16 Jul 2020 22:10 PM IST
'ചേയിയാ..."
"എന്ത് ന്നാ ബെല്യേച്ചി?"
"അന്റെ മോനെന്ത് ന്ന് ണേ?"
"മോന ഒരു കാക്യും കൊത്തീറ്റ് ല, ഈടെയ്ണ്ട്...''
"അനക്കെന്റെ മോനെ ഒന്ന് പറ്റിപ്പിടിക്കാങ്കിട്ടീറ്റ്ല്ല ട്ടോ "
ആർ.രാജശ്രീയുടെ "ദാക്ഷായണിയെന്നും കല്യാണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത "എന്ന നോവലിൽ, കിണറ്റിൽ ചാടി മരണപ്പെട്ട ഒരുവൾ ചണ്ടിയും പായലും നനവുമിറ്റി, രാവു തോറും താൻ പെറ്റിട്ടു പോയ മകനെ ചോദിച്ച് വരുന്ന വരവാണത്.
അതാണ് അമ്മ ! മരിച്ചു പോയാലും മക്കളെ തൊട്ടിലാട്ടുന്ന ആ നെഞ്ചിൻ താളം ഒരിക്കലും നിലയ്ക്കില്ല. കടന്നു പോയ അത്തരം അമ്മമാരുടെ നെഞ്ചിടിപ്പുകളും പിൻവിളികളും കേൾക്കാൻ സാധിക്കാത്ത മക്കളുണ്ടാവുമോ?
അതു കൊണ്ടാവും, അമ്മ ചെറുതിലെ നഷ്ടപ്പെട്ട സുഹൃത്ത്, ഞങ്ങളെ തേടിവരുന്നത് പഴയൊരു രാത്രിയുടെ അടക്കിയ സങ്കടങ്ങളുമായാണ്. അന്ന് അയാൾ പറയുന്നതൊക്കെയും തനിക്കും സഹോദരങ്ങൾക്കും ഓർമ്മയുറയ്ക്കുന്നതിന് മുന്നെ കടന്നു പോയ ഉമ്മയെക്കുറിച്ചാവും. ആ രാത്രി ദുസ്വപ്നമാണോയെന്നും അയാൾക്ക് നിശ്ചയം പോര. തൊട്ടാൽ അടരുന്ന ഓർമ്മകളാണ്. രോഗം ഉമ്മയുടെ പ്രാണൻ ചോർത്തി പൊയ്ക്കൊണ്ടിരിക്കയാണ്. പോവുമ്പോഴും മാസങ്ങൾ മാത്രം പ്രായമുള്ള ചെറിയ കുഞ്ഞിനെ കണ്ടപ്പോൾ എഴുന്നേറ്റിരുന്ന് മുലകൊടുത്തു കരയുന്ന ഉമ്മയുടെ രൂപം അയാളുടെ ഓർമ്മകളിൽ വിങ്ങിപ്പൊട്ടുന്നുണ്ട്. കണ്ടു കൊതിതീരാതെ, മക്കളെ തിരിഞ്ഞു നോക്കി നോക്കി മാഞ്ഞു പോയ ആ ഉമ്മയുടെ ചിത്രം വീണ്ടും കാണിച്ചു തരും. ജീവിതപ്രണയം തുടിക്കുന്ന സുന്ദരിയായൊരു യുവതി ബ്ലാക്ക് ആൻറ് വൈറ്റ് ഫോട്ടോയിൽ ഞങ്ങളെ നോക്കി നിശ്ചലയായിരിക്കും. അവർ മരിച്ചു പോയവരെന്ന് തോന്നുകയേയില്ല. സംസാരിക്കുന്ന കണ്ണുകൾ, സന്ദേഹങ്ങളില്ലാത്ത ചുണ്ടുകൾ...
