Culture

06 Mar 2020 01:25 AM IST

Reporter-Leftclicknews

നാടകസമിതിക്ക് ചുമത്തിയ അന്യായ പിഴ റദ്ദു ചെയ്യണം : നാടക്

ആലുവ അശ്വതി തിയേറ്റേഴ്സിൻറെ നാടക വണ്ടിയ്ക്ക്‌ മുൻകൂർ ഫീസ് അടയ്ക്കാതെ ബോർഡ് വച്ചു എന്ന കുറ്റം ചുമത്തി ഭീമമായ പിഴ ഇട്ട നടപടിയും മോട്ടോർ വാഹനത്തിലെ പ്രസക്തമായ വകുപ്പും റദ്ദു ചെയ്യണമെന്ന് നാടക് സംസ്ഥാന ജനറൽ സെക്രട്ടറി ജെ. ശൈലജ ആവശ്യപ്പെട്ടു.

നാടകസമിതിയുടെ വാഹനത്തിനു മുകളിൽ ബോർഡ് വച്ചു എന്ന കുറ്റത്തിന് ഭീമമായ തുക പിഴ ഈടാക്കിയ നടപടിയിൽ സംസ്ഥാനത്തെ നാടക പ്രവർത്തകരുടെ സംഘടന നാടക് പ്രതിഷേധിച്ചു. ആലുവ അശ്വതി തിയേറ്റേഴ്സിൻറെ നാടക വണ്ടിയ്ക്ക്‌ മുൻകൂർ ഫീസ് അടയ്ക്കാതെ ബോർഡ് വച്ചു എന്ന കുറ്റം ചുമത്തി ഭീമമായ പിഴ ഇട്ട നടപടിയും മോട്ടോർ വാഹനത്തിലെ പ്രസക്തമായ വകുപ്പും റദ്ദു ചെയ്യണമെന്ന് നാടക് സംസ്ഥാന ജനറൽ സെക്രട്ടറി ജെ. ശൈലജ നിവേദനത്തിൽ ഗതാഗത മന്ത്രി എ. കെ ശശീന്ദ്ര നോട് ആവശ്യപ്പെട്ടു.

 

വാടകക്കെടുത്ത വണ്ടിയും മുപ്പതിനായിരത്തിൽ താഴെ പ്രതിഫലവും 10 ലേറെ അംഗങ്ങളും ഉൾക്കൊള്ളുന്ന സമിതിയ്ക്കാണ് ഈ അവസ്‌ഥ ഉണ്ടായതെന്ന് ശൈലജ നിവേദനത്തിൽ പറഞ്ഞു. ഇത്തരം ഷോക്കുകൾ സാധാരണ നാടക പ്രവർത്തകർക്ക് സമ്പത്ത് കൊണ്ടോ സാമൂഹ്യ പിൻബലം കൊണ്ടോ മറികടക്കാൻ ആകില്ലെന്നത് എല്ലാർക്കും അറിയുന്ന സത്യമാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. കേരളം ഉണ്ടായ കാലം മുതൽ നാടക വണ്ടികൾ സമിതിയുടെ പേരും നാടകത്തിന്റെ പേരും എഴുതിയ ബോർഡുകൾ മുന്നിലും പിറകിലും പ്രദർശിപ്പിച്ചു കൊണ്ടാണ് കേരളത്തിന്റെ നെടുകെയും കുറുകെയും രാവും പകലും ഓടിക്കൊണ്ടിരിക്കുന്നത്.

 

കലാ പ്രവർത്തനം വ്യത്യസ്തമാണെന്നും അതിനുവേണ്ടി ഉപയോഗിയ്ക്കുന്ന വണ്ടി ചരക്കു വണ്ടിയുടെ ഗണത്തിൽ വരില്ലെന്നുമായിരുന്നു തങ്ങൾ പ്രതീക്ഷിച്ചതെന്ന് ശൈലജ പറഞ്ഞു. നിയമങ്ങൾ ഉണ്ടാക്കുമ്പോൾ പോലും സാംസ്‌കാരികവും മാനവീകവുമായ നിലപാടും കരുതലും കേരളത്തിൽ എന്നും ഉണ്ടായിട്ടുണ്ട്. ഇത് കേരളത്തിൽ നിന്ന്‌ മാത്രം പ്രതീക്ഷിയ്ക്കാൻ കഴിയുന്ന കാര്യമാണ്. പക്ഷെ ഈ സംഭവം അത്തരം എല്ലാ ധാരണകളെയും തകിടം മറിച്ചിരിയ്ക്കുന്നു.

