23 Jul 2020 22:15 PM IST
ചില പാട്ടുകൾ ഓർമ്മകളിലേക്ക് വന്നണയുന്നത് പരിചിതമായ ചില ഭൂമികകളുടെ മണ്ണും മഞ്ഞും മുകിലുകളും മരച്ചില്ലകളുമായാവും. അവയുടെ വരികളിൽ, ആ നാടുകളിലെ സന്ധ്യകളും പ്രഭാതങ്ങളും പക്ഷികളും മനുഷ്യരുമുണ്ടാവും. "സന്ധ്യമയങ്ങും നേരം ഗ്രാമചന്ത പിരിയുന്ന നേരം..'' എന്ന ഗാനം കേൾക്കുമ്പോൾ എന്തുകൊണ്ടോ എനിക്ക് പിതൃവേരുകളുള്ള കുളമാവ് എന്ന സ്ഥലം ഓർമ്മ വരും. മഞ്ഞുവീഴുന്ന, കാറ്റും ചാറ്റൽ മഴയും വീശുന്ന, തണുപ്പു കുത്തുന്ന, അവിടുത്തെ കുട്ടിക്കാല വൈകുന്നേരങ്ങളുടെ അവ്യക്ത വഴികളിലൂടെ ഈ പാട്ടിനൊപ്പം ഞാൻ വെറുതെ വഴിതെറ്റി, നടന്നു പോകും.. പാടവരമ്പിലും, പാക്കാൻ തറയിലും തടഞ്ഞു നിന്നു പോവും. ഒരു കുട്ടിയുടെ നിസ്സഹായതയോടെ പ്രിയപ്പെട്ടവരാരെയോ അവിടങ്ങളിൽ തിരഞ്ഞു പോവും. പേരു വിളിച്ചു നോക്കും. രൂപമില്ലാത്ത നിഴലുകളിൽ തൊട്ടു നോക്കും. പാട്ടു തീരുകയും നിഴലുകൾ മായുകയും ചെയ്യുമെങ്കിലും ഞാനവിടെത്തന്നെ കുറച്ചേറെ നേരം അറിയാതെ തനിച്ചിരുന്നു പോകും.
എപ്പോഴും മൂടിക്കെട്ടിനിൽക്കുന്ന പോലുള്ള ആകാശവും തൊട്ടാൽ ഉറവപൊട്ടുമെന്നു തോന്നുന്ന നനഞ്ഞ പ്രകൃതിയുമായിരുന്നു ആ സ്ഥലത്തിനുണ്ടായിരുന്നത്. കുള മാവ് എന്ന കാട്ടുമരക്കൂട്ടം തഴച്ചു വളർന്നിരുന്ന സ്ഥലമായതുകൊണ്ടാവും അവിടം കുളമാവ് എന്ന പേരിൽ അറിയപ്പെട്ടത്. കൊഴുത്ത കരിപ്പച്ച ഇലകളാണ് ആ തണൽമരത്തിനുള്ളത്.