ആ രാത്രികളിൽ ചിലപ്പോൾ ഞങ്ങൾക്കയാളോട് പറയാൻ മറുപടികൾ ഉണ്ടാവില്ല. ചുണ്ടത്തൊരു നിശ്ശബ്ദ ഗാനമല്ലാതൊന്നും പകർന്നു കൊടുക്കാനുമില്ല. അയാൾക്കും മറുപടികളൊന്നും വേണ്ടല്ലോ. ഞങ്ങൾ വെറുതെ കേട്ട് കൈപിടിച്ച് അടുത്തിരിപ്പുണ്ട് എന്ന തോന്നൽ മാത്രം മതി. അങ്ങനെ സുഹൃത്തിനെ ഓർമ്മിക്കുന്ന, അയാൾക്ക് വേണ്ടി കരുതുന്ന ഒരു പ്രിയഗാനമുണ്ട്. അതിതാണ്, ഇന്നത്തെ ഗാനമാണ്.
"താളം മറന്ന താരാട്ടു കേട്ടെൻ
തേങ്ങും മനസിന്നൊരാന്ദോളനം"
എന്നു തുടങ്ങുന്ന ഈ പാട്ട് പ്രണാമം എന്ന ചിത്രത്തിന് വേണ്ടി ഭരതൻ എഴുതിയതാണ്. ഈണം പകർന്നത് ഔസേപ്പച്ചനും. നഷ്ടമായ മാതൃസ്നേഹത്തിന്റെ ശൂന്യതയിലേക്ക് എവിടുന്നോ, ആരോ പകരം വരികയാണ്. വാൽസല്യം കോരിയൊഴിച്ചവിടം നിറയ്ക്കുകയാണ്. അമ്മത്തൊട്ടിലിൽ ചുരുണ്ടു കിടക്കുന്ന സുരക്ഷിതത്വം ഒരുവൻ വീണ്ടുമറിയുകയാണ്. സീമാതീതമായ സ്നേഹാകാശങ്ങളിലേക്ക് തൊട്ടിലാട്ടി ആരോ പാടിയുറക്കുകയാണ്.
കണ്ണുകളിലേക്ക് പൂക്കൾ വാരിയെറിയുകയാണ്.
1986 ൽ ഇറങ്ങിയ 'പ്രണാമം' എന്ന ചിത്രം സംവിധാനം ചെയ്തത് ഡെന്നിസ് ജോസഫിന്റെ തിരക്കഥയിൽ ഭരതനാണ്. ക്യാമറ വേണു. മമ്മൂട്ടിയും നെടുമുടി വേണുവും അശോകനും സുഹാസിനിയുമൊക്കെ അഭിനയിച്ച ആ സിനിമ അക്കാല ഹിറ്റുകളിൽ ഒന്നായിരുന്നു. ലഹരിമരുന്നിനടിപ്പെട്ട ക്യാമ്പസ് യുവത്വങ്ങളെപ്പറ്റി ഫീച്ചർ തയ്യാറാക്കിയ പത്രപ്രവർത്തകയായ സുഹാസിനിയുടെ കഥാപാത്രം, അശോകനും വിനീതുമൊക്കെ. അവതരിപ്പിക്കുന്ന, കഞ്ചാവിനും മയക്കുമരുന്നിനും അടിപ്പെട്ട യുവാക്കളുടെ മനസ്സിനെ / ജീവിതത്തെ സ്നേഹവാത്സല്യങ്ങളാൽ മാറ്റിയെടുക്കുന്നതാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം.
ചെറിയ ക്ലാസിൽ പഠിക്കുന്ന കാലത്ത് ഈ സിനിമ തൊടുപുഴ ന്യൂ തീയേറ്ററായിരുന്നോ അതോ ശ്രീകൃഷ്ണയായിരുന്നോ എന്ന് കൃത്യ ഓർമ്മയില്ല, പപ്പയും മമ്മിയും അനിയനുമായി ഫസ്റ്റ് ഷോയ്ക്ക് പോയി കണ്ടത് ഓർമ്മിക്കുന്നു. ചെത്തിപ്പൂക്കൾ പൊട്ടിച്ചെടുക്കുവാൻ ഇലച്ചാർത്തുകളിലേക്ക് എത്തിപ്പിടിക്കുന്ന ക്യൂട്ടെക്സിട്ട സുന്ദരമായ ഒരു കൈ, പെരുവിരലൂന്നി നിൽക്കുന്ന കൊലുസിട്ട പാദങ്ങളുടെ മൃദുലത, പൂക്കൾ നിറഞ്ഞ കൈക്കുമ്പിൾ, മനസിൽ മുത്ത് ചിതറുന്ന പോലുള്ള ചിരി മുഖം. ഈ ചിത്രത്തെപ്പറ്റി ഓർമ്മയിലുള്ള സുഹാസിനിയുടെ മനോഹരമായ ചില ഇമേജുകൾ ഇവയൊക്കെയാണ് ....!
