16 Feb 2020 10:15 AM IST
പുൽവാമയിൽ നാല്പതോളം സിആർപിഎഫ് ജവാൻമാർ കൊല്ലപ്പെട്ടിട്ട് ഇന്നലെ ഒരു വർഷം തികഞ്ഞു. സൈനിക വാഹനവ്യൂഹത്തിന് ഇടയിലേക്ക്, അനേകം ചെക്ക് പോയിന്റുകൾ മറികടന്ന് അത്ര ഭീകരമായ ഒരു അക്രമണം നടത്താൻ തീവ്രവാദികൾക്ക് എങ്ങനെ കഴിഞ്ഞു എന്നത് സംഭവത്തിന്റെ ഒരാണ്ട് കഴിഞ്ഞിട്ടും ദുരൂഹമായി തുടരുന്നു. കേസ് അന്വേഷിക്കുന്ന എൻ.ഐ.എ ഇന്നും ഇരുട്ടിൽ തപ്പുകയാണ്. ശ്രീലങ്കയിൽ ഈസ്റ്റർ ദിനത്തിൽ നടന്ന ഭീകരാക്രമണത്തിന് മുൻകൂട്ടി അറിയിപ്പ് കൊടുക്കാൻ കഴിഞ്ഞ ഇന്ത്യൻ അന്വേഷണ ഏജൻസികൾ സ്വന്തം സൈനികരുടെ കൂട്ടക്കുരുതിക്ക് പിന്നിലെ അജ്ഞാത ശക്തികളെയും ദുരൂഹമായ അനവധി ചോദ്യങ്ങൾക്കും ഉത്തരം കണ്ടെത്താൻ കഴിയാതെ തികഞ്ഞ അലംഭാവത്തിലാണ്.
കുറച്ചു മാസങ്ങൾക്ക് മുൻപാണ് കശ്മീരിലെ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ആയിരുന്ന ദവിന്ദ്ര സിംഗിനെ രണ്ട് ഹിസ്ബുൾ മുജാഹിദ് പ്രവർത്തകർക്കൊപ്പം അറസ്റ്റ് ചെയ്തത്. സ്വന്തം വീട്ടിൽ ഭീകര പ്രവർത്തകർക്ക് താമസ സൗകര്യങ്ങൾ ചെയ്തുകൊടുത്തു എന്ന ഗുരുതരമായ കുറ്റമാണ് ഇയാൾ ചെയ്തത്. 2011 ലെ പാർലമെൻറ് ആക്രമണത്തിൽ കുറ്റാരോപിതനായിരുന്ന അഫ്സൽ ഗുരു തന്റെ നിരപരാധിത്വം ബോധ്യപ്പെടുത്താൻ ശ്രമിച്ചു കൊണ്ട് എഴുതിയ കത്തിൽ ദവിന്ദ്ര സിംഗിന്റെ പങ്കിനെക്കുറിച്ച് സൂചിപ്പിച്ചിരുന്നത് രാജ്യം അന്ന് മുഖവിലയ്‌ക്കെടുത്തിരുന്നില്ല. ഇതേ ദവിന്ദ്ര സിംഗ് മെയ് 2017 മുതൽ 2018 ഓഗസ്റ്റ് വരെ പുൽവാമയിൽ ജോലിനോക്കിയിരുന്നു എന്നത് കൂടി ചേർത്തുവായിക്കുമ്പോൾ പുൽവാമയിലേത് വെറുമൊരു ഭീകരാക്രമണം മാത്രമല്ല എന്ന് ന്യായമായും സംശയിക്കാം. ഉന്നതരുടെ പിന്തുണയില്ലാതെ ഒരു പോലീസ് ഉദ്യോഗസ്ഥന് ഇങ്ങനെയൊക്കെ ചെയ്യാൻ കഴിയുമോ എന്ന് ആരും ചോദിച്ചുപോകും. ചുരുക്കി പറഞ്ഞാൽ കാവൽക്കാർ കള്ളന്മാരാണ് അഥവാ കള്ളന്മാർ കപ്പലിൽ തന്നെയുണ്ട്!
