Open Space

10 May 2020 22:55 PM IST

Rakesh Dwivedi

ഞാൻ മസ്‌ദൂർ

സ്വന്തം രക്തവും വിയർപ്പു മൊഴുക്കി ഈ രാജ്യം നിർമ്മിച്ച മർദ്ദിതരായ മനുഷ്യർ തെരുവിൽ പുഴുക്കളെപ്പോലെ മരിക്കാൻ കാരണമായ ഇന്ത്യൻ ദൈവശാസ്ത്രത്തെ തുറന്നു കാണിക്കുകയാണ് സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ രാകേഷ് ദ്വിവേദി.

" മേം മസ്‌ദൂർ ഹൂം. മേരേ പാസ് മേരേ ശ്രം കേ അലാവ കുച്ച് നഹീം ഹെ "

പണിയെടുക്കാനായി ജനിച്ചവൻ, ഞാൻ മസ്‌ദൂർ. കൃഷിയിടങ്ങളിൽ, ഫാക്ടറികളിൽ, കടകളിൽ, ഹോട്ടലുകളിൽ, കുബേര ഭവനങ്ങളിൽ, സ്കൂളുകളിൽ, കെട്ടിട നിർമാണങ്ങളിൽ, റയിൽവേയിൽ, മെട്രോയിൽ, അങ്ങനെ എത്രയെത്ര സ്ഥലങ്ങളിൽ ഞാൻ പണി ചെയ്യുന്നു. അഴുക്കുചാലുകൾ വൃത്തിയാക്കുന്നത് എന്റെ കരങ്ങൾ. റോഡുകളും ഫ്ലൈ ഓവറുകളും നിർമിക്കുന്നത് എന്റെ കരങ്ങൾ. എന്റെ രക്തവും വിയർപ്പും ചേർത്ത് കുഴച്ച അടിത്തറയിലാണ് ഇന്ത്യൻ സമ്പദ്ഘടന നില നില്ക്കുന്നത്. ഈ സത്യം രാജ്യത്തിനറിയാം.

 

