Kerala News

08 Nov 2018 15:00 PM IST

ശബരിമല സമരം സുപ്രീംകോടതിക്കെതിരെ ; അക്രമികൾക്ക് ജാമ്യം ഇല്ലെന്ന് ഹൈക്കോടതി

ശബരിമല യുവതീ പ്രവേശനം അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് നടത്തുന്ന സമരങ്ങൾ സുപ്രീം കോടതിയ്‌ക്കെതിരാണെന്ന് ഹൈക്കോടതി.

Kochi

ശബരിമല യുവതീ പ്രവേശനം അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് നടത്തുന്ന സമരങ്ങൾ സുപ്രീം കോടതിയ്‌ക്കെതിരാണെന്ന് ഹൈക്കോടതി. ന്യായീകരിക്കാനാവാത്ത അക്രമസംഭവങ്ങളാണ് ശബരിമലയിൽ നടന്നതെന്നു കോടതി നിരീക്ഷിച്ചു. ശബരിമല സംഘർഷവുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ തൃപ്പൂണിത്തുറ സ്വദേശി ഗോവിന്ദ് മധുസൂദൻ നൽകിയ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതി നിരീക്ഷണം.

 

ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെയാണ് ഹർജിക്കാരൻ സമരം നടത്തിയത്. പ്രതി അക്രമത്തിൽ പങ്കെടുത്തിന് പ്രഥമദൃഷ്ട്യാ തെളിവുകൾ ഉണ്ട്. ഇത് തെളിയിക്കുന്ന സാക്ഷിമൊഴികളുമുണ്ട്. പ്രതിക്ക് ജാമ്യം അനുവദിക്കുന്നത് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ ഇടയാക്കും. അന്വേഷണം പ്രാഥമിക ഘട്ടത്തിലെന്നും കോടതി നിരീക്ഷിച്ചു. അക്രമം നടന്ന പ്രദേശങ്ങളിൽ പ്രതിയുടെ സാന്നിധ്യം തെളിയിക്കുന്ന വീഡിയോയും ചിത്രങ്ങളും പൊലീസ് കോടതിയിൽ ഹാജരാക്കിയിരുന്നു.