editorial

24 Jun 2020 07:30 AM IST

TKV

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി നായകനാകുമ്പോൾ

സമരത്തിൻ്റെ എല്ലാ ഘട്ടങ്ങളിലും അടി പതറാതെ ഉറച്ചു നിന്ന നിർഭയനായ സ്വാതന്ത്ര്യസമരനായകനാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. വാരിയംകുന്നത്തെയും അതുപോലെയുള്ള ധീരരായ വിപ്ലവകാരികളെയും കുറിച്ചും മലബാർ കലാപത്തെക്കുറിച്ചുമുള്ള പഠനങ്ങളെയും അന്വേഷണങ്ങളെയും പ്രോത്സാഹിപ്പിക്കുകയാണ് ഹിന്ദു വർഗ്ഗീയവാദികൾക്കുള്ള മറുപടി.

മലബാർ കലാപത്തിൻ്റെ അമ്പതാം വാർഷികത്തിൽ കലാപത്തെ സ്വാതന്ത്ര്യ സമരത്തിൻ്റെ ഭാഗമായി അംഗീകരിക്കുമ്പോൾ അതിനെതിരേ അറിയപ്പെടുന്ന തരത്തിൽ പ്രതിഷേധമൊന്നുമുണ്ടായില്ല. അരനൂറ്റാണ്ടോളം പിന്നിട്ട് മലബാർ കലാപത്തിൻ്റെ ശതവാർഷികം ആചരിക്കാനുള്ള തയ്യാറെടുപ്പുകൾ നടക്കുമ്പോൾ മലബാർ കലാപത്തെ വർഗ്ഗീയ ലഹളയായി ചിത്രീകരിച്ച് കലാപത്തിന് കോപ്പു കൂട്ടുകയാണ് ഹിന്ദു വർഗ്ഗീയ വാദികൾ. മലബാർ കലാപത്തിൻ്റെ നേതാക്കളിൽ പ്രധാനിയായിരുന്ന വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ മുഖ്യകഥാപാത്രമാക്കി ചലച്ചിത്രങ്ങൾ നിർമ്മിക്കപ്പെടാൻ പോകുന്നു എന്ന വാർത്തയാണ് ഹിന്ദുത്വ തീവ്രവാദികളെ രോഷാകുലരാക്കുന്നത്. സിനിമ ചിത്രീകരിക്കാൻ അനുവദിക്കില്ല എന്ന് പരസ്യമായ ഭീഷണി മുഴക്കാൻ പോലും സംഘപരിവാർ നയിക്കുന്ന മതഭ്രാന്തന്മാർ തയ്യാറായിരിക്കുന്നു.

 

മുമ്പും മലബാർ കലാപത്തെ വർഗ്ഗീയമായി ചിത്രീകരിക്കാനുള്ള ഒറ്റപ്പെട്ട ശ്രമങ്ങളുണ്ടായിട്ടുണ്ട്. അജ്ഞതയിൽ നിന്നും ഭാഗികമായ ധാരണകളിൽ നിന്നും മതാന്ധതയിൽ നിന്നും രൂപം കൊണ്ട അത്തരം അഭിപ്രായ പ്രകടനങ്ങളെ ആരും കാര്യമായി എടുത്തിട്ടില്ല. മലബാർ കലാപത്തെ വർഗ്ഗീയ ലഹളയായി ചിത്രീകരിക്കാൻ കുമാരനാശാൻ്റെ ദുരവസ്ഥ എന്ന കൃതിയിൽ മലബാർ കലാപത്തെക്കുറിച്ച് നടത്തുന്ന ചില പരാമർശങ്ങളെ കൂട്ടുപിടിച്ചും ചിലർ ശ്രമിച്ചിട്ടുണ്ട്. മലബാർ കലാപത്തെ വർഗ്ഗീയ കലാപമായാണ് ബ്രിട്ടീഷ് ഭരണാധികാരികളും അവരെ താങ്ങിനിന്നവരും ചിത്രീകരിച്ചത്. സാമ്രാജ്യത്വത്തിന് ദാസ്യവൃത്തി ചെയ്ത പത്രങ്ങളും ആ മാർഗ്ഗം തന്നെ പിന്തുടർന്നു. അന്ന് തിരുവിതാംകൂറിൽ പത്രങ്ങളിലൂടെയും മറ്റും ലഭ്യമായ വിവരങ്ങൾ ആശാൻ്റെ പരാമർശങ്ങളെ സ്വാധീനിച്ചിട്ടുണ്ടാകാം. കുമാരനാശാൻ രചിച്ചത് ചരിത്ര ഗ്രന്ഥമല്ല. ഒരു സർഗ്ഗാത്മക കൃതിയിലെ പരാമർശങ്ങൾ ഒരു ചരിത്രസംഭവത്തെ വിലയിരുത്താനുള്ള ആധികാരിക വസ്തുതകളല്ല.

