Specials

20 Mar 2020 07:10 AM IST

Reporter-Leftclicknews

നൂറാം വയസ്സിലെ വിവാഹം ; ഇത് നൂറ്റാണ്ടിന്റെ പ്രണയം

ചലച്ചിത്രകാരനും മാധ്യമ പ്രവർത്തകനുമായ യാവർ അബ്ബാസും എഴുത്തുകാരിയും സിപിഐ പ്രവർത്തകയുമായ നൂർ സഹീറും തമ്മിലുള്ള വിവാഹം ഈ കൊറോണക്കാലത്ത് ചരിത്ര സംഭവമായി മാറി.

ചലച്ചിത്രകാരനും മാധ്യമ പ്രവർത്തകനുമായ യാവർ അബ്ബാസും പ്രമുഖ എഴുത്തുകാരിയും സാംസ്കാരിക പ്രവർത്തകയും സി.പി.ഐ നേതാവുമായ നൂർ സഹീറും കഴിഞ്ഞ ദിവസം ലണ്ടനിൽ വിവാഹിതരായി. ഇന്ത്യയിലും പുറത്തും അറിയപ്പെടുന്ന രണ്ടു പ്രമുഖ വ്യക്തികൾ തമ്മിലുള്ള വിവാഹമെന്നതല്ല ഇതിനെ വാർത്താപ്രാധാന്യമുള്ള ചരിത്ര സംഭവമാക്കുന്നത്. പ്രായക്കൂടുതലുള്ളവർ മറ്റുള്ളവരിൽ നിന്ന് സുരക്ഷിതമായ അകലം പാലിച്ച് കൊറോണ വൈറസ് ബാധയിൽ നിന്ന് രക്ഷനേടാൻ അധികൃതർ നിർദ്ദേശിച്ചിരിക്കുന്ന സമയത്ത് നടന്ന ഈ വിവാഹത്തിൽ വരന് 100 വയസ്സുണ്ട് എന്നതാണ് ഈ വിവാഹത്തെ ലോകത്തിന്റെയാകെ ശ്രദ്ധയിലെത്തിക്കുന്നത്.

 

ദീർഘകാലമായി ഇംഗ്ലണ്ടിൽ താമസിക്കുന്ന യാവർ അബ്ബാസും എഴുത്തുകാരിയും ഇന്ത്യയിലെ പുരോഗമന സാഹിത്യ സംഘടനയുടെ നേതാവുമായ നൂർ സഹീറും തമ്മിലുള്ള പ്രണയത്തെ മാർച്ച് 27 ന് വിവാഹച്ചടങ്ങിലൂടെ ഔദ്യോഗിക ബന്ധമാക്കി മാറ്റാൻ ഇരുവരും തീരുമാനിക്കുകയായിരുന്നു. കൊറോണ വൈറസിന്റെ അപ്രതീക്ഷിത വരവ് ചടങ്ങിന് തടസ്സമാകുമോ എന്ന സംശയമുണ്ടായതോടെ വിവാഹം നേരത്തേയാക്കി. മാർച്ച് 17 ന് രാവിലെ വീട്ടിൽ ഒരു ചെറിയ ചടങ്ങിൽ വച്ച് അവർ വിവാഹിതരായി. 6 പേരാണ് ചടങ്ങിൽ പങ്കെടുത്തത്. " രണ്ടു പേരുടെയും മുഖത്ത് തികഞ്ഞ സന്തോഷവും ആശ്വാസവും കാണാമായിരുന്നു. വിവാഹവേളയിൽ ഇത്രത്തോളം ആനന്ദം യുവദമ്പതികളിൽ പോലും ഞാൻ കണ്ടിട്ടില്ല. " ചടങ്ങിന് സാക്ഷ്യം വഹിച്ച ദർദാന അൻസാരി പറഞ്ഞു.

