20 Jul 2020 01:20 AM IST
രാജസ്ഥാൻ കോൺഗ്രസിൽ രൂപപ്പെട്ട പ്രതിസന്ധിയെ ദശകങ്ങളുടെ അനുഭവത്തിൻ്റെ കരുത്തിൽ ഉറച്ചു നിന്നു നേരിടാൻ തയ്യാറായ മുഖ്യമന്ത്രി അശോക് ഗെലോട്ടിനു പിന്തുണ നല്കുക വഴി കോൺഗ്രസ് നേതൃത്വം, രാഷ്ട്രീയത്തിലെ ആശയപരമായ അടിസ്ഥാന നിലപാടുകളിൽ വിട്ടുവീഴ്ചയ്ക്ക് തങ്ങളില്ല എന്ന സന്ദേശമാണ് നല്കുന്നത്. തൻ്റെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ കുറേ എംഎൽഎമാരെ അടർത്തിയെടുത്ത് ബിജെപിയോടൊപ്പം ചേർന്ന് മന്ത്രിസഭയെ അട്ടിമറിക്കുമെന്ന സച്ചിൻ പൈലറ്റിൻ്റെ ഭീഷണിക്കു വഴങ്ങാതെ, അതൊരു വെല്ലുവിളിയായി ഏറ്റെടുക്കുകയാണ് അശോക് ഗെലോട്ട് ചെയ്തത്. ബിജെപി യോടൊപ്പം പോകാൻ മടിയില്ലാത്തവരെ കോൺഗ്രസിൽ ആവശ്യമില്ല എന്ന ധീരമായ നിലപാട് സ്വീകരിക്കാൻ ഗെലോട്ടിനു കഴിഞ്ഞു. ഭൂരിപക്ഷം എംഎൽഎമാരുടെയും പിന്തുണ ഗെലോട്ടിനാണെന്നു കൂടി വ്യക്തമായതോടെ അദ്ദേഹത്തിനു പിന്നിൽ ഉറച്ചു നില്ക്കാൻ പാർട്ടി നേതൃത്യം തീരുമാനിക്കുകയായിരുന്നു.
എംഎൽഎമാരെ കൂടെ നിർത്തിയുള്ള സമ്മർദ്ദത്തിന് കോൺഗ്രസ് നേതൃത്വം വഴങ്ങുമെന്നായിരുന്നു സച്ചിൻ പൈലറ്റിൻ്റെ കണക്കുകൂട്ടൽ. മധ്യപ്രദേശിലെ മന്ത്രിസഭ വീണതിൻ്റെ ആഘാതം ഇനിയും വിട്ടുമാറിയിട്ടില്ലാത്ത കോൺഗ്രസ്, രാജസ്ഥാനിൽ ഒരു ഭാഗ്യപരീക്ഷണത്തിന് ഒരുമ്പെടില്ലെന്നായിരുന്നു സച്ചിൻ കരുതിയത്. തികഞ്ഞ ആത്മവിശ്വാസത്തോടെ ഗെലോട്ട് വെല്ലുവിളി ഏറ്റെടുത്തതോടെ അദ്ദേഹത്തിനു പൂർണ്ണ പിന്തുണ നല്കാൻ കോൺഗ്രസ് തീരുമാനിച്ചു. അവസാനത്തെ ഒരു വർഷമെങ്കിലും മുഖ്യമന്ത്രി സ്ഥാനം തനിക്കു നല്കണമെന്ന സച്ചിൻ്റെ ആവശ്യം പോലും അംഗീകരിക്കേണ്ടതില്ല എന്നാണ് കോൺഗ്രസ് നേതൃത്വം തീരുമാനിച്ചത്.
സമ്മർദ്ദ തന്ത്രത്തിനു വഴങ്ങാതെ കോൺഗ്രസ് നേതൃത്വം സ്വീകരിച്ച ശക്തമായ നിലപാട്, എംഎൽഎമാരെ കൂട്ടി വിലപേശലിനു ശ്രമിച്ച സച്ചിൻ പൈലറ്റിനെ അമ്പരപ്പിച്ചു. പാർട്ടിയെ മുൾമുനയിൽ നിർത്തിക്കൊണ്ട് ഒരു ആവശ്യവും ചർച്ച ചെയ്യാൻ കോൺഗ്രസ് നേതൃത്വം തയ്യാറായില്ല. ഉപാധികളില്ലാതെ മടങ്ങിവ്യ വന്നാൽ ചർച്ചയാവാം എന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചത്. മന്ത്രിസഭയെ മറിച്ചിടാനുള്ള എംഎൽഎമാർ ഒപ്പമില്ലെന്ന് മനസ്സിലാക്കിയ സച്ചിൻ പൈലറ്റിനു മുന്നിൽ 3 മാർഗ്ഗങ്ങളാണുണ്ടായിരുന്നത്. എല്ലാ വിലപേശൽ ശേഷിയും നഷ്ടപ്പെട്ട് പാർട്ടിയിലേക്ക് തിരികെ പോകുക, ബിജെപിയിൽ ചേരുക, അല്ലെങ്കിൽ സ്വന്തമായി പാർട്ടിയുണ്ടാക്കുക. രണ്ടാമത്തെയും മൂന്നാമത്തെയും മാർഗ്ഗം സ്വീകരിച്ചാൽ നിയമസഭാംഗത്വത്തിന് അയോഗ്യത കല്പിക്കപ്പെടും ഇപ്പോഴുള്ള എംഎൽഎമാർ പോലും കൂടെയുണ്ടാകില്ല.
മുഖ്യമന്ത്രി മോഹവുമായി എത്തുന്ന ഒരു നേതാവിനെ ഉൾക്കൊള്ളാൻ, സ്ഥാനമാനങ്ങൾക്കു വേണ്ടി തമ്മിൽ തല്ലുന്ന നേതാക്കളുള്ള ബിജെപി രാജസ്ഥാൻ ഘടകത്തിന് കഴിയില്ല. സ്വന്തമായി ഒരു പാർട്ടിയുണ്ടാക്കി വിജയകരമായി നയിക്കാൻ സച്ചിൻ പൈലറ്റ്, ശരദ് പവാറോ മമത ബാനർജിയോ അല്ല താനും. സച്ചിനെക്കാൾ വലിയ നേതാക്കളായ എൻ.ഡി തിവാരി യുപിയിലും അർജുൻ സിംഗ് മധ്യപ്രദേശിലും കരുണാകരൻ കേരളത്തിലും മുപ്പനാരും ചിദംബരവും തമിഴ്നാട്ടിലും ശ്രമിച്ചു പരാജയപ്പെട്ട സംഗതിയാണത്. സ്വന്തമായി ഒരു പ്രാrദശിക പാർട്ടി സ്ഥാപിച്ചു വിജയകരമായി മുന്നോട്ടു കൊണ്ടുപോകാൻ ഉന്നതങ്ങളിലെ സൗഹൃദങ്ങളോ മാധ്യമങ്ങളുമായുള്ള ബന്ധമോ ആശയ വിനിമയത്തിലുള്ള മികവോ മാത്രം പോര. അതിന്, ജനങ്ങളുമായി ആഴത്തിലുള്ള ബന്ധവും സ്വന്തം രാഷട്രീയത്തിലുള്ള വിശ്വാസവും അതിനോടുള്ള കൂറും ആവശ്യമാണ്.