ഏതായാലും പുൽവാമ സംഭവത്തിന്റെ രാഷ്ട്രീയവൽക്കരണമാണ് പിന്നീടങ്ങോട്ട് ഇന്ത്യ കണ്ടത്. തെരഞ്ഞെടുപ്പ് ഗോദയിൽ മോദിയും കൂട്ടരും 'കാവൽക്കാരായി' മാറുന്നതും തെരഞ്ഞെടുപ്പ് ചട്ടങ്ങളെല്ലാം ലംഘിച്ച് സൈനിക നടപടികളെ തങ്ങളുടെ നേട്ടങ്ങൾക്ക് സമർത്ഥമായി ഉപയോഗിക്കുന്നതും രാജ്യം കണ്ടു. പുൽവാമ ആക്രമണത്തിന് തിരിച്ചടിയായി പാകിസ്ഥാനിലെ ബാലാക്കോട്ടിൽ ഇന്ത്യൻ സൈനികർ നടത്തിയ മിന്നലാക്രമണങ്ങളെ ഓരോ തെരഞ്ഞെടുപ്പ് റാലിയിലും ഉപയോഗപ്പെടുത്താൻ അവർക്ക് കഴിഞ്ഞു! നോട്ടു നിരോധനത്തിന്റെയും ഇന്ധനവില വർദ്ധനവിന്റെയും തൊഴിലില്ലായ്മയുടെയും പശുവിന്റെ പേരിൽ നടന്ന മനുഷ്യക്കുരുതികളുടെയും കഥകളെല്ലാം ജനങ്ങൾ അതോടെ മറന്നുപോയി. 2019ലെ ലോക് സഭാ തിരഞ്ഞെടുപ്പിന് മുൻപ് പുൽവാമയ്ക്കും ബാലാക്കോട്ടിനും മുൻപ് രാജ്യത്ത് നടന്ന വിവിധ തെരഞ്ഞെടുപ്പുകളിൽ പ്രതീക്ഷിച്ച നേട്ടം കൊയ്യാൻ കഴിയാതെ ബിജെപി തളർന്നതും കോൺഗ്രസ്സ് കരുത്തോടെ പല സംസ്ഥാനങ്ങളിലും തിരിച്ചുവന്നതും പുൽവാമയ്ക്കും തുടർന്ന് ബാലാക്കോട്ടിലെ ആക്രമണത്തിനും ശേഷം ബിജെപി കൂടുതൽ സ്വാധീനം നേടുന്നതും 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രണ്ടാം മോദി സർക്കാർ വളരെ നാടകീയമായി അധികാരത്തിൽ വന്നതും പ്രത്യേകം വിലയിരുത്തേണ്ടുന്നവയാണ്. തെരഞ്ഞെടുപ്പ് ജയിച്ചതോടെ മോദിയും സംഘവും ട്വിറ്റർ അക്കൗണ്ടുകളിൽ പേരിനോടൊപ്പം വിശേഷണമായി വച്ചിരുന്ന 'ചൗക്കിദാർ' ബോർഡുകൾ ഇളക്കിമാറ്റുന്നതും ഇവിടെ ഓർക്കാവുന്നതാണ്.