 

അതിവേഗം പടരുന്ന ഒരു മാരക വൈറസ് ബാധിക്കാൻ സാധ്യതയുള്ള ഒരു നൂറുവയസ്സുകാരൻ വിവാഹിതനാകാനുള്ള പ്രേരണയെന്താണ്? "പ്രണയമാണ് പ്രചോദനം" അബ്ബാസ് പറഞ്ഞു. "എനിക്ക് എത്ര വയസ്സുണ്ടെന്നത് പ്രശ്നമല്ല. നൂറിന് 64 വയസ്സാണ് പ്രായം. പ്രായ വ്യത്യാസം ഒരു വിഷയമേ അല്ല. ഒന്നിച്ചുണ്ടാകുന്നതിൽ ഞങ്ങൾ രണ്ടു പേരും സന്തോഷിക്കുന്നു എന്നതാണ് പ്രധാനം." നരേന്ദ്ര മോദി സർക്കാരിനെതിരായ സമരങ്ങളിലെ സജീവ പങ്കാളിയാണ് നൂർ സഹീർ എന്നതിൽ വലിയ അഭിമാനമാണ് അബ്ബാസിന്. വലതുപക്ഷ ആശയങ്ങൾ ഇന്ത്യയിലും പാകിസ്ഥാനിലും ആധിപത്യം നേടുന്നതിൽ കടുത്ത ദു:ഖവും അമർഷവുമുണ്ട് യാവർ അബ്ബാസിന്. അത് പക്ഷേ, അദ്ദേഹത്തെ നിരാശനാക്കുന്നില്ല. പോരാട്ടങ്ങളൊടൊപ്പമാണ് അദ്ദേഹം.

 

പ്രമുഖ എഴുത്തുകാരനും ഇന്ത്യയിലെ പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ സ്ഥാപകരിൽ പ്രമുഖനുമായ സജ്ജാദ് സഹീറിന്റെ മകളാണ് നൂർ സഹീർ. നൂറിന്റെ മാതാവ് റസീയ സഹീറും അറിയപ്പെടുന്ന എഴുത്തുകാരിയും പുരോഗമന സാഹിത്യ സംഘടനയുടെയും സി.പി.ഐയുടെയും പ്രവർത്തകയുമായിരുന്നു. ഇന്ത്യൻ പീപ്പിൾസ് തിയറ്റർ അസോസിയേഷന്റെ (ഇപ്റ്റ ) മുൻ പ്രസിഡന്റും സജീവ സി.പി.ഐ പ്രവർത്തകയുമാണ് നൂർ. വൈറസ് ബാധയെ ഭയപ്പെടുന്നില്ലെന്നും കമ്മ്യൂണിസ്റ്റു പ്രവർത്തക എന്ന നിലയിൽ ഇന്ത്യയിലെ ഉൾനാടുകളിൽ പ്രതികൂല സാഹചര്യങ്ങളിൽ പ്രവർത്തിച്ചതിലൂടെ ലഭിച്ച അനുഭവങ്ങളുടെ കരുത്ത് തനിക്കുണ്ടെന്നും അവർ പറഞ്ഞു.

 

കഴിഞ്ഞ വർഷം ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം കനയ്യ കുമാറിനെ സി.പി.ഐ ജനറൽ സെക്രട്ടറിയാക്കണമെന്ന നൂർ സഹീറിന്റെ അഭിപ്രായം ഇടതുപക്ഷ ബുദ്ധിജീവികൾക്കിടയിൽ സജീവ ചർച്ചയായിരുന്നു. കനയ്യകുമാർ തീരെ ചെറുപ്പമാണെന്ന വാദത്തെ അവർ നേരിട്ടത്, കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറിയാകുമ്പോൾ പി.സി ജോഷിക്ക് 28 വയസ്സു മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നോർമ്മിപ്പിച്ചു കൊണ്ടാണ്. ഇന്ത്യൻ ഇടതുപക്ഷത്തിന്റെ സുവർണ്ണ കാലമായിരുന്നു പി.സി ജോഷി പാർട്ടിയെ നയിച്ച കാലമെന്ന് നൂർ പറയുന്നു. പുരോഗമന സാഹിത്യ സംഘടന രൂപീകരിക്കുമ്പോൾ സജ്ജാദ് സഹീറിന് 31 വയസ്സ്. കനയ്യക്ക് അവരെക്കാൾ പ്രായക്കൂടുതലുണ്ട്. 32 വയസ്സ്. വാശിയോടെ നൂർ വാദിച്ചു. കനയ്യകുമാറിനെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കുന്നതു വഴി സിപിഐക്ക് അത്ഭുതം സൃഷ്ടിക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്ന നൂർ, ഇന്ത്യയുടെ രാഷ്ട്രീയ സാംസ്കാരിക രംഗത്ത് താൻ തുടർന്നും സജീവമായി ഉണ്ടാകുമെന്ന് ഉറപ്പു നല്കുന്നു.


Reporter-Leftclicknews