Columns

22 Jul 2020 22:15 PM IST

J Raghu

കോവിഡ് മരണങ്ങൾ രാമക്ഷേത്രത്തിനുള്ള നരബലിയോ?

ഭൂമുഖത്തു നിന്ന് ഉൻമൂലനം ചെയ്യപ്പെടേണ്ട ഹിന്ദുത്വ വാദം എന്ന സാംസ്കാരിക വൈറസിൻ്റെ സ്മാരകമാണ് അയോധ്യയിൽ ഉയരുന്നത്. ഇന്ത്യയിൽ ദിനംപ്രതി പെരുകിക്കൊണ്ടിരിക്കുന്ന കോവിഡ് മരണങ്ങൾ, രാമക്ഷേത്ര നിർമ്മാണത്തിനുള്ള നരബലികളാണെന്ന് ജെ.രഘു.

ഇന്ത്യയിൽ ദിനംപ്രതി പെരുകിക്കൊണ്ടിരിക്കുന്ന കോവിഡ് മരണങ്ങൾ, അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിനുള്ള നരബലികളാണോ? ഓഗസ്റ്റ് 5 ന് നടക്കുന്ന രാമക്ഷേത്ര നിർമ്മാണം ഉദ്ഘാടനം ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നരഹത്യാ പാരമ്പര്യം അങ്ങനെ സംശയിക്കാൻ പ്രേരിപ്പിക്കുന്നു. 2002-ലെ ഗുജറാത്ത് നരഹത്യയിലൂടെ 'രാഷ്ട്രീയതാര'മായി ഉയർന്ന മോദി പ്രധാനമന്ത്രിയായതിനു ശേഷം ഇന്ത്യയുടെ ഭരണഘടനയെയും ജനാധിപത്യ സ്ഥാപനങ്ങളെയും ആസൂത്രിതവും സംഘടിതവുമായി നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. മോദിയുടെ നരഹത്യാ രാഷ്ട്രീയത്തിൻ്റെ പുതിയ അധ്യായമാണ് രാമക്ഷേത്ര നിർമാണോദ്ഘാടനം. വർഗീയ ലഹളകളിലൂടെയും കൂട്ടക്കൊലകളിലൂടെയും നിയമ ഗൂഢാലോചനയിലൂടെയുമാണ്, ഉത്തരേന്ത്യൻ സവർണ ന്യൂനപക്ഷം അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിന് അനുമതി നേടിയത്. മതങ്ങളിൽ നിന്നും ആരാധനാലയങ്ങളിൽ നിന്നും അകന്നു നിൽക്കാൻ ഭരണഘടനാപരമായി ബാധ്യതയുള്ള പ്രധാനമന്ത്രി, ഒരു പ്രത്യേക മതവിഭാഗത്തിൻ്റെ ക്ഷേത്ര നിർമാണം ഉദ്ഘാടനം ചെയ്യുന്നു എന്നതിൻ്റെ അർത്ഥമെന്താണ് ? ഭരണഘടനാപരമായി, എല്ലാ മതങ്ങളോടും തുല്യ സമീപനം - സർവ ധർമ സമഭാവന - പാലിക്കേണ്ട പ്രധാനമന്ത്രി, ഒരു മതവിഭാഗത്തോട് ഇത്രയേറെ പക്ഷപാതം കാണിക്കുന്നതിൻ്റെ വിവക്ഷ എന്താണ്?