അക്കാലത്ത് സ്കൂളിൽ പഠിക്കുമ്പോൾ നഖം വളർത്താനോ, നെയിൽ പോളീഷ് ഇടാനോ അനുവാദമില്ല. കടും ചോന്ന ക്യൂട്ടെക്സ് സംഘടിപ്പിച്ചാലും സുഹാസിനിയുടെ പോലെ നീട്ടി വളർത്തിയ നഖങ്ങളില്ല, വളർത്തിയാലും ഒടിഞ്ഞു പോകുന്ന നഖങ്ങൾ. മോഹം കൂടി, ചോന്ന ക്യൂട്ടെക്സിട്ട നഖം കടിച്ച് നിൽക്കുന്ന സുഹാസിനിയെ സ്വപ്നം പോലും കണ്ടിട്ടുണ്ട് അക്കാലത്ത്.....!
അശോകൻ എന്ന അതുല്യ നടനെ ആദ്യം ശ്രദ്ധിക്കുന്ന ചിത്രവും ഇതുതന്നെ. മയക്കുമരുന്നിനും കഞ്ചാവിനും അടിപ്പെട്ട ഒരു യുവാവിന്റെ എല്ലാ ആന്തരിക ബാഹ്യഭാവങ്ങളിലേയ്ക്കും അശോകൻ അസാധാരണമായി രൂപാന്തരപ്പെട്ടിട്ടുണ്ട്. പെരുവഴിയമ്പലം, അനന്തരം, അരപ്പട്ട കെട്ടിയ ഗ്രാമം, യവനിക, തിങ്കളാഴ്ച നല്ല ദിവസം, ജാലകം, തൂവാനത്തുമ്പികൾ, ഇരകൾ, അമരം, ഇൻ ഹരിഹർ നഗർ, ഉള്ളടക്കം, ഒരു മെയ് മാസ പുലരിയിൽ എന്നിവയൊക്കെ അശോകന്റെ അഭിനയ പ്രതിഭ വ്യക്തമാക്കുന്ന ചില ചിത്രങ്ങൾ മാത്രമാണ്. അടൂരും പത്മരാജനും ഭരതനുമടക്കമുള്ള പ്രഗത്ഭ സംവിധായകരുടെ ഇഷ്ട നടനായിരുന്ന അദ്ദേഹത്തിന് പക്ഷേ പിൽക്കാലത്ത് കഴിവു തെളിയപ്പെടുന്ന വേഷങ്ങൾ കൊടുക്കാൻ മലയാള സിനിമ മറന്നു പോയി.
പ്രണാമം സിനിമയിലെ താളം മറന്ന പാട്ടിൽ ചിത്ത രോഗം പിടിപെട്ട അമ്മയുടെ നഷ്ടവാത്സല്യം തിരയുന്ന അശോകൻ, ഉള്ളടക്കം സിനിമയിലെ പാതിരാമഴ പാടി മനസിൽ വിഷാദം പെയ്യിക്കുന്ന അശോകൻ, ജാലകം സിനിമയിൽ ഒരു ദലംപാടി, കാമുകിയെ ചുമരിൽ കോറിയിടുന്ന അശോകൻ... അമരത്തിൽ കടൽത്തിര പോലെ അഴകേ പാടി വരുന്ന അശോകൻ...! ഇന്നും മറക്കാൻ പറ്റാത്ത പ്രിയ നടന്റെ ഫ്രെയിമുകൾ ഓർമ്മയിൽ ഏറെയുണ്ട്. ഗായകനായ അദ്ദേഹം പാടുന്നത് കാണുമ്പോൾ ദൂരദർശന് മുന്നിൽ തറഞ്ഞു നിന്നു പോവാറുണ്ട്.
