editorial

01 Jun 2020 23:55 PM IST

TKV

കോൺഗ്രസ് കയ്യൊഴിഞ്ഞ നെഹ്റുവിനെ ഇടതുപക്ഷം ഏറ്റെടുക്കുക

ജന്മദിനത്തിനും ചരമദിനത്തിനും മാലയിട്ടു പ്രദർശിപ്പിക്കാനുള്ള ഒരു ഫോട്ടോ മാത്രമാണ് കോൺഗ്രസിന് ഇന്ന് നെഹ്റു. പത്ത് വോട്ടിനു വേണ്ടി ഏതു മതഭ്രാന്തൻ്റെയും ജാതിമേധാവിയുടെയും കാൽക്കൽ വീഴുന്ന ചെന്നിത്തലയെപ്പോലുള്ള കോൺഗ്രസ് നേതാക്കളിൽ നിന്ന് നെഹ്റുവിനെ മോചിപ്പിച്ചേ മതിയാകൂ.

കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള ഏറ്റവും പ്രാഥമികമായ മാർഗ്ഗങ്ങളിലൊന്ന് എന്ന നിലയിലാണ് രാജ്യം ഒന്നടങ്കം ലോക് ഡൗൺ വേണ്ടി വന്നത്. ലോക് ഡൗൺ രണ്ടു മാസം കഴിഞ്ഞിട്ടും വൈറസ് പടർന്നു പിടിക്കുന്നതല്ലാതെ കുറയുന്ന ലക്ഷണമൊന്നും കാണുന്നില്ല. എല്ലാ മേഖലകളും സ്തംഭനത്തിലാണ്. അതിങ്ങനെ അനന്തമായി തുടരാൻ കഴിയാത്തതുകൊണ്ടാണ് സാമ്പത്തിക പ്രവർത്തനങ്ങൾ ആരംഭിക്കാനുതകുന്ന നിലയിൽ ചില പ്രത്യേക മേഖലകളിൽ ഇളവുകൾ നല്കേണ്ടി വരുന്നത്. നിത്യജീവിതം മുന്നോട്ടു പോകുന്നതിന് ഏറ്റവും ആവശ്യമായ മേഖലകളിലാണ് ഇങ്ങനെ ഇളവു നല്കേണ്ടത്. സാമ്പത്തിക പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ പ്രഖ്യാപിച്ച ഇളവുകളുടെ കൂട്ടത്തിൽ ആരാധനാലയങ്ങൾ തുറക്കാമെന്നുകൂടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അതു കേൾക്കാൻ കാത്തിരുന്നതു പോലെ സംസ്ഥാന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേരളത്തിലും ആരാധനാലയങ്ങൾ തുറക്കണമെന്ന ആവശ്യം ഉന്നയിച്ചു.

 

കോവിഡ് പടർന്നു പിടിച്ചാലും ആരാധനാലയങ്ങൾ തുറക്കുമെന്ന് മോദി - അമിത് ഷാ ഭരണം പ്രഖ്യാപിക്കുന്നതിൽ അത്ഭുതമൊന്നുമില്ല. മതേതരത്വത്തിൻ്റെ അടിക്കല്ല് ഇളക്കി സവർണ്ണ ഹൈന്ദവതയുടെ ഭ്രാന്താലയമാക്കി ഇന്ത്യയെ മാറ്റുകയാണ് അവരുടെ ലക്ഷ്യം. അതിനെ എതിർക്കുന്നതിന് ഏറ്റവും മുന്നിൽ നിൽക്കാൻ ചരിത്രപരമായ ബാധ്യതയുള്ള കോൺഗ്രസ്, വർഗ്ഗീയ രാഷട്രീയത്തിൻ്റെ അപ്പോസ്തലന്മാരാകാനാണ് ശ്രമിക്കുന്നത്. നെഹ്റുവിൻ്റ പൈതൃകം അവകാശപ്പെടുന്ന പാർട്ടിയുടെ നേതാവാണ് ചെന്നിത്തല. മതനിരപേക്ഷതയിൽ അടിയുറച്ചു നില്ക്കുന്ന ശാസ്ത്രാഭിമുഖ്യമുള്ള ജനതയെ സൃഷ്ടിക്കുകയായിരുന്നു ജവഹർലാൽ നെഹ്റുവിൻ്റെ ലക്ഷ്യം. നെഹ്റുവിൻ്റെ പേര് ഉച്ചരിക്കാൻ ഇനി ചെന്നിത്തലയ്ക്ക് അവകാശമില്ല.

