Kerala News

17 Nov 2018 16:15 PM IST

നിങ്ങൾ എന്നെ ഭക്തനല്ലാതാക്കി

ശബരിമല സമരത്തിന്റെ പേരിൽ നടക്കുന്ന അക്രമങ്ങൾ കണ്ടു മനസ്സ് മടുത്ത് ഭക്തി ഇല്ലാതായ എം.എ ഉണ്ണികൃഷ്ണൻ എന്ന വ്യക്തി തന്റെ അനുഭവം വെളിപ്പെടുത്തുന്നു.

ഹിന്ദു ഐക്യവേദിയ്ക്ക് നന്ദി. 43 വര്‍ഷം മനസ്സില്‍ ഉണ്ടായിരുന്ന ഭക്തി ഇല്ലാതാക്കാന്‍ ആരൊക്കെ ശ്രമിച്ചിട്ടും കഴിഞ്ഞിരുന്നില്ല. ഒടുവിൽ നിങ്ങള്‍ക്ക് അത് സാധിച്ചു. എല്ലാ മലയാളമാസവും ഒന്നാം തീയതി ക്ഷേത്രദര്‍ശനം പതിവാക്കിയ എനിക്ക് ഇന്ന് ക്ഷേത്രത്തില്‍ പോകാന്‍ സാധിക്കാതെ വന്നത് നിങ്ങളുടെ ഹര്‍ത്താല്‍ കാരണം മാത്രമാണ്. എല്ലാ മലയാള മാസം ഒന്നാം തീയതിയും ഗുരുവായൂര്‍ ദര്‍ശനം നടത്തുന്ന എന്റെ സഹോദരന്‍ തൃശൂര്‍ റെയില്‍വേസ്റ്റേഷനില്‍ അകപ്പെട്ടു. എത്രയോ അധികം ഹിന്ദുക്കള്‍ക്ക് മലയാളമാസം ഒന്നാംതീയതി വളരെയേറെ പ്രാധാന്യം ഉള്ളതാണെന്ന് നിങ്ങള്‍ ഓര്‍ക്കേണ്ടതായിരുന്നു.

 

ഇന്ന് വൈകിട്ട് മലയ്ക്ക് പോകേണ്ടവര്‍ കേരളത്തിന്റെ അതിര്‍ത്തികളില്‍ ബസിനുള്ളില്‍ അകപെട്ട് പോയെന്ന വാര്‍ത്ത അല്പം മുമ്പ് കേട്ടു. ഇന്ന് രാവിലെ ശബരിമലയ്ക്ക് പോകാനായി ഇറങ്ങിയവര്‍ തമ്പാന്നൂര്‍ ബസ്റ്റാന്‍ഡില്‍ കുടുങ്ങിയ വാര്‍ത്തയും കേട്ടു. സ്വാമിയേ ശരണം അയ്യപ്പോ എന്ന മന്ത്രം ഉച്ചരിക്കുന്നത് കേള്‍ക്കുമ്പോള്‍ മനസ്സില്‍ ഉണ്ടായിക്കൊണ്ടിരുന്ന സന്തോഷം ഇന്ന് ഭയം ആയി മാറിയിരിക്കുന്നു. ആ ദുഃഖം എങ്ങനെയാണ് സമൂഹത്തെ അറിയിക്കേണ്ടത് എന്ന് അറിയാതെ വിഷമിക്കുന്ന ഒരു പഴയ ഭക്തനാണ് ഞാന്‍. ഇന്നലെ വരെ ഭക്തനായിരുന്ന ഞാൻ ഇന്ന് മുതൽ മുൻ ഭക്തനായി മാറിയിരിക്കുന്നു എന്ന വിവരം എല്ലാവരെയും അറിയിക്കട്ടെ.