Culture

26 Apr 2020 23:00 PM IST

Radhakrishnan Kunnumpuram

ഒഴിഞ്ഞ അരങ്ങുകൾ ; അനിശ്ചിതമായ ഭാവി

ഉത്സവകാലത്തെ ആശ്രയിച്ചു ജീവിക്കുന്ന പതിനായിരക്കണക്കിന് കലാകാരരുടെയും സാങ്കേതിക പ്രവർത്തകരുടെയും ജീവിതം തികഞ്ഞ അനിശ്ചിതത്വത്തിലായിരിക്കുന്നു. കോടികൾ മുടക്കിയുള്ള സാംസ്കാരിക സമുച്ചയ നിർമ്മാണം ഉൾപ്പെടെ എല്ലാ ധൂർത്തും ഒഴിവാക്കി ഈ കലാ പ്രവർത്തകരോടൊപ്പം നില്ക്കാൻ സർക്കാർ തയ്യാറാകണം.

കെട്ടിയാടിയ വേഷങ്ങളഴിച്ചു മാറ്റാൻ പോലുമാകാതെ കോവിഡ് രോഗകാലത്തിൽ ദുഃഖങ്ങൾ ദീർഘനിശ്വാസത്തിലൊതുക്കി നിശ്ശബ്ദതയിലാണ് ഒരു കൂട്ടം മനുഷ്യർ. കലാകാരന്മാരെന്ന് സമൂഹം സ്നേഹ ബഹുമാനങ്ങളോടെ വിളിക്കുന്നവരാണിവർ. രാത്രികളെ പകലുകളാക്കുന്ന ഉൽസവകാലത്തിന്റെ നായകർ. നാടകം, നൃത്തനാടകം, മിമിക്സ് പരേഡ്, ഗാനമേള,, കഥാപ്രസംഗം എന്നിങ്ങനെ സാധാരണ മനുഷ്യർക്ക് കലയുടെ ആനന്ദം പകർന്നു നല്കുന്നവർക്ക് മേൽ ഇടിത്തീയായി പെയ്തിറങ്ങുകയായിരുന്നു കോവിഡ് രോഗകാലം. ആൾക്കൂട്ടങ്ങളൊടുങ്ങി. ഉൽസവങ്ങൾ വേണ്ടെന്നു വയ്ക്കേണ്ടി വന്നു. ഏകാന്തതകളുടെ തുരുത്തിൽ ഇപ്പോഴി വരുണ്ട്. നാളെ എന്തെന്നറിയാതെ.

 

8 ലക്ഷത്തിനും 10 ലക്ഷത്തിനുമിടയിൽ ഭാരിച്ച തുക ചെലവഴിച്ചാണ് ഒരു നാടകം രംഗവേദിയിലെത്തിക്കുന്നത്. ഉത്സവ സീസൺ തുടങ്ങുന്നതിനു മുമ്പ് നാടകം അരങ്ങിലെത്തിക്കാനുള്ള പണം മുഴുവൻ നാടക നിർമ്മാതാവ് മുടക്കിക്കഴിയും. നാടക നിർമ്മാതാവ് എന്ന നിലയിൽ 14 വർഷത്തെ അനുഭവമുള്ളയാളാണ് ആറ്റിങ്ങൽ ശ്രീധന്യ തീയറ്റേഴ്സ് ഉടമ വീരളം രാജൻ. സ്വന്തം അനുഭവം രാജൻ വിവരിച്ചു. ഒരു വർഷത്തിനു മുൻപ് നടീനടൻമാർക്ക് അടുത്ത വർഷത്തേക്കുള്ള അഡ്വാൻസ് നൽകി. നാടകകൃത്തുമായും സംവിധായകനുമായും കരാറുകൾ ഉറപ്പിച്ചു. ഈ വർഷം നാടകം കളിച്ചു കിട്ടുന്ന വരുമാനത്തിൽ നിന്ന് രംഗപടം, റിഹേഴ്സൽ ക്യാമ്പിൽ ചെലവായ തുക, ബാക്കി തുക നൽകേണ്ടവർക്കുള്ള പണം ഒക്കെയും കണ്ടെത്താമെന്ന പ്രതീക്ഷയിലാണ് നിർമ്മാതാക്കൾ ഉൽസവകാലത്തെ കാത്തിരിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ഇക്കുറി ഒക്കെയും തകിടം മറിഞ്ഞു. 80 ശതമാനത്തിലേറെ നാടകങ്ങൾ റദ്ദായി. കഴിഞ്ഞ വർഷത്തെ വരവിൽ ഒരു രൂപ മിച്ചമില്ല. ഉത്സവ സീസണുകളിൽ അരങ്ങിലും അണിയറയിലും സന്തോഷപൂർവ്വം ഉറക്കമൊഴിയുന്ന വീരളം രാജനടക്കമുള്ള നാടകപ്രവർത്തകർക്ക്, ഇനി എന്തു ചെയ്യുമെന്ന ആധിയിൽ ഉറക്കം നഷ്ടപ്പെട്ട രാത്രികളാണ് ഇപ്പോൾ.

