editorial

14 Jun 2020 23:50 PM IST

N K Raveendran

സതീശൻ്റെ സംരംഭം പുതിയ രാഷ്ട്രീയത്തിൻ്റെ തുടക്കമാകുമോ ?

ഡിജിറ്റൽ മാധ്യമത്തിലൂടെ വ്യത്യസ്ത ആശയഗതിക്കാരുമായി സംവാദങ്ങൾക്ക് തുടക്കം കുറിക്കുകയാണ് കോൺഗ്രസ് നേതാവ് വി.ഡി സതീശൻ. സ്ഥിരം എതിരാളിയായ തോമസ് ഐസക്കുമായാണ് സതീശൻ്റെ ആദ്യ സംവാദം. രാഷ്ട്രീയത്തിൽ പുതിയ സംസ്കാരത്തിൻ്റെ തുടക്കമാകാം ഇതെന്ന് മുതിർന്ന മാധ്യമ പ്രവർത്തകനും ലെഫ്റ്റ് ക്ലിക് ന്യൂസ് എഡിറ്റോറിയൽ ബോഡ് ചെയർമാനുമായ എൻ.കെ രവീന്ദ്രൻ.

കേരളത്തിലെ കക്ഷിരാഷ്ട്രീയം ആരോഗ്യകരമായ സംവാദങ്ങളുടേതായ ഒരു രാഷ്ട്രീയ സംസ്കാരം രൂപപ്പടുത്തുന്നതിൽ തികഞ്ഞ പരാജയമാണ്. നിയമനിർമ്മാണ പൊതുവേദികൾ, വാർത്താ ടെലിവിഷൻ എന്നിവയിലൂടെ കക്ഷിരാഷ്ട്രീയം പാകപ്പെടുത്തിയെടുക്കുന്നത് നാടിൻ്റെ പ്രതിസന്ധികളെ ഒന്നിച്ചു നേരിടുന്നതിനുള്ള ആശയങ്ങളല്ല. അവരവരുടെ മുയലിൻ്റെ കൊമ്പുകളിൽ മുറുകെപ്പിടിച്ച് നടത്തുന്ന വോട്ടു ലക്ഷ്യം വച്ചുള്ള വാക്ക് തർക്കങ്ങൾ മാത്രമാകുന്നു. ഈ പൊള്ളയായ വാക്കു തർക്കങ്ങളിൽ പങ്കെടുത്തു നേടുന്ന പ്രശസ്തിയാണ് എല്ലാ കക്ഷികളിലും നേതൃഗുണമായി എണ്ണപ്പെടുന്നതും.

 

ടെലിവിഷൻ ചർച്ചകളുടെ ലക്ഷ്യം റെയിറ്റിംഗ് ആയതിനാൽ അവർ ഇമ്മാതിരി പരസ്പരമുള്ള കടിച്ചുകീറലുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. അതു കൊണ്ട് തർക്കങ്ങൾ തുടരുകയും സംവാദങ്ങൾ അവസാനിച്ചു പോവുകയും ചെയ്തിരിക്കുന്നു. ഈയൊരു രാഷ്ട്രീയ കാലാവസ്ഥയിലാണ് കെപിസിസി ഉപാദ്ധ്യക്ഷനും പറവൂർ എംഎൽഎയുമായ വി.ഡി.സതീശൻ കേരളത്തിൻ്റെ രാഷ്ട്രീയ വ്യവഹാര മണ്ഡലത്തിൽ ഒരു നവ സംസ്കാരമാതൃകയ്ക്ക് തുടക്കമിടുന്നത്. കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ കൂട്ടത്തിൽ ജനകീയ വിഷയങ്ങൾ ആഴത്തിൽ പഠിച്ച് വ്യക്തതയോടെയും വീറോടെയും അവതരിപ്പിക്കുന്നയാൾ എന്ന നിലയിൽ വി ഡി സതീശനെ ടെലിവിഷൻ സ്ക്രീനിലൂടെ കൗതുകപൂർവ്വം ശ്രദ്ധിച്ചിട്ടുണ്ട് എന്നതു മാത്രമാണ് എനിക്ക് അദ്ദേഹവുമായുള്ള പരിചയം.

