Columns

14 Jul 2020 01:15 AM IST

J Raghu

മോദിയുടെ വ്യാജ വാക്സിൻ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യം

കോവിഡിനെതിരായ വാക്സിൻ കണ്ടുപിടിച്ചു കഴിഞ്ഞു എന്നും സ്വാതന്ത്ര്യദിനത്തിൽ അതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നുമുള്ള മോദിയുടെ അവകാശവാദം ശാസ്ത്രത്തെ പരിഹസിക്കലും മനുഷ്യരാശിയോടുള്ള കുറ്റകൃത്യവുമാണെന്ന് ജെ.രഘു.

2020 സ്വാതന്ത്ര്യ ദിനത്തിൽ കോവിഡ് 19 നെതിരായ മാന്ത്രിക വാക്സിൻ പ്രഖ്യാപിക്കുമെന്ന് ബിജെപി ഗവൺമെൻ്റ് അവകാശപ്പെടുന്നു. ലോകത്താദ്യമായി വാക്സിൻ കണ്ടിപിടിച്ചുവെന്ന 'ദേശീയ തിണ്ണ മിടുക്ക്' മാത്രമാണ് ഈ അവകാശവാദത്തിനു പിന്നിലുള്ളത്. യോഗയും ഗോമൂത്രവും ചുട്ടകോഴിയെ പറപ്പിക്കുന്ന അത്ഭുതവും ലോകത്തിനു സംഭാവന ചെയ്ത 'ഹിന്ദു ശാസ്ത്ര'ത്തിന്റെ പുതിയ ചെപ്പടി വിദ്യയാണ് ഈ വ്യാജവാക്സിൻ. ഓഗസ്റ്റ് 15-നു തന്നെ വാക്സിൻ കണ്ടു പിടിച്ചുവെന്ന അവകാശവാദം നടപ്പാക്കുന്നതിനായി, പരീക്ഷണങ്ങൾ അതിവേഗത്തിലാക്കണമെന്ന്, പരീക്ഷണങ്ങൾക്കായി തെരഞ്ഞെടുത്തിട്ടുള്ള 12 ആശുപത്രികൾക്ക് ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) ഡയറക്ടർ ജനറൽ ഡോ.ബൽറാം ഭാർഗവ ജൂലൈ 4 ന് അയച്ച കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നു. നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ കർശന നടപടിയുണ്ടാകുമെന്ന ഭീഷണിയോടെയാണ് കത്ത് അവസാനിക്കുന്നത്.

 

കേന്ദ്ര ഗവൺമെൻ്റിൻ്റെ കീഴിലുള്ള ശാസ്ത്ര സാങ്കേതിക വകുപ്പിൻ്റെ പേരിൽ ഡോ.ടി.വി.വേങ്കിടേശ്വരൻ 2020 ജൂലൈ 4 ന് തന്നെ പ്രസിദ്ധീകരിച്ച പത്രക്കുറുപ്പിൽ പറയുന്നത് നോക്കുക. "ഇന്ത്യയിലെ രണ്ട് വാക്സിനുകൾ ഉൾപ്പെടെ ലോകത്താകെ ഇപ്പോൾ 11 വാക്സിനുകളാണ്, ക്ലീനിക്കൽ പരീക്ഷണത്തിൻ്റെ അതായത്, മനുഷ്യർക്കിടയിലെ പരീക്ഷണത്തിന്റെ മൂന്നാം ഘട്ടത്തിലെത്തിയിട്ടുള്ളത്. എന്നാൽ, 2021-നു മുമ്പ് ഇവയിൽ ഏതെങ്കിലുമൊന്ന് വിജയകരവും ഉപയോഗക്ഷമവുമാകാൻ ഇടയില്ല". എന്നാൽ, ഐസിഎംആറിൻ്റെ വ്യാജ വാക്സിൻ അവകാശവാദം വന്ന ഉടൻ തന്നെ, ശാസ്ത്ര-സാങ്കേതിക വകുപ്പിൻ്റെ പ്രസ്താവന പിൻവലിക്കപ്പെടുകയാണ് ഉണ്ടായത്.

