14 Jul 2020 23:10 PM IST
മുഖ്യമന്ത്രി സ്ഥാനത്തിൽ കുറഞ്ഞ ഒന്നുകൊണ്ടും തൃപ്തിപ്പെടില്ല എന്ന നിലപാടിൽ സച്ചിൻ പൈലറ്റ് ഉറച്ചു നില്ക്കുമ്പോൾ രാജസ്ഥാനിലെ കോൺഗ്രസിൽ ഉരുണ്ടുകൂടിയ പ്രതിസന്ധി നേരിടാൻ വഴി കാണാതെ കുഴങ്ങുകയാണ് കോൺഗ്രസ് നേതൃത്വം. ഇന്നു രാവിലെ ജയ്പൂരിൽ ചേർന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിലും ഉപമുഖ്യമന്ത്രിയും സംസ്ഥാന കോൺഗ്രസ് അധ്യക്ഷനുമായ സച്ചിൻ പൈലറ്റ് പങ്കെടുത്തില്ല. നിയമസഭാകക്ഷിയിൽ തനിക്ക് വ്യക്തമായ ഭൂരിപക്ഷമുണ്ടെന്നും പാർട്ടി അച്ചടക്കം ലംഘിക്കുന്നവർക്കെതിരേ നടപടി എടുക്കുമെന്നും ഇന്നത്തെ നിയമസഭാകക്ഷി യോഗത്തിനു ശേഷവും മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ആവർത്തിച്ചു. ഗെഹ്ലോട്ടിനോടൊപ്പമുള്ള എംഎൽഎമാരെ ഒരു റിസോർട്ടിൽ താമസിപ്പിച്ചിരിക്കുകയാണ്.
കേവല ഭൂരിപക്ഷത്തിന് 101 എംഎൽഎമാരുടെ പിന്തുണയാണ് വേണ്ടത്. 107 കോൺഗ്രസ് എംഎൽഎമാരും 15 സ്വതന്ത്രരും ചെറിയ പാർട്ടികളുടെ 5 എംഎൽഎമാരും ഉൾപ്പെടെ 122 പേരുടെ പിന്തുണയാണ് ഗെഹ്ലോട്ടിന് ഉണ്ടായിരുന്നത്. സച്ചിൻ പൈലറ്റിൻ്റെ കലാപത്തെ തുടർന്ന് കോൺഗ്രസ് - 90, സ്വതന്ത്രർ - 10, ചെറു കക്ഷികൾ - 5 എന്നിങ്ങനെ 105 പേരുടെ പിന്തുണ ഉണ്ടെന്നാണ് ഗെഹ്ലോട്ട് അവകാശപ്പെടുന്നത്. യഥാർത്ഥത്തിൽ ഗെഹ്ലോട്ടിനോടൊപ്പം 102 എംഎൽഎമാർ മാത്രമേ ഉള്ളൂ എന്നാണ് സൂചനകൾ. ഭൂരിപക്ഷം എപ്പോൾ വേണമെങ്കിലും നഷ്ടപ്പെടാവുന്ന സ്ഥിതിയാണുള്ളത്. ബിജെപിയുമായി സച്ചിൻ പൈലറ്റ് ചർച്ചകൾ നടത്തുന്നതായാണ് വിവരം.
സോണിയാ ഗാന്ധി, രാഹുൽ, പ്രിയങ്ക എന്നിവരുടെ നേതൃത്യത്തിൽ സച്ചിൻ പൈലറ്റിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും നേതാക്കളിൽ ആർക്കും അദ്ദേഹത്തെ നേരിട്ടു ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല. തൻ്റെ കഠിനാദ്ധ്വാനം മൂലമാണ് രാജസ്ഥാനിൽ കോൺഗ്രസ് വീണ്ടും അധികാരത്തിൽ വന്നതെന്നും മുഖ്യമന്ത്രി സ്ഥാനം തനിക്ക് അവകാശപ്പെട്ടതാണെന്നുമുള്ള നിലപാടിൽ നിന്ന് സച്ചിൻ പൈലറ്റ് പുറകോട്ടു പോയിട്ടില്ല. സച്ചിന് സ്വീകാര്യമായ ഒരു മധ്യസ്ഥ നിർദ്ദേശം മുന്നോട്ടുവയ്ക്കാൻ കോൺഗ്രസ് നേതൃത്വത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. സച്ചിൻ പൈലറ്റിന് അംഗീകരിക്കാൻ കഴിയുന്ന വ്യക്തമായ ഫോർമുലകളുടെ അടിസ്ഥാനത്തിലല്ലാതെ വെറും ചർച്ചകളുമായി ഇനി മുന്നോട്ടു പോകാൻ കോൺഗ്രസിന് കഴിയില്ലെന്ന് വ്യക്തം.