 

ഇരുപത്തിഅഞ്ചിലേറെ കലാകാരൻമാർ അടങ്ങുന്നതാണ് ഒരു സാധാരണ നാടൻപാട്ട് സമിതി. ഗായകർ, നർത്തകർ, അനുഷ്ഠാന കലാകാരൻമാർ എന്നിങ്ങനെ ആ പട്ടിക നീളുന്നു. ഉത്സവ സീസണുകളിൽ ഒരു രാത്രിയും വീട്ടിലിരിക്കേണ്ടി വരാത്തവർ ഈ ഉത്സവകാലം മുഴുവൻ രാത്രിയും പകലും വീട്ടിലിരുന്ന് തീ തിന്നുകയാണ്. 14 വർഷക്കാലമായി നാടൻപാട്ട് രംഗത്ത് സജീവമാണ് വരമൊഴിക്കൂട്ടം നാടൻപാട്ട് സമിതിയുടെ സംഘാടകനായ ബിനീഷ് കോരാണി. നടനും ഗായകനുമായ ഇദ്ദേഹത്തിന് ഇക്കുറി വിരലിലെണ്ണാവുന്ന വേദികൾ മാത്രമാണ് ലഭിച്ചത്. 80 ലേറെ പരിപാടികൾ നഷ്ടമായി. 2 ലക്ഷത്തിലേറെ രൂപ ചെലവാക്കിയാണ് ഈ വർഷം കലാപരിപാടി തയ്യാറാക്കിയത്. ചെലവഴിച്ച തുക തിരികെ ലഭിച്ചാലേ അടുത്ത വർഷം സമിതിക്ക് പുതിയ കലാപരിപാടി പുറത്തിറക്കാനാകൂ. അതിന് നിലവിൽ ബിനീഷിനു മുന്നിൽ ഒരു വഴിയുമില്ല.

 

രംഗവേദിയിലെ കലാകാരൻമാരെ പോലെ തന്നെ, ഉൽസവങ്ങൾ വേണ്ടെന്ന് വച്ചതോടെ വരുമാനം നഷ്ടപ്പെട്ടവരാണ് ഉൽസവ ഘോഷയാത്രകളെയും എഴുന്നള്ളത്തുകളെയും വർണ്ണാഭമാക്കുന്ന, തെയ്യം, നാടോടി നൃത്തം, ചെണ്ടമേളം, കരകാട്ടം, കാവടി കലാകാരൻമാരും. പുതിയ വർഷത്തേക്ക് തയ്യാറാക്കിയ കലാരൂപങ്ങളാകട്ടെ സമിതികളുടെ ആസ്ഥാനങ്ങളിൽ ചിതൽ കയറി നശിച്ചു തുടങ്ങി. ഉത്സവകാലത്തെ നാലു മാസക്കാലം ലഭിക്കുന്ന വരുമാനം കൊണ്ടാണ് കേരളത്തിലെ ഭൂരിപക്ഷം കലാകാരൻമാരും
ഒരു വർഷം ജീവിക്കുന്നത്. ജനുവരി മുതൽ മെയ് വരെയുള്ള ഉത്സവകാലമാണ് അവരുടെ വരുമാനകാലം. ഇക്കുറി ജനുവരി കഷ്ടിച്ച് പിന്നിട്ടപ്പോഴേ രോഗത്തിന്റെ കാറ്റ് വീശിത്തുടങ്ങി. തുടർന്ന് ഉൽസവം നടക്കുമോ എന്ന സംശയമായി. കമ്മിറ്റികൾക്ക് തീരുമാനമെടുക്കാനാകാത്ത സാഹചര്യം വന്നു. പുതിയ അന്വേഷങ്ങളോ ബുക്കിംഗുകളോ ഉണ്ടായില്ലെന്നു മാത്രമല്ല നേരത്തേ ഉണ്ടായിരുന്നവ റദ്ദാക്കിയതോടെ കലാകാരന്മാരുടെ അവസ്ഥ ദയനീയമായി.

