12 Nov 2019 21:30 PM IST
"നോക്കൂ..സഖാക്കളേ, നമ്മുടെ കൈയിൽ പത്ത് വിരലുകളുണ്ട്....' കേൾവിക്കാരെല്ലാം പരസ്പരം നോക്കി, ഈ പതിരാനേരത്ത് ,സഖാവിനിത് എന്ത് പറ്റി? "അപ്പോൾ പറഞ്ഞു വന്നത് ചൂണ്ടുവിരലിനെ കുറിച്ചാണ്, ഇത്തവണ വോട്ട് ചെയ്യാൻ പോകുമ്പോൾ മഷി പുരട്ടുക ഇടത്തേ കൈയിലെ ചൂണ്ടുവിരലിലാണ്.."സമയം രാത്രി പന്ത്രണ്ടരയായി. പ്രസംഗിച്ച് പ്രസംഗിച്ച് മടുത്തപ്പോൾ കുറച്ച് പാട്ട് പാടി, കോൽകളികളിച്ചു എന്നിട്ടും സ്ഥാനാർത്ഥി വന്നില്ല..അധ്യക്ഷനായ മാഷിന് യോഗം പിരിയാതിരിക്കാൻ പിന്നേയും പ്രസംഗിക്കുകയല്ലാതെ മറ്റെന്ത് വഴി ! അങ്ങിനെയാണ് വോട്ടു ചെയ്യുന്ന വിധം പഠിപ്പിച്ച് വിരലിലെത്തിയത്. അത് 1980കളിൽ കെ.പി. ഉണ്ണികൃഷ്ണൻ പാർലമെൻറിലേക്ക് മത്സരിക്കുന്ന ഒരു തെരഞ്ഞെടുപ്പ് കാലമാണ്. എളുപ്പത്തിൽ പറഞ്ഞാൽ ടി.എൻ ശേഷൻ തെരഞ്ഞെടുപ്പ് കമ്മീഷണറാവുന്നതിന് മുമ്പ്. പ്രചരണത്തിന് സമയവും കാലവുമില്ലാത്ത, ഉച്ചഭാഷിണിക്ക് പരിതികളും പരിമിതികളും ഇല്ലാത്ത കാലത്ത്. സ്ഥാനാർത്ഥികൾക്കായുള്ള കാത്തിരിപ്പ് പുലർകാലം വരെ നീണ്ട കാലത്ത്. നാട്ടിലെ എല്ലാ തെരഞ്ഞെടുപ്പ് കാലത്തും ഈ കഥ കേട്ട് കേട്ട് ടി.എൻ ശേഷൻ എന്ന മനുഷ്യനെ കുറിച്ചുള്ള എന്റെ ഓർമ്മയുടെ അഭിവാജ്യതയായി മാറിയത് തീർത്തും സ്വാഭാവികം.
ടി.എൻ ശേഷൻ എന്ന ഇന്ത്യ കണ്ട കരുത്തനായ ഐ.എ.എസ് ഓഫീസർ കഥാവശേഷനായിരിക്കുന്നു. 1990 ലാണ് ടി.എൻ ശേഷൻ ഇന്ത്യയുടെ പത്താമത്തെ തെരഞ്ഞെടുപ്പ് കമ്മീഷണറായി എത്തുന്നത്. അദ്ദേഹത്തെ കുറിച്ച് ഓർക്കാത്ത, പറയാത്ത ഒരു തെരഞ്ഞെടുപ്പ് കാലവും ഇന്ത്യയിൽ ഇനി ഉണ്ടാവില്ല.