Kerala News

17 Nov 2018 12:10 PM IST

ശബരിമല വീണ്ടും തുറക്കുമ്പോള്‍

ഒരു പ്രബുദ്ധ സംസ്ഥാനത്തിന്‌ തീര്‍ത്തും അപമാനകരമാകുന്ന അശ്ലീലക്കാഴ്ചകളായാണു ലോകത്തിനു മുന്പില്‍ നില്‍ക്കുന്നതെന്ന് നാമജപക്കാരികള്‍ (പുരുഷന്മാരും) അറിയുന്നില്ല.

ഹ്രസ്വമെങ്കിലും കലാപ കലുഷിതമായ രണ്ടു ആരാധനാവേളകൾക്ക്‌ ശേഷം ശബരിമലയിൽ അടുത്ത ദീര്‍ഘമായ തീര്‍ത്ഥാടനകാലമെത്തുകയാണ്‌. സ്ത്രീകളെക്കൂടാതെ തന്നെ തിക്കും തിരക്കും എല്ലാം അനുഭവപ്പെടുന്ന മണ്ഡലപൂജയും മകരവിളക്കും. ഭക്തിസാന്ദ്രമായ ശബരിമല ദിനങ്ങളായിരുന്നില്ല കഴിഞ്ഞ രണ്ടു തവണയും ഉണ്ടായത്. നാമജപമെന്ന പേരില്‍ നടന്നതെല്ലാം അധിക്ഷേപപ്പാട്ടുകളായിരുന്നു, കലാപ ആഹ്വാനങ്ങളായിരുന്നു. എന്തായാലും കലാപക്കാര്‍ക്കു തന്നെ വിജയമെന്ന് അവരും വിധി നടപ്പാക്കാന്‍ ശ്രമിച്ച സര്‍ക്കാരിനാണ് വിജയമെന്ന് അവരും പറയുന്നു. സത്യത്തില്‍ ആരും വിജയിച്ചില്ല. തോറ്റ ജനതയല്ല, അതിജീവിച്ച ജനത എന്നൊക്കെ മേനി പറയുന്ന കേരളം, ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ക്കു മുമ്പില്‍ നാണം കെട്ട് തലതാഴ്ത്തി നില്‍ക്കുക തന്നെയാണ്‌.

 

ഇതെഴുതുമ്പോള്‍, കൊച്ചിയിലെ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിനു മുന്പില്‍ സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന ഒരു ജനക്കൂട്ടം കലാപ നാമജപം തുടരുകയാണ്‌. മഹാരാഷ്ട്രയില്‍ നിന്നെത്തിയ തൃപ്തി ദേശായിയും കൂടെയുള്ള ആറു സ്ത്രീകളും പുറത്തിറങ്ങാതെ മടങ്ങിപ്പോകണമെന്നാണവരുടെ ആവശ്യം. അങ്ങനെ ദേശീയ, അന്താരാഷ്ട്രീയ തലങ്ങളിലേയ്ക്ക് ശബരിമല അയ്യപ്പന്‍റെ ബ്രഹ്മചര്യ സം‍രക്ഷണവാര്‍ത്തകള്‍ വ്യാപിക്കുന്നു. അവര്‍ മടങ്ങിപ്പോയേക്കാം, അങ്ങനെ വീണ്ടും കലാപക്കാര്‍ ( ഭക്തരെന്നോ വിശ്വാസികളെന്നോ പത്ര ഭാഷയില്‍ അവരെ വിശേഷിപ്പിക്കുവാന്‍ ഞാന്‍ തയാറല്ല) ജയം നേടിയെന്നും പറഞ്ഞേക്കാം.

 