 

അടുത്ത കാലം വരെയും ഇന്ത്യൻ ഭരണാധികാരികൾ, ഭരണഘടനയിലെ മതേതരത്വം പാലിക്കുന്നതായി അഭിനയിക്കുകയെങ്കിലും ചെയ്യുമായിരുന്നു. ബാഹ്യമായെങ്കിലും ഒരു മതേതര പരിവേഷം നിലനിർത്താൻ ഈ ഭരണാധികാരികൾ ശ്രമിക്കുമായിരുന്നു. എന്നാൽ, മോദി അധികാരത്തിലെത്തിയതോടെ, മതേതരാഭിനയം പരിവേഷങ്ങൾ ഒന്നൊന്നായി വലിച്ചെറിഞ്ഞ്, ഇന്ത്യൻ ഭരണകൂടം അതിൻ്റെ ന്യൂനപക്ഷ സവർണ മുഖം പരസ്യമായി പ്രദർശിപ്പിച്ചു തുടങ്ങിയിരിക്കുകയാണ്. ഇന്ത്യയിലെ ഭൂരിപക്ഷ മർദ്ദിത ജാതികളെയും മതന്യൂനപക്ഷങ്ങളെയും അടിച്ചമർത്തുന്നതിന് ഹിന്ദു ഫാസിസ്റ്റുകൾക്ക് മതേതരത്വത്തിൻ്റെ പ്രതിച്ഛായ പോലും ആവശ്യമില്ലാതായിരിക്കുന്നു.

 

ലോകത്ത് ഏറ്റവുമധികം കോവിഡ് രോഗികളുളള രാജ്യങ്ങളിൽ ഇന്ത്യ രണ്ടാമതായിട്ടും സവർണ ഹിന്ദു ഫാസിസത്തിൻ്റെ രക്തപങ്കിലമായ സംഹാരാത്മകത ഒരു ക്ഷമാപണത്തിനു പോലും തയ്യാറല്ല. കോവിഡ് മരണങ്ങളുടെ പെരുകുന്ന സംഖ്യ സാധാരണ മനുഷ്യരെ വലിയ ആശങ്കയിലും ഭീതിയിലുമാഴ്ത്തുമ്പോൾ, രാമക്ഷേത്ര നിർമാണവുമായി മുന്നോട്ട് പോകാനുള്ള ഹിന്ദു ഫാസിസ്റ്റു ധാർഷ്ട്യം ഞെട്ടിപ്പിക്കുന്നതാണ്. കോവിഡ് സൃഷ്ടിച്ച മനുഷ്യ ദുരന്തത്തെ പോലും ഹിന്ദു ഫാസിസ്റ്റുകൾ രാമ മന്ദിർ നിർമാണാഘോഷമാക്കുകയാണ്. ലോകരാജ്യങ്ങളെല്ലാം ആഘോഷങ്ങളും നിർമാണങ്ങളും നിർത്തിവെച്ച് കോവിഡ് പ്രതിരോധത്തിൽ മുഴുകിയിരിക്കുമ്പോൾ ഇന്ത്യ മാത്രം ഒരു ക്ഷേത്രനിർമാണത്തെ മുഖ്യ അജണ്ടയായി കാണുന്നത് എന്തുകൊണ്ടാണ്? അതും, ശംബൂകൻ എന്ന ശൂദ്രൻ്റെ തലയറുത്ത കൊലയാളിയായ രാമൻ്റെ പേരിലുള്ള ക്ഷേത്രം!

 

വൈദിക യാഗങ്ങൾ മുതൽ ക്ഷേത്രങ്ങൾ വരെയുള്ള അനുഷ്ഠാനങ്ങളും സ്ഥാപനങ്ങളും സവർണ ഹിന്ദുക്കൾ അവരുടെ ദൈവങ്ങൾക്കു നൽകുന്ന നിവേദ്യങ്ങളാണ്. സവർണ ഹിന്ദുക്കളുടെ മിക്ക ദൈവങ്ങളും രക്തദാഹികളും നര മാംസഭോജികളുമായതിനാൽ, അവർക്ക് ഏറ്റവും ഇഷ്ടപ്പെട്ട അനുഷ്ഠാനം നരബലിയായിരുന്നു. കോവിഡ് മൂലമുള്ള ഓരോ മരണത്തെയും ഹിന്ദു ഫാസിസ്റ്റുകൾ നരബലിയായിട്ടായിരിക്കാം കാണുന്നത്. വലിയ നിർമിതികൾ, പ്രത്യേകിച്ചും ക്ഷേത്രങ്ങൾ, ഉറയ്ക്കുന്നതിന് നരബലികൾ ആവശ്യമാണെന്ന വിശ്വാസമായിരിക്കാം, ഒരു പക്ഷേ, കോവിഡ് മരണങ്ങളെ രാമക്ഷേത്ര നിർമാണത്തിനുള്ള ശുഭ മുഹൂർത്തമായി തെരഞ്ഞെടുക്കാൻ ഹിന്ദു ഫാസിസ്റ്റുകളെ പ്രേരിപ്പിച്ചത്.