 

മലബാർ കലാപത്തിനു പിന്നിലെ രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവുമായ കാരണങ്ങൾ പഠിച്ചു കൊണ്ടു മാത്രമേ കലാപത്തെ സമഗ്രതയിൽ മനസ്സിലാക്കാൻ കഴിയൂ. നിസ്സഹകരണ - ഖിലാഫത്ത് പ്രസ്ഥാനം എങ്ങനെയാണ് തെക്കേ മലബാറിൽ ശക്തി പ്രാപ്രിച്ചതെന്ന് മനസ്സിലാക്കുന്നതോടൊപ്പം തെക്കേ മലബാറിലെ, പ്രത്യേകിച്ച് ഏറനാട്, വള്ളുവനാട് താലൂക്കുകളിലെ ഭൂവുടമാ ബന്ധത്തിൻ്റെ സവിശേഷതകളും അവയുടെ ജാതി- മത അടിസ്ഥാനങ്ങളും മലബാർ കലാപത്തെക്കുറിച്ച് പറയുന്നവർ മനസ്സിലാക്കിയിരിക്കണം. നിസ്സഹകരണ പ്രസ്ഥാനത്തോടൊപ്പം ഖിലാഫത്ത് കൂട്ടിച്ചേർത്തത് ഏറനാട്ടിലെയും വള്ളുവനാട്ടിലെയും മാപ്പിള മാരല്ല. ഇന്ത്യൻ മുസ്ലീങ്ങളെ ദേശീയ പ്രസ്ഥാനത്തിലേക്ക് വൻതോതിൽ ആകർഷിക്കുന്നതിന് ഇങ്ങനെയൊരു മാർഗ്ഗം സ്വീകരിച്ച മഹാത്മാഗാന്ധിയോട് വിയോജിക്കാൻ ആർക്കും അവകാശമുണ്ട്. പക്ഷേ,അതിൻ്റെ ഉത്തരവാദിത്വം തെക്കേ മലബാറിലെ മാപ്പിളമാരിലെന്നല്ല, ഇന്ത്യൻ മുസ്ലീങ്ങളിലും കെട്ടിവയ്ക്കാനാവില്ല. ഗാന്ധിജിയുടെ തർദ്ദേശപ്രകാരമാണ് മൗലാനാ മുഹമ്മദാലിയും മൗലാനാ ഷൗക്കത്തലിയും ആ സമരത്തിൻ്റെ മുൻനിരയിലേക്ക് കടന്നുവന്നത്.