"മുഗ്ദ്ധ മോഹന ഭാവം
തൊട്ടുണർത്തും നേരം
മൂകമാമെൻ മാനസത്തിൽ
അമൃത്....
അമ്മയായ് വന്നെനിക്കു നൽകി
സ്നേഹമാമൊരു അമൃത മന്ത്രം....
താളം മറന്ന താരാട്ടു കേട്ടെൻ
തേങ്ങും മനസിൻ ഒരാന്ദോളനം...... "
ഒരാൺകുട്ടി, ഫോണിൽ ഈ പാട്ട് എനിക്ക് വർഷങ്ങൾക്ക് ശേഷം കേൾപ്പിച്ചു തരികയാണ്. ആകസ്മികമായി പരിചയപ്പെട്ടവനാണ്.. 2009-10 കാലങ്ങൾ എന്നെ സംബന്ധിച്ച് അതിതീവ്രമായ ചില മാനസിക പ്രശ്നങ്ങളുടേതു കൂടിയായിരുന്നു. ആദ്യത്തെ ആൺകുഞ്ഞ് ഗർഭത്തിൽ നഷ്ടപ്പെട്ടതായിരുന്നു കാരണം. ആനന്ദത്തിന്റെ, സ്വാസ്ഥ്യത്തിന്റെ ആകാശച്ചരടുകൾ പൊട്ടി, വിഷാദങ്ങളുടെ ചതുപ്പുകളിലേക്ക് മുങ്ങിത്താഴുന്ന കാലം. രക്ഷിച്ചെടുത്തത് സുഹൃത്ത് രമേച്ചിയാണ്. രമ രഘുനന്ദൻ. അവർ പൊതുപ്രവർത്തകയും, അഭിഭാഷകയും മാത്രമല്ല. ഞാൻ കണ്ടതിലേക്കും മികച്ച സൈക്കോളജിസ്റ്റും നൊന്തുരുകുന്ന ഒരു അമ്മയുമായിരുന്നു. ഹീമോഫീലിയ ബാധിച്ച പൊന്നുമോൻ ഇവിടുന്ന് കടന്നു പോയപ്പോൾ, ലോകത്തുള്ള ഒന്നിനും സുഖപ്പെടുത്താനാവില്ലാത്ത ആ രോഗത്തിന് വേണ്ടി കുടുംബവും ജീവിതവും വിട്ടുകൊടുത്ത വലിയ മനുഷ്യൻ കൂടി ആണ് അവർ. എന്നെ അക്കാലത്ത് ഒറ്റയ്ക്കിരുത്താതെ പൊതിഞ്ഞു പിടിച്ച് കൊണ്ടു നടന്നിരുന്ന വെല്യേച്ചി. അങ്ങനെ ചേച്ചിയുടെ കൂടെ ഒരു സായാഹ്നത്തിൽ അമലയ്ക്കടുത്തുള്ള ഒരു റിസോർട്ടിൽ നടന്ന ഒരു ഹീമോഫീലിയ സൗഹൃദ കൂട്ടായ്മയുടെ ആഘോഷ ദിനത്തിൽ പങ്കെടുക്കുവാൻ പോയി. അവിടെവെച്ചാണ് ഞാൻ ഹീമോഫീലിയ പേഷ്യന്റായ സമീറിനെ (പേരിതല്ല) പരിചയപ്പെടുന്നത്. രാവിരുന്നും കലാപരിപാടികളും നടക്കുമ്പോൾ അവൻ എന്നോട് കുറേ സംസാരിച്ചു. ആ കുട്ടി സന്തോഷവാനായിരുന്നു. കണ്ണുകളിൽ തിളക്കമുള്ളവനായിരുന്നു. പലതും പറഞ്ഞ കൂടെ, തന്റെ പ്രണയത്തെപ്പറ്റി പറയുമ്പോൾ അവന് നാണവുമായിപ്പോയി. അവിടുന്ന് പോന്നിട്ടും, സമീറുമായുള്ള സൗഹൃദം തുടർന്നു. ഇടയ്ക്കവൻ വിളിക്കും.. ഞാൻ തിരിച്ചും. ചിലപ്പോൾ രോഗം കൂടി ആശുപത്രിയിലായിരിക്കും. എങ്കിലും സങ്കടങ്ങളൊന്നും പറയില്ല. വേദന അറിയിക്കില്ല. നീന്താനോ, വലയെറിയാനോ അറിയാത്ത കടലിൽ വീണ ഒരുവളെപ്പോലെയൊരു നിസ്സഹായത അവനെ വിളിക്കുമ്പോഴൊക്കെ എന്നെ എന്തുകൊണ്ടോ പൊതിഞ്ഞിരുന്നു. സമാധാനപ്പെടുത്തലുകൾക്കപ്പുറമുള്ള ചില അവസ്ഥകളിലുള്ള മനുഷ്യരോട് നിങ്ങൾക്ക് എങ്ങനെ ചിരിക്കാൻ പറ്റും? ലോകത്ത് നാനാവിധ സങ്കടങ്ങളും രോഗദുരിതങ്ങളും അനുഭവിക്കുന്നവരെ കൺതുറന്ന് നോക്കുമ്പോൾ, നമ്മുടെ കൊച്ചു കൊച്ചു പ്രശ്നങ്ങൾ എത്ര നിസ്സാരമാണ് ! ഒരു ദിവസം ആശുപത്രിയിൽ വെച്ചാണെന്ന് തോന്നുന്നു, ചേച്ചിക്ക് ഞാനൊരു പാട്ട് കേൾപ്പിക്കാം എന്ന് പറഞ്ഞ് ഈ പാട്ട് മുഴുവൻ സമീർ എന്നെ ഫോണിൽ കേൾപ്പിച്ചു തന്നു. ഇതെന്റെ പ്രിയ ഗാനമെന്ന് അവന് അറിയില്ലായിരുന്നു..
മൈസൂരിലെ പഠന കാലത്ത് എരുക്ക് പൂത്ത് പടർന്ന് പൊടിപിടിച്ചു കിടക്കുന്ന ഇൻഡസ്ട്രിയൽ സബർബ് വഴികളിലൂടെ, ചില വൈകുന്നേരങ്ങളിൽ ഞങ്ങൾ സുഹൃത്സംഘം നടക്കാനിറങ്ങും. തിരിച്ചു പോവുമ്പോൾ സമയം സന്ധ്യ കഴിഞ്ഞിരിക്കും. അകലെ ചാമുണ്ഡിക്കുന്നുകൾ സന്ധ്യാ ദീപം തെളിച്ചിരിക്കും. മേഘപാളികൾ മിന്നുന്ന നക്ഷത്രപ്പൊട്ടുകൾ തൊട്ടു തുടങ്ങും. നനുത്ത കാറ്റ് വീശും. ഞങ്ങൾ പൊടുന്നനെ നിശ്ശബ്ദരാകും. കാരണം അപ്പോൾ ചോട്ടു എന്ന ഷീബ "താളം മറന്ന താരാട്ട് കേട്ടെന്റെ തേങ്ങും മനസ്സിന് ഒരാന്ദോളനം"എന്ന ഈ പാട്ടും കൂടാതെ "ശ്യാമ സുന്ദര പുഷ്പമേ', 'കാതിൽ തേൻ മഴയായ് ' തുടങ്ങിയ മെലഡികളുമൊക്കെ അതി മനോഹരമായി മൂളുകയായിരിക്കും....! അന്ന് കോർത്തു പിടിച്ച്, ചേർന്നു നടന്നിരുന്ന, ഓരോ ഹൃദ്സ്പന്ദനം പോലും പരസ്പരം പകർന്നിരുന്ന ആ നേർത്ത വിരലുകളുടെ ഉടമകളുടെ, പ്രിയമാനസികളുടെ ഓർമ്മകൾ കൂടിയാണ് എനിക്ക് ഈ പാട്ട് എന്ന് സമീറിനറിയില്ലായിരുന്നല്ലോ.
