Culture

28 Jun 2020 01:20 AM IST

Savithri Rajeevan

രഹ്‌ന ഫാത്തിമയും ബോഡി പൊളിറ്റിക്‌സും

രഹ്ന ഫാത്തിമ സ്വന്തം ശരീരം തൻ്റെ കുഞ്ഞുങ്ങൾക്ക് ചിത്രം വരയ്ക്കാനായി ഏല്പിച്ചതിൽ അശ്ലീലം കാണുന്നത് സ്ത്രീശരീരത്തെ ഭോഗവസ്തുവായും ഒളിഞ്ഞുനോക്കി ആസ്വദിക്കാനുള്ള ഉപകരണമായും കാണുന്നവരാണെന്ന് കവിയും ചിത്രകാരിയുമായ സാവിത്രി രാജീവൻ.

ശരീരത്തിനുമേലുള്ള ചിത്രമെഴുത്ത് നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു കലയാണെന്ന് നമുക്ക് വാദിക്കാനാവും. കാരണം നമുക്കറിയാം ഈജിപ്തിലെ മമ്മികളുടെ ഉടലുകളിൽ പോലും ടാറ്റൂകളും ചിത്രങ്ങളും കണ്ടെത്തിയിരുന്നതായി കലാചരിത്രം പറയുന്നു. ഓരോ കാലത്തും ഓരോ രാജ്യത്തും, ഓരോ പ്രദേശത്തും പല രൂപത്തിലും ഭാവത്തിലും അതിൻറെ തുടർച്ചകൾ നാം കാണുന്നു. ആചാരങ്ങളായോ അനുഷ്ഠാനങ്ങളായോ മുഖമെഴുത്തും പുലിക്കളിച്ചിത്രങ്ങളും മൈലാഞ്ചി ചിത്രങ്ങളും അടക്കമുള്ള ചിത്രീകരണങ്ങളായി ഇവിടേയും അത് ? നിലനിൽക്കുന്നുണ്ട്. ആ നിലയ്ക്ക് ശരീര കല ( Body Art) ഒരു പുതിയ കണ്ടുപിടുത്തമല്ല. ഒരു കലാവസ്തുവായി മാറാൻ അല്ലെങ്കിൽ ശരീരത്തെ പകർന്നാടാൻ വിടുന്ന നൃത്തരൂപങ്ങൾ അനവധിയാണ് . നാടകങ്ങളിൽ സംഭവിക്കുന്നതുപോലും ശരീരം ഒരു കലാവസ്തുവായി മാറുന്നതാണ്. ശരീരത്തെ ചിത്രമെഴുത്തിനുള്ള ചുവരായി മാറ്റുന്നതോ അല്ലെങ്കിൽ ശരീരം തന്നെ ഒരു ശിൽപ്പമായി ഒരു നാടകീയ മുഹൂർത്തം സൃഷ്ടിച്ചു നിൽക്കുന്നതോ ഉടലിനെ കലാവസ്തുവെന്ന നിലയിൽ മാറ്റിപ്രതിഷ്ഠിക്കലാണ്.

 

മേൽപ്പറഞ്ഞതരത്തിലുള്ള ശാരീരിക പകർന്നാട്ടങ്ങൾ കാലാകാലങ്ങളായി സമൂഹം അംഗീകരിച്ചവയാണ്. പക്ഷേ ശരീരത്തെ ഏതെങ്കിലും ഒരു ആശയാടിസ്ഥാനത്തിൽ (conceptual )ചിത്രമെഴുത്തിനുള്ള പ്രതലമായി കാണുന്നതും അതിനെ ഉപയോഗിക്കുന്നതും ഒരു കാലാപ്രവർത്തനം ആയിരിക്കെ തന്നെ ഒരു പ്രതിരോധം ആയി മാറ്റുന്നതാണ്‌ 1960 കൾ മുതൽ ലോക കലയിൽ പ്രത്യേകിച്ചും യൂറോപ്യൻ- അമേരിക്കൻ കലയിൽ നാം കാണുന്നത്.