തെരഞ്ഞെടുപ്പ് കാലത്ത് പുൽവാമയിലെ സൈനികർക്ക് വേണ്ടി കണ്ണീരൊഴുക്കിയ മോദി ഭരണകൂടത്തിന് നാളിതേവരെ പുൽവാമ ആക്രമണത്തിന്റെ സൂത്രധാരന്മാരെയും അവർക്ക് സൈനിക മേഖലയിൽ കടന്ന് അത്തരത്തിൽ ഒരു കാർ ബോംബ് സ്ഫോടനം നടത്താൻ കഴിഞ്ഞതുമെങ്ങനെയാണെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല .തിരഞ്ഞെടുപ്പ് കാലത്ത്മാത്രം ഒരു മുദ്രാവാക്യം പോലെ 'പാകിസ്ഥാനും' 'പട്ടാളവുമൊക്കെ' എങ്ങനെ ഉയർത്തിക്കൊണ്ടു വരുന്നു എന്നതിനും വംശവിദ്വേഷത്തിന്റെ രാഷ്ട്രീയം സമം കലർത്തി എങ്ങനെ വോട്ടാക്കി മാറ്റാം എന്നതിനും ഇന്ത്യയിൽ പിൽക്കാലത്ത് നടന്ന പല തെരഞ്ഞെടുപ്പുകളും ഉദാഹരണമാണ്. രാജ്യം നടത്തിയിട്ടുള്ള സൈനിക നടപടികളെ രാഷ്ട്രീയലാഭത്തിന് ബിജെപി ഉപയോഗിച്ചത്പോലെ ഇന്ത്യയിൽ മറ്റൊരു പാർട്ടിയും ചെയ്തിട്ടില്ല എന്നത് അടിവരയിട്ടു കാണേണ്ട വസ്തുതയാണ്.
എടുത്തുപറയേണ്ട മറ്റൊരു സമാനമായ സംഭവം ഇവിടെ പറയാതെ പോകാനാവില്ല.2016 സെപ്റ്റംബർ 29 ന് പാകിസ്ഥാൻ അധിനിവേശ കാശ്മീരിലെ തീവ്രവാദി താവളങ്ങൾ ഇന്ത്യ മിന്നലാക്രമണത്തിലൂടെ തകർത്തതുമായി ബന്ധപ്പെട്ട് ഒരു തെരഞ്ഞെടുപ്പ് കാലത്ത് നടന്ന വാർഷികാഘോഷ പരിപാടിയെ കുറിച്ചാണ്. 'ഉറി'യിൽ ഇന്ത്യൻ സൈനിക താവളത്തിൽ തീവ്രവാദികൾ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇന്ത്യയുടെ 'സർജിക്കൽ സ്ട്രൈക്ക്'. പത്തൊമ്പതോളം ഇന്ത്യൻ സൈനികരാണ് ഉറിയിൽ അന്ന് കൊല്ലപ്പെട്ടത്. ഇതിന്റെ പ്രതികാരമായി പാകിസ്ഥാനിലെ തീവ്രവാദികളുടെ ലോഞ്ച് പാഡുകൾ ഇന്ത്യൻ സൈന്യം അതീവരഹസ്യമായ സൈനിക നടപടികളിലൂടെ തകർക്കുകയും ചെയ്തു. രാജ്യമൊന്നാകെ ഈ സൈനിക നടപടിയിൽ അഭിമാനിക്കുകയും ചെയ്തു. അതിനുമപ്പുറം അതിനെ രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള ചില നീക്കങ്ങൾ പതിവുപോലെ സംഘപരിവാറിൽനിന്നും സംഘപരിവാർ നിയന്ത്രിത കേന്ദ്രഭരണകൂടത്തിൽ നിന്നുമുണ്ടായപ്പോൾ സൈനികമേധാവികൾപോലും ആ സമയത്ത് അതിനെയെല്ലാം ശക്തമായി എതിർത്തിരുന്നു. രഹസ്യമായ സൈനിക നടപടികൾ രാജ്യത്തെ ആദ്യത്തെ സംഭവവുമായിരുന്നില്ല. അതിന്റെ രഹസ്യസ്വഭാവത്തെ പരസ്യപ്പെടുത്തി ആഘോഷിക്കുന്നത് ഇന്ത്യയുടെ ചരിത്രത്തിൽ അപൂർവ്വമാണ്.