 

നരേന്ദ്ര മോദിയും ഫാസിസ്റ്റു മന്ത്രവാദികളും കരുതുന്നതു പോലെ, വാക്സിനു വേണ്ടിയുള്ള 'ക്ലിനിക്കൽ ട്രയലുകൾ' കുട്ടിക്കളിയല്ലെന്ന് വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിലേ വൈറോളജിസ്റ്റായിരുന്ന ഡോ.ജേക്കബ് ജോൺ മുന്നറിയിപ്പ് നൽകുന്നു. മനുഷ്യസാധ്യമായ നിലയിൽ എത്ര വേഗത്തിൽ നടത്തിയാലും മനുഷ്യർക്കിടയിലെ പരീക്ഷണങ്ങളുടെ ഒന്നും രണ്ടും ഘട്ടങ്ങൾ പൂർത്തിയാക്കാൻ തന്നെ ഏറ്റവും കുറഞ്ഞത് 5-6 മാസങ്ങൾ വേണം. ഈ രണ്ട് ഘട്ടങ്ങളിൽ നിന്നു ലഭിക്കുന്ന ഫലങ്ങളുടെ ഡേറ്റ അതിസൂക്ഷ്മമായ പരിശോധനയ്ക്ക് വിധേയമാക്കുകയും സുരക്ഷയെയും കാര്യക്ഷമതയെയും സംബന്ധിച്ച അംഗീകൃത ആഗോള ശാസ്ത്ര മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തുകയും ചെയ്തതിനു ശേഷം മാത്രമേ, നിർണായകമായ മൂന്നാം ഘട്ട പരീക്ഷണ'ത്തിന് അനുമതി ലഭിക്കുകയുള്ളു.

 

പഴുതുകളില്ലാത്ത വിധം കർശന ശാസ്ത്രീയ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്, മനുഷ്യർക്കിടയിലെ ഒന്നും രണ്ടും ഘട്ടങ്ങൾ പൂർത്തിയാക്കുകയും മൂന്നാം ഘട്ട പരീക്ഷണങ്ങൾ നടത്താൻ ലോകത്താകെ അനുമതി ലഭിച്ചിട്ടുള്ളത് മൂന്ന് സ്ഥാപനങ്ങൾക്കു മാത്രമാണ്. അമേരിക്കയില മോഡേൺ ലാബ്, ഓക്സ്ഫോഡ് യൂണിവേഴ്സിറ്റി, ജർമനിയിലെ പിഫ്സർ ആൻഡ് ബയോ എൻടെക് എന്നിവയാണ് ഈ ഗവേഷണ സ്ഥാപനങ്ങൾ. മൂന്നാം ഘട്ട പരീക്ഷണങ്ങൾക്കു വേണ്ടി ഈ സ്ഥാപനങ്ങൾ ഏതാണ്ട് 20000 - 30000 വാളണ്ടിയർമാരെ തെരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട്. സമകാല ലോകത്തിൻ്റെ അടിയന്തിര സാഹചര്യം പരിഗണിച്ചു കൊണ്ട്, മൂന്നാം ഘട്ട പരീക്ഷണങ്ങളുടെ വേഗം എത്ര കൂട്ടിയാലും 2020 അവസാനത്തിനു മുമ്പ് വാക്സിൻ വികസിപ്പിക്കാനാവില്ലെന്നാണ് ഈ സ്ഥാപനങ്ങൾ ഏകസ്വരത്തിൽ പറയുന്നത്. കാരണം, ദോഷകരമായ പാർശ്വഫലങ്ങൾ പരമാവധി കുറയ്ക്കുകയും സുരക്ഷയും കാര്യക്ഷമതയും ഉറപ്പാക്കുകയുമാണ് എല്ലാ ശാസ്ത്രീയ വാക്സിൻ പരീക്ഷണങ്ങളുടെയും ലക്ഷ്യം. പരീക്ഷണങ്ങളിൽ പാലിക്കേണ്ട ശാസ്ത്രീയ മാനദണ്ഡങ്ങളിൽ സംഭവിക്കാവുന്ന ചെറിയൊരു കൈപ്പിഴ പോലും അനേകായിരം മനുഷ്യരുടെ ജീവൻ അപായപ്പെടുത്തിയേക്കുമെന്ന വൈദ്യശാസ്ത്ര നൈതികതയെ സങ്കുചിതമായ ദേശീയ രാഷ്ട്രീയ ഖ്യാതിക്കു വേണ്ടി ബലി കൊടുക്കാൻ യഥാർത്ഥ ശാസ്ത്രജ്ഞർ ആരും തയ്യാറാകില്ല. അനവധി നൂറ്റാണ്ടുകളിലൂടെ നിരന്തരം ടെസ്റ്റ് ചെയ്യപ്പെട്ട് ഉറച്ച ശാസ്ത്ര പൈതൃകമാണത്. ഈ ശാസ്ത്ര പൈതൃകത്തിൻ്റെ സമ്മർദ്ദങ്ങൾക്കും ആവശ്യങ്ങൾക്കും വിധേയമാവുകയെന്നത് എല്ലാ ശാസ്ത്രജ്ഞരുടെയും തൊഴിൽപരമായ അന്തസ്സിൻ്റെ അവിഭാജ്യ ഘടകമാണ്. ഒരു ശാസ്ത്രജ്ഞനെയും ഡോക്ടറെയും സംബന്ധിച്ചിടത്തോളം സ്വന്തം തൊഴിലിൻ്റെ അന്തസ്സിലും സുദീർഘമായ പൈതൃകത്തിലും വിട്ടുവീഴ്ച ചെയ്യേണ്ടി വരികയെന്നത് , തൊഴിൽ പരമായ ആത്മഹത്യയാണ്.

