Specials

24 Jan 2020 23:45 PM IST

Geedha

സ്ത്രീപക്ഷ സിനിമ ; അംഗീകരിക്കാനാകാത്ത അവകാശവാദങ്ങൾ

1982 നവംബറിൽ പുറത്തിറങ്ങിയ ഇന്നല്ലെങ്കിൽ നാളെ എന്ന സിനിമ മലയാളത്തിലെ ആദ്യത്തെ സ്ത്രീപക്ഷ സിനിമയാണെന്ന് സമീപകാലത്ത് തുടർച്ചയായി ഉന്നയിക്കപ്പെടുന്ന അവകാശവാദം ചരിത്രത്തിന് നിരക്കുന്നതല്ലെന്ന് ചലച്ചിത്ര ഗവേഷകയും എഴുത്തുകാരിയുമായ ഗീഥ.

1982 നവംബറിൽ പുറത്തിറങ്ങിയ ഇന്നല്ലെങ്കിൽ നാളെ എന്ന സിനിമ മലയാളത്തിലെ ആദ്യത്തെ സ്ത്രീപക്ഷ സിനിമയാണെന്ന അവകാശവാദം സമീപകാലത്ത് തുടർച്ചയായി ഉന്നയിക്കപ്പെടുന്നുണ്ട്. ഇപ്പോൾ കോഴിക്കോട് നടക്കുന്ന വിമൺ ഫിലിം ഫെസ്റ്റിവലിൽ വി.ആർ സുധീഷ് ആ അഭിപ്രായം വീണ്ടും ആവർത്തിക്കുകയും, മറ്റു പലരും അതു സാധൂകരിക്കുകയും ചെയ്യുന്നു. സിനിമാ ചരിത്രത്തെ പറ്റി ധാരണ ഇല്ലാത്തതു കൊണ്ടാണ് ഇത്തരത്തിലുള്ള പരാമർശങ്ങൾ ഉണ്ടാവുന്നതെന്നു കരുതാൻ പറ്റില്ല. ചില വ്യക്തിതാത്പര്യങ്ങൾക്ക് വിധേയമായി സിനിമാ ചരിത്രം വളച്ചൊടിച്ച് വ്യാജ ചരിത്ര നിർമ്മിതി നടത്തുകയാണ് ഇവർ ചെയ്യുന്നത്.

 

ഇന്നല്ലെങ്കിൽ നാളെ എന്ന സിനിമ ആദ്യത്തെ സ്ത്രീപക്ഷ സിനിമയാണ് എന്ന് അവകാശപ്പെടുമ്പോൾ അതിനു മുമ്പുള്ള മലയാളം സിനിമയിലെ ഒട്ടനവധി സ്ത്രീകഥാപാത്രങ്ങളെ തമസ്കരിക്കുകയാണ് ചെയ്യുന്നത്. ഷീല ശാരദ തുടങ്ങിയവർ ചെയ്ത നിരവധി കഥാപാത്രങ്ങൾ അങ്ങനെ തമസ്കരിക്കപ്പെടുന്നു. ഒരു താരതമ്യപഠനം എന്ന നിലയിൽ ശാരദയ്ക്ക് ഉർവശി നേടിക്കൊടുത്ത തുലാഭാരം എന്ന സിനിമ എടുക്കാം. എന്തുകൊണ്ട് തുലാഭാരം എന്നാണെങ്കിൽ രണ്ടിന്റെയും ക്ലൈമാക്സ്‌ ഒന്നാണെന്നതു തന്നെ കാരണം.

 

യാതൊരു മാനസിക ബുദ്ധിമുട്ടും ഉണ്ടാക്കാതെ, ടി ദാമോദരന്റെ അഞ്ചു മിനുട്ടു നീളുന്ന ഉദ്ബോധന പ്രസംഗം ഒരാൾക്ക്‌ സിനിമയിൽ കേട്ടുകൊണ്ടിരിക്കാം. സിനിമയുടെ അന്ത്യത്തിൽ വളരെ പിന്തിരിപ്പനായി തന്നെ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട്, അഡ്വക്കേറ്റ് ആയി അഭിനയിക്കുന്ന സീമയുടെ കഥാപാത്രം, ഈ ക്രൂരസമൂഹത്തിൽ നിന്നും തന്റെ സഹോദരിയെ മോചിപ്പിക്കണം എന്നോണം കുട്ടികളെ കൊന്ന, ഉണ്ണിമേരി അവതരിപ്പിച്ച കഥാപാത്രത്തെ (ആത്മഹത്യയിൽ നിന്നും രക്ഷപെട്ട അമ്മയെ ) തൂക്കിക്കൊല്ലാൻ കോടതിയോട് ആവശ്യപ്പെടുന്നു. തുലാഭാരത്തിലും സമാന സന്ദർഭമാണ് (കോപ്പി ഒന്നും അല്ല )ഉള്ളത്.

