരോഗ്യസംഘടനക്ക് (ഡബ്ല്യുഎച്ച്ഒ) ജനുവരിയിൽ തന്നെ സൗജന്യമായി നൽകുകയും ചെയ്തു . ഇന്നും ഇതേ ആർടിപിസിആർ ടെസ്റ്റ് തന്നെയാണ് ഡബ്ല്യുഎച്ച്ഒ രോഗ നിർണയത്തിനായി അംഗീകരിച്ചിട്ടുള്ളത്. ഇത്തരത്തിലുള്ള ആർടിപിസിആർ ടെസ്റ്റിൽ ഒരു സൂക്ഷ്‌മമാപിനി (probe) വൈറസ്സിന്റെ ജനിതക സ്വീക്വൻസ് കൃത്യമായി അന്വേഷിച്ചു പരിശോധിക്കും. ഇതിനാവശ്യമായ ഉപകരണത്തിനും പരിശോധനാ സംവിധാനത്തിനും ചിലവേറെയാണ്.
ആർടിപിസിആർ ടെസ്റ്റിന് വൈറസിന്റെ നാലോ അഞ്ചോ ജനിതക തന്മാത്രകൾ പോലും കൃത്യതയോടെ കണ്ടെത്താനുള്ള ശേഷിയുണ്ട്. പക്ഷേ, ചിലവേറിയതായതിനാൽ വ്യാപകമായ ഉപയോഗത്തിന് നമ്മുടേതുപോലെയുള്ള വികസ്വര രാജ്യങ്ങൾക്ക് പരിമിതിയുണ്ട്. ഇതിന് ഒരു പരിഹാരമായിട്ടാണ് രക്തത്തിലെ ആന്റിബോഡി കണ്ടുപിടിക്കാൻ നമ്മൾ തുനിയുന്നത്. ഇത് വിലക്കുറവുള്ള ഒരു സാങ്കേതിക വിദ്യയാണ്. പക്ഷെ കൃത്യതയും കുറയും. ഇന്ന് രാജസ്ഥാനിൽ നിന്നു കിട്ടുന്ന വാർത്ത ഇതിന് തെളിവാണ്. ഇതേ വാർത്ത മുന്നെ നമ്മൾ സ്പെയിനിൽനിന്നും ഇറ്റലിയിൽനിന്നും കേട്ടതാണ്. ആർടിപിസിആർ ടെസ്റ്റിൽ പോലും കൃത്യത കുറയാം, അതിനുപയോഗിക്കുന്ന രസാഗ്നികൾ (enzymes) സൂക്ഷ്മ തയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ. അതിനുദാഹരണമാണ് ഉപയോഗശൂന്യമായ ടെസ്റ്റ് കിറ്റുകളെപ്പറ്റിയുള്ള പശ്ചിമ ബംഗാളിൽ നിന്നുള്ള ഏറ്റവും പുതിയ റിപ്പോർട്ട്. ടെസ്റ്റ് കിറ്റുകൾ മൈനസ് 20 ഡിഗ്രിക്ക് മുകളിൽ സൂക്ഷിച്ചതുമൂലമാണ് അവയുടെ ഗുണം നഷ്ടമായതെന്ന് സംശയിക്കുന്നു.
ആന്റിബോഡി ടെസ്റ്റ് പെട്ടന്ന് ഉപയോഗിക്കാൻ പറ്റുന്നതിനാൽ റാപിഡ് എന്ന അർത്ഥത്തിൽ നല്ലതാണ്. പക്ഷെ നമ്മുടെ നാട്ടിൽ ആ അർത്ഥത്തിലല്ല ഇതിനെ കാണുന്നത്. പെട്ടെന്ന് വൈറസ് അണുബാധ അറിയാമെന്ന തെറ്റിദ്ധാരണയാണ് നമ്മുടെ നാട്ടിൽ പൊതുവേയുള്ളത്. സത്യത്തിൽ വൈറസ് അണുബാധയുണ്ടായാൽ 5 മുതൽ 10 വരെ ദിവസത്തിനുള്ളിൽ ആദ്യം ചെറിയ അളവിൽ IgM എന്ന ആന്റിബോഡിയും പിന്നെ IgG ആന്റിബോഡിയും ഉണ്ടാവും. 21 ദിവസത്തിൽ ഇവയുടെ അളവ് വളരെ കൂടും. IgG യുടെ അളവ് കൂടൽ ഉണ്ടാവും, അത് ഒരു മാസത്തിൽ അധികം നിലനിൽക്കുകയും ചെയ്യും. അതിനാൽ IgM കണ്ടുപിടിക്കാൻ ഒന്നു– രണ്ട് ആഴ്ച എടുക്കാം, IgG കണ്ടുപിടിക്കാൻ അതിൽ കൂടുതലും. ഇത്തരം ആന്റിബോഡികൾക്ക് ശരീരത്തിലുണ്ടാകുന്ന കേടുപാടും, മറ്റു രോഗാവസ്ഥയും ഇവയെ കണ്ടെത്തുന്നത് ദുഷ്കരമാക്കും. അതിനാൽ, ഇതിന് വിലകുറയുമെങ്കിലും കൃത്യത ഉറപ്പ് വരുത്താൻ ബുദ്ധിമുട്ടാണ്. പക്ഷേ, പരീക്ഷിച്ച് ഉറപ്പ് വരുത്തിയ ആന്റിബോഡി ടെസ്റ്റുകൾ സാമൂഹിക ജാഗ്രതാ മേല്‍നോട്ടത്തിനാണ് പൊതുവേ ഉപയോഗപ്പെടുത്താറ്. ഇത്തരം പരീക്ഷണങ്ങൾ ഹെർഡ് ഇമ്മ്യൂണിറ്റി ഉരുത്തിരിയുന്നത് പ്രവചിക്കാൻ പറ്റും.