 

മതവിശ്വാസം തീർത്തും സ്വകാര്യമാണ്. മതത്തിൽ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനുമുള്ള അവകാശം ഏതൊരാൾക്കുമുണ്ട്. സ്വന്തം വീട്ടിലെ സ്വകാര്യതയിലോ ആരാധനാലയങ്ങളിലോ ആണ് ഒരാളുടെ വിശ്വാസം പ്രകടിപ്പിക്കേണ്ടത്. കോവിഡിനെ നേരിടുന്നതിൻ്റെ ഭാഗമായി ആളുകൾ കൂടാൻ ഇടയുള്ളള്ള എല്ലാ സാഹചര്യങ്ങളും ഒഴിവാക്കണമെന്നതിനാലാണ് ആരാധനാലയങ്ങൾ അടച്ചിട്ടത്. ആരാധനാലയങ്ങൾ അടച്ചിട്ടപ്പോഴുള്ള സാഹചര്യം കൂടുതൽ വഷളാവുകല്ലാതെ ഒട്ടും മെച്ചപ്പെട്ടിട്ടില്ല. വീടുകളിൽ പ്രാർത്ഥന നടത്തുന്നതിനും മറ്റും ഒരു തടസ്സവുമുണ്ടായിട്ടില്ലാത്തതിനാൽ ആരാധനാലയങ്ങൾ തുറക്കണമെന്ന ആവശ്യത്തിന് ഒരു അടിസ്ഥാനവുമില്ല.

 

മദ്യഷാപ്പുകൾ തുറന്നതു കൊണ്ട് ആരാധനാലയങ്ങളും തുറക്കണമെന്നാണ് ചെന്നിത്തലയുടെയും കൂട്ടരുടെയും വാദം. മദ്യഷാപ്പിനു മുമ്പിൽ ക്യൂ നില്ക്കുന്നവർ നിയന്ത്രണം തെറ്റിച്ചാൽ അവരെ നിയന്ത്രിക്കാൻ പോലീസിനു കഴിയും. ഗുരുവായൂരമ്പലത്തിനുള്ളിൽ വിശ്വാസികളെ നിയന്ത്രിക്കാൻ പോലീസിനെ അനുവദിക്കണമെന്ന് ചെന്നിത്തല പറയുമോ? ഗുരുവായൂരപ്പൻ്റെ സന്നിധിയിൽ ഭക്തർ തിക്കും തിരക്കും കൂട്ടിയാൽ അവരെ നിയന്ത്രിക്കാൻ ചെന്നിത്തല വോളൻ്റിയർമാരെ നിയോഗിക്കുമോ? അതുപോലെ, അവഗണിക്കാൻ കഴിയാത്ത യാഥാർത്ഥ്യമാണ് മദ്യവില്പനയിലൂടെ നികുതിയിനത്തിൽ സർക്കാരിന് ലഭിക്കുന്ന വരുമാനം. സാമ്പത്തിക പ്രവർത്തനങ്ങൾ മരവിച്ചു നില്ക്കുന്ന അവസ്ഥയിൽ ഒരു വലിയ വാണിജ്യ മേഖലയെ സജീവമാക്കുന്നതിനു തുല്യമാണ് ചെന്നിത്തലയ്ക്ക് ആരാധനാലയങ്ങൾ തുറക്കുന്നത്. യുക്തിബോധത്തിൻ്റെയും ശാസ്ത്രീയ ചിന്തയുടെയും വളർച്ചയ്ക്കു വേണ്ടി നിലകൊണ്ട നെഹ്റുവിൻ്റെ പാർട്ടിക്ക് ഇതിനെക്കാൾ വലിയ അധപ്പതനം ഉണ്ടാകാനുണ്ടോ?

 

ജന്മദിനത്തിനും ചരമദിനത്തിനും മാലയിട്ടു പ്രദർശിപ്പിക്കാനുള്ള ഒരു ഫോട്ടോ മാത്രമാണ് കോൺഗ്രസിന് ഇന്ന് ജവഹർലാൽ നെഹ്റു. പത്ത് വോട്ടിനു വേണ്ടി ഏതു മതഭ്രാന്തൻ്റെയും ജാതിമേധാവിയുടെയും കാൽക്കൽ വീഴുന്ന ചെന്നിത്തലയെപ്പോലുള്ള കോൺഗ്രസ് നേതാക്കളിൽ നിന്ന് നെഹ്റുവിനെ മോചിപ്പിച്ചേ മതിയാകൂ. മതനിരപേക്ഷതയുടെയും ശാസ്ത്രചിന്തയുടെയും ജനാധിപത്യത്തിൻ്റെയും സംരക്ഷണത്തിനു വേണ്ടി നെഹ്റുവിനെ വീണ്ടെടുക്കണം. ആ കടമ നിറവേറ്റാൻ ഇടതു പക്ഷത്തിനു കഴിയുമോ എന്നതാണ് പ്രധാന ചോദ്യം.


TKV