 

കലാപ്രവർത്തനം എല്ലാ കാലത്തും അതതുകാലത്തെ നില നിൽക്കുന്ന സാമൂഹ്യവും സാംസ്കാരികവും രാഷ്ട്രീയവുമായ വ്യവസ്ഥിതികൾക്കെതിരെയുള്ള കലാപമായാണ് കണ്ടുപോരുന്നത്. സ്ഥൂലവും സൂക്ഷ്മവുമായ തലത്തിൽ അധികാര പ്രയോഗങ്ങൾക്കെതിരെ പ്രതിരോധം തീർക്കലാണ് യഥാർത്ഥ കല ചെയ്യുന്നത്. അല്ലെങ്കിൽ കലാകാരർ കലയുടെ ഈ ശക്തിയും സാധ്യതയും തിരിച്ചറിയുബോൾ കലയുടെ സാമ്പ്രദായിക ചട്ടക്കൂടുകൾ ലംഘിക്കപ്പെടുന്നു. അങ്ങനെയാണ് ക്യൂബിസം, സർറിയലിസം തുടങ്ങി കലയിലെ നാനാതരം പരീക്ഷണങ്ങൾക്ക് കഴിഞ്ഞ നൂറ്റാണ്ട് സാക്ഷിയായത്.

 

മുൻപറഞ്ഞ പരീക്ഷണങ്ങളുടേയും ആവിഷ്കാരങ്ങളുടേയും കലാത്തുടർച്ച സംഭവിക്കുന്ന ഒരു കാലവും അറുപതുകൾ മുതൽ ആരംഭിക്കുന്നതായി നാം കണ്ടു. എന്നാൽ ഇന്ന് ശരീരം തന്നെ പ്രതിരോധത്തിനും പ്രതിഷേധത്തിനുമുള്ള ഒരു ഉപാധിയാക്കി മാറ്റുന്ന ഉത്തരാധുനിക കാലത്താണ് നാം ജീവിക്കുന്നത്. കല എല്ലാത്തരം അടിച്ചമർത്തലുകൾക്കും, അനീതിക്കും അക്രമത്തിനും എതിരേ പ്രവർത്തിക്കുന്നു. കല എപ്പോഴും ചിട്ടവട്ടങ്ങളേയും സാമൂഹ്യനിയമങ്ങളേയും അതിലംഘിക്കുന്ന ഒരൊറ്റനീക്കത്തിലൂടെ സ്വാതന്ത്ര്യ പ്രഖ്യാപനങ്ങൾ നടത്തി അതുവരെയുള്ള സാമൂഹിക നിലനിൽപ്പിനെ തകിടം മറിക്കുന്നു. അല്ലെങ്കിൽ കല പൂർണ്ണമായും അത്തരം ദൗത്യങ്ങൾ ഉടനടി ചെയ്തില്ലെങ്കിൽ കൂടി അതിനുള്ള വഴിയൊരുക്കുന്നു.

 

സ്ത്രീലൈംഗികതയും അവളുടെ ശരീരവും സ്ത്രീക്ക് സ്വന്തമല്ലാതായ ഒരു ലോകത്തു്, ഒരു സമൂഹത്തിൽ ആണ് നാം ജീവിക്കുന്നത്. തന്റെ സ്വന്തം ശരീരം എങ്ങനെ കാണപ്പെടണം എന്ന്  തീരുമാനിക്കുന്നതിന് അവൾക്ക് അവകാശമില്ല. നൂറ്റാണ്ടുകളായി പുരുഷ മേൽക്കോയ്മ നിലനിൽക്കുന്ന ആഗോള സമൂഹങ്ങളിൽ ഏറിയും കുറഞ്ഞും അതങ്ങനെത്തന്നെയാണ്. ജൻഡർ ഇക്വാലിറ്റിക്കു വേണ്ടിയുള്ള യുദ്ധം സ്ത്രീകൾ ആരംഭിച്ചിട്ട് ദശാബ്ദങ്ങളായി. അതിന്റെ ഭാഗമായി സ്ത്രീകൾ നഗ്‌നരായി പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. പ്രതിഷേധത്തിനുള്ള ഒരുപകരണമായി നഗ്ന ശരീരത്തെ ഉപയോഗിച്ചിട്ടുണ്ട്. ഇന്ത്യയിൽ തന്നെ പട്ടാളക്കാരുടെ സ്ത്രീ അതിക്രമങ്ങൾക്കെതിരേ സ്ത്രീകൾ വസ്ത്രരഹിതരായി പ്രതിഷേധിച്ചത് ഓർക്കുക. ഇങ്ങനെയുള്ള പ്രതിഷേധങ്ങൾക്കും പ്രതിരോധങ്ങൾക്കും ശരീര കലയെ ഒരു സാധ്യതയായി കണ്ട് ഇന്ത്യയിലും ഇപ്പോൾ കലാകാരർ ധാരാളമായി ഉപയോഗപ്പെടുത്താൻ തുടങ്ങിയിരിക്കുന്നു. പ്രതിഷ്ഠാപന കലയും പെർഫോമിംഗ് ആർട്ടും അതിൻറെ ഒരു ഭാഗമാണ്. ഉദാഹരണമായി, അരിയാന ഗാൻഡയുടെ ( Ariana Grande ) യുടെ God is a Woman പോലുള്ള വീഡിയോ പോലെയും അമേരിക്കൻ ഇൻസ്റ്റലേഷൻആർട്ടിസ്റ്റ് അലക്സാ മേഡ് ( Alexa Meade ) സാമ്പ്രദായിക ത്രിഡൈമെൻഷൻ ചിത്രങ്ങളുടെ റിവേഴ്‌സിങ് തൻറെ ശരീരകലാപരീക്ഷണങ്ങളിൽ സ്ഥാപിച്ചുകൊണ്ടായാലും ചൈനീസ് കലാകാരൻ ലിയു ബോളിൻ വ്യക്തിപരമായ ഒരനുഭവത്തിൻറെ അടിസ്ഥാനത്തിൽ , സോഷ്യൽസ്റ്റാറ്റസ് ഇല്ലാത്ത ഒരു ജനസമൂഹത്തെ അധികാരികൾക്ക് മുൻപിൽ അവതരിപ്പിക്കാനായിട്ടായാലും അതല്ലെങ്കിൽ തന്റെ കലാകാരസ്വത്വം ഉയർത്തിപ്പിടിക്കാൻ വേണ്ടി ആണെങ്കിലും നമ്മുടെ കാലത്ത് സജീവമായി ശരീരത്തെ കലാവസ്തു ആയി ഉപയോഗിക്കുന്നത് നാം അറിയുന്നു.