പെരിയാറിന് കുറുകെ ഇടുക്കിയിലും ചെറുതോണിയിലും, കുളമാവിലും നിർമ്മിച്ച മൂന്ന് അണക്കെട്ടുകൾ ചേർന്നതാണല്ലോ ഇടുക്കി ഡാം. കുളമാവ് ഡാമിന്റെ ചെറിയ ഓർമ്മയേ മനസ്സിലുള്ളു. ഡാം നിർമ്മാണ പ്രവർത്തനങ്ങളിൽ പങ്കാളികളായവരും കുടിയേറ്റക്കാരും, ജോലിക്കാരുമടങ്ങുന്ന മിശ്ര വിഭാഗമായിരുന്നു അവിടുത്തെ ജനതയുടെ ഭൂരിഭാഗവും. കുളമാവിലെ അച്ഛൻ എന്ന് ഞങ്ങൾ വിളിച്ചിരുന്ന എന്റെ വലിയച്ഛൻ കെഎസ്ഇബിയിൽ ജോലിക്കാരനായിരുന്നു. ഡാം നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുമ്പോൾ ഇടതുപക്ഷ സംഘടനാ പ്രവർത്തകനായിരുന്നു പപ്പ. കുളമാവ് തീയേറ്ററിൽ വെച്ച് പി.പി എസ്തോസ് എം.പിയുടെ കാർമ്മികത്വത്തിൽ പാർട്ടി മംഗളപത്രവും പൂമാലയും കൊടുത്ത് നടത്തിയ വിവാഹമാണ് എന്റെ മാതാപിതാക്കളുടേത്. അവിടെ കാട്ടെരിക്ക് പൂക്കുന്ന, കൊങ്ങിണി പൊന്തകളതിരിടുന്ന പാടത്തിനോരത്തെ ഒരു വീട്ടിലായിരുന്നത്രേ നവ വിവാഹിതർ താമസിച്ചിരുന്നത്. അവിടെ വെച്ചാണ് ഞാൻ ജനിച്ചതെങ്കിലും, ആ വീടും സ്ഥലവും വിറ്റ്, ഞങ്ങൾ അവിടെ നിന്നു താമസം മാറി. എങ്കിലും കുളമാവിലെ അച്ഛന്റെ വീട്ടിൽ ഇടയ്ക്കൊക്കെ അവധിക്കാലം ചിലവഴിക്കാൻ ഞങ്ങൾ കുട്ടികൾ വന്നിരുന്നു. പറഞ്ഞു വന്നത് ഓർമ്മകൾക്ക് ജീവൻ വെയ്ക്കുന്നതിനും മുൻപേ. ഞാനുരുത്തിരിഞ്ഞ നാടിനെക്കുറിച്ചാണ്. ആ ഭൂമിയിൽ കിളിർത്ത ഒരു പുൽക്കൊടി!
ചില പ്രഭാതങ്ങളിൽ ചുടു കാറ്റു വീശുന്ന കുന്നംകുളത്തെ വീടിന്റെ അടുക്കളയിൽ നിന്ന് ചായയുണ്ടാക്കുമ്പോൾ ഞാൻ, എപ്പോഴും കോടയുറയുകയും മഴ പെയ്യുകയും ചെയ്യുന്ന കുളമാവിനെപ്പറ്റി വെറുതെ ഓർത്തു പോവും. എത്ര കുടിയേറ്റങ്ങളിലൂടെ നിങ്ങൾ കടന്നു പോയാലും പിറന്ന നാടിന്റെ കാറ്റ് ഇടയ്ക്ക് പാറി വന്ന് ഉളളുലച്ചു പോകും.
കെ.എസ്.ഇ.ബിയുടെ ഒരു ക്വാർട്ടേഴ്സിലായിരുന്നു കുളമാവിലെ അച്ഛനും കുടുംബവും താമസിച്ചിരുന്നത്. ക്വാർട്ടേഴ്സുകളുടെ മുന്നിൽ, ഗേറ്റില്ലാത്ത പൊട്ടിയടർന്ന മതിലും പൊളിഞ്ഞ ടാർറോഡുമായിരുന്നു. ആ റോഡിനോരത്ത്, ചില കടകളുണ്ടായിരുന്നു. മുക്കവലയിൽ ചെറിയ കുരിശുപള്ളിയുണ്ടായിരുന്നു. നാലും കൂടിയ മുക്കിലെ അന്തിത്തിരക്കുകൾ ഓർമ്മയുണ്ട്. അലഞ്ഞു തിരിയുന്ന പശുക്കൾ, ചാണക ഗന്ധം, അരി സാമാനങ്ങളും കപ്പയും പച്ചക്കറിയും വാങ്ങാൻ ചെറുചന്തയിലെത്തുന്ന ആളുകൾ, സിനിമാകൊട്ടകയിൽ ഉറക്കെ വെച്ച ഉച്ചഭാഷിണി, മുക്കവലയിലെ രാഷ്ട്രീയ മത പ്രസംഗങ്ങൾ, ചായക്കടയിലെ പരിപ്പുവട വേവുഗന്ധം... ആ സ്ഥലത്തെപ്പറ്റി അങ്ങനെ എത്ര ഓർമ്മകൾ...