 

ഒന്നര പതിറ്റാണ്ടിലേറെയായി മലയാള നാടകരംഗത്ത് പശ്ചാത്തല സംഗീത രംഗത്ത് പ്രവർത്തിച്ച് വരുന്ന കലാകാരനാണ് സുഭാഷ് പാലത്ര. പ്രമുഖ നടൻ കണ്ണൂർ വാസുട്ടിയുടെ നാടകസമിതിയിലായിരുന്നു ഇദ്ദേഹം. സുഭാഷ് പറയുന്നു, "6 വയസ്സുള്ള ഒരു ആൺകുഞ്ഞും, ഭാര്യയും അടങ്ങുന്നതാണ് എൻ്റെ കുടുംബം. നാടകത്തിൽ നിന്നു കിട്ടുന്ന ഏക വരുമാനമാണ് എൻ്റെ ജീവിതമാർഗ്ഗം. ഈ ലോക് ഡൗൺ കാലയളവിൽ എഴുപതോളം നാടകങ്ങളാണ് നഷ്ടമായത്. 80000 രൂപയോളം എനിക്ക് നഷ്ടമായി. ബാങ്ക് ലോൺ, മറ്റു ചിട്ടികൾ ഉൾപ്പടെ തിരിച്ചടവ് ഈ വരുമാനത്തിൽ നിന്നാണ്. ഒരു വർഷത്തിൻ്റെ പകുതി കാലയളവിൽ പ്രോഗ്രാം ചെയ്ത കിട്ടുന്ന വരുമാനം കൊണ്ട് വേണം ഒരു വർഷക്കാലം ജീവിതം കഴിച്ച് കൂട്ടാൻ. ബാക്കിയുള്ള ബുദ്ധിമുട്ടുകൾ ഇനി വരാൻ ഇരിക്കുന്നതെയുള്ളു." ഇനി എങ്ങനെ മുന്നോട്ടു പോകണമെന്നറിയാതെ നിസ്സഹായരായി വഴിമുട്ടി നിൽക്കുകയാണ് ചെറുകിട കലാസംഘങ്ങളെന്ന് ഉദയൻ കലാനികേതൻ പറഞ്ഞു. പല ചെറുകിട ഗാനമേള, നാടൻപാട്ട് സമിതികളും കരാറടിസ്ഥാനത്തിൽ ലൈറ്റിനും സൗണ്ട് സിസ്റ്റത്തിനും നൽകിയ പണം നഷ്ടമായിരിക്കുന്നു.

 

കോവിഡ് രോഗകാലം പാടെ തകർത്തെറിഞ്ഞ മറ്റൊരു രംഗമാണ് ലൈറ്റ് ആന്റ് സൗണ്ട്സിന്റേത്. ശബ്ദവും വെളിച്ചവും കൊണ്ട് ഉത്സവങ്ങൾക്കും മറ്റ് ആഘോഷങ്ങൾക്കും നിറവും മിഴിവും നല്കിയ ലൈറ്റ് ആൻഡ് സൗണ്ട് കലാകാരന്മാർ, അനിശ്ചിതമായ ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠയോടെ നിശ്ശബ്ദരായി വീടുകളിൽ കഴിയുകയാണ്. കേരളത്തിലെ വലിയ വ്യവസായങ്ങളിലൊന്നായി മാറിക്കഴിഞ്ഞ ലൈറ്റ് ആന്റ് സൗണ്ട് മേഖലയിൽ ഉൽസവകാലത്ത് ലക്ഷങ്ങളാണ് പലരും മുതൽ മുടക്കുന്നത്. മൂന്നു നാല് കിലോമീറ്റർ ചുറ്റളവിൽ ശബ്ദവും വെളിച്ചവും നൽകുന്ന പ്രമുഖമായ സ്ഥാപനങ്ങൾ കേരളത്തിൽ നിരവധിയുണ്ട്. ഒരേ സമയം മൂന്നും നാലും ക്ഷേത്രങ്ങൾക്കാവശ്യമായ ഇലക്ട്രോണിക് സാധനങ്ങൾ നൽകാൻ കഴിവുള്ള ഇത്തരക്കാർക്ക് കീഴിൽ നൂറുകണക്കിന് ടെക്നീഷ്യൻമാർ പണിയെടുക്കുന്നുണ്ട്. ഈ രോഗകാലം അവരെയും കഷ്ടതയിലാക്കിയിരിക്കുന്നു.