 

ഹിന്ദുയിസത്തിൻ്റെ പ്രത്യേകിച്ചും വൈദിക-ബ്രാഹ്മണ ഹിന്ദുയിസത്തിൻ്റെ അഭിവാജ്യഘടകമായിരുന്നു നരബലി. വൈദിക സാഹിത്യങ്ങൾ രണ്ടു തരം നരബലിയെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. ഒന്ന്. 'പുരുഷമേധം'. അശ്വമേധത്തിൻ്റെ ഭാഗമായി നടത്തുന്ന നരബലിയാണ് പുരുഷമേധം. ബലിയർപ്പിക്കപ്പെടുന്ന പുരുഷൻ്റെ മാംസം ഭക്ഷിക്കുന്നതും ദിവ്യമായി കരുതപ്പെട്ടിരുന്നു. രണ്ട്, 'സ്ത്രീമേധം'. ഈ നരബലിയെ 'സതി' എന്നാണ് വിശേഷിപ്പിച്ചിരുന്നത്. ഭർത്താവ് മരിക്കുമ്പോഴാണ് സ്ത്രീമേധം നടത്തിയിരുന്നത് എന്ന വ്യത്യാസമേ ഉള്ളൂ. അങ്ങനെ നോക്കുമ്പോൾ വൈദിക യജ്ഞങ്ങൾ മുതൽ കൊലയാളി ദൈവത്തിൻ്റെ പേരിലുള്ള ക്ഷേത്ര നിർമ്മാണം വരെ നീളുന്ന ഭാരതീയ - ഹൈന്ദവ സംസ്കാരത്തിൻ്റെ വേരുകൾ ആണ്ടു കിടക്കുന്നത് 'നരബലി'യിലും ( human saarifice) 'നരമാംസഭോജന'ത്തിലും ( cannibalism) ആണെന്നു കാണാം.

 

