23 Jul 2020 02:10 AM IST
രാമരാജ്യം വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ ഉത്തർപ്രദേശ് സർക്കാർ ഗുണ്ട രാജ് ആണ് നടപ്പാക്കുന്നതെന്ന് രാഹുൽ ഗാന്ധി. ഉത്തർപ്രദേശിലെ ഗാസിയബാദിൽ മാധ്യമ പ്രവർത്തകൻ വികാസ് ജോഷി വെടിയേറ്റു മരിച്ച സംഭവത്തോട് പ്രതികരികയായിരുന്നു രാഹുൽ. തൻ്റെ സഹോദര പുത്രിയെ അപമാനിച്ചവർക്കെതിരെ പരാതി നല്കിയതിനാണ് ജോഷിയെ അക്രമികൾ വെടിവച്ചു കൊന്നതെന്ന് രാഹുൽ ഓർമ്മിപ്പിച്ചു. ജനങ്ങളെയല്ല, അക്രമികളെയാണ് സർക്കാർ സംരക്ഷിക്കുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
സഹോദരപുത്രിയെ ആക്രമിച്ചവർക്കെതിരേ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് പോലീസിൽ പരാതി നല്കിയ വികാസ് ജോഷിക്ക് 20 ന് വൈകിട്ടാണ് അക്രമികളുടെ വെടിയേറ്റത്. ഇന്നു രാവിലെ ജോഷി മരണമടഞ്ഞു. ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് അധികാരമേറ്റതിനു ശേഷം ക്രമസമാധാനനില പൂർണ്ണമായും തകർന്നിരിക്കുകയാണ്. സാമൂഹ്യ വിരുദ്ധരും അക്രമികളും സംസ്ഥാന ഭരണത്തിലും പോലീസിലും പൂർണ്ണ ആധിപത്യം പുലർത്തുകയാണെന്ന ആരോപണം വ്യാപകമാണ്.