Tribute

19 Feb 2020 00:30 AM IST

എംഎസ് മണി : അറിവിനെയും കഴിവിനെയും മാനിച്ച പത്രാധിപർ

ഇന്ന് അന്തരിച്ച പ്രമുഖ പത്രപ്രവർത്തകൻ എം.എസ് മണിയെ, ഉറ്റ സുഹൃത്തും സഹപാഠിയുമായ ആർഎസ്‌പി മുൻ ജനറൽ സെക്രട്ടറി പ്രൊഫ. ടി.ജെ ചന്ദ്രചൂഡൻ അനുസ്മരിക്കുന്നു.

ഇന്ന് അന്തരിച്ച എം.എസ് മണി എന്റെ പ്രിയപ്പെട്ട സ്‌നേഹിതനായിരുന്നു. ഒന്നാം ക്ലാസ് മുതല്‍ ഡിഗ്രി വരെ ഒന്നിച്ചു പഠിക്കുകയും പില്‍ക്കാലത്ത് പത്രപ്രവര്‍ത്തന മേഖലയില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നവരാണ് ഞങ്ങള്‍ രണ്ടാളും. എനിക്ക് അദ്ദേഹത്തിന്റെ കുടുംബവുമായി അടുത്ത ബന്ധമായിരുന്നു. അതിന് കാരണക്കാരന്‍ മണിയാണ്. ഒന്നിച്ച കളിച്ച്, ഒന്നിച്ച് പഠിച്ച്, ഒന്നിച്ച് ഉണ്ടും ഉറങ്ങിയും കഴിഞ്ഞ ഒരു ബന്ധമായിരുന്നു ഞങ്ങള്‍ തമ്മില്‍.

 

കുട്ടിക്കാലത്ത് മണിയോട് എനിക്ക് കടുത്ത അസൂയയായിരുന്നു. എന്റെ ഇല്ലായ്മയും അയാളുടെ സമ്പത്തും കാണുമ്പോഴുള്ള സങ്കടം. കോളേജിൽ ചേരുമ്പോള്‍ എനിക്ക് രണ്ട് മുണ്ടും രണ്ടു ഷര്‍ട്ടുമേ ഉള്ളൂ. മണിയുടെ വീട്ടില്‍ പോയി കഴിയുമ്പോള്‍ ഞാന്‍ അസൂയാലുവാകും. അവിടെ ചെല്ലുമ്പോള്‍ മണിക്ക് മുണ്ടും ഉടുപ്പും ഒക്കെ വയ്ക്കാന്‍ സ്വന്തമായി വലിയ ഒരു അലമാരയുണ്ട്. ഒരു ദിവസം അത് എന്നെ തുറന്നു കാണിച്ചു. അതില്‍ 30 മുണ്ടും 30 ഷര്‍ട്ടും അടുക്കി വച്ചിരിക്കുന്നു. അത് കണ്ടപ്പോൾ എനിക്ക് സങ്കടവും അസൂയയുമുണ്ടായി. ഞാന്‍ നേരെ പത്രാധിപരുടെ അടുത്ത് പോയി പരാതി പറഞ്ഞു. ഞാന്‍ പറഞ്ഞു, ''എനിക്ക് 2 മുണ്ടേ ഉള്ളൂ. ഇവിടെ കണ്ടില്ലേ അലമാര നിറയെ അടുക്കി വച്ചിരിക്കുന്നത്. ഇയാള് ഇല്ലാത്ത എന്നെ കൊണ്ട്‌നടന്ന് ഇങ്ങനെ കാണിക്കുന്നത് തെറ്റല്ലയോ"' എന്ന് പത്രാധിപരോട് ചോദിച്ചു. കൊച്ചുകുട്ടിയല്ലേ. ''മണി ചെയ്തത് ശരിയായില്ല. ഒട്ടും ശരിയായില്ല'' എന്ന് പത്രാധിപര്‍ പറഞ്ഞു. പത്രാധിപര്‍ അപ്പോള്‍ തന്നെ വീട്ടിലെ ഡ്രൈവറും മാനേജരും പിഎയുമൊക്കെ ആയിരുന്ന സുകുമാരനെ വിളിച്ചു 4 മുണ്ടും 4 ഷര്‍ട്ടും വാങ്ങിച്ച് പിറ്റേന്ന് രാവിലെ വീട്ടില്‍ കൊടുത്തയപ്പിച്ചു. മറക്കാനാകാത്ത രസകരമായ ഒരു ഓര്‍മ്മയാണത്.