 

ഫാസിസ്റ്റുകൾ നാടു ഭരിക്കുമ്പോൾ അവർക്കാവശ്യം ശാസ്ത്രത്തിൻ്റെ കർശന പൈതൃകമോ ശാസ്ത്രജ്ഞരുടെ തൊഴിൽപരമായ അന്തസ്സോ ആയിരിക്കില്ല. തങ്ങളുടെ സങ്കുചിതവും മനുഷ്യവിരുദ്ധവുമായ രാഷ്ട്രീയ താല്പര്യങ്ങൾക്കു കുറ്റബോധരഹിതമായി കൂട്ടുനിൽക്കുന്ന ആജ്ഞാനുവർത്തികളെയാണ് അവർക്കാവശ്യം. ഇന്ത്യയിലെ പ്രശസ്തമായ ഐസിഎംആറിൻ്റെ ഡയറക്ടർ ജനറൽ ആയ ഡോ. ബൽറാം ഭാർഗവ തന്നെ അങ്ങനെയൊരവസ്ഥയിലേക്ക് തരം താണിരിക്കുന്നു എന്നത്, ഇന്ത്യയിൽ ശാസ്ത്രം എന്നൊന്നുണ്ടെങ്കിൽ അത് വെറും 'കാർഗോ കൾട് സയൻസ് ' മാത്രമാണെന്നാണ് തെളിയിക്കുന്നത്.

 

മോദിയുടെ യോഗാചാര്യൻ ഏതാനും ആഴ്ചകൾക്ക് മുമ്പ് 'പഞ്ചഗവ്യ'ത്തിൽ നിന്ന് കൊറോണ വാക്സിൻ കണ്ടു പിടിച്ചതായി അവകാശപ്പെട്ടിരുന്നു. വ്യാജ വാക്സിൻ അവകാശവാദത്തിൻ്റെ പേരിൽ ബാബാ രാംദേവിനെതിരെ എന്തെങ്കിലും ക്രിമിനൽ നടപടി എടുത്തതായി നമുക്കറിയില്ല.

 

ഇപ്പോളിതാ ഇന്ത്യയുടെ പ്രധാനമന്ത്രി തന്നെ ഓഗസ്റ്റ് 15 ന് വ്യാജ വാക്സിൻ ലോകത്തോടായി പ്രഖ്യാപിക്കുമെന്ന് അവകാശപ്പെടുന്നു. കോ വിഡ്- 19 പ്രതിരോധത്തിലും വാക്സിൻ നിർമാണത്തിലും ഏർപ്പെട്ടിരിക്കുന്ന ആഗോള ശാസ്ത്രസമൂഹത്തിന് ഇതൊരു അത്ഭുതമേ ആയിരിക്കില്ല. കാരണം, 2014 മുതൽ ഇന്ത്യൻ ഭരണാധികാരികളെ സംബന്ധിച്ചിടത്തോളം ശാസ്ത്രമെന്നത് ഗണപതിയുടെ പ്ലാസ്റ്റിക് സർജറിയും മഹാഭാരതത്തിലെ ബ്രാഹ്മണാസ്ത്രവും മന്ത്രവാദവും ചുട്ട കോഴിയെ പറപ്പിക്കുന്ന വിദ്യയുമാണ്. പക്ഷെ കോടിക്കണക്കിന് മനുഷ്യർ രോഗികളാവുകയും ലക്ഷങ്ങൾ മരിക്കുകയും ചെയ്യുന്ന ഇത്തരമൊരു സാഹചര്യത്തിൽ, ഇങ്ങനെ വ്യാജ വാക്സിൻ കണ്ടുപിടിച്ചുവെന്ന് അവകാശപ്പെടുന്നത് മനുഷ്യരാശിയ്ക്കെതിരായ കുറ്റകൃത്യമാണ്.