 

പബ്ലിക് പ്രോസിക്യൂട്ടർ ആയ ഷീല ശാരദയുടെ സുഹൃത്താണ്, ഐ വി ശശി സിനിമയിലെ സീമയെ പോലെ വക്കീലും. പട്ടി കഴിച്ചതിൽ ബാക്കി വരുന്ന ഭക്ഷണത്തിൽ വിഷം ചേർത്ത് കഴിച്ചു ആത്മഹത്യ ചെയ്യുന്നതിനിടയിൽ, കുട്ടികൾ മരിച്ചു പോവുന്നു. ഷീല,ഈ സിനിമയിൽ കുട്ടികളെ കൊന്ന അമ്മയുടെ, ശാരദയുടെ സുഹൃത്താണ്. രണ്ടു സിനിമക്കും ഒരേ ക്ലൈമാക്സ്‌. എന്നാൽ 1968ൽ ഇറങ്ങിയ തുലാഭാരം ഐ വി ശശി സിനിമയെക്കാൾ ഒരു പടി മുകളിൽ തന്നെയാണ് നിൽക്കുന്നത്.

 

പബ്ലിക് പ്രോസിക്യൂട്ടറായ ഷീലയ്ക്ക് പ്രതിയായ ശാരദയുടെ കഥ കേട്ടപ്പോൾ നീതിന്യായ വ്യവസ്ഥിതിയും സമൂഹവും സ്ത്രീയോട് ചെയ്യുന്നത് തെറ്റാണ് എന്ന ബോധ്യം ഉണ്ടായി. ഷീല ശാരദയുടെ സുഹൃത്താണെങ്കിൽ കൂടി നിയമത്തിന്റെ വഴികളിലൂടെ മാത്രമേ സഞ്ചരിച്ചിരുന്നുള്ളൂ. എന്നാൽ ശാരദയുടെ ജീവിതകഥ കോടതിയിൽ വച്ചു കേട്ടതിന് ശേഷം, തൂക്കുകയറിന് വേണ്ടി കോടതിയിൽ വാദിച്ചത് തെറ്റാണെന്നു മനസിലാക്കി, ഷീല, അവർക്കു ജീവിക്കാനുള്ള അവസരത്തിനായി വീണ്ടും കോടതിയെ സമീപിക്കുകയാണ് ചെയ്തത്. നീതിന്യായ വ്യവസ്ഥിതിയുടെ പ്രതിലോമത, മനുഷ്യത്വമില്ലായ്മ എന്നിവ സിനിമ ചർച്ചക്ക് വെയ്ക്കുന്നു.

 

തുലാഭാരത്തിന്റെയും, ഇന്നല്ലെങ്കിൽ നാളെയുടെയും ക്ലൈമാക്സുകളിൽ നിന്നും ഒരു കാര്യം വ്യക്തം. തുലാഭാരത്തിൽ നാടകീയമായ അഭിനയമാണ് നടത്തുന്നതെന്നു വിമർശിക്കാമെങ്കിലും ശാരദ അഭിനയിച്ച കഥാപാത്രത്തിന്റെ വേദന നമ്മെ സ്പർശിക്കും. ഇന്നല്ലെങ്കിൽ നാളെയിൽ കുട്ടികളെ കാണാൻ ഇല്ല എന്നറിഞ്ഞു ഹോളിവുഡ് സിനിമകളെ അനുസ്മരിപ്പിക്കുംവിധം, രതീഷിന്റെ നേതൃത്വത്തിൽ ഒരു പാട് ബോട്ടുകൾ ഉപയോഗിച്ച് പുഴയിൽ ക്രൈം ഇൻവെസ്റിഗേറ്റർ ത്രില്ലെർ പോലെ പരതുന്ന രംഗമുണ്ട്. അതിനു ശേഷമാണ് ക്ലൈമാക്സ്‌ ആയ കോടതി രംഗം. സീമയുടെ പ്രസംഗം വലിയ കോരിത്തരിപ്പില്ലാതെ കേട്ടുകൊണ്ടിരിക്കാം.

 

ഇന്നല്ലെങ്കിൽ നാളെയിൽ എനിക്ക് ഏറ്റവും ശക്തമായി തോന്നിയ ഒരേ ഒരു സീൻ ഉണ്ണിമേരി താലി പറിച്ചു വലിച്ചെറിഞ്ഞു ഭർത്താവിനോട് പറയുന്ന സന്ദർഭമാണ്. അഞ്ചു സഹോദരികളുള്ള കുടുംബം. അതിൽ മൂന്നു സഹോദരിമാരുടെ കഥയാണ് സിനിമ. ആദ്യത്തെ സഹോദരിയുടെ കാമുകനായ രതീഷ്, കുടുംബത്തിന് വേണ്ടി അവരെ വേണ്ടെന്നു വച്ച് പണക്കാരിയായ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാൻ തീരുമാനിച്ചു. വിവാഹശേഷവും കാമുകിയുടെ ഓർമ്മയിൽ അയാൾക്ക് ഭാര്യയെ സ്നേഹിക്കാൻ സാധിച്ചില്ല . അവസാനം ഭാര്യ ഡിവോഴ്‌സിനായി കാമുകിയുടെ കഥാപാത്രത്തെ സമീപിക്കുന്നു. കാമുകിയായ സീമ മുൻകാമുകനായ രതീഷിനെ വിളിച്ചു നേരിൽ കണ്ടു കുറച്ചപമാനിക്കുന്നു, ഒരു സൈക്കോളജിക്കൽ മൂവ് എന്ന് പറയാം. അതോടെ രതീഷിനു അദ്‌ഭുതകരമായ മാറ്റം സംഭവിക്കുകയും ഭാര്യയെ പൂർവ്വാധികം ഇഷ്ടത്തോടെ സ്നേഹിക്കാൻ തുടങ്ങുകയും ചെയ്തു.