 

ലൈറ്റ് ആൻഡ് സൗണ്ട്സ് രംഗത്തെ വലിയ സ്ഥാപനങ്ങൾ വർഷം തോറും പുതിയ ഉപകരണങ്ങൾക്കായി കോടികളാണ് ചെലവിടേണ്ടതെങ്കിൽ ഈ രംഗത്തെ ചെറുകിട പ്രവർത്തകർ ലക്ഷങ്ങളുടെ മുതൽമുടക്കി നഷ്ടത്തിലാണെന്ന് ചിറയൻകീഴിലെ അംബിക സൗണ്ട് സിസ്റ്റത്തിന്റെ ഉടമസ്ഥൻ സിനു സി.ടി പറയുന്നു. വർഷം തോറും പുതിയ ആംപ്ലിഫയറുകൾ, ബോക്സുകൾ, വയറുകൾ, കളർ ബൾബുകൾ, സീരിയൽ ലൈറ്റുകൾ , ഇലുമിനേഷൻ ബോർഡ് എന്നിവയ്ക്ക് പണം ചെലവഴിച്ചേ മതിയാകൂ. ചില മേജർ ക്ഷേത്രഉത്സവങ്ങളോ, പളളി പെരുനാളുകളോ സ്ഥാപനങ്ങളുടെ വാർഷികാഘോഷങ്ങളോ മുന്നിൽ കണ്ടാണ് ഇങ്ങനെ പണം ചെലവഴിക്കുന്നത്. ഇക്കുറി പുതിയതായി രംഗത്ത് വന്ന ഫിക്സൽ സീരിയൽ ലൈറ്റുകൾ വലിയ വില നൽകി പലരും വാങ്ങിയിരുന്നു. ഇതിനൊക്കെയായി കടം വാങ്ങിയ തുക എങ്ങിനെ തിരികെ നൽകുമെന്നറിയാതെ കുഴങ്ങുകയാണ് താനടക്കം സൗണ്ട് വർക്കേഴ്സ് അസോസിയേഷനിലെ ഭൂരിപക്ഷം അംഗങ്ങളുമെന്നാണ് സിനു പറയുന്നത്.10 ലക്ഷത്തോളം രൂപ ചെലവഴിച്ച്‌ വലിയ സംഘങ്ങൾ വർഷംതോറും പുതിയ പവർ യൂണിറ്റുകൾ വാങ്ങാറുണ്ട്. ഉൽസവകാലത്തിന് മിഴിവു പകരാൻ പണം ചെലവഴിച്ച ഇത്തരക്കാർക്കു മുന്നിൽ ഈ രോഗകാലം ഉയർത്തുന്ന ഭീഷണി ചെറുതല്ല.

 

ഉത്സവകാലത്തെ ആശ്രയിച്ച് ജീവിക്കുന്ന പതിനായിരക്കണക്കിന് കലാകാരരുടെയും സാങ്കേതിക വിദഗ്ദ്ധരുടെയും ജീവിതം വഴിമുട്ടാതിരിക്കാൻ സർക്കാർ, പ്രത്യേകിച്ച് സാംസ്കാരിക വകുപ്പ് കൃത്യമായ പദ്ധതികൾ തയ്യാറാക്കിയേ മതിയാകൂ. ക്ഷേമ പെൻഷനുകൾ എന്ന പേരിൽ ലഭിക്കുന്ന ചെറിയ തുകയെക്കാൾ, ജീവിതം മുന്നോട്ടു പോകാൻ സഹായിക്കുന്ന തരത്തിലുള്ള പലിശരഹിത വായ്പകളെക്കുറിച്ച് സർക്കാർ ആലോചിക്കണം. 50 കോടിയും 100 കോടിയും ചെലവാക്കി ജില്ലാ ആസ്ഥാനങ്ങളിൽ തുടങ്ങുമെന്ന് പ്രഖ്യാപിച്ച സാംസ്കാരിക സമുച്ചയങ്ങൾ ഉൾപ്പെടെയുള്ള എല്ലാ ധൂർത്തും അവസാനിപ്പിച്ച്, കല ജീവിതമാർഗ്ഗമാക്കിയ സാധാരണക്കാരോടൊപ്പം നില്ക്കാൻ സർക്കാരും സാംസ്കാരിക വകുപ്പും തയ്യാറാകണം.


Radhakrishnan Kunnumpuram