വൈദിക സാഹിത്യത്തിൻ്റെ ഭാഗമായ ശ്രൗത സൂത്രങ്ങളാണ് പുരുഷമേധത്തെക്കുറിച്ച് പ്രതിപാദിക്കുന്നത്. പുരുഷമേധം ഒരു പ്രതീകാത്മക അനുഷ്ഠാനമായിരുന്നു എന്നും അങ്ങനെയൊരു അനുഷ്ഠാനമേ നടന്നിരുന്നില്ലെന്നും ആധുനിക കാലത്ത് ചില സവർണ ഹിന്ദു പണ്ഡിതർ വാദിക്കാറുണ്ട്. ബ്രിട്ടീഷുകാർക്ക് മുമ്പ് വരെ പുരുഷമേധവും സതിയെന്ന സ്ത്രീ മേധവും സവർണ ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം വളരെ സ്വാഭാവികവും വിശുദ്ധവുമായ അനുഷ്ഠാനങ്ങളായിരുന്നു. എന്നാൽ കൊളോണിയലിസത്തോടൊപ്പം ഇന്ത്യയിലെത്തിയ ആധുനിക - മാനവിക മൂല്യങ്ങൾക്കു മുമ്പിൽ, സവർണ ഹിന്ദുയിസത്തിൻ്റെ കാപാലികത വിമർശിക്കപ്പെട്ടു തുടങ്ങി. ഹിന്ദുയിസത്തിൻ്റെ അനുഷ്ഠാനങ്ങളുടെയും ദൈവങ്ങളുടെയും സാഹിത്യങ്ങളുടെയും മനുഷ്യത്വ വിരുദ്ധതയും രക്തപങ്കിലതയും തുറന്നു കാണിക്കപ്പെട്ടു. അങ്ങനെയാണ്, നരബലിയെ പ്രതീകാത്മകവൽക്കരിക്കാൻ സവർണ ഹിന്ദു പണ്ഡിതർ നിർബന്ധിതരായത്. എന്നാൽ, ബംഗാളിലെ പ്രമുഖ ബ്രാഹ്മണ പണ്ഡിതനും യാഥാസ്ഥിതികനുമായിരുന്ന രാജേന്ദ്രലാൽ മിശ്ര, ഈ പ്രതീകാത്മക വാദത്തെ തള്ളിക്കളയുന്നു. പത്തൊൻപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ തന്നെ അദ്ദേഹം ഇങ്ങനെ എഴുതി, "നരബലിയെ വേദങ്ങൾ അംഗീകരിച്ചില്ലായിരുന്നുവെങ്കിൽ, എൻ്റെ പൂർവ്വികരുടെ പ്രവൃത്തികളെക്കുറിച്ചെഴുതുന്ന ഒരു ബ്രാഹ്മണനെന്ന നിലയ്ക്ക് എനിക്ക് സന്തോഷമായേനെ. പക്ഷെ ചരിത്ര വസ്തുതകളോട് നീതി പുലർത്തുന്ന ഒരാൾ എന്ന നിലയ്ക്ക് അങ്ങനെ പറയാൻ കഴിയില്ല എന്നതിൽ എനിക്ക് ഖേദമുണ്ട്." നരബലി നടന്നിരുന്നു എന്നതിന് വേദങ്ങളിലും ബ്രാഹ്മണങ്ങളിലും അനിഷേധ്യമായ തെളിവുകളുണ്ടെന്നാണ് പ്രശസ്ത ആർക്കിയോളജിസ്റ്റ് ആസ്ക്കോ പർപ്പോള പറയുന്നത്.

 