 

മറ്റൊരു സഹോദരിയായി സിനിമയിൽ അഭിനയിച്ചത് വനിത എന്ന നടിയാണ്. രവീന്ദ്രൻ അവതരിപ്പിച്ച കഥാപാത്രത്തെ അവർ സ്നേഹിക്കുന്നു. അവൾ വീട് വിട്ടു അയാളെ തേടി പോകുന്നു. അയാളുടെ കൂട്ടുകാരും അയാളും അവളെ ഗാങ് റേപ്പു ചെയ്യുന്നു. അതോടെ അവൾ പുനരധിവാസ കേന്ദ്രത്തിൽ എത്തുന്നു. അവിടെ അവളെ അന്വേഷിച്ച് ആരും വരേണ്ടതില്ല എന്നവൾ പ്രഖ്യാപിക്കുന്നു. മൂന്നാമത്തേത് ഉണ്ണിമേരി അഭിനയിച്ച കഥാപാത്രമാണ്. ഭാർത്താവിന്റെ പീഡനം, പരസ്ത്രീബന്ധം, മദ്യപാനം എന്നിവയിൽ മനം മടുത്തു കുട്ടികൾക്കൊത്തു അവർ ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്നു. കുട്ടികൾ മരിക്കുന്നു. തുലാഭാരത്തിന്റെ ക്ലൈമാക്സിന്റെ ആവർത്തനം. ചേച്ചിയും വക്കീലുമായ സീമ അനുജത്തിക്കു ജീവിതത്തിൽ നിന്നും മോചിതയാക്കുവാൻ വേണ്ടി പ്രതീക്ഷയറ്റു വധശിക്ഷക്കു വേണ്ടി കോടതിയിൽ ആവശ്യപെടുന്നു.

 

മൂന്നു സ്ത്രീകളുടെ തോൽവികൾ, സ്ത്രീകളോട് ഇങ്ങനെ ചെയ്യരുതെന്ന് സമൂഹത്തോട് അഭ്യർത്ഥന. ഇതാണ് ഇന്നല്ലെങ്കിൽ നാളെ എന്ന സിനിമ. ഇതു സ്ത്രീപക്ഷമല്ല എന്നൊന്നും എനിക്ക് അഭിപ്രായമില്ല . എനിക്ക് വിയോജിപ്പ്, ഈ സിനിമയെ ആദ്യത്തെ സ്ത്രീപക്ഷ സിനിമ എന്ന രീതിയിൽ പ്രതിഷ്ഠിക്കുന്ന വ്യക്തിതാല്പര്യങ്ങളോടാണ്. ശ്രീകുമാരൻ തമ്പിയുടെ മോഹിനിയാട്ടം എന്ന സിനിമയെപ്പറ്റി കൂടി പരാമർശിക്കാതെ വയ്യ.1976 ൽ വന്ന സിനിമയാണ് മോഹിനിയാട്ടം. സ്ത്രീപക്ഷ സിനിമ എന്ന നിലയ്ക്ക് സിനിമാ ചരിത്രം തിരസ്കരിച്ച സിനിമ.

 

പല സിനിമകളും സ്ത്രീപക്ഷ സിനിമകളായി വേണ്ടവിധം തിരിച്ചറിയാതെ പോകുകയും ചെയ്തിട്ടുണ്ട്. ആ ഇടങ്ങളിലേക്കാണ് ഇത്തരത്തിലുള്ള പുതിയ അവകാശവാദങ്ങൾ ഉന്നയിക്കപ്പെടുന്നത്. കെ.എസ് സേതുമാധവൻ ചെയ്ത നിരവധി സിനിമകളും, ഷീല അവതരിപ്പിച്ച ശക്തമായ സ്ത്രീ കഥാപാത്രങ്ങളും, അവയുടെ സ്ത്രീപക്ഷതകൊണ്ടാണ് ചരിത്രം കുറിച്ചിട്ടുള്ളത്. ഐ.വി ശശിയുടെ തന്നെ അവളുടെ രാവുകൾ ഈ സിനിമയെക്കാളും പുരോഗമനപരമല്ലേ? അതുകൊണ്ട് തന്നെ, ഇന്നല്ലെങ്കിൽ നാളെ എന്ന സിനിമയാണ് ആദ്യത്തെ സ്ത്രീപക്ഷ സിനിമ എന്ന് പറഞ്ഞു ഇനിയെങ്കിലും ചരിത്രനിഷേധം നടത്തരുത്.


Geedha