വിധി നടപ്പിലാക്കുവാന്‍ ചുമതലപ്പെട്ട സര്‍ക്കാര്‍, സം‍യമനത്തിന്‍റെ പാതയാണ് സ്വീകരിക്കുക എന്നത് ആദ്യം മുതല്‍ പ്രവൃത്തിയിലൂടെ തെളിയിച്ചതാണ്‌. പക്ഷേ സംയമനമെന്നാല്‍, കലാപകാരികളോട് അടിയറവു പറയുക എന്നതാണെന്ന രീതിയിലായിരിക്കുന്നു കാര്യങ്ങള്‍. ശബരിമല ക്ഷേത്രമോ പ്രതിഷ്ഠയുടെ സവിശേഷതയോ അല്ല കാര്യമെന്ന് ക്ഷേത്രവുമായി ബന്ധപ്പെട്ടവര്‍ക്ക് - അതായത് തന്ത്രിക്കും കൂട്ടാളികൾക്കും, അവകാശമുണ്ടെന്ന് വാദിക്കുന്ന പന്തളം കൊട്ടാരം അന്തേവാസികൾക്കും - നന്നായി അറിയാം. സ്ത്രീകള്‍, മുമ്പ് വ്യാപകമായല്ലെങ്കിലും ക്ഷേത്രത്തില്‍ കയറിയിരുന്നു എന്നു തന്ത്രി സമ്മതിച്ചതുമാണ്‌. അപ്പോള്‍ പ്രശ്നം സ്ത്രീകള്‍ കയറിയാല്‍ ആടിയുലഞ്ഞ് ഇല്ലാതാകുന്ന അയ്യപ്പബ്രഹ്മചര്യമല്ല. അതിലും വിലപ്പെട്ട ചിലതാണ്‌. അതായത് അധികാരം. അത്ര ചെറുതൊന്നുമല്ല അത്. രണ്ടു തരത്തിലുള്ള അധികാരങ്ങളിലാണു കണ്ണുകള്‍.

 

ഒന്നാമത്തേത് ക്ഷേത്രങ്ങളുമായി സംബന്ധിച്ചതു തന്നെ. ക്ഷേത്രങ്ങളും പൂജയുമായി സംബന്ധിച്ച എല്ലാ അവകാശങ്ങളും പൂണൂല്‍ധാരികളില്‍ മാത്രം നിക്ഷിപ്തമായ ഒന്നാണ്‌, അവര്‍ എല്ലാ അശുദ്ധികള്‍ക്കും അതീതരാണ്‌. ശ്രീകോവിലിലേയ്ക്ക് നടന്നുപോകുന്ന പൂജാരിയുടെ വിരല്‍ത്തുമ്പുപോലും ഭകതരുടെ മേല്‍ സ്പര്‍ശിക്കരുത് എന്ന നിര്‍ബന്ധത്തില്‍ തുടങ്ങുന്നു ശുദ്ധി നിയമങ്ങള്‍. ജാതിവ്യവസ്ഥ ഭംഗമേല്‍ക്കാതെ നിലനില്‍ക്കുവാന്‍ ഇത്തരം നിയമങ്ങളും മേധാവിത്വവും ആവശ്യമാണ്‌, അതുകൊണ്ടു തന്നെ ബ്രാഹ്മണനു തൊട്ടു താഴെയെന്നഭിമാനിക്കുന്ന സവര്‍ണ്ണവര്‍ഗ്ഗവും അതിനു കുട പിടിക്കുന്നു. നവോത്ഥാനമെന്ന് നാമുറക്കെ വിളിച്ചുകൂവുന്ന ആ കാലം എത്ര സാവധാനമാണ് ഫലങ്ങളുളവാക്കിയത്. അതാണെങ്കില്‍ പിടിച്ചു നിര്‍ത്തിയതുപോലെ നിന്നുപോകുകയും ചെയ്തു. പിന്നീട് വളര്‍ന്നത് ശാസ്ത്രവും സാങ്കേതികവിദ്യയും മാത്രമാണ്‌. തല്‍ഫലമായി സാമ്പത്തികവളര്‍ച്ചയുമുണ്ടായി. പക്ഷേ സാമൂഹ്യവളര്‍ച്ചയോ ?

 