ഹരിശ്ചന്ദ്രൻ എന്ന രാജാവിനോട് സ്വന്തം മകനായ രോഹിതനെ ബലിയായി നൽകണമെന്ന് വരുണദേവൻ ആവശ്യപ്പെടുന്ന ഒരു കഥ ഐതരേയ ബ്രാഹ്മണത്തിൽ വിവരിക്കുന്നുണ്ട്. സ്വന്തം മകൻ്റെ ബലി കൗശലപൂർവ്വം നീട്ടിക്കൊണ്ടുപോയ രാജാവ് ഒടുവിൽ, ദരിദ്ര ബ്രാഹ്മണനായ അജിഗർത്തൻ്റെ മകനായ ശൂനക്ഷേപനെ തൻ്റെ മകനു പകരം ബലി കൊടുക്കാൻ തയ്യാറാവുന്നു. ബലിയൂപത്തിൽ ബന്ധിതനായ ശൂനക്ഷേപനെ ഇന്ദ്രനും അശ്വിനുകളും ചേർന്ന് രക്ഷിച്ചതായിട്ടാണ് കഥ. ശൂന ക്ഷേപൻ്റെ കഥയെക്കുറിച്ച് എച്ച്.എച്ച്.വിൽസനും മാക്സ് മുള്ളറും തമ്മിൽ വലിയ സംവാദ മുണ്ടായിരുന്നു. നരബലിയ്ക്കു തെളിവാണ് ഈ കഥയെന്ന് വിൽസൺ വാദിച്ചപ്പോൾ, ആദ്യം അന്യാപദേശകഥയെന്ന് പറഞ്ഞ മുള്ളർക്ക് ഒടുവിൽ നരബലി ഒരു വസ്തുതയാണെന്ന് സമ്മതിക്കേണ്ടി വന്നു. "സ്വന്തം മക്കളെ നരബലി നൽകാൻ മടിക്കാത്തവരാണ് ബ്രാഹ്മണർ" എന്നും മുളളർ പറഞ്ഞു. 'മേധ' എന്ന വാക്കിന് 'മേധ' എന്ന വാക്കിന് ' ധിഷണ' എന്നും അർത്ഥമുണ്ടെന്നും മനുഷ്യരുടെയും കുതിരകളുടെയും സ്ത്രീകളുടെയും ധിഷണാശക്തിയെ കെട്ടഴിച്ചുവിടുന്ന ചടങ്ങാണ് പുരുഷമേധം, അശ്വമേധം, സ്ത്രീമേധം എന്നും സമീപകാലത്ത് ചിലർ വാദിക്കാറുണ്ട്. ശുക്ലയജൂർവേദത്തിൽ ഒരധ്യായം തന്നെ ബലി നൽകേണ്ട പുരുഷൻമാരുടെ നീണ്ട പട്ടികയാണ്. വൈദിക യാഗങ്ങളുടെ ഹോമ കുണ്ഡങ്ങൾക്കടിയിൽ മനുഷ്യൻ, കുതിര, കാള, ചെമ്മരിയാട്, കോലാട് എന്നീ 5 ജീവികളുടെ ഛേദിച്ച ശിരസ് കുഴിച്ചിടുന്ന പതിവുണ്ടായിരുന്നുവെന്ന് പർപ്പോള പറയുന്നു. ജൈന - ബുദ്ധമതങ്ങളുടെ സമ്മർദ്ദമായിരിക്കാം നരബലി ഉപേക്ഷിക്കാനും പകരം മൃഗബലിയിലേക്ക് തിരിയാനും ആദിമ ഹിന്ദുക്കളെ പ്രേരിപ്പിച്ചത്. എച്ച്.എച്ച്.വിൽസൺ, മാക്സ് മുള്ളർ, രാജേന്ദ്രലാൽ മിശ്ര, ആൽഫ്രഡ് വെബർ, ജാൻ ഹിസ്റ്റർമാൻ ആൽഫ് ഹിൽറ്റ് ബൈയ്തൽ, ബ്രിയാൻ കോളിൻസ്, മെഡലിൻ ബിയാർഡ്യൂ, ജാൻ ഹൂബർ, അസ്ക്കോ പർപ്പോള തുടങ്ങിയ പണ്ഡിതർ പ്രാചീന ബ്രാഹ്മണ ഗോത്രങ്ങൾ നരബലി നടത്തിയിരുന്നുവെന്ന് സമർത്ഥിക്കുന്നു.

 