 

ഭൂവുടമകൾ, കാണക്കുടിയാന്മാർ, വെറുംപാട്ടക്കുടിയാന്മാർ എന്നിങ്ങനെയായിരുന്നു തെക്കേ മലബാറിലെ ഭൂഉടമാ ഘടന. ഭൂമിയിൽ പൂർണ്ണാവകാശമുള്ള ജന്മിമാർ നമ്പൂതിരി ബ്രാഹ്മണർ. പരിമിതമായ അവകാശമുള്ള കാണക്കുടിയാന്മാർ ഏറിയ കൂറും നായർ സമുദായത്തിൽപെട്ടവർ. പണിയെടുക്കുക എന്നല്ലാതെ ഭൂമിയിൽ ഒരു അവകാശവുമില്ലാത്ത വെറും പാട്ടക്കുടിയാന്മാർ മാപ്പിളമാർ. മലബാറിൽ നാമ്പെടുത്ത ദേശീയ പ്രസ്ഥാനത്തിൻ്റെ പിന്നിൽ പ്രവർത്തിച്ചതും നേതൃത്വത്തിലേക്കു വന്നതും പ്രധാനമായി നായർ വിഭാഗത്തിൽ പെട്ടവരായിരുന്നു. വിദ്യാഭ്യാസത്തിൻ്റെ ആനുകൂല്യം പ്രയോജനപ്പെടുത്തുകയും അഭിഭാഷകവൃത്തി തുടങ്ങിയ തൊഴിൽ മേഖലകളിൽ പ്രവേശിക്കുകയും ചെയ്തവരായിരുന്നു ജന്മിമാരുടെ കാര്യസ്ഥരും കാണക്കുടിയാന്മാരുമായിരുന്ന ഇക്കൂട്ടർ. സാമ്രാജ്യത്വം തങ്ങളുടെ താല്പര്യങ്ങൾക്കു വേണ്ടി ജന്മിമാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ പ്രത്യേക ശ്രദ്ധ നല്കുകയുണ്ടായി. വെറും പാട്ടക്കുടിയാന്മാരായ മാപ്പിളമാരുടെ പിന്തുണയില്ലാതെ നിസ്സഹകരണ പ്രസ്ഥാനത്തെ ശക്തിപ്പെടുത്താൻ കഴിയില്ലെന്ന് മനസ്സിലാക്കിയ കോൺഗ്രസ് നേതാക്കൾ, ഖിലാഫത്തിന് ഊന്നൽ നല്കിയാണ് പ്രചരണം സംഘടിപ്പിച്ചത്.

 

വാരിയം കുന്നത്തു കുഞ്ഞഹമ്മദ് ഹാജി, ആലി മുസലിയാർ തുടങ്ങിയ നേതാക്കൾ, ഞായറാഴ്ച കോൺഗ്രസുകാരിൽ നിന്നു വ്യത്യസ്തമായി സമരത്തിൽ നിന്ന് ഒളിച്ചോടുകയോ പിന്മാറുകയോ ചെയ്യുന്നവരായിരുന്നില്ല. ഭൂവുടമാവകാശങ്ങളിൽ തങ്ങൾക്ക് അനുകൂലമായ മാറ്റങ്ങൾ സൃഷ്ടിക്കുന്നതിന് ജന്മിമാരുടെയും ഭരണകൂടത്തിൻ്റെയും മേൽ സമ്മർദ്ദം ചെലുത്താൻ ഒരവസരമായി കൂടി നിസ്സഹകരണ - ഖിലാഫത്ത് പ്രസ്ഥാനത്തെ കണ്ട ഞായറാഴ്ച കോൺഗ്രസുകാർ സമരം രൂക്ഷമായതോടെ പിൻവാങ്ങി. സമരം രൂക്ഷമാകുകയും പട്ടാളം അഴിഞ്ഞാടുകയും ചെയ്തപ്പോൾ ഞായറാഴ്ച കോൺഗ്രസുകാർ മിക്കവരും സമരരംഗത്തു നിന്ന് അപ്രത്യക്ഷരായി. ജന്മിമാർക്കുവേണ്ടി പട്ടാളം ഇറങ്ങുകയും മേൽജാതി ഹിന്ദുക്കളായ കോൺഗ്രസുകാർ സമരത്തിൽ നിന്ന് ഒളിച്ചോടുകയും ചെയ്തപ്പോൾ സമരരംഗത്ത് ഉറച്ചു നിന്ന മാപ്പിളമാരിൽ നുണ പ്രചാരണങ്ങളും വ്യാജവാർത്തകളും വഴി സംശയത്തിൻ്റെയും ആശങ്കയുടെയും വിത്തു വിതച്ച ഭരണകൂട ദല്ലാളുകളാണ് സമരത്തിന് വർഗ്ഗീയച്ഛായ പകർന്നു നല്കിയത്. മമ്പറം പള്ളി തകർത്തു എന്നു തുടങ്ങിയ വ്യാജ പ്രചാരണങ്ങൾ സമര സേനാനികളെ പരിഭ്രാന്തരാക്കി. പട്ടാളത്തിൻ്റെയും പോലീസിൻ്റെയും ആക്രമണം ഒരു വശത്തു നടക്കുമ്പോൾ, ശത്രുക്കളുടെയും ഒറ്റുകാരുടെയും, അങ്ങനെ സംശയിക്കട്ടെവരുടെയും വീടുകളും വസ്തുവകകളും ആക്രമിക്കപ്പെട്ടു.

 

വാഗൺ ട്രാജഡി പോലെ അതിദാരുണമായ സംഭവങ്ങളുണ്ടായി. സമരത്തിൻ്റെ എല്ലാ ഘട്ടങ്ങളിലും അടി പതറാതെ ധീരതയോടെ ഉറച്ചു നിന്ന ധീരനായ സ്വാതന്ത്യ സമര സേനാനിയാണ് വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. അദ്ദേഹത്തെക്കുറിച്ച് ഒന്നോ അതിലധികമോ സിനിമകൾ ഉണ്ടാകുന്നു എന്നത് സ്വാഗതം ചെയ്യപ്പെടേണ്ട കാര്യമാണ്. ഇത്രയും വൈകിപ്പോയെങ്കിലും വാരിയംകുന്നത്തിനെക്കുറിച്ച് സിനിമയുണ്ടാകുന്നു എന്നത് വരും തലമുറകളോടുള്ള കടമ നിറവേറ്റലാണ്. വാരിയംകുന്നത്തെക്കുറിച്ച് സിനിമ എടുക്കുന്നതിനെതിരേ ഹിന്ദുത്വ തീവ്രവാദികൾ ഉയർത്തുന്ന പ്രതിഷേധങ്ങളെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുകയാണ് വേണ്ടത്. വരിയംകുന്നത്തെയും അതുപോലെയുള്ള ധീരരായ വിപ്ലവകാരികളെയും കുറിച്ചും മലബാർ കലാപത്തെക്കുറിച്ചുമുള്ള പഠനങ്ങളെയും അന്വേഷണങ്ങളെയും പ്രോത്സാഹിപ്പിക്കുകയാണ് ഹിന്ദു വർഗ്ഗീയവാദികൾക്കുള്ള മറുപടി. ആർ.എസ്.സ്സുകാർക്ക് വേണമെങ്കിൽ അവരും സിനിമയെടുക്കട്ടെ. ഒരാളുടെയും ആവിഷ്കാരത്തിനും ആശയപ്രകാശനത്തിനുമുള്ള സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്താൻ ആർക്കും അവകാശമില്ല. സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുക്കുകയും ഗാന്ധിജിയെ വധിച്ച കേസിൽ പ്രതിയാകുകയും സാങ്കേതികമായി രക്ഷപ്പെടുകയും ചെയ്ത സവർക്കറെ മഹത്വവല്ക്കരിക്കുന്ന 'കാലാപാനി' പോലെ ചരിത്രത്തെ ആഭാസകരമായി ചിത്രീകരിക്കുന്ന ഒരു സിനിമയ്ക്കു പോലും ഇവിടെ എതിർപ്പു നേരിടേണ്ടി വന്നില്ല എന്നോർക്കുക.