അമ്പതു വയസ്സു പ്രായമുള്ള ഒരാള്‍ക്ക്, ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും കാര്യത്തിൽ, തന്‍റെ കുട്ടിക്കാലവും ഇപ്പോഴത്തെ കാലവും തമ്മില്‍ കാണാന്‍ കഴിയുന്ന വ്യത്യാസം എത്ര കുറവാണ്‌? ജാതിയും മതവും ഒക്കെ അന്നത്തെപ്പോലെ ശക്തമായി നിലനില്‍ക്കുന്നുണ്ട് ഇന്നും. ഒരു വ്യത്യാസമുള്ളത് നാം കുറെക്കൂടി നാട്യവിദഗ്ദ്ധരായിരിക്കുന്നു എന്നതു മാത്രം. തങ്ങളുടെ സവര്‍ണ്ണത്വത്തില്‍ ഊറ്റം കൊള്ളുന്നവര്‍ക്കും രഹസ്യമായി ജാതി നിയമങ്ങള്‍ നടപ്പാക്കുന്നവര്‍ക്കും പൊതുവേദികളില്‍ പുരോഗമനവാദികളാകുവാന്‍ നാട്യം സഹായിക്കുന്നുണ്ട് എന്നും പറയാതെ വയ്യ. കേരളത്തില്‍ സംഭവിച്ച നവോത്ഥാനം തങ്ങളുടെ പ്രയത്നഫലമാണെന്നു പറയുന്ന രാഷ്ട്രീയപാര്‍ട്ടികളിലാരെങ്കിലും, യഥാര്‍ത്ഥത്തില്‍ അതിനെ മുമ്പോട്ടു കൊണ്ടുപോകാന്‍ ശ്രമിച്ചിരുന്നെങ്കില്‍, ഇന്നത്തെ കേരളത്തിന്‍റെ അവസ്ഥ ഇതാകുമായിരുന്നില്ല. ജാതിവ്യവസ്ഥപ്രകാരം കൈവന്ന അധികാരം ഒരാള്‍ക്കും വിട്ടുകൊടുക്കാതെ നിലനിര്‍ത്തുവാന്‍ ക്ഷേത്രങ്ങളെ തങ്ങളുടെ നിയന്ത്രണത്തില്‍ തന്നെ നിര്‍ത്തണമെന്ന് അതുമായി ബന്ധപ്പെട്ടവര്‍ക്കു നന്നായറിയാം.

 

രണ്ടാമതായി, ജനാധിപത്യാധികാരം. കേരളത്തില്‍ പല കാരണങ്ങള്‍ കൊണ്ടും വേരു പിടിക്കാതിരുന്ന ഹിന്ദുത്വ പാര്‍ട്ടിയ്ക്ക് ഇതു വീണു കിട്ടിയ അവസരമാണ്‌. ഇനി നാളെയോ മറ്റന്നാളോ സ്ത്രീകള്‍ ശബരിമലയില്‍ കയറിയാല്‍പ്പോലും ഇതുവരെയുള്ള സമയംകൊണ്ട് അവരുണ്ടാക്കിയെടുത്ത നേട്ടം അത്ര ചെറുതൊന്നുമല്ല. ഹിന്ദു അപകടത്തിലാണെന്ന മുദ്രാവാക്യത്തെ ജനങ്ങളിലെത്തിക്കുവാന്‍ ഒരു നല്ല പരിധിവരെ കഴിഞ്ഞുവെന്ന് നാമജപകലാപയാത്രകളും സ്വകാര്യ സംഭാഷണങ്ങളും സോഷ്യല്‍ മീഡിയ പ്രചാരണവും തെളിയിക്കുന്നു. അപകടകരമായ ഈ സാഹചര്യം സര്‍ക്കാരിനു ഒഴിവാക്കാമായിരുന്നു എന്നതിലേറെ, ഇങ്ങനെയൊന്ന് ഉണ്ടാക്കി, അതില്‍ നിന്നു രാഷ്ട്രീയ ലാഭമെടുക്കാമെന്നു ഭരണപക്ഷം കരുതിയോ എന്ന സംശയവും ബാക്കിയാകുന്നു. അങ്ങനെയാണെങ്കില്‍ അതില്‍ പിഴവുപറ്റിയത് ഭരണപക്ഷത്തിനു തന്നെയാണ്‌. വിധി സുപ്രീം കോടതിയുടേതാണെങ്കിലും അത് നടപ്പാക്കി തങ്ങളുടെ നവോത്ഥാനനേട്ടപ്പട്ടികയില്‍ ഇടം ചേര്‍ക്കണമെന്നു വിചാരിച്ചതില്‍ തെറ്റില്ല, പക്ഷേ ചിന്താശൂന്യതയെന്നോ അമിതാവേശമെന്നോ പറയാവുന്ന ഒരു തുടക്കമാണിതിനവര്‍ നല്‍കിയത്. പ്രത്യേകിച്ച് ഒന്നും ചെയ്യാനോ പറയാനോ അറിയാത്ത / ഇല്ലാത്ത ഐക്യമുന്നണിയ്ക്കു പോലും അവര്‍ പ്രതീക്ഷിക്കാത്ത രാഷ്ട്രീയ നേട്ടമാണിപ്പോള്‍ കൈവന്നിരിക്കുന്നത്.

