National News

10 Jul 2020 23:30 PM IST

Reporter-Leftclicknews

വികാസ് ദുബൈയുടെ കൊല : പോലീസ് സംശയത്തിൻ്റെ നിഴലിൽ

വികാസ് ദുബൈ വ്യാജ ഏറ്റുമുട്ടലിൽ കൊല്ലപ്പെടാൻ സാധ്യതയുണ്ടെന്നു കാട്ടി കഴിഞ്ഞ ദിവസം സുപ്രീം കോടതിയിൽ ഒരു അഭിഭാഷകൻ ഹർജി നല്കിയതിനു പിന്നാലെയാണ് ഇന്ന് ദുബൈ കൊല്ലപ്പെട്ടത്.

ഗുരുതരമായ 60ലേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ കുറ്റവാളി വികാസ് ദുബൈ പോലീസ് വെടിവയ്പിൽ കൊല്ലപ്പെടാനിടയായ സംഭവത്തിൽ ദുരൂഹതകളേറെ. ഇന്നലെ മധ്യപ്രദേശിലെ ഒരു ക്ഷേത്രത്തിനു മുന്നിൽ വച്ച് അറസ്റ്റു ചെയ്യപ്പെട്ട വികാസ് ദുബൈയെ പോലീസ് വാഹനത്തിൽ കാൺപൂരിലേക്ക് കൊണ്ടുവരുന്നതിനിടയിൽ ഇന്നു രാവിലെയാണ് പോലീസ് വെടിവച്ചു കൊന്നത്. വഴിമധ്യേ കാൺപൂരെത്താൻ 1 മണിക്കൂർ മാത്രം ബാക്കിയുള്ളപ്പോൾ വികാസ് ദുബൈയെ കൊണ്ടുവന്ന കാർ അപകടത്തിൽ പെട്ടെന്നും പോലിസുകാരൻ്റെ കയ്യിൽ നിന്ന് തോക്ക് തട്ടിയെടുത്ത് വെടിവയ്ക്കാൻ ശ്രമിച്ചപ്പോൾ മറ്റു പോലീസുകാർ വെടിവച്ചു എന്നും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ലെന്നുമാണ് പോലീസ് ഭാഷ്യം.

 

ജൂലൈ 3 ന് വികാസ് ദുബൈയെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ച സംഘത്തിലെ 8 ഹേലീസുകാരെ അയാളും സംഘവും വെടിവച്ചു കൊലപ്പെടുത്തുകയുണ്ടായി. പോലീസിൽ നിന്ന് രക്ഷപ്പെട്ട് ദുബൈ ഒളിവിൽ പോകുകയായിരുന്നു. ദുബൈയുടെ സംഘത്തിലെ 5 പേരെ പിന്നീട് പോലീസ് വെടിവച്ചു കൊന്നു. ദുബൈയുടെ സംഘത്തിൽ പെട്ടവർ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടൽ കൊലയിലാണെന്ന് ആരോപണം ഉയർന്നിരുന്നു. കാർ മറിഞ്ഞതിനെ തുടർന്ന് ദുബൈ രക്ഷപ്പെടാൻ ശ്രമിച്ചു എന്ന പോലീസ് ഭാഷ്യം കള്ളമാണെന്നും ദുബൈ ജീവിച്ചിരുന്നാൽ യുപി ഭരണാധികാരികളുടെ കള്ളത്തരങ്ങൾ പലതും പുറത്തുവരുമെന്ന ഭയം മൂലം അയാളെ കൊലപ്പെടുത്തുകയായിരുന്നെന്നും സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ട്വീറ്റ് ചെയ്തു. വ്യാജ ഏറ്റുമുട്ടലുകൾ രാജ്യത്തെ നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും വികാസ് ദുബൈ വ്യാജ ഏറ്റുമുട്ടലിൽ കൊല്ലപ്പെടാൻ സാധ്യതയുണ്ടെന്നും കാട്ടി കഴിഞ്ഞ ദിവസം സുപ്രീം കോടതിയിൽ ഒരു അഭിഭാഷകൻ ഹർജി നല്കിയതിനു പിന്നാലെയാണ് ഇന്ന് ദുബൈ കൊല്ലപ്പെട്ടത്.

 

 


Reporter-Leftclicknews