കുളമാവിലെ അച്ഛന്റെ വീട്ടിലും എപ്പോഴും തിരക്കായിരുന്നു. വെലിയമ്മ നന്നായി പാചകം ചെയ്തിരുന്ന ഒരു സ്ത്രീയായിരുന്നു. അവർ വെളുപ്പിന് നാലു മണിക്കുണർന്നു. ദേഹമാസകലം എണ്ണ തേച്ച്, മുഖത്ത് രക്തചന്ദനവും മഞ്ഞളും പുരട്ടി, രാധാസ് സോപ്പിൽ കുളിച്ച് മാത്രം അടുക്കളയിൽ കയറി. സ്പ്രിങ്ങ് പോലുള്ള അവരുടെ മുടിയിൽ നിന്നും കാച്ചെണ്ണയുടേയും ഹെയറോയിലിന്റേയും സുഗന്ധം പ്രസരിച്ചിരുന്നു. അവർ കുടമ്പുളിയിട്ട് വറ്റിച്ച കടും ചോപ്പ് നിറമുള്ള എരിയൻ മീൻ കറിയും, കറിവേപ്പിലയും കടുകും ചേർത്ത് വഴറ്റിയെടുത്ത കപ്പപ്പുഴുക്കും ഉണ്ടാക്കിയിരുന്നു. ആ വീട്ടിൽ എല്ലായ്പോഴും റേഡിയോ വെച്ചിരുന്നു. "സന്ധ്യമയങ്ങും നേരം ഗ്രാമചന്ത പിരിയുന്ന നേരം' എന്ന ഈ ഗാനം ആ വീട്ടിൽ നിന്നാണോ, തീയേറ്ററിലെ ഉച്ചഭാഷിണിയിൽ നിന്നാണോ, കവലയിലെ ചായക്കടയിൽ നിന്നാണോ എവിടെ നിന്നാണ് എട്ടു വയസ്സുകാരി ആദ്യം കേട്ടത് എന്നോർമ്മയില്ല. പക്ഷേ എപ്പോൾ ആ പാട്ടുകേൾക്കുമ്പോഴും ഞാൻ എന്തു കൊണ്ടോ കുളമാവിലെ അവരെയൊക്കെയും ഓർക്കും. അവിടുത്തെ തണുത്ത കാറ്റ് വീശുന്ന സന്ധ്യാനേരങ്ങളുടെ ഗ്രാമച്ചന്തയിലേക്ക് എത്തി നോക്കിപ്പോകും.
1972 ൽ ഇറങ്ങിയ 'മയിലാടുംകുന്ന്' എന്ന ചിത്രത്തിനു വേണ്ടി വയലാർ എഴുതി, ദേവരാജൻ മാസ്റ്റർ സംഗീതം പകർന്ന ഈ ഗാനം ആലപിച്ചത് യേശുദാസ് ആണ്. ഏകദേശം എണ്ണൂറിനടുത്ത ഗാനങ്ങൾ വയലാർ ദേവരാജൻ കൂട്ടുകെട്ടിൽ പിറവിയെടുത്തിട്ടുണ്ട്. ആ ഗാന ഗണത്തിൽ, മലയാളി ഏറെ ഇഷ്ടത്തോടെ, ഗൃഹാതുരത്വത്തോടെ, എപ്പോഴും ഓർമ്മിക്കുന്ന അതി മനോഹരമായൊരു പാട്ടാണ് ഇത്. ഗാനരംഗത്തിൽ അഭിനയിക്കുന്നത് പ്രേം നസീറും ജയഭാരതിയുമാണ്. ഗുരുവായൂർ എംഎൽഎ കെ.വി അബ്ദുൾ ഖാദർ ഇത് തന്റെ പ്രിയ ഗാനമെന്ന് പറഞ്ഞ് ഈയടുത്ത് പാടിക്കേട്ടത് ഓർമ്മയുണ്ട്.
സന്ധ്യമയങ്ങും നേരം
ഗ്രാമചന്ത പിരിയുന്ന നേരം
ബന്ധുരേ, രാഗ ബന്ധുരേ
നീയെന്തിനീ വഴി വന്നു
എനിക്കെന്ത് നൽകാൻ വന്നു......