സവർണ ഹിന്ദുയിസത്തിൻ്റെ സംഘസ്മൃതിയിൽ നരബലിയോടുള്ള ഗൃഹാതുരമായ അഭിനിവേശം ഇപ്പോഴും ജ്വലിച്ചു നിൽക്കുന്നുണ്ട്. 2000 നവംബറിൽ ഹരിദ്വാറിലെ ശാന്തി കുഞ്ജിൽ 'ആഗോള ഗായത്രി പരിവാർ' നടത്തിയ പ്രതീകാത്മക പുരുഷമേധം ഇതിനു തെളിവാണ്. ദശലക്ഷക്കണക്കിന് സവർണർ ഈ പ്രതീകാത്മക നരബലിക്കു സാക്ഷികളായി എത്തിയിരുന്നു. അസ്സമിലെ 'കാമാഖ്യ' എന്ന കാളി ക്ഷേത്രത്തിൽ പത്തൊമ്പതാം നൂറ്റാണ്ടുവരെയും നരബലി നടത്തിയിരുന്നു. ധാന്യം കൊണ്ട് നിർമിച്ച ആറടി ഉയരമുള്ള മനുഷ്യക്കോലങ്ങളാണ് ഇപ്പോൾ നരബലിക്കായി ഉപയോഗിക്കുന്നത്. ദുർഗാപൂജയുടെ ഭാഗമായി അർദ്ധരാത്രിയിൽ അതീവ രഹസ്യമായിട്ടാണ് പാണ്ഡ എന്നറിയപ്പെടുന്ന ബ്രാഹ്മണ പൂജാരിമാർ ഇത്തരം ബലികൾ നടത്തുന്നത്. പന്ത്രണ്ടാം നൂറ്റാണ്ടിൽ രചിക്കപ്പെട്ടതെന്നു കരുതുന്ന താന്ത്രിക ഗ്രന്ഥമായ കാലിക പുരാണം നരബലിയെക്കുറിച്ച് വിശദമായി ചർച്ച ചെയ്യുന്നുണ്ട്. ഒരു മനുഷ്യനെ ബലി കൊടുത്താൽ, കാളിയ്ക്ക് ഒരായിരം കൊല്ലം പ്രീതിയാകുമെന്ന് കാലിക പുരാണം പറയുന്നു. 12 വർഷത്തെ ഭരണകാലാവധി പൂർത്തിയാക്കുമ്പോൾ, സാമൂതിരിമാർ സ്വയം കഴുത്തറുക്കുന്നത്, മുമ്പെങ്ങോ നിലനിന്ന നരബലിയുടെ പരിഷ്കൃത രൂപമായിരിക്കാം. ആലപ്പുഴ ജില്ലയിലെ ചെട്ടികുളങ്ങര ക്ഷേത്രത്തിലെ കുത്തിയോട്ടം, ചൂരൽ മുറിയൽ ചടങ്ങുകൾ നരബലിയെയും ശിശുബലിയെയും ഓർമ്മിപ്പിക്കുന്നു. 10-12 വയസ് പ്രായമുള്ള കുട്ടികളെയാണ് ക്രൂരമായ കുത്തിയോട്ടത്തിന് ഉപയോഗിക്കുന്നത്. ദരിദ്രരായ രക്ഷിതാക്കൾക്ക് വൻതുക നൽകി അവരുടെ കുട്ടികളെ ഈ ബാലപീഡനത്തിന് ഉപയോഗിക്കുകയാണ് ചെയ്യുന്നത്. സംസ്ഥാന ബാലാവകാശ കമ്മീഷൻ്റെ നിരോധനമുണ്ടായിട്ടും ആചാരത്തിൻ്റെ പേരിൽ നടത്തുന്ന ഈ ബാലപീഡനം ഇപ്പോഴും ആഘോഷിക്കപ്പെടുന്നു.

 

നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് 2014-2016 കാലയളവിൽ ഇന്ത്യയിലെ 14 സംസ്ഥാനങ്ങളിലായി 51 നരബലികൾ നടന്നിട്ടുണ്ട്. നരബലിയുടെയും നര മാംസഭോജനത്തിൻ്റെയും പ്രതിക്കൂട്ടിൽ നിൽക്കുന്ന ഹിന്ദുയിസത്തെ രക്ഷിക്കാൻ കണ്ടെത്തുന്ന പുതിയ ന്യായം ഈ ആചാരങ്ങൾ അനാര്യവും തദ്ദേശീയവുമാണെന്ന വാദമാണ്. ആചാരങ്ങളെന്ന പേരിൽ നടത്തുന്ന നഗ്നമായ കൊലപാതകങ്ങൾക്ക് ഗോത്രപരമായ ഉല്പത്തി ചാർത്തുന്നത് ഹിന്ദുയിസത്തിൽ നിന്ന് കുറ്റകൃത്യത്തെ എടുത്തു മാറ്റാനുള്ള തന്ത്രമാണെന്നാണ് വെൻഡി ഡോണിഗർ നിരീക്ഷിക്കുന്നത്.

 

നരബലിയിലും നരമാംസ ഭോജനത്തിലും ആണ്ടു കിടക്കുന്ന ഹിന്ദുയിസത്തിൻ്റെ വേരുകൾ തന്നെയാണ് അയോധ്യയിലും തളിർക്കുന്നത്. രണ്ടായിരത്തോളം മനുഷ്യരുടെ കൂട്ട നരബലി ആഘോഷിച്ച ഗുജറാത്ത് നരഹത്യയുടെ മുഖ്യ പുരോഹിതനെ തന്നെ രാമക്ഷേത്ര നിർമ്മാണത്തിൻ്റെ ഉദ്ഘാടകനായി തിരഞ്ഞെടുത്തു എന്നത് ഒട്ടും യാദൃശ്ചികമല്ല. ഭരണഘടനയെയും നിയമവാഴ്ചയെയും ജനാധിപത്യ സ്ഥാപനങ്ങളെയും ആസൂത്രിതമായി തകർത്തു കൊണ്ടിരിക്കുന്ന ന്യൂനപക്ഷ സവർണ രാജിൻ്റെ നിലനിൽപ്പിനുള്ള ഏക മാർഗം നഗ്നമായ അക്രമവും ആചാരക്കൊലയുമാണ്. അതു കൊണ്ടാണ്, കോ വിഡ് മരണങ്ങൾ വർദ്ധിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ രാമക്ഷേത്രം കെട്ടിപ്പൊക്കാൻ ഹിന്ദു ഫാസിസ്റ്റുകൾ ശ്രമിക്കുന്നത്. ഒരു പക്ഷേ, കോ വിഡ് മൂലം മരിക്കുന്ന ഓരോ മനുഷ്യ ജീവനെയും രാമന് നൽകുന്ന വിശുദ്ധ ബലികളായിട്ടായിരിക്കാം ഇവർ കാണുന്നത്.

 

ആധുനികലോകത്ത് മാനവിക മൂല്യങ്ങൾക്ക് മുമ്പിൽ, വിശ്വാസപരമായോ അനുഷ്ഠാനപരമായോ ചിന്താപരമായോ പരസ്യമായി ന്യായീകരിക്കാവുന്ന യാതൊരു പാരമ്പര്യവും അവകാശപ്പെടാനില്ലാത്ത അധമ സമ്പ്രദായമാണ് ഹിന്ദുത്വ വാദം. അടുത്ത കാലം വരെയും ഈ നാണക്കേട് പല പല പേരുകൾ കൊണ്ട് മറച്ചു പിടിച്ചിരുന്നു. എന്നാൽ, ബിജെപി അധികാരത്തിലെത്തിയതോടെ , നാണക്കേടിനെ - അധമ പാരമ്പര്യത്തെ - വലിയ അഭിമാനമായി ആഘോഷിക്കാൻ തുടങ്ങിയിരിക്കുന്നു. അധമ പാരമ്പര്യത്തിന്, നരബലിയ്ക്ക് , കുറ്റകൃത്യത്തിന്, കുറ്റവാളികൾക്ക് സ്മാരകം പണിയാൻ തുടങ്ങിയിരിക്കുന്നു. ഭൂമുഖത്തു നിന്ന് ഉൻമൂലനം ചെയ്യപ്പെടേണ്ട ഹിന്ദുത്വ വാദം എന്ന സാംസ്കാരിക വൈറസിൻ്റെ സ്മാരകമാണ് അയോധ്യയിൽ ഉയരുന്നത്. ഇന്ത്യയിലെ മഹാഭൂരിപക്ഷം വരുന്ന മർദ്ദിതജാതി മനുഷ്യർക്കെതിരെ ഉയരുന്ന വെല്ലുവിളി കൂടിയാണിത്.


J Raghu