 

വി.ഡി സതീശൻ ഒരു പക്ഷേ ഏറ്റവുമധികം ഏറ്റുമുട്ടിയത് സിപിഎമ്മിലെ ഡോ.തോമസ് ഐസക്കുമായാണ്. 2001 ൽ ഒരേ സമയം എം.എൽ.എമാരായതാണ് ഇരുവരും. കഴിഞ്ഞ ഇടതുഭരണകാലത്ത് സാന്ദിയാഗോ മാർട്ടിൻ എന്ന കച്ചവടക്കാരനുമായി ബന്ധപ്പെട്ട ലോട്ടറി പ്രശ്നത്തിൽ തോമസ് ഐസക്കിനെ പരസ്യമായ സംവാദത്തിനു വെല്ലുവിളിച്ചയാളാണ് സതീശനെന്ന കാര്യം ഓർക്കുക. ഐസക്ക് വെല്ലുവിളി സ്വീകരിക്കുകയും സംവാദം നടക്കുകയും ചെയ്തു. ഇവർ അന്നു തുടങ്ങി വച്ച സംവാദ രീതി പിന്നീടാരും പിന്തുടർന്നില്ല. ആ സംവാദത്തെ ആരോഗ്യകരമായ ഒരു 'ഡയലോഗി'ൻ്റെ തലത്തിലേക്ക് ഉയർത്തുകയാണ് ഇപ്പോൾ വി.ഡി. സതീശൻ ചെയ്യുന്നത്.

 

' Dialogue with VDS ' എന്ന പേരിൽ കഴിഞ്ഞ ദിവസം സംപ്രേഷണം തുടങ്ങിയ യുട്യൂബ് ചാനലിലൂടെയാണ് സതീശൻ മലയാളികൾക്കു മുന്നിൽ ഈ നവീനമായ രാഷ്ട്രീയ സംവാദ രാഷ്ട്രീയത്തിന് തുടക്കം കുറിച്ചത്. ഇതിൽ കൗതുകമുണർത്തുന്ന കാര്യം സതീശൻ്റെ ബദ്ധവൈരിയെന്ന് പൊതുസമൂഹം ധരിച്ചു വച്ചിരിക്കുന്ന തോമസ് ഐസക്കാണ് ആദ്യ എപ്പിസോഡിലെ അതിഥി എന്നതാണ്. തൻ്റെ എതിർ പക്ഷത്തു നിലക്കുന്ന ഡോ.ഐസക്കിൻ്റെ പ്രാഗല്ഭ്യം മനസ്സിലാക്കിയാണ് 19 വർഷം മുമ്പ് താൻ സാമ്പത്തിക ശാസ്ത്രം പഠിച്ചു തുടങ്ങിയത് എന്ന് സംഭാഷണത്തിൻ്റെ ആമുഖമായി സതീശൻ പറയുന്നുണ്ട്. നമ്മുടെ രാഷ്ട്രീയക്കാരിൽ ഇങ്ങനെ തുറന്നു പറയുന്ന എത്ര പേർ ഉണ്ടാവും? സതീശൻ പറയുന്നു, "ഇരു ധ്രുവങ്ങളിൽ നിന്ന് പോരാടുമ്പോഴും അദ്ദേഹത്തെക്കുറിച്ച് മനസ്സിൽ സൂക്ഷിച്ചിരുന്ന ബഹുമാനവും മതിപ്പുമാണ് ഇത്തരം സംരംഭം ആരംഭിച്ചപ്പോൾ അദ്ദേഹത്തിൽ നിന്നു തുടങ്ങാമെന്നു തീരുമാനിക്കാൻ കാരണം." എതിരാളിയുടെ മേൻമ അയാൾ കഥാവശേഷൻ ആകുമ്പോഴേ വിളിച്ചു പറയാൻ പാടുള്ളൂ എന്ന സംസ്കാരം പിന്തുടരുന്നവർക്കിടയിലാണ് സതീശൻ്റെ വേറിട്ട ശബ്ദം.