 

1988ലെമോട്ടോർ വെഹിക്കിൾ ആക്ടിലെ 191 ഭാഗം പാലിച്ചില്ല എന്ന കാരണത്തിനാണ് പിഴ എന്നു ഓഫിസർ പറയുന്നു. 1988 ൽ ആ നിയമം വന്നതിനു ശേഷം ഇതുവരെ ഒരു സമിതിയ്ക്കും ഇങ്ങനെ ഒരു അവസ്‌ഥ നേരിടേണ്ടി വന്നിട്ടില്ല എന്നു നാടകപ്രവർത്തകർ ഒന്നടങ്കം പറയുന്നു. ഒരുപക്ഷേ അത് ഉദ്യോഗസ്ഥരുടെ വിവേകമോ വിവേചനമോ ദയയോ ആയിരുന്നിരിയ്ക്കാം. കേരളത്തിലെ നാടക മേഖല പിടിച്ചുനിൽക്കാൻ പോലും പെടാപ്പാട് പെടുന്ന ഈ കാലത്തു ഇത്തരം ഇരുട്ടടികൾ, നാടകപ്രവർത്തനം തന്നെ അവസാനിപ്പിച്ചു നാടകസമിതികളെ പിരിച്ചു വിടാൻ പ്രേരിപ്പിയ്ക്കുന്നതാണ്.

 

ഇങ്ങനെ ഒരു നിയമം ഉണ്ടെന്നോ അത് നാടക വണ്ടികൾക്കും ബാധകമാണെന്നോ എത്ര നാടകക്കാർക്ക് അറിയും എന്നത് പോലും വലിയ പ്രശ്നമാണ്. കാലാകാലങ്ങളിൽ പല നിയമങ്ങളും വരികയും ചിലതൊക്കെ കടലാസിൽ തന്നെ ഉറങ്ങുകയും, ചിലതൊക്കെ സാധാരണക്കാർക്ക് മാത്രം ബാധകമാക്കുകയും ചെയ്യുന്നു എന്ന് പരക്കെ ഉള്ള ആക്ഷേപത്തിനെ സാധൂകരിയ്ക്കുന്നതല്ലേ ഈ നടപടിയെന്ന് നാടക് സംസ്ഥാന ജനറൽ സെക്രട്ടറി ചോദിച്ചു. രാഷ്ട്രീയ സാമുദായിക സർക്കാർ പരിപാടികളിലെല്ലാം ഇത്തരം ബോർഡുകളും വാഹനം മുഴുവൻ കവർ ചെയ്യുന്ന ബോക്സുകളുമൊക്കെ പരക്കെ ഉപയോഗിച്ചു കാണാറുണ്ട്. അപ്പോൾ സാമാന്യജനം കരുതുന്നത്‌ ഇത്തരം കാര്യങ്ങൾ നിയമ വിധേയം ആണെന്നല്ലേ? നാടകക്കാരും അങ്ങനെ മാത്രമേ ഇതുവരെ കരുതിയിരുന്നുള്ളൂ.

 

തനിയ്ക്ക് ഒരു നേരത്തെ അന്നം കിട്ടുന്നതിനൊപ്പം നാടിന്റെ കലാ പാരമ്പര്യത്തെ കൂടി ജീവിപ്പിയ്ക്കുന്നവരാണ് നാടകക്കാർ. നാടിന്റെ സാംസ്കാരിക മുഖച്ഛായ നിലനിർത്താൻ കഷ്‌ടതകൾക്കുള്ളിലും പുഞ്ചിരിച്ചുകൊണ്ട് തട്ടിൽ നിന്നും തട്ടിലേക്കു രാപ്പകൽ ഓടുന്നവർക്ക് സാമൂഹ്യ നീതി നിഷേധിയ്ക്കരുത്. എല്ലാ പരിമിതികൾക്കും ഉള്ളിൽ നിന്നുകൊണ്ട് നിർമ്മിയ്ക്കുന്ന നാടകം കളിയ്ക്കാനും അതിനു വേണ്ടി സഞ്ചരിയ്ക്കാനും കഴിയാത്ത തരത്തിൽ ഉള്ള എല്ലാ നിയമ തടസ്സങ്ങളും സാമ്പത്തീക ബാധ്യതകളും ഒഴിവാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വം ആണ്. നാടക കലാകാരരെ അവരുടെ പ്രവൃത്തി സുഗമമായി ചെയ്യാൻ സഹായിക്കുന്ന തരത്തിൽ സർക്കാർ ഇടപെടലുകൾ ഉണ്ടാകണം എന്നു നാടക് അഭ്യർത്ഥിച്ചു.


Reporter-Leftclicknews