25 Jun 2020 07:40 AM IST
ഇന്നു രാവിലെ ചേർത്തല കണിച്ചുകുളങ്ങരയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ.കെ മഹേശൻ്റെ മരണത്തിനു പിന്നിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയും എസ്.എൻ ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശൻ്റെ വഴിവിട്ട ഇടപാടുകളാണെന്ന് സൂചന. മൂന്നു പതിറ്റാണ്ടിലേറെക്കാലം വെള്ളാപ്പള്ളിയുടെ നിഴൽ പോലെ ജീവിച്ച മഹേശൻ, കണിച്ചുകുളങ്ങര ദേവസ്വത്തിലും എസ്.എൻ ട്രസ്റ്റ് സ്ഥാപനങ്ങളിലും വെള്ളാപ്പള്ളി നടത്തിയതും വെള്ളാപ്പള്ളിയുടെ അറിവോടു കൂടി നടന്നതുമായ അഴിമതികൾ അക്കമിട്ടു വിവരിച്ചുകൊണ്ട് മേയ് 14ന് വെള്ളാപ്പള്ളിക്ക് എഴുതിയ 32 പേജുള്ള കത്ത് പുറത്തു വന്നു.
വെള്ളാപ്പള്ളിയുടെ ബിനാമിയായി നിരവധി കള്ളുഷാപ്പുകൾ നടത്തിയിരുന്ന മഹേശൻ 20 ലേറെ അബ്കാരി കേസുകളിൽ പ്രതിയാവുകയും ചെയ്തു. വർഷങ്ങളായി റ്വെള്ളാപ്പള്ളിക്കു വേണ്ടി ലേഖനങ്ങളും പുസ്തകങ്ങളും എസ്.എൻ.ഡി.പി യോഗത്തിൻ്റെ മുഖപത്രമായ യോഗനാദത്തിൽ വെള്ളാപ്പള്ളിക്കു വേണ്ടി എഡിറ്റോറിയലുകളും എഴുതിയിരുന്ന ആളാണ് മഹേശൻ. ഇതിനൊന്നും ഒരു രൂപ പോലും താൻ പ്രതിഫലം പറ്റിയിരുന്നില്ലെന്ന കാര്യവും കത്തിൽ മഹേശൻ ഓർമ്മിപ്പിക്കുന്നു. വെള്ളാപ്പള്ളിയുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളുടെയും നടത്തിപ്പിൽ പങ്കാളിയായിരുന്നു മഹേശൻ. കത്തിൽ പറഞ്ഞിരിക്കുന്നത് അനുസരിച്ച് പണം പ്രതിഫലമായി സ്വീകരിച്ചു കൊണ്ടല്ല മഹേശൻ വെള്ളാപ്പള്ളിയെ ഭൃത്യനെപ്പോലെ സേവിച്ച് സന്തത സഹചാരിയായി നടന്നത്.
കണിച്ചുകുളങ്ങര ദേവസ്വത്തിൻ്റെ പണം വെള്ളാപ്പള്ളിയുടെ നിയന്ത്രണത്തിലുള്ള ഐശ്വര്യ ട്രസ്റ്റിലേക്ക് വക മാറ്റിയതും സ്വന്തം വീട്ടിൽ നടക്കുന്ന ചടങ്ങുകൾക്കു പോലും ദേവസ്വത്തിൻ്റെ പണം ഉപയോഗിക്കുന്നതും മുതൽ സ്കൂളിലെ അധ്യാപക നിയമനത്തിൽ കോഴ വാങ്ങി പോക്കറ്റിലാക്കുന്നതും മൈക്രോ ഫിനാൻസിംഗിലെ തട്ടിപ്പും വരെ എണ്ണിയാലൊടുങ്ങാത്ത സംഭവങ്ങൾ മഹേശൻ കത്തിൽ വിവരിക്കുന്നുണ്ട്. താൻ അറിയാതെ തൻ്റെ പേരിൽ ഷാപ്പ് നടത്തി കേസിൽ പെടുത്തിയത് ഉൾപ്പെടെയുള്ള സംഭവങ്ങൾ മഹേശൻ പരാമർശിക്കുന്നു.
തൻ്റെ പേരിലുള്ള കേസുകളിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി നടേശൻ എസ്.എൻ.ഡി.പി യോഗത്തിനെ ഉപയോഗിച്ചതിനെക്കുറിച്ചും അവസരവാദത്തെക്കുറിച്ചും കാപട്യത്തെക്കുറിച്ചും നിരവധി അനുഭവങ്ങൾ മഹേശൻ വെള്ളാപ്പള്ളിയെ ഓർമ്മിപ്പിക്കുന്നു. തനിക്കു വേണ്ടി പ്രവർത്തിച്ചവരോടുള്ള നടേശൻ്റെ നന്ദിയില്ലായ്യയും സംസ്കാരശൂന്യതയും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
താൻ ചതിക്കപ്പെടുകയായിരുന്നു എന്ന് തിരിച്ചറിഞ്ഞ ഒരു അടിമയുടെ വിലാപമാണ് മഹേശൻ്റെ കത്ത്. കേരളത്തിൻ്റെ സാമൂഹ്യ ജീവിതത്തിന് വലിയ വിപത്തായി മാറിക്കഴിഞ്ഞ വെള്ളാപ്പള്ളി നടേശൻ്റെ സാമ്പത്തിക ഇടപാടുകളെ പറ്റി സമഗ്രമായ അന്വേഷണം ഇനിയും വൈകാൻ പാടില്ല എന്ന ഓർമ്മപ്പെടുത്തലാണ് മഹേശൻ്റെ കത്ത്.