 

പഠിക്കുന്നകാലത്ത് ഞങ്ങള്‍ രണ്ടുപേരും പേട്ടയില്‍ നിന്നാണ് പോയിരുന്നത്. പേട്ട ആ കാലത്ത് ആര്‍.എസ്.പിയുടെ ഒരു വിഹാര കേന്ദ്രമായിരുന്നു. അവിടെ അറിയപ്പെടുന്ന എല്ലാ സാഹിത്യകാരന്മാരും എല്ലാ സാംസ്‌കാരിക നായകന്മാരുമൊക്ക ആര്‍.എസ്.പി അനുഭാവികളോ സഹായികളോ ആയി നില്‍ക്കുന്ന കാലം. എന്തുകൊണ്ടോ യൂണിവേഴ്‌സിറ്റി കോളേജില്‍ വന്ന് ചേരുമ്പോള്‍ മണി എസ്.എഫ് ആയി. അപ്പോള്‍ ഞാനവിടെ പിഎസ്‌യു നേതാവാണ്. കണിയാപുരം രാമചന്ദ്രനാണ് എസ്.എഫിനെ നയിക്കുന്നത്. പലപ്പോഴും ഏറ്റുമുട്ടലുകളുണ്ടാകുന്നതാണ് അന്നത്തെ രാഷ്ട്രീയം. എന്നെ പരാജയപ്പെടുത്താന്‍ വേണ്ടി എസ്എഫുകാര്‍ മുന്നില്‍ കൊണ്ടു നിര്‍ത്തുന്നത് മണിയെയാണ്. എന്റെ സ്‌നേഹിതനായതുകൊണ്ട് ഞങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലുകള്‍ ഒഴിവാക്കാന്‍ കഴിയും എന്നാണ് ധാരണ. പക്ഷേ അങ്ങനെയല്ല, പല തവണ ഏറ്റുമുട്ടലുകളുണ്ടായി. അപ്പോഴൊന്നും ഞങ്ങൾ തമ്മിലുള്ള സൗഹൃദത്തിന് അത് ഒരു തടസ്സമായി മാറിയില്ല. പലപ്പോഴും പരസ്പരം കയ്യാങ്കളി തന്നെ നടത്തി. വൈകുന്നേരം ആകുമ്പോള്‍ രണ്ടുപേരും സങ്കടപ്പെട്ട് പരസ്പരം കെട്ടിപ്പിടിച്ച് കരഞ്ഞ കഥയും എന്റെ ഓര്‍മ്മയില്‍ എത്തുന്നു.

 

ഡിഗ്രി കഴിഞ്ഞപ്പോള്‍ തന്നെ നേരേ ഡല്‍ഹിക്കാണ് മണിയെ പത്രാധിപര്‍ വിട്ടത്. ഏതാണ്ട് എട്ട് പത്ത് വര്‍ഷക്കാലം ഡല്‍ഹിയില്‍ കേരളകൗമുദിയുടെ ലേഖകനായിരുന്നു. പത്രപ്രവര്‍ത്തനത്തിന്റെ ബാലപാഠങ്ങള്‍ മണി പഠിച്ചത് അന്ന് ഡല്‍ഹിയില്‍ ഉണ്ടായിരുന്ന മുതിർന്ന പത്രപ്രവര്‍ത്തകരിൽനിന്നാണ്. അവിടുന്ന് പഠിച്ചാണ് മണി വന്നത്. ഇവിടെ വരുമ്പോള്‍ തന്നെ നല്ലൊരു അഹങ്കാരി ആയിട്ടാണ് വരുന്നത്. അഹങ്കാരി എന്നു വെച്ചാല്‍ നല്ല അറിവുള്ള, ആരെയും അനുകരിക്കേണ്ടാത്ത ഒരു വ്യക്തിത്വത്തോട് കൂടിയാണ് മണി ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് മടങ്ങിയെത്തിയത്. അന്ന് ഡല്‍ഹിയില്‍ പോയ മണി അവിടുത്തെ രാഷ്ട്രീയ-പത്രപ്രവര്‍ത്തനമേഖലയില്‍ വലിയ സൗഹൃദവലയമാണ് സൃഷ്ടിച്ചത്. അത് അവസാനം വരെയും അദ്ദേഹത്തിനൊപ്പം ഉണ്ടായിരിക്കുകയും ചെയ്തു.

