31 Mar 2020 05:30 AM IST
അമിതമായി മദ്യപിച്ച് അമിതവേഗത്തിൽ വാഹനമോടിച്ച് ഒരു മാധ്യമ പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയായ ശ്രീറാം വെങ്കട്ടരാമന് കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപന ചുമതല ഏല്പിക്കാൻ തിരക്കിട്ട നീക്കം. ആരോഗ്യ വകുപ്പിൽ ജോയിൻ്റ് സെക്രട്ടറിയായി നിയമിതനായ ശ്രീറാം ചുമതല ഏറ്റെടുത്ത്.ജോലി ആരംഭിച്ചു.
സംസ്ഥാന സർക്കാർ വാദിയായ ഒരു കേസിൽ വിചാരണ നേരിടാനിരിക്കെയാണ് ശ്രീറാമിനെ തിരിച്ചെടുത്ത് പ്രധാനപ്പെട്ട തസ്തികയിൽ നിയമിച്ചത്. ശ്രീറാമിനെതിരായ കേസിൽ സർക്കാർ സർവ്വീസിലെ ഡോക്ടർമാർ പ്രധാന സാക്ഷികളാണ്. ആരോഗ്യ വകുപ്പിൽ ഉന്നത സ്ഥാനത്തിരിക്കുന്ന ഒരാൾക്കെതിരേ സർക്കാർ സർവ്വീസിലെ ഏതു ഡോക്ടറാണ് സാക്ഷി പറയുക?
കൊറോണ പ്രതിരോധത്തിൻ്റെ ഏകോപന ചുമതല ശ്രീറാമിന് നല്കാൻ ശ്രമിക്കുന്നവർക്ക് രണ്ടു ലക്ഷ്യങ്ങളാണുള്ളത്. സുപ്രധാനമായ ഈ ചുമതല ഏൽപ്പിക്കുക വഴി, ഈ സർക്കാരിന് ഏറ്റവും വേണ്ടപ്പെട്ടയാളാണ് ശ്രീറാം എന്ന് സ്ഥാപിക്കുകയാണ് ഒന്ന്. പ്രോസിക്യൂഷനും പോലിസിനും നൽകുന്ന വ്യക്തമായ സന്ദേശമാണത്. വിചാരണഘട്ടത്തിൽ കേസ് അട്ടിമറിക്കപ്പെടുമെന്ന് ഇതിലൂടെ ഉറപ്പാക്കാനാണ് നീക്കം. ഇത്തരം ഒരു ചുമതല നിർവ്വഹിക്കുന്നതിലൂടെ കൊലപാതകി എന്ന ഇമേജ് മാറ്റിയെടുക്കാൻ അവസരം നല്കുക എന്നതാണ് രണ്ടാമത്തെ ലക്ഷ്യം.
കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടത്തുന്നതിലൂടെ പിണറായി സർക്കാർ നേടിയെടുത്ത പ്രതിച്ഛായ ഒറ്റയടിക്ക് നഷ്ടപ്പെടുത്താൻ ഇടയാക്കുന്നതാണ് ശ്രീറാം വെങ്കട്ടരാമനെ സെക്രട്ടറിയേറ്റിൽ പ്രധാന തസ്തികയിൽ നിയമിക്കാനുള്ള തീരുമാനം. സംസ്ഥാനത്തെ ഐ.എ.എസ് ഉദ്യോഗസ്ഥരിലെ ഏറ്റവും വഷളന്മാരായവർക്ക് വഴങ്ങിക്കൊടുക്കുക വഴി പിണറായി സർക്കാർ സംശയത്തിൻ്റെ നിഴലിലാവുകയാണ്.
..