 

ഇനി, കേരളത്തിലങ്ങോളമിങ്ങോളം നടക്കുന്ന നവോത്ഥാന പ്രഭാഷണങ്ങള്‍. ഇവ കേള്‍ക്കുവാനെത്തുന്നവര്‍ കലാപക്കാര്‍ അല്ല. മുഖ്യമന്ത്രിയോ മറ്റാരെങ്കിലുമോ നടത്തുന്ന പ്രഭാഷണം കേട്ട് കാര്യങ്ങള്‍ മനസ്സിലാക്കി ഒരു തീരുമാനമെടുക്കാം എന്നു കരുതി അതു കേള്‍ക്കാന്‍ പോകുന്നവര്‍, ശാന്തരായി തടിച്ചുകൂടുന്ന ജനത്തില്‍ എത്ര ശതമാനമുണ്ടാകും? ഒന്ന് അഥവാ രണ്ട്? ഇനി ഇക്കാര്യത്തില്‍ സുപ്രീം കോടതി വിധി വന്നുവെന്നതു മറക്കുക, ആ സാഹചര്യത്തില്‍ കേരളത്തില്‍ ചില പുരോഗമനപരമായ കാര്യങ്ങള്‍ നടപ്പാക്കിയേക്കാം എന്നു തീരുമാനിച്ചുകൊണ്ട് ഇടതു മുന്നണി ഇങ്ങനെയൊരു പ്രചരണപരിപാടിയുമായി ഇറങ്ങുന്നുവെന്നു സങ്കല്‍പ്പിക്കുക. അത് പൊതുജനത്തിലേയ്ക്കെത്തിക്കുവാന്‍ ഇത്തരം പ്രഭാഷണങ്ങള്‍ ആവശ്യമാണെന്നതു വാസ്തവം. പക്ഷേ, നിലവിലിരിക്കുന്ന കോടതിവിധിയനന്തര സാഹചര്യത്തില്‍ ഇവ എത്രത്തോളം പ്രയോജനമാണുണ്ടാക്കുക?

 

ശബരിമല, കലാപകാരികള്‍ക്ക് വിട്ടുകൊടുത്ത രീതിയിലാണിപ്പോള്‍ കാര്യങ്ങള്‍. പഴയ പ്രായപരിധിയ്ക്ക് പുറത്തുള്ള സ്ത്രീകളെ എന്തു മാര്‍ഗ്ഗമുപയോഗിച്ചും തിരിച്ചു വിടുകയാണ് പോലീസ്. പ്രായപരിധി അനുസരിച്ചു ചെന്നവര്‍ പോലും കറുത്ത മുടിയുടെയോ പ്രായം തോന്നാത്ത മുഖത്തിന്‍റെയോ പേരില്‍ ആക്രമണങ്ങള്‍ക്ക് ഇരയാകുന്നു. കുട്ടിത്തം മാറാത്ത യുവാക്കള്‍, നൂറ്റാണ്ടുകള്‍ പഴയ ദുരാചാരത്തിന്‍റെ പേരില്‍ സ്ത്രീകളെ ആക്രമിക്കുന്നു, കൊല്ലാന്‍ ആഹ്വാനം ചെയ്യുന്നു.

 

ഇതില്‍ സ്ത്രീകളുടെ പങ്ക് വളരെ വിചിത്രമായ ഒന്നാണ്‌. കേരളത്തിന്‍റെ സാംസ്കാരികാവസ്ഥയില്‍, ഒരു നല്ല പങ്കു സ്ത്രീകളും, വിദ്യാഭ്യാസമുള്ളവരെന്നോ ഇല്ലാത്തവരെന്നോ ഭേദമില്ലാതെ, ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട ആചാരങ്ങളെ അക്ഷരം പ്രതി അനുസരിക്കുന്നവരാണ്‌. വിശ്വാസമെന്നത് മനുഷ്യനെ ഭയപ്പെടുത്തുന്ന ഒന്നു തന്നെയാണിപ്പോഴും. ദൈവസ്നേഹത്തെക്കുറിച്ചല്ല, ദൈവഭയത്തെയും ദൈവകോപത്തെയും പറ്റിയാണവര്‍ എപ്പോഴും പറയുന്നത്. കാരണം അതവര്‍ക്ക് പറഞ്ഞുകൊടുക്കുന്ന കഥകളും ഗുരുക്കന്മാരും അങ്ങനെയാണു വിശ്വസിച്ചിരിക്കുന്നത്. അടുത്തകാലത്തായി വര്‍ദ്ധിച്ചു വരുന്ന ഗുരു/ ആള്‍ ദൈവ ബിസിനസ്സും ഇതിനൊരു കാരണമാണ്‌. അവര്‍ പറയുന്ന പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ ജനങ്ങള്‍ക്കു മുന്പില്‍ ഈ വിഷയത്തെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നുണ്ട്. ഈ ഗുരുക്കള്‍ക്ക് കൂടുതലായി വഴിപ്പെടുന്നത് സ്ത്രീകളായതിനാല്‍ അവരുടെ വിശ്വാസം തികച്ചും അന്ധമാകുകയും ചെയ്യുന്നു. എന്തായാലും ഒന്നുറപ്പാ‌ണ്‌. പറഞ്ഞുകൊടുത്ത് തിരുത്തുക എന്നത് ഏതാണ്ട് പൂര്‍ണ്ണമായും അപ്രായോഗികമാണ്. പക്ഷേ ഒന്നുണ്ട്, നിയമം നടപ്പില്‍ വന്നുകഴിഞ്ഞാല്‍ ഇപ്പോഴുള്ള പിടിവാശികള്‍ അവര്‍ മറക്കുകയും അല്‍പം കഴിഞ്ഞാണെങ്കിലും 'സ്വാമീ, അയ്യപ്പാ, ഈ നട കയറാനായല്ലോ' എന്നു പതിനെട്ടാം പടി ചവിട്ടുകയും ചെയ്യും.

