24 Mar 2020 20:15 PM IST
കഥാകൃത്തും നോവലിസ്റ്റും കവി ഇടശ്ശേരി ഗോവിന്ദൻ നായരുടെ മകനുമായ ഇ. ഹരികുമാർ (76) അന്തരിച്ചു. രാത്രി 12.30ന് തൃശൂരിലെ വീട്ടിലായിരുന്നു അന്ത്യം. കുറച്ചു കാലമായി അർബുദ രോഗത്തിന് ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 10ന് തൃശൂർ പാറമേക്കാവ് ശാന്തികവാടത്തിൽ. ഭാര്യ ലളിത. ഒരു മകൻ.
പൊന്നാനി എ.വി.ഹൈസ്കൂളിലെ വിദ്യാഭ്യാസത്തിനു ശേഷം തൊഴിൽ തേടി 1960 ൽ കൽക്കത്തയിലെത്തിയ ഹരികുമാർ പിന്നീട് കൽക്കത്ത സർവകലാശാലയിൽ ഉപരിപഠനം നടത്തി. കൽക്കത്ത, ബോംബേ തുടങ്ങി വിവിധ നഗരങ്ങളിൽ ജോലി ചെയ്തു. ജോലിയിൽ നിന്ന് വിരമിച്ചതിനു ശേഷം എറണാകുളത്ത് താമസമാക്കി. 2008 മുതൽ തൃശൂരിലാണ് താമസം.
1962 ൽ ആദ്യ കഥ പ്രസിദ്ധീകരിച്ചു. ദിനോസറിൻ്റെ കുട്ടി, ഉറങ്ങുന്ന സർപ്പങ്ങൾ, ആസക്തിയുടെ അഗ്നിനാളങ്ങൾ, എഞ്ചിൻ ഡ്രൈവറെ സ്നേഹിച്ച പെൺകുട്ടി, പ്രണയത്തിനൊരു സോഫ്റ്റ് വെയർ തുടങ്ങിയവ പ്രധാന കൃതികൾ. 'ദിനോസോറിന്റെ കുട്ടി' എന്ന ചെറുകഥാ സമാഹാരത്തിന് കേരള സാഹിത്യ അക്കാഡമി അവാർഡ് ലഭിച്ചു.