 

എം.എസ്.മണിയെ സൃഷ്ടിച്ച പത്രാധിപര്‍ കെ.ബാലകൃഷ്ണനാണ്, പത്രാധിപര്‍ കെ.സുകുമാരനല്ല. കെ.ബാലകൃഷ്ണനെ കണ്ടാണ് മണി എല്ലാം പഠിച്ചത് എല്ലാ ഉപദേശങ്ങളും അഭിപ്രായങ്ങളും തേടിയിരുന്നതും അദ്ദേഹത്തോടായിരുന്നു. കേരളകൗമുദിയില്‍ പില്‍ക്കാലത്ത് ജോലിയില്‍ വന്നവരൊക്കെ കെ.ബാലകൃഷ്ണൻ നിർദ്ദേശിച്ചതനുസരിച്ച് മണി നിയമിച്ച ആളുകളായിരുന്നു. അങ്ങനെ എല്ലാ കാര്യങ്ങളിലും കെ.ബാലകൃഷ്ണന്റെ അഭിപ്രായം ഒരു കാലഘട്ടത്തോളം മണി സ്വീകരിച്ചിരുന്നു. അതു കഴിഞ്ഞ് അദ്ദേഹം പിടിവിട്ടു പോയപ്പോഴാണ് അവര്‍ തമ്മിലുള്ള അടുപ്പത്തില്‍ മങ്ങലേറ്റത്. മണി എല്ലാക്കാലത്തും കെ.ബാലകൃഷ്ണന്റെ സഹായിയും അഭ്യുദയകാംക്ഷിയും പലകാര്യങ്ങളിലും അദ്ദേഹത്തെ സ്വാധീനിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട വ്യക്തിയും ഒക്കെ ആയിരുന്നു. അന്ന് കെ.ബാലകൃഷ്ണന്‍ എന്നു പറയുന്നത് കേരളത്തിൽ പത്രപ്രവർത്തകനായ ഏത് ചെറുപ്പക്കാരനും അനുകരിച്ച് പോകുന്ന ഒരു കാലഘട്ടമാണ്. അങ്ങനെ പൊതുവായ ഒരു അനുകരണത്തിന്റെ ഭാഗം മണിയില്‍ ഉണ്ടായിരുന്നിരിക്കാം എന്നല്ലാതെ മണി ബോധപൂർവ്വം അനുകരിക്കാന്‍ നോക്കിയിട്ടില്ല. അനുകരിക്കുന്നില്ല എന്ന് വരുത്തിത്തീര്‍ക്കാന്‍ വേണ്ടി ബാലകൃഷ്ണനെ എതിര്‍ത്ത ഘട്ടങ്ങളും ഉണ്ടായിട്ടുണ്ട്. 