ഈ സംഭവം കഴിഞ്ഞ് രണ്ടുവർഷമായപ്പോൾ ഇതിന്റെ വാർഷികം ആഘോഷിക്കാൻ മോദി സർക്കാർ രാജ്യത്തോട് ആവശ്യപ്പെട്ടത് അതിശയോക്തിയായിട്ടല്ലാതെ ആർക്കും കാണാൻ കഴിയില്ല! 2017 സെപ്റ്റംബർ 29ന് മിന്നലാക്രമണത്തിന്റെ ഒന്നാം വാർഷികം ആഘോഷിക്കപ്പെട്ടിരുന്നില്ല എന്നതാണ് അതിശയോക്തിയുടെ കാരണം.തങ്ങൾ വലിയ ദേശഭക്തന്മാരും പട്ടാളസ്നേഹികളുമാണ് എന്ന് കാണിക്കാനുള്ള പതിവ് സംഘപരിവാർ ഗിമ്മിക്ക് മാത്രമല്ലിത്.അക്കാലത്ത് റഫാൽ യുദ്ധവിമാനക്കരാറിൽ ഉൾപ്പടെ പുറത്തുവന്ന അഴിമതിയാരോപണവും സർക്കാരിന് ഒരു ചെറുവിരൽ പോലും അനക്കാൻ കഴിയാതെ പ്രതിദിനം നിയന്ത്രണാതീതമായി തുടരുന്ന ഇന്ധന-പാചകവാതക വിലവർദ്ധനവും നോട്ടുനിരോധനത്തിന്റെ പരാജയവിവരങ്ങളും ഉൾപ്പടെ മോദി സർക്കാരിന്റെ നാൾവഴികളിലെ ഭരണപരാജയങ്ങളെല്ലാം ചർച്ചചെയ്യുന്നതിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിട്ട് ദേശഭക്തിയുടേയും പട്ടാളസേന്ഹത്തിന്റെയും പുകമറയിൽ വരുന്ന തിരഞ്ഞെടുപ്പിനുള്ള കേവലരാഷ്ട്രീയ നാടകം മാത്രമായിരുന്നു 2018ൽ പൊട്ടിവീണ 'സർജിക്കൽ സ്ട്രൈക്ക് ഡേ' ആഘോഷിക്കൽ. ഒന്നാം വാർഷികം ഇല്ലാതെ ലോകത്ത് ആദ്യമായി നടന്ന ഒരു രണ്ടാം വാർഷിക അനുസ്‌മരണം ! ഇങ്ങനെ എത്രയോ സംഭവങ്ങൾ.
2020 ഫെബ്രുവരി പതിനാലിന് പുൽവാമയിലെ ധീര ജവാന്മാർക്ക് രാജ്യം ഓർമ്മപ്പൂക്കൾ നൽകുമ്പോൾ അവരുടെ ഭൗതിക ശരീരങ്ങളുംകൊണ്ട് തിരഞ്ഞെടുപ്പിന് റോഡ് ഷോകൾ നടത്തിയ ചില ഭീകരമുഖങ്ങളെയും നാം മറക്കരുത്. അതിലെ ഏറ്റവും ക്രൂരമായ ഒരു പുഞ്ചിരി ഇന്നുമോർക്കുന്നത് ബിജെപി എം.പി സാക്ഷി മഹാരാജിന്റേതായിരുന്നു. പുൽവാമയിലെ സൈനികരുടെ വീരമൃത്യു പ്രയോജനപ്പെടുന്നതിലുള്ള ആത്മസംതൃപ്തി മുഴുവൻ ആവാഹിച്ചതായിരുന്നു നിഗൂഢമായ ആ ചിരി. രാജ്യം അത്തരത്തിലുള്ള ചിരിയുടെ അർത്ഥാന്തരങ്ങൾ ഇനിയുമെത്ര തിരിച്ചറിയാൻ കിടക്കുന്നു. കാലം അത് തെളിയിക്കുക തന്നെ ചെയ്യും.