എന്തൊരു വരികളാണ് ! പാട്ടും ഒപ്പം പശ്ചാത്തല സംഗീതവും മഴയും, മഴ നിറയ്ക്കുന്ന പുഴയും പോലെ നമ്മുടെ ഉള്ളിൽ നിറയും. നാട്ടുചന്തകളും ആൾക്കൂട്ടവും വിലക്കപ്പെടുന്ന ഈ സാമൂഹ്യാകല കൊറോണക്കാലത്ത് ഈ പാട്ടിലെ ഗ്രാമചന്ത, പടിയടച്ച് പൂട്ടി നമ്മെ പുറത്താക്കിയ ഒരു സാമൂഹ്യ ജീവിതത്തിന്റെ പ്രതാപകാലങ്ങളുടെ നഷ്ട സ്മൃതിയാണല്ലോ ഇന്ന് !
പാട്ടിലെ ബ്ളാക് ആന്റ് വൈറ്റ് പ്രണയരംഗങ്ങളിൽ, കുന്നുകളും പാറക്കെട്ടുകളും സാന്ധ്യാകാശത്തിന്റെ നിഴൽ വീണ തടങ്ങളും കാണാം. മഞ്ഞുവീഴുന്ന മലഞ്ചെരുവുകളും മിഴി കൂമ്പിയ പുഴയോരവും പുഴയിലെ ഇരുണ്ട തുരുത്തുകളും തുഴഞ്ഞ് പോകുന്ന വഞ്ചിയും പുഴയ്ക്കു മീതേ ആകാശത്തേക്കെറിഞ്ഞ വെളുത്തപൂക്കൾ പോലെ പറന്നു പോകുന്ന പക്ഷിക്കൂട്ടവും കാണാം.
കാട്ടുതാറാവുകൾ
ഇണകളെ തിരയുന്ന
കായലിനരികിലൂടെ... എന്ന ഭാഗം കേൾക്കുമ്പോൾ എന്തുകൊണ്ടോ എപ്പോഴും ഡബ്ളിയു.ബി യേറ്റ്സിന്റെ The Wild Swans at Coole എന്ന കവിതയുടെ
Upon the brimming water among the stones
Are nine-and-fifty swans എന്നു തുടങ്ങുന്ന വരികളും ദൃശ്യങ്ങളും കയറി വന്ന് അറിയാതെ കൂട്ടിക്കൊളുത്തിപ്പോവും. താറാവുകളുടെ രൂപമാണല്ലോ അരയന്നങ്ങൾക്ക് !
കടത്തു തോണികളിൽ
ആളെക്കയറ്റും
കല്ലൊതുക്കുകളിലൂടെ
തനിച്ചു വരും താരുണ്യമേ
എനിക്കുള്ള പ്രതിഫലമാണോ
നിന്റെ നാണം......
നാണിച്ചു തല കുനിച്ച് നിൽക്കുന്ന കാമുകിമാർ അന്യമായിക്കൊണ്ടിരുന്ന തലമുറയിൽ ജീവിച്ചു മുതിർന്നവൾ ആയത് കൊണ്ടാവും ഈ വരികൾ കേൾക്കുമ്പോൾ കൗതുകം തോന്നിപ്പോവാറുണ്ട്.