 

കേരളത്തിലെ പത്രപ്രവര്‍ത്തന ചരിത്രത്തില്‍ കെ.സുകുമാരന്റെയും കെ.ബാലകൃഷ്ണന്റെയും പാത പിന്തുടര്‍ന്ന് ധീരമായ നിലപാടുകളും പ്രവര്‍ത്തനങ്ങളുമാണ് എം.എസ് മണി നടത്തിയിരുന്നത്. അഴിമതിക്കെതിരായ പോരാട്ടത്തില്‍ തന്റെ പത്രത്തിനെ എങ്ങനെ ഉപയോഗിക്കാം എന്ന് തെളിയിച്ച വ്യക്തിത്വമായിരുന്നു എം.എസ് മണിയുടേത്. പത്രാധിപർ കെ.സുകുമാരനെപ്പോലും അത്ഭുതപ്പെടുത്തിക്കൊണ്ടും അമ്പരപ്പിച്ചുകൊണ്ടുമായിരുന്നു അഴിമതിക്കെതിരേ, വനം മാഫിയയ്‌ക്കെതിരേ, ഒരു ഉന്നതനായ കോണ്‍ഗ്രസ് മന്ത്രിക്കെതിരേ കാട്ടുകള്ളന്മാരെന്ന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. കൂടെ എസ്. ജയചന്ദ്രൻ നായരും എന്‍.ആര്‍.എസ് ബാബുവും അന്നുണ്ടായിരുന്നു. ഇത് മറ്റൊരു പത്രവും ചെയ്യാന്‍ ധൈര്യപ്പെടാത്തതോ അഥവാ ചെയ്യേണ്ടതാണ് എന്ന് ബോധ്യപ്പെടാത്തതോ ആയ കാര്യമാണ്. അന്ന് മണി പുതിയ ഒരു വഴി വെട്ടിത്തെളിക്കുകയായിരുന്നു.

 

അറിവുള്ള ആളുകളെയും കഴിവുള്ള ആളുകളെയും അംഗീകരിക്കാനും അവരെ ബഹുമാനിക്കാനും അവര്‍ക്ക് അങ്ങേയറ്റം പ്രോത്സാഹനവും പിന്തുണയും നല്‍കാനും അദ്ദേഹം കാണിച്ച സൗമനസ്യമാണ് മണിയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ പ്രത്യേകം എന്റെ ഓര്‍മ്മയില്‍ വരുന്നത്. കേരളത്തില്‍ മിക്കവാറും എല്ലാ സാഹിത്യകാരന്മാരും തിരുവനന്തപുരത്ത് വന്നാല്‍ മണിയുടെ അതിഥികളായിരുന്നു. കേന്ദ്രത്തില്‍ നിന്ന് വരുന്ന രാഷ്ട്രീയ സാംസ്‌കാരിക നേതാക്കളും തിരുവനന്തപുരത്തെ മണിയുടെ അതിഥികളായിരുന്നു.
കേരള കൗമുദിയെ ദേശീയ തലത്തില്‍ തന്നെ പ്രമുഖമായ ഒരു പത്രമാക്കി മാറ്റുന്നതിന് മണിയുടെ ഡൽഹിയിലെ പ്രവര്‍ത്തനങ്ങള്‍ വളരെ സഹായിച്ചു.

 

എംഎസ് മണിയുടെ വേര്‍പാട് ദുഃഖകരമാണ്. അദ്ദേഹത്തിന്റെ ജീവിതാവസാനം സന്തോഷകരമായിരുന്നില്ല. പലവിധ പ്രശ്‌നങ്ങള്‍ അദ്ദേഹത്തെ അലട്ടിയിരുന്നു. പ്രധാനമായും ആരോഗ്യപ്രശ്‌നങ്ങള്‍. കാഴ്ച നഷ്ടപ്പെട്ട് കുറച്ചുകാലം കഴിയേണ്ടി വന്നത് വലിയ ദുര്യോഗം ആയിരുന്നു. ഞങ്ങള്‍ തമ്മില്‍ കൂടെക്കൂടെ കാണുമായിരുന്നു. സൗഹൃദം പങ്കിടുമായിരുന്നു. ആത്മാര്‍ത്ഥ സ്‌നേഹിതനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. പത്രമാധ്യമമേഖലയ്ക്ക് വളരെ പ്രതാപിയായ ഒരു വ്യക്തിത്വത്തെയാണ് നഷ്ടപ്പെട്ടത്. തീരാനഷ്ടമെന്നോ നികത്താനാവാത്ത വിടവെന്നോ ഒന്നും പറയാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല.