16:40 PM IST
ഓഖി ദുരന്തത്തിന് ഇരയായ എല്ലാവർക്കും സർക്കാർ അർഹമായ സഹായം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കാണാതായവർക്കായുള്ള തിരച്ചിൽ തുടരും. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഒരു വീഴ്ചയും ഉണ്ടാകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ഓഖി ദുരന്തത്തിന് ഇരയായ മത്സ്യത്തൊഴിലാളികളെ പൂന്തുറയിൽ സന്ദർശിക്കുകയായിരുന്നു പ്രധാനമന്ത്രി. ഓഖി ചുഴലിക്കാറ്റിൽ കേരളം, ലക്ഷദ്വീപ്, തമിഴ്‌നാട് എന്നിവിടങ്ങളിൽ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായത്. ഇത്രയും വലിയ ദുരന്തം നേരിട്ടവർക്കൊപ്പമാണ് രാജ്യം. അവർക്കു വേണ്ടി സർക്കാരിനെക്കൊണ്ട് സാധ്യമായതെല്ലാം ചെയ്യും. ചുഴലിക്കാറ്റിൽപ്പെട്ട് മറ്റു തീരങ്ങളിൽ എത്തപ്പെട്ടവർക്ക് ആവശ്യമായ സഹായം എത്തിക്കുന്നതിന് എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. അയൽ രാജ്യങ്ങളിലെ എംബസികളിലും ഇതുസംബന്ധിച്ച് അറിയിപ്പുകൾ നൽകിയിട്ടുണ്ട് . ഗുജറാത്തിലും മറ്റ് തീരങ്ങളിലും എത്തപ്പെട്ട മൽസ്യത്തൊഴിലാളികൾ അവിടെ നിന്ന് വീണ്ടും മത്സ്യബന്ധനത്തിനായി പോയിട്ടുണ്ടെന്ന് അറിയാൻ കഴിഞ്ഞു . ക്രിസ്തുമസിന് മുൻപ് അവർക്കെല്ലാം തിരികെ തിരികെ എത്താൻ കഴിയട്ടെയെന്നും പ്രധാനമന്ത്രി പറഞ്ഞു സംസ്ഥാന സർക്കാരുമായി ആലോചിച്ച് ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പൂന്തുറയിൽ എത്തിയ പ്രധാനമന്ത്രി മത്സ്യത്തൊഴിലാളികളെ നേരിട്ട് കാണുകയും അവരുടെ സങ്കടങ്ങളും ആവശ്യങ്ങളും കേട്ടു. പൂന്തുറ, വിഴിഞ്ഞം എന്നിവിടങ്ങളിലെ മത്സ്യത്തൊഴിലാളികളാണ് പൂന്തുറയിലെ ഓഡിറ്റോറിയത്തിൽ പ്രധാനമന്ത്രിയെ നേരിട്ട് കാണുന്നതിനായി എത്തിയിരുന്നത്. പൂന്തുറയിൽനിന്ന് പ്രധാനമന്ത്രി തൈക്കാട് ഗസ്റ്റ് ഹൗസിലേക്കാണ് പോയത്. ഇവിടെ ചേരുന്ന ഓഖി ദുരിതാശ്വാസ പ്രവർത്തനങ്ങൾ സംബന്ധിച്ച അവലോകന യോഗത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരുമായും ആശയവിനിമയം നടത്തിയ ശേഷം 6.30 നു ഡൽഹിക്ക് മടങ്ങും.