 

'Democracy is Constant Dialogue '' എന്നു പേരിട്ടിരിക്കുന്ന ഈ സംവാദപരമ്പരയുടെ ആദ്യഭാഗത്തിലെ പ്രമേയം കോവിഡ് 19 എന്ന മഹാമാരിയും അത് കേരളീയ സമൂഹത്തിൽ സൃഷ്ടിക്കുന്ന ആഘാതങ്ങളും പ്രതീക്ഷകളുമാണ്. ലോകം ഇനി കോവിഡിനു മുമ്പും പിമ്പും എന്ന കാലഗണനയിലേക്ക് തിരിയുകയാണ്. കോവിഡനന്തര കാലത്ത് മലയാളിയുടെ ജീവിതം ഏതെല്ലാം വിധത്തിൽ പാകപ്പെടണം ? പുതിയ കാലത്ത് കേരളത്തിൻ്റെ സാദ്ധ്യതകൾ എന്തൊക്കെയാണ്? ലോകത്തെ അതിസുരക്ഷിത പ്രദേശമെന്ന ഖ്യാതി, അമേരിക്കയിലും മറ്റും കുടിയേറിയ മലയാളികളെ സ്ഥിരതാമസത്തിനായി കേരളത്തിലേക്ക് തിരിച്ചെത്തിക്കുന്ന കാലത്തെക്കുറിച്ച് സതീശൻ സംസാരിക്കുന്നത് ഭാവിയിലുള്ള പ്രതീക്ഷയാണ്. കൂട്ടായ പരിശ്രമം അഥവാ പങ്കാളിത്തം രണ്ടു പേരും അടിവരയിട്ടു പറയുന്നു. ഈ വിപത്ക്കാലം കേരളത്തിൻ്റെ നല്ല ഭാവിക്കുള്ള അവസരമാക്കി മാറ്റാൻ കഴിയും എന്ന പ്രതീക്ഷയും അവർ പങ്കു വയ്ക്കുന്നു..

 

കേരളത്തിൻ്റെ രാഷ്ട്രീയ പരിതസ്ഥിതി കോവിഡനന്തര കാലത്തും ഇതേപടി തുടരാനാവില്ല എന്നു തന്നെയാണ് സതീശൻ്റെ ഈ പരിശ്രമത്തിലൂടെ വെളിവാകുന്നത്. ശശി തരൂർ ക്രിയാത്മക സമീപനം പുലർത്തുന്ന നേതാവാണെന്ന തോമസ് ഐസക്കിൻ്റെ നിരീക്ഷണത്തോട് ഒരു പക്ഷേ, അദ്ദേഹത്തിൻ്റെ പാർട്ടി വിയോജിക്കാമെങ്കിലും അതിലെ സൂചന പുതിയ രാഷ്ട്രീയ സമീപനങ്ങളുടേതാണ്. ഡിജിറ്റൽ മാധ്യമം ഉപയോഗിച്ചുള്ള ഈ സംഭാഷണ പരമ്പരയിലൂടെ ഭാവി കേരളത്തിൻ്റെ പുനർനിർമ്മിതി സാദ്ധ്യമാക്കുന്ന ആശയങ്ങൾ രൂപപ്പെടട്ടേയെന്ന് പ്രത്യാശിക്കാം. അതിനപ്പുറം നമ്മുടെ രാഷ്ട്രീയ മണ്ഡലത്തിൽ നിന്നും പഴഞ്ചൻ ആഖ്യാനരീതികളെയും വെറുപ്പിൻ്റെ സംസ്കാരത്തെയും തിരസ്ക്കരിക്കാനും നമീ നാശയങ്ങൾക്കു കാതോർക്കുന്ന ആധുനികവും ശാസ്ത്രോൻമുഖവുമായ പുതിയ തലമുറയുടെ പ്രതീക്ഷകളെ മുന്നോട്ടു നയിക്കാനും അവരുടെ പ്രതിനിധികൾ രാഷ്ട്രീയ മണ്ഡലത്തിലേക്ക് അഭിമാനപൂർവ്വം കടന്നു വരാനും വഴി തുറക്കുക എന്നതാണ് പ്രധാനം.