Kerala News

17 Nov 2018 07:50 AM IST

ശശികല അറസ്റ്റിൽ ; കർശന നടപടികളിലേക്ക് പോലീസ് ; ഇന്ന് ഹർത്താൽ

ശശികലയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന ഹർത്താലിന് ശബരിമല സംരക്ഷണസമിതിയുടെ ആഹ്വാനം.

ശബരിമലയിൽ കലാപത്തിന് ഗൂഢാലോചന നടത്തുകയും അക്രമങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്നവരുടെ മേൽ കർശന നടപടികൾ സ്വീകരിക്കാൻ പോലീസ് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി കലാപ പദ്ധതികളുമായി ശബരിമലയിൽ എത്തിയ ഹിന്ദു ഐക്യവേദി പ്രസിഡന്റ് കെ.പി.ശശികലയെ പോലീസ് അറസ്റ്റ് ചെയ്തു. ശശികലയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് ഇന്ന് രാവിലെ 6 മുതൽ വൈകിട്ട് 6 വരെ സംസ്ഥാന വ്യാപകമായി ഹർത്താൽ നടത്താൻ ശബരിമല കർമ്മസമിതി ആഹ്വാനം ചെയ്തിരിക്കുകയാണ്.

 

സന്ധ്യയോടെ ശബരിമലയിലെത്തിയ ശശികലയെ മരക്കൂട്ടത്ത് വച്ച് പോലീസ് തടഞ്ഞു. മടങ്ങിപ്പോകാൻ പോലീസ് ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കാതിരുന്ന ശശികലയെ രാത്രി 1 മണിയോടെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മണ്ഡലപൂജയ്ക്ക് ശബരിമല നട തുറന്നതോടെ സംഘപരിവാർ സംഘടനകൾ അക്രമപ്രവർത്തനങ്ങൾക്ക് പദ്ധതിയിടുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് എല്ലാ സംഘപരിവാർ നേതാക്കളും ക്രിമിനൽ പശ്ചാത്തലമുള്ള പ്രവർത്തകരും പോലീസ് നിരീക്ഷണത്തിലാണ്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകും.

 

വിശ്വാസ സംരക്ഷണത്തിന്റെ പേരിൽ തെരുവിലിറങ്ങുന്നവർ അടിക്കടി ഹർത്താൽ നടത്തി ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുകയാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ഹർത്താലിൽ നിന്ന് പിന്തിരിയാൻ അതിന് ആഹ്വാനം ചെയ്തവർ തയ്യാറാകണം. ഹർത്താൽ ആഹ്വാനം തള്ളിക്കളയണമെന്ന് ജനങ്ങളോട് സി.പി.ഐ സംസ്ഥാന സെക്രട്ടറി അഭ്യർത്ഥിച്ചു.