മുട്ടത്തു വർക്കിയുടെ തിരക്കഥയിൽ മയിലാടുംകുന്ന് സംവിധാനം ചെയ്തത് എസ്. ബാബുവാണ്. സിനിമ കണ്ടിട്ടില്ലെങ്കിലും, ഏതോ ലൈബ്രറിയിൽ നിന്നും മയിലാടുംകുന്ന് വായിച്ച ചെറിയ ഓർമ്മയുണ്ട്. ഞാൻ ജനിക്കും മുന്നെ മനോരമയിലാകണം, ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ച മുട്ടത്തു വർക്കിയുടെ ഒരു നോവലായിരുന്നു മയിലാടുംകുന്ന്. ജനിക്കും മുന്നേ ഇറങ്ങിയ സിനിമയുമായിരുന്നു അത്. മലയാളത്തിലെ ഏറ്റവും ജനപ്രിയ നോവലിസ്റ്റായിരുന്നല്ലോ അനശ്വരനായ മുട്ടത്ത് വർക്കി. താനെഴുതുന്നത് പൈങ്കിളി സാഹിത്യമാണ് എന്നുറക്കെ പ്രഖ്യാപിച്ച പ്രതിഭ. പൈങ്കിളി വാരികകൾ എന്ന് ബ്രാൻറ് ചെയ്യപ്പെട്ട ചില പ്രസിദ്ധീകരണങ്ങളിലായിരുന്നു മുട്ടത്ത് വർക്കിയുടെ നോവലുകൾ ആളുകൾ വായിച്ചിരുന്നത്. ഞങ്ങളുടെ ഇടുക്കി, കോട്ടയം ജില്ലകളിലെ മിക്ക വീടുകളിലും അത്തരം വാരികകൾ പതിവായി വരുത്തിയിരുന്നു. എല്ലാ പ്രായത്തിലുമുള്ള ആളുകൾ ഇവ താത്പര്യത്തോടെ വായിച്ചിരുന്നു. എന്റെ കുട്ടിക്കാലത്ത് മാത്യു മറ്റത്തിനെയും, ജോയ്സിയെയും, സുധാകർ മംഗളോദയത്തെയുമൊക്കെ ഈ വാരികകളിൽ നിന്നും ഞാൻ കട്ടു വായിച്ചിരുന്നു. വായനയുടെ പിൽക്കാലത്ത്, കുറച്ചു കൂടി എഴുത്തുകാരും ലോക സാഹിത്യവുമൊക്കെ കാഴ്ചവട്ടത്തിലേക്ക് വന്നപ്പോൾ മനസ്സിലാക്കിയ ഒരു കാര്യം, പൈങ്കിളി നോവലിസ്റ്റുകൾ എന്ന് ബ്രാൻ്റ് ചെയ്യപ്പെട്ടവർ, ഏതു തരത്തിലും എഴുതാൻ കഴിവുള്ള യഥാർത്ഥ ജീനിയസുകളായ, സ്പൊണ്ടേനിയസ് (spontaneous writers) 'എഴുത്തുകാരാണ് എന്ന വസ്തുതയാണ്.. നമ്മൾ വാഴ്ത്തുന്ന എല്ലാ പ്രമുഖ എഴുത്തുകാർക്കും പെട്ടെന്ന് കഥകൾ സൃഷ്ടിച്ച് ആളുകൾക്ക് ഇഷ്ടമാവും വിധം എഴുതി നൽകുവാൻ കഴിവുണ്ടോ?ഇക്കഴിഞ്ഞ ദിവസം അന്തരിച്ച സുധാകർ മംഗളോദയമൊക്കെ പല റേഞ്ചിലും നോവലുകൾ എഴുതിയ കഥാകാരനാണ്. മാത്യു മറ്റമൊക്കെ എഴുതുന്ന നോവലുകൾ വായിച്ചാൽ മകൾ പ്രേമക്കാരിയാവുമെന്ന് ഭയന്ന്, വാരികകൾ വായിക്കാൻ ബുദ്ധിജീവിയായിരുന്ന പപ്പ എന്നെ സമ്മതിച്ചതേയില്ല. പക്ഷേ മാത്യു മറ്റത്തെ ഞാൻ കട്ടു വായിച്ചു. പ്രൊഫസറുടെ മകളും ആലിപ്പഴവും അഞ്ചു സുന്ദരികളുമൊക്കെ ഒളിച്ച് വായിച്ചിരുന്ന് പുളകം കൊണ്ടു. പക്ഷേ മാത്യു മറ്റം കാരണം ഒരു പ്രേമത്തിലും ചെന്നു തലയിട്ടതുമില്ല. മാത്യു മറ്റത്തിന്റെയും മറ്റും നായികമാരെ പ്രേമിച്ചു വഞ്ചിച്ചു പോകുന്ന നായകന്മാരെപ്പോലെയാവും യഥാർത്ഥ പ്രേമത്തിലും പുരുഷന്മാർ എന്ന് ഞാൻ സത്യമായും വിശ്വസിച്ചു. നമ്മൾ ബുദ്ധിയുള്ള നല്ല കുട്ടിയല്ലേ? ആ വർഗ്ഗത്തിന്റെ പൊടിമീശയിലോ, പഞ്ചാരയിലോ വീഴാതെ, കുറച്ച് വൺവേ പ്രണയങ്ങളിൽ ആരോടും പറയാതെ അഭിരമിച്ച് കൗമാര യൗവനങ്ങളിലേക്ക് വെള്ളവും വളവും വേണ്ടത്ര കിട്ടാത്ത ഉണക്ക ചെടി പോലെ വാടിയും, നീർന്നും വളർന്നും പോയി.... !