ജനാധിപത്യവും തെരഞ്ഞെടുപ്പുകളും നിലനിൽക്കുന്ന കാലത്തോളം ഇന്ത്യ ശേഷനെ ഓർക്കും അതു തന്നെയാണ് ആ മനുഷ്യൻ ഈ നാട്ടിൽ അദ്ദേഹത്തിന്റേതായി അവശേഷിപ്പിക്കുന്നതും. പത്തു മണിക്ക് ഒരു സെക്കന്റ് അപ്പുറത്തേക്ക് ഇപ്പോൾ ഉച്ചഭാഷിണി ഉപയോഗിച്ച് ഒരു സ്ഥാനാർത്ഥി പര്യടനവും നീളാറില്ല. വരവും ചെലവും സൂക്ഷിക്കാത്ത ഒരു സ്ഥാനാർത്ഥിയും ഉണ്ടാവില്ല. അതിരുവിട്ടാരും പണം ചെലവഴിക്കില്ല, സർക്കാർ അതിഥി മന്ദിരങ്ങളുടെ അരിക് പറ്റി ഭരണക്കാരും പാർട്ടി നേതാക്കളും തെരഞ്ഞെടുപ്പ് ആഘോഷിക്കില്ല. സർക്കാർ വാഹനങ്ങൾ ഭരണക്കാരെയും കൊണ്ട് പാഞ്ഞു നടക്കില്ല. മതവും ജാതിയും പറഞ്ഞ് തെളിവിലാരും വോട്ട് ചോദിക്കില്ല. മദ്യവും പണവും മസിലും വോട്ടാക്കി മാറ്റാൻ സ്ഥാനാർത്ഥിക്ക് ധൈര്യം വരില്ല. അത്രമേൽ ടി.എൻ ശേഷൻ എന്ന തെരഞ്ഞെടുപ്പ് കമ്മീഷണർ ജനാധിപത്യ രാജ്യത്തെ സ്വതന്ത്ര ഭരണഘടനാ സ്ഥാപനത്തെ ജനകീയവൽകരിച്ചിട്ടുണ്ട്. തിരിച്ചറിയൽ കാർഡുകൾ ജനങ്ങളിൽ ഉണ്ടാക്കിയ ജനാധിപത്യ ബോധം അത്രയ്ക്ക് വലുതാണെന്ന് പിന്നിടുള്ള തെരഞ്ഞെടുപ്പുകൾ തെളിയിച്ചു. അർത്ഥവും വ്യാപ്തിയും ഉള്ള പദവും പദവിയുമാണ് തെരഞ്ഞെടുപ്പ് കമ്മീഷണറുടേത് എന്ന് ശേഷൻ തെളിയിച്ചു. കൊടുത്തിട്ടുണ്ട്. കരുത്ത്, നിയമങ്ങളുടെ ജനപക്ഷത ഗൗരവപ്പെടുത്തിയിട്ടുണ്ട്.
എന്തുകൊണ്ടാവാം ശേഷന് ശേഷം ശേഷന് അപ്പുറത്തേക്ക് ആരും വളരാതെ, വളർത്താതെ പോയത്? ശേഷൻ കാണിച്ചത് ഒരു വഴിയാണ്. ജനാധിപത്യ രാജ്യത്തെ ഭരണഘടനയുടെ അധികാര കരുത്ത്. പുറത്ത് കാണുന്ന അധികാര വിനിമയത്തിന് അപ്പുറത്ത് പരിപൂർണ്ണ സ്വതന്ത്രമാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ എന്ന് ഉറപ്പിക്കാൻ ഇന്നും കഴിയില്ല എന്നതാണ് സത്യം .അതേ സമയം, തെരഞ്ഞെടുപ്പ് രംഗത്തെ ജീർണതകൾക്ക് ഇപ്പോഴും പൂർണ്ണ പരിഹാരമുണ്ടായി എന്ന് പറയാൻ കഴിയില്ല. ഭരണഘടനയുടെ 324-ാം വകുപ്പ് പ്രകാരം മൂന്ന് ആംഗങ്ങളുള്ള തെരഞ്ഞെടുപ്പ് കമ്മിഷനാണ് നിലവിലുള്ളത്. വിശദമായി, അധികാരവും ചുമതലകളും രേഖപ്പെടുത്തിയിട്ടുമുണ്ട്. നിഷ്പക്ഷവും നീതിപൂർവ്വും എന്നത് അനുശാസനങ്ങളിലാണ് എന്നതാണ് യാഥാർത്ഥ്യം.
