Kerala News

13 Feb 2020 01:45 AM IST

Reporter-Leftclicknews

സിപിഎം അലനെയും താഹയെയും ബലിയാടുകളാക്കുന്നതെന്തിന് ? സക്കറിയ

കൊലക്കുറ്റത്തിന് ജയിലിൽ കിടക്കുന്ന സ്വന്തം പാർട്ടിക്കാർക്ക് എല്ലാ സഹായവും ചെയ്തുകൊടുക്കുന്ന സിപിഎം അലനെയും താഹയെയും തള്ളിപ്പറഞ്ഞതിന്റെ കാരണങ്ങൾ ദുരൂഹമാണെന്ന് സക്കറിയ.

അലന്റെയും താഹയുടയും പേരിൽ യു.എ.പി.എ ചുമത്തി ജയിലിലടച്ചതുപോലെ, ചെറുപ്പക്കാർക്ക് നേരെ ഇത്ര കിരാതമായ ഒരു ആക്രമണം കഴിഞ്ഞ 10- 40 വർഷത്തിനുള്ളിൽ കേരളത്തിലുണ്ടായിട്ടില്ലെന്ന് സക്കറിയ. അലനെയും താഹയെയും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് പടിക്കൽ സാംസ്കാരിക പ്രവർത്തകർ നടത്തിയ പ്രതിരോധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൈനയിൽ ഒരു യാത്രയ്ക്ക് പോയപ്പോൾ താൻ ഒരു റെഡ് ബുക്ക് വാങ്ങിയിരുന്നു എന്നും അതിന്റെ പേരിൽ താനും അറസ്റ്റ് ചെയ്യപ്പെടാമെന്നും അദ്ദേഹം പറഞ്ഞു.

 

കേരളത്തിലെ പോലീസിൽ വലിയൊരു കൂട്ടമാളുകൾ വർഗ്ഗീയതയുടെ പിടിയിലാണ്. സിപിഎമ്മിന്റെ കൂടെ ഉറച്ചുനിന്ന മതേതര കുടുംബത്തിലെ കുട്ടികളെയാണ് ഇടതുപക്ഷ സർക്കാർ ജയിലിൽ അടച്ചത് എന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് സക്കറിയ പറഞ്ഞു. തന്റെ കഴുത്തിന് പിടിച്ച ഡിവൈഎഫ്‌ഐക്ക് ആ സംഘടനയുടെ പ്രവർത്തകരായിരുന്ന രണ്ടു കുട്ടികളുടെ കൈ പിടിക്കാൻ കഴിഞ്ഞില്ല എന്നത് സങ്കടകരമാണെന്ന് പറഞ്ഞ സക്കറിയ ഈ കുട്ടികളെ ബലികൊടുത്തതിൽ സി.പി.എമ്മിൻെറയും ഇടതുപക്ഷ സർക്കാരിന്റെയും പങ്കെന്താണെന്ന് ചോദിച്ചു. കൊലക്കുറ്റത്തിന് ജയിലിൽ കിടക്കുന്ന സ്വന്തം പാർട്ടിക്കാർക്ക് എല്ലാ സഹായവും ചെയ്തുകൊടുക്കുന്ന സിപിഎം ഈ കുട്ടികളെ തള്ളിപ്പറഞ്ഞു എന്നത് അതിശയകരമാണ്.

 

അവശേഷിക്കുന്ന ഏറ്റവും വലിയ ഇടതുപക്ഷ പാർട്ടിയായ സി.പി.എം ഒറ്റുകാരുടെ പാർട്ടിയാകാൻ പാടില്ലെന്ന് പ്രതിഷേധ സംഗമത്തിൽ അധ്യക്ഷത വഹിച്ച ബി.ആർപി. ഭാസ്കർ പറഞ്ഞു. ഇനിയും ഇത്തരത്തിൽ കേരളത്തിലെ യുവാക്കൾ വേട്ടയാടപ്പെടാൻ പാടില്ലെന്ന സന്ദേശം നൽകാൻ കൂടിയാണ് സാംസ്കാരിക പ്രതിരോധം സംഘടിപ്പിച്ചത്.ഒരാൾ ജയിലിലടയ്ക്കപ്പെടാൻ കുറ്റം ചെയ്തിരിക്കണമെന്നില്ല,അയാൾക്ക് തെറ്റായ പേരുണ്ടായാൽ മതി എന്ന സ്ഥിതി യുപിയിൽ മാത്രമല്ല, കേരളത്തിലും ഉണ്ടായിരിക്കുന്നു എന്ന് ബിആർപി പറഞ്ഞു. വോട്ടേഴ്‌സ് ലിസ്റ്റിൽ നിന്ന് മുസ്‌ലിം പേരുള്ളവരെ തെരഞ്ഞു പിടിച്ച് കേസെടുക്കുന്ന രീതി കേരളത്തിലുണ്ടാകാൻ പാടില്ല.


Reporter-Leftclicknews