കാലത്തിന്റെ ഒഴുക്കിൽ എപ്പോഴാണ് സമീർ എങ്ങോട്ടോ മുങ്ങിമറഞ്ഞതെന്ന് അറിയില്ല. ചിലപ്പോഴൊക്കെ ആ കുട്ടിയെ ഞാൻ ഓർക്കും. അവന് അസുഖം ഇടയ്ക്ക് വരാറുണ്ടോ? അവൻ സ്നേഹിച്ചിരുന്ന പെൺകുട്ടിയെ വിവാഹം കഴിച്ചോ? ഒന്നുമറിയില്ല. അവൻ എവിടെയാണെങ്കിലും ഈ പാട്ട് അവന്റെ ഓർമ്മ കൂടിയാണ് എനിക്ക്...!
''അമ്മയായ് വന്നെനിക്ക് നൽകി
സ്നേഹമാമൊരു പ്രണവ മന്ത്രം..''
പാട്ടിലാകെ താരാട്ടിന്റെ സുഖദമായ വിഷാദച്ഛവി കലർന്ന ഒരൊഴുക്കുണ്ട്. ശിശുവിനെപ്പോൽ നമ്മെ നിദ്രയിലാഴ്ത്തുന്ന താളമുണ്ട്.. കാറ്റിൽ പാറി വരുന്ന പൂവിതളുകളുണ്ട്.. പാട്ടിന്റെ ഓരോ ഫ്രെയിമിലും ഭരതൻ മുദ്രകളുണ്ട്. പാട്ടിലെപ്പോഴൊക്കെയോ അമ്മയുടെ ഗർഭപാത്രത്തിലെന്നവണ്ണം അശോകന്റെ കഥാപാത്രം ചുരുണ്ടു കൂടികിടക്കുന്ന സീനുണ്ട്. ഒരു പാട് സങ്കടവും സന്തോഷവും വിഷാദവും ഏകാന്തതയും പൊതിയുമ്പോൾ അങ്ങനെ ചുരുണ്ട് കൂടി കിടക്കാൻ ഇഷ്ടമാണ്.
പാട്ടാകെ അമ്മ വാത്സല്യത്തിന്റെ കനിവിറ്റുകയാണ്. നിറപ്പകിട്ടുള്ള കളിപ്പാട്ടങ്ങൾ കിട്ടിയ ഒരു കുഞ്ഞിനെപ്പോലെ ഒരു യുവാവ് അമ്മയുടെ രൂപപ്പ കർച്ചകൾ ഒരുവളിൽ കണ്ടാനന്ദിക്കുകയാണ്....!
"താളം മറന്ന താരാട്ടു കേട്ടെൻ
തേങ്ങും മനസിൻ ഒരാന്ദോളനം."
കിണറ്റിൽ നിന്ന് ചണ്ടിയും പായലുമായി കയറി വന്നവൾ മഴയിൽ നിന്ന് മകനെ ചോദിക്കയാണ്.
കുഞ്ഞിന് മുലകൊടുത്ത് മരിച്ചു പോവുന്നവൾ ഒരു ചിത്രത്തിലിരുന്ന് മകനെ നോക്കി കൊതി തീരെ കാണുകയാണ്. ചിത്തരോഗാശുപത്രിയുടെ ഇരുണ്ട ചുമരുകൾക്കുള്ളിൽ ഇരുട്ടും വെളിച്ചവുമില്ലാത്ത മനസ് കൊണ്ട് ഒരമ്മ മകനെ തൊട്ടു നോക്കുകയാണ്...!
അമ്മമാർ മരിച്ചു പോയാലും അവരുടെ മനസ്സ് മക്കളെ വിട്ടു പോകുമോ? മക്കൾക്ക് അത് തിരിച്ചറിയാൻ പറ്റുന്നുണ്ടല്ലോ....
അതു കൊണ്ടാവുമല്ലോ, ഇത്തരം പാട്ടുകൾ എല്ലാ അമ്മയില്ലാ മക്കൾക്കുമായി എഴുതി വെച്ച് കടന്ന് പ്രതിഭകൾ പോകുന്നതും..
പറയാൻ മറന്നു. എം. ജി ശ്രീകുമാറാണ് ഈ പാട്ട് പാടിയിരിക്കുന്നത്.