പറഞ്ഞു വന്നത് മുട്ടത്ത് വർക്കിയെക്കുറിച്ചും മയിലാടുംകുന്നിനെക്കുറിച്ചുമായരുന്നു. ജീവിത യാഥാർത്ഥ്യങ്ങളെ സാഹിത്യത്തിൽ അവതരിപ്പിച്ച എഴുത്തുകാരനാണ് അദ്ദേഹമെന്ന് സക്കറിയ പറഞ്ഞിട്ടുണ്ട്. സാധാരണക്കാരായ ബഹുജനങ്ങൾക്ക് വായന പകർന്നയാളാണ് മുട്ടത്തു വർക്കി. അധ്യാപകനും പത്രപ്രവർത്തകനുമൊക്കെയായിരുന്ന അദ്ദേഹം, എഴുപതിലേറെ നോവലുകൾ എഴുതിയിട്ടുണ്ട്. കൂടാതെ ധാരാളം ചെറുകഥകളും വിവർത്തനങ്ങളും നാടകങ്ങളും ജീവചരിത്രങ്ങളും കവിതകളും സിനിമാ തിരക്കഥകളും അദ്ദേഹത്തിന്റെതായുണ്ട്. ആത്മാഞ്ജലി എന്ന ഖണ്ഡകാവ്യത്തിന്റെ രചയിതാവ് കൂടിയാണ് മുട്ടത്ത് വർക്കി എന്ന കെ.എം വർക്കി എന്നത് ഈ എഴുത്തിന് വേണ്ടി പരതിയപ്പോൾ കിട്ടിയ പുതു അറിവായിരുന്നു. അദ്ദേഹത്തിന്റെ കരകാണാക്കടൽ, അഴകുള്ള സെലീന, ഇണപ്രാവുകൾ, ലോറ നീ എവിടെ എന്നിങ്ങനെ കുറച്ചേറെ നോവലുകൾ സിനിമയായിട്ടുണ്ട്. ബോറിസ് പാസ്റ്റർനാക്കിന്റെ ഡോ.ഷിവാഗോ പരിഭാഷപ്പെടുത്തിയത് മുട്ടത്ത് വർക്കിയാണ്. പണ്ഡിതനായിരുന്ന അദ്ദേഹത്തിന് എഴുത്ത് സിദ്ധാന്തങ്ങളെക്കുറിച്ച സാമാന്യബോധം ഉണ്ടായിരുന്നു. ഏറ്റവും ജനപ്രിയനായ എഴുത്തുകാരനായി മാറാൻ അത് അദ്ദേഹത്തെ സഹായിച്ചു. കൂട്ടി വായിക്കാൻ മാത്രമറിയാവുന്നവനേയും, കെട്ടിക്കൂട്ടിലിട്ടവളേയും അദ്ദേഹം വായനക്കാരാക്കി. സാധാരണക്കാരുടെ വായനാ സംസ്ക്കാരത്തെ ഇത്രയേറെ വളർത്തിയ, വായന ജനകീയമാക്കിയ ഒരു എഴുത്തുകാരൻ വേറെയില്ല. മയിലാടുംകുന്നിലെ സന്ധ്യ മയങ്ങും നേരം തന്റെ പ്രിയപ്പെട്ട ഒരു ഗാനമാണെന്ന് ഒഎൻവി തന്റെ പുസ്തകത്തിൽ ഒരിടത്ത് പറഞ്ഞിട്ടുണ്ട്.
സ്വപ്നങ്ങളുടെ, വികാരങ്ങളുടെ, പ്രണയത്തിന്റെ ഗീതമാണിത്. ശ്യാമമധുരമായ കവിതയാണത്. സന്ധ്യയെ പ്രണയിക്കാത്ത കവികളുണ്ടോ?