ഹെർഡ് ഇമ്മ്യൂണിറ്റി സമൂഹത്തിൽ പരന്നാൽ ഭാവിയിൽ ഈ വൈറസ് വന്നാൽ ഇത്ര അത്യാഹിതമുണ്ടാകില്ല. ഇത് ജർമനിയിൽ ഇപ്പോൾ പരീക്ഷിക്കാൻ ആലോചിക്കുന്നു. ജർമ്മനിയിലാകെ 8 കോടി ജനങ്ങളേയുളളു. അവർ തുടക്കത്തിലേ വില കൂടിയ ആർടിപിസിആർ ടെസ്റ്റ് കിറ്റുകളും റീഏജന്‍റും അവശ്യത്തിന് സജ്ജീകരിച്ചിരുന്നു, ഫെബ്രുവരിയിൽ തന്നെ. പിന്നെ എല്ലാവരെയും ടെസ്റ്റ് ചെയ്യാൻ ശ്രമിച്ചു. അതിനാൽ അവിടെ മരണ സംഖ്യ മറ്റ് യൂറോപ്യൻ രാജ്യങ്ങിളിലേതിനെക്കാൾ കുറവാണ്. അവർ ആർടിപിസിആർ ടെസ്റ്റ് നടത്തിയതിന് ശേഷമാണ് ആന്‍റിബോഡി ടെസ്റ്റ് നടത്തുന്നത്. കേരളം അത് മാതൃകയാക്കാൻ ശ്രമിക്കണം, കോറോണായെ അതിജീവിക്കാൻ.
നമ്മുടെ നാട്ടിൽ സാമൂഹിക വ്യാപനമുണ്ടാകുമോ എന്നറിയാൻ ധൃതി പിടിച്ച് റാപ്പിഡ് ടെസ്റ്റിന് പിറകെ പോകേണ്ട കാര്യമില്ല. ആന്‍റിബോഡി ടെസ്റ്റുകൾക്കാവശ്യമായ കിറ്റുകൾ ഇന്ത്യയിൽ നിർമ്മിക്കുന്നില്ല. മിക്കതും ചൈനയിൽ ഉണ്ടാക്കിയതാണ്, അതിന്റെ ഗുണനിലവാരം അറിയില്ല. ഇറ്റലിയിലേക്കും സ്പെയിനിലേക്കും ചൈന അയച്ച 9 ലക്ഷം കിറ്റുകൾ ഗുണനിലവാരമില്ലാത്തതിനാൽ അവർ തിരിച്ച് കൊടുക്കുകയുണ്ടായി. നമ്മൾ ധൃതികാട്ടിയാൽ ഈ കിറ്റുകൾ അവർ ഇന്ത്യയിൽ കെട്ടിയിറക്കാൻ സാധ്യതയുണ്ട്. അത് കൊണ്ട് “ആന്‍റിബോഡി” കണ്ടെത്തുന്നതിനുളള റാപിഡ് ടെസ്റ്റ് വളരെ സൂക്ഷിച്ചു, പതിര് മാറ്റി തെരഞ്ഞെടുത്തേ പ്രയോഗിക്കാവൂ, അല്ലെങ്കിൽ പതിയിരിക്കുന്ന അപകടം വലുതാണ്. നമ്മുടെ നാളിതുവരെയുള്ള കരുതൽ നിഷ്ഫലമാകാതിരിക്കാൻ ജാഗ്രത വേണം. ഡിഎൻഎ കണ്ടെത്താനുളള റാപിഡ് ടെസ്റ്റാണ് അഭികാമ്യം. ഇന്നും ഡബ്ല്യുഎച്ച്ഒ ഒരു റാപിഡ് ടെസ്റ്റും രോഗ നിർണയത്തിനായി അംഗീകരിച്ചിട്ടില്ല എന്ന് ഓർക്കണം. അംഗീകരിച്ചത് ഗവേഷണത്തിന് മാത്രമാണ്.
( ജർമനിയിലെ റീഗൻസ്‌ബുർഗ് സർവകലാശാലയിൽ നിന്നും ഡോക്‌ടറേറ്റ് നേടിയശേഷം ഒരു പതിറ്റാണ്ടോളം അമേരിക്കയിൽ വിവിധ ഗവേഷണ പദ്ധതികളിൽ പ്രവർത്തിച്ചിട്ടുള്ള മലയാളിയായ ഡോ.ഷോബി വേളേരി പ്രശസ്ത ജനിതക ശാസ്ത്രജ്ഞനാണ്. )