പവറിന്റെ സ്വാധീനം തെരഞ്ഞെടുപ്പുകളെ വ്യാപകമായി സ്വാധിനിക്കുന്നുമുണ്ട്. പണവും മതവും പ്രാദേശികതയും വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. സി.പി.ഐ മുൻ ജനറൽ സെക്രട്ടറിയും കേന്ദ്ര അഭ്യന്തര മന്ത്രിയുമായിരുന്ന ഇന്ദ്രജിത് ഗുപ്ത അധ്യക്ഷനായ തെരഞ്ഞെടുപ്പ് പരിഷ്കരണ കമ്മറ്റിയും ദിനേശ് ഗോസാമി കമ്മീഷൻ റിപ്പോർട്ടും പരിഗണന വിധേയമാക്കാൻ പോലും മാറി മാറി വന്ന കേന്ദ്ര ഗവൺമെന്റുകൾ തയ്യാറായില്ല. വ്യാപകമായ സാമ്പത്തിക ദുരുപയോഗവും ധൂർത്തും, കോർപ്പറേറ്റും ഫണ്ടിംഗും ഇല്ലാതാക്കാനുള്ള നിർദ്ദേശങ്ങൾ പരിഗണിക്കപ്പെട്ടില്ല എന്നത് കോർപ്പറേറ്റ് ദാസ്യവേലക്കാരായ കോൺഗ്രസ് - ബിജെപി ഭരണകാലത്ത് അത്ഭുതമല്ല. എങ്കിലും തെരഞ്ഞെടുപ്പ് പരിഷ്കരണമെന്ന മുദ്രാവാക്യം ഗൗരവത്തോടെ ഉയർന്നു വരേണ്ടത് തന്നെയാണ്. ടി.എൻ ശേഷൻ തുടങ്ങി വച്ചത് ,ഇന്ദ്രജിത്ത് ഗുപ്ത പറഞ്ഞ് വച്ചത് ഗൗരവപൂർവ്വം മുന്നോട്ട് പോകേണ്ടതുണ്ട് എന്നതിലെ കാലിക പ്രാധാന്യം ഇടതുപക്ഷം ഉയർത്തി കൊണ്ടുവരണം.
ടി.എൻ ശേഷൻ എന്ന കാര്യപ്രാപ്തിയുള്ള തലവൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന കാലത്ത് ഭരണഘടനയുടെ ബലത്തിലാണ് പ്രവർത്തിച്ചതെങ്കിൽ ഇന്ന് പലപ്പോഴും തെരഞ്ഞെടുപ്പ് കമ്മീഷൻ ഭരണകൂടത്തിന്റെ തണലിലായി പോകുന്നു. തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപനങ്ങൾ പോലും ജനമറിയും മുമ്പേ ഭരണ പാർട്ടിക്കാർക്ക് ചോർന്നു കിട്ടുന്ന സ്ഥിതി ഉണ്ടാവുന്നു. ഇലക്ട്രോണിക്ക് വോട്ടിംഗ് യന്ത്രങ്ങളെ കുറിച്ചുള്ള വ്യാപക പരാതിയെ ഗൗരവത്തിലെടുക്കാൻ ഇതുവരെ കമ്മീഷൻ തയ്യാറാവാത്തത് ഭരണക്കാരെ പേടിച്ചിട്ടാണ്. ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പരിഷ്കരണം പ്രധാനമുദ്രാവാക്യമായി എ.ഐ.വൈ.എഫ് വഡോധര ദേശീയ സമ്മേളനം അംഗീകരിച്ചു. ആദ്യമായി ഒരു യുവജന സംഘടന ഈ വിഷയത്തിൽ പ്രതികരിക്കുന്നത് വഡോദരയിലെ എ.ഐ.വൈ.എഫ് സമ്മേളനമാണ്. യഥാർത്ഥ ജനതാൽപര്യമല്ല വിജയമായി പരിണമിക്കുന്നത് എന്നതാണ് വോട്ടിംഗ് ശതമാനവും വിജയികൾക്കും പരാജിതർക്കുമിടയിലെ കണക്കുകളും സൂചിപ്പിക്കുന്നത്. ജനാധിപത്യത്തിലെ ഭരണഘടനാ സ്ഥാപനങ്ങളെ പരിപൂർണ്ണ സ്വതന്ത്ര സംവിധാനമായി മാറ്റാൻ ശേഷന്റെ ഓർമ്മകളിൽ പരിശ്രമം വർദ്ധിപ്പിക്കണം.ഭരണഘടന പോലും ചോദ്യം ചെയ്യപ്പെടുന്ന സംഘപരിവാര കാലത്ത് ഉത്തരം അകലെയാണ്. എങ്കിലും പോരാട്ടം തുടർന്നേ മതിയാവു. അതാവണം ടി.എൻ ശേഷന് നൽകാൻ കഴിയുന്ന ജനാധിപത്യ ബോധമുള്ള ആദരാഞ്ജലി.
(എ.ഐ.വൈ.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറിയാണ് ലേഖകൻ.)