നീ തന്നെ ജീവിതം സന് ധ്യേ
നീ തന്നെ മരണവും സന് ധ്യേ
എന്നല്ലേ അയ്യപ്പ പണിക്കർ എഴുതിയതും..
യേശുദാസിന്റെ, അധീനമാക്കുന്ന സ്വരവശ്യതയുടെ ഏറ്റവും ഉദാത്തമായ ഭാവങ്ങൾ ഈ ഗാനാലാപനത്തിന്റെ പ്രത്യേകതയാണ്. സന്ധ്യയുടെ നറും തുടിപ്പ് ആവഹിക്കുന്ന ഈ പാട്ട് നൽകുന്ന വികാരങ്ങൾ പക്ഷേ വിഷാദമൊഴിച്ചേതുമാണ്..
എത്ര കാലസന്ധ്യകൾ മയങ്ങി ഉണർന്നാലും. പിന്നെയും ഇരുട്ട് പരന്നാലും സൗന്ദര്യം ചോരാത്തൊരു ഗാനമാണിത്. പാട്ടിറങ്ങി പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും അത് വിസ്മൃതമാവുന്നില്ല. പാടിയും, പതിഞ്ഞും കേട്ടും ലയിച്ചും നമ്മളീ ഗാനത്തെ എത്ര കേട്ടാലും മതിയാവാതെ ഉള്ളിൽ പുതുക്കിക്കൊണ്ടിരിക്കുന്നു...! ഓരോരുത്തർക്കും ഒരോ പാട്ടു പകരുന്ന അനുഭൂതികളും ഓർമ്മകളും വിഭിന്നങ്ങളാവുമല്ലോ.
തുടക്കത്തിൽ പറഞ്ഞതുപോലെ തന്നെ ഈ പാട്ട് എനിക്ക് കുട്ടിക്കാലത്തെ പ്രിയപ്പെട്ട ഒരിടത്തിന്റെ കാലിഡോസ്ക്കോപിക് കാഴ്ചയാണ്. വീടുകൾക്കും തടാകങ്ങൾക്കും പാതകൾക്കും മീതെ അണകെട്ടിയുണ്ടാക്കിയ സംസ്ക്കാരമുള്ള വിദൂരഭൂമികയുടെ ഓർമ്മയാണ്. ഇണപ്രാവുകളെപ്പോലെ പെറ്റവരും പോറ്റിയവരും കൈകോർത്ത് നടന്ന കരകൾ അവിടെയാണ്. അവിടുത്തെ കാറ്റിൽ, ഉഷസ്സന്ധ്യകളിൽ എന്റെ പിതൃവേരുകളുടെ അപൂർണ സ്വപ്നങ്ങളുടെ ഖേദങ്ങളും പ്രതീക്ഷകളും ഗന്ധവുമുണ്ടാവും. പെരുമരങ്ങളുടെ തണലുകളിലെ മണ്ണടരുകളിൽ പെട്ടെന്ന് ജീവിതമവസാനിപ്പിച്ച് അന്ത്യനിദ്ര കൊള്ളുന്ന പ്രിയപ്പെട്ടവരുണ്ടാകും. ഒരു പാട്ടിൽ എന്തെല്ലാമോർക്കുന്നു എന്നല്ലേ?
എന്റെ ഹൃദയം അതുറവെടുത്ത പുരാതന ഭൂമികകളെ ഒരു പാട്ടിന്റെ ഒഴുക്കിലൂടെ തട കെട്ടി നിർത്തി തെല്ലുനേരം ഉറ്റുനോക്കാൻ ശ്രമിക്കുകയാണ്. അതിസാധാരണവും നിസ്സാരവുമായ അതിന്റെ ചില ആനന്ദത്തിന്റെയും ദു:ഖത്തിന്റേയും, ജീവൻ്റെയും മരണത്തിന്റെയും ജീവിതച്ചീളുകളെ കണ്ടെടുക്കുകയാണ്. കോരിയെടുത്ത് പാട്ടിലിട കലർത്തി എന്തിനോ വെറുതെ, കൊരുത്ത് വെയ്ക്കാൻ നോക്കുകയാണ്...!