 

സ്ത്രീകള്‍ക്ക് ഒത്തുചേര്‍ന്ന് കലാപകാരികളെ പ്രതിരോധിക്കാനാകുമോ? ഇവിടെയാണു വീണ്ടും സര്‍ക്കാരിന്‍റെ പങ്ക്. അല്‍പം തെളിഞ്ഞ ഒരു സാഹചര്യമുണ്ടാക്കുക എന്ന തികച്ചും സൌഹാര്‍ദ്ദപരമായ നടപടിയ്ക്കുള്ള അവസരം കളഞ്ഞുകുളിച്ചതിനാല്‍ ഇനി ആദ്യത്തെ സാഹസിക മുന്നേറ്റത്തിനു തയാറാകുന്നവരെ സഹായിക്കുക എന്ന ചുമതലയാണ് സര്‍ക്കാരിനുള്ളത്. മല കയറാന്‍ വന്നവര്‍ ആക്ടിവിസ്റ്റുകളാണെന്നു പറഞ്ഞ സര്‍ക്കാര്‍ ആന്ധ്രയില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും വന്ന യഥാര്‍ത്ഥ ഭക്തകളെപ്പോലും അതിനനുവദിച്ചില്ല. ഒരു ഭയാനകാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നോ ഇത്രയധികം പോലീസിനെ വിന്യസിച്ചതിന്‍റെ ഉദ്ദേശം?

 

അയ്യപ്പനും വാവരും ബ്രഹ്മചര്യവും ഒന്നുമല്ല ഇപ്പോള്‍ പ്രശ്നങ്ങള്‍ക്കടിസ്ഥാനം. കൃത്യമായ അധികാര രാഷ്ട്രീയം തന്നെയാണ്‌. മൂന്നു മുന്നണികള്‍ക്കും വ്യത്യസ്തമാര്‍ഗ്ഗങ്ങളാണെങ്കിലും ലക്ഷ്യം ഒന്നു തന്നെ. കന്നിയങ്കം കഴിഞ്ഞിട്ടില്ലാത്ത ബി ജെ പി യ്ക്കും എന്തു ചെയ്യണം എന്തു പറയണം എന്നു നിശചയമില്ലാത്ത കോണ്ഗ്രസ്സിനും അധികാരത്തിലെത്താനുള്ള വഴിയാണ് ശബരിമല. അതിനുള്ള ഉപകരണങ്ങളായി എയര്‍പോര്‍ട്ടിന്‍റെ മുന്പിലും വഴിമധ്യങ്ങളിലും നിന്നുകൊടുക്കുന്ന നാമജപക്കാരികള്‍ (പുരുഷന്മാരും) ഒന്നറിയുന്നില്ല, ഒരു പ്രബുദ്ധ സംസ്ഥാനത്തിന്‌ തീര്‍ത്തും അപമാനകരമാകുന്ന അശ്ലീലക്കാഴ്ചകളായാണു ലോകത്തിനു മുന്പില്‍ നില്‍ക്കുന്നതെന്ന്. ചരിത്രം ഇതിനെ കേരളത്തിന്‍റെ ഇരുണ്ട കാലഘട്ടമെന്നെഴുതുമ്പോള്‍ അവരുടെയും പേരുകള്‍ അതിലുണ്ടാകുമെന്ന് അവരറിയുന്നില്ല.