 

ഇവിടെ രഹ്ന ഫാത്തിമ അവരുടെ ശരീരം തന്റെ കുഞ്ഞുങ്ങൾക്ക് ചിത്രം വരക്കാനായി ഏൽപ്പിച്ചപ്പോൾ അവർ അവരുടെ ശരീരത്തിന്മേലുള്ള സ്വന്തം അവകാശം സ്ഥാപിക്കാനായുള്ള ഒരു ചെറിയ പരിശ്രമം ആണ് നടത്തിയത് എന്ന് പറയാനാണ് ഞാൻ ആഗ്രഹിക്കുന്നത്. അതിൽ അശ്ലീലം കാണുന്നത് സ്ത്രീ ശരീരം ഭോഗോപകരണമായും അതിനെ ഒളിഞ്ഞു നോക്കി ആസ്വദിക്കാനുള്ള വസ്തുവും ആയി മാത്രമേ കാണാനാവൂ എന്ന മനോഭാവത്തിന് അടിപ്പെട്ടവരാണ്. പുരുഷാധികാര വ്യവസ്ഥയിൽ അധിഷ്ഠിതമായ, വിപരീത ലൈംഗികതയിൽ ( Heterosexuality ) ഉറച്ച, അതിൻറെ ശരിതെറ്റുകളിൽ ഉറപ്പിച്ചു നിർത്തിയ, ഒരു യാഥാസ്ഥിതിക സമൂഹത്തിനു അതിനെതിരായ ഒരു ചെറിയ ചലനം പോലും താങ്ങാനാവില്ല.

 

ഇനി അതൊന്നുമല്ലെങ്കിൽ കുഞ്ഞുങ്ങൾക്ക് മെയ്ക്കപ്പ് നടത്താനും അവരെ നമ്മുടെ മുഖത്തിന്മേൽ അവരുടെ ഇഷ്ടാനുസരണം ലിപ്സ്ടിക്കോ, പൗഡറോ ചാന്തോ കണ്മഷിയോ തേക്കാനും വാത്സല്യത്തോടെ നമ്മൾ സമ്മതിക്കാറുണ്ട്. അതുപോലെ കുഞ്ഞുങ്ങളുടെ ഇഷ്ടത്തിന് വിട്ടുകൊടുത്ത ഒരു കളിയായി രഹ്‌നയുടെ പ്രവൃത്തിയെ കാണാൻ എന്താണ് തടസ്സം? അതിന് അവരെ കുറ്റവാളിയായി പ്രഖ്യാപിക്കേണ്ടതുണ്ടോ ? അങ്ങനെ ചെയ്‌യുന്നത് ഇത്തരം ചെറുത്തു നിൽപ്പുകളുടെ സാധ്യത അടഞ്ഞു പോകാൻ കാരണമാകുകയേ ഉള്ളൂ.