വിശ്വകർമൻ എന്നാണ് എന്നെ വിളിക്കുന്നത്. ചിലർ പറയുന്നു, ഞാൻ ശേഷനാഗനാണെന്ന്. ഈ ലോകത്തിന്റെ തിരുക്കുറ്റി എന്റെ പത്തിയാണെന്നു ചിലർ. എന്നാൽ, എന്റെ അവകാശങ്ങൾ എന്താണ് ? എന്റെ അസ്തിത്വമെന്താണ്? ഞാനെപ്പോഴും ഒരു പ്രത്യേക ക്യൂവിലാണ്. ഞങ്ങളിൽ മിക്കവരും തൊട്ടുകൂടാത്തവരാണ്. അപൂർവ്വമായി മാത്രമേ എന്നെ ആരെങ്കിലും ശ്രദ്ധിക്കാറുള്ളൂ. പൊതുനന്മയ്ക്കു വേണ്ടി എന്റെ ബലി ആവശ്യമുള്ളപ്പോൾ മാത്രം. എല്ലാ അവകാശങ്ങളും അപഹരിക്കപ്പെട്ടിട്ടും ആൾക്കൂട്ട ശിക്ഷയുൾപ്പെടെയുള്ള അതിക്രമങ്ങൾക്ക് ഇരയാക്കപ്പെട്ടിട്ടും ഉപജീവനത്തിന് വേണ്ടി എന്റെ അധ്വാനം വില്ക്കുകയുയല്ലാതെ എന്ത് പോംവഴിയാണ് എനിക്കുള്ളത്? കൊറോണ പോലെയൊരു മഹാമാരി ഇന്ത്യയിലെത്തിയത് വിദേശങ്ങളിൽ സഞ്ചരിക്കുന്നവരിലൂടെയാണ്. അവരെ സംരക്ഷിക്കുന്നതിലും സുരക്ഷിതരായി വീടുകളിൽ എത്തിക്കുന്നതിലും പ്രത്യേക താല്പര്യമെടുക്കുന്ന ഭരണകൂടത്തിന് ഞാൻ തൊഴിൽ രഹിതനായതിനെക്കുറിച്ചോ വീടുകളിലെത്തി പ്രിയപെട്ടവരെ കാണാൻ കഴിയാത്തതിനെക്കുറിച്ചോ യാതൊരു ഉത്കണ്ഠയുമില്ല. ഞാൻ ലേബർ ക്യാമ്പുകളിൽ തന്നെ തുടരണം, ഭക്ഷണം തരുമത്രെ ! ഞാൻ എന്റെ നാട്ടിലേക്കു മടങ്ങിയാൽ, ഈ മാരകരോഗം മറ്റുള്ളവർക്ക് പകരുമെന്ന് എന്നെ ഉപദേശിക്കുന്നു. പക്ഷെ, ഈ രോഗം ഇന്ത്യയിലെത്തിയതിനു ഞാൻ ഉത്തരവാദിയല്ല. സമ്പദ്ഘടന പുനരുജ്ജീവിപ്പിക്കുന്നതിന് എന്നെ, എന്റെ അദ്ധ്വാനത്തെ, ആവശ്യമാണ്. അതാണ് സത്യം. ഞാൻ മടങ്ങി പ്പോയാൽ സമ്പദ്ഘടനയ്ക്ക് പുതുജീവൻ നൽകാനാവില്ലെന്ന് പണക്കാരും മധ്യവർഗവും ആശങ്കപ്പെടുന്നു. എന്റെ ഊർജ്ജം അവർക്കാവശ്യമുണ്ട്. നാട്ടിലേക്ക് മടങ്ങാതിരിക്കാൻ, രാജ്യത്തിന് വേണ്ടി ബലിയാകാൻ ഞാൻ നിർബന്ധിക്കപ്പെടുന്നു. എല്ലാക്കാലത്തുമെന്നപോലെ ഇപ്പോഴും രാജ്യത്തിനു വേണ്ടി ചോരയും വിയർപ്പുമൊഴുക്കാൻ ഞാൻ സന്നദ്ധനാണ്. ഞാനൊരു യോദ്ധാവാണ്. ഞാൻ രാജ്യത്തെ സ്നേഹിക്കുന്നു. പക്ഷേ, എനിക്ക് വേണ്ടി പുഷ്പവൃഷ്ടി നടത്താനും കയ്യടിക്കാനും ആരുമില്ല. അതൊന്നും വേണ്ട. കുറച്ച് ബഹുമാനം, അന്തസ്സ്, സാഹോദര്യം, അതുമാത്രമാണ് ഞാൻ ആവശ്യപ്പെടുന്നത്. ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിലെ 14, 19, 21 വകുപ്പുകൾ ഉറപ്പു നൽകുന്ന സമത്വവും ന്യായവും നീതിയുമാണ് എനിക്ക് വേണ്ടത്.

 

എനിക്കറിയാം ഇതൊന്നും കിട്ടാൻ പോകുന്നില്ലെന്ന്. വലിയ മാന്ദ്യത്തെ നേരിടുന്ന സമ്പദ്ഘടനയെ പുനരുജ്ജീവിപ്പിക്കണമെങ്കിൽ ചൈനയിൽ നിന്ന് വൻകിട നിക്ഷേപകരെ ആകർഷികേണ്ടതുണ്ട്. അതിനാൽ,ചൂഷണത്തിൽ നിന്ന്, സംരക്ഷണം നൽകുന്ന പഴയ തൊഴിൽ നിയമങ്ങൾ നിലനിർത്തണമെന്ന് ഞാൻ വാശിപിടിക്കരുത്. രാജ്യം എന്നിൽ നിന്നാവശ്യപെടുന്നത് കൂടുതൽ ത്യാഗങ്ങളാണ്. അതിനാൽ സാമ്പത്തിക കുറ്റവിചാരണയെ നേരിടാനുള്ള സഹനമാണ് എന്നോട് ആവശ്യപ്പെടുന്നത്. ഇതൊക്കെ എനിക്ക് ശീലമാണ്. എത്രവേണമെങ്കിലും ഞാൻ സഹിക്കാം. എന്നാൽ,അവർക്കതൊന്നും കഴിയില്ല. ക്ലേശങ്ങളും ദുരിതങ്ങളും അവർ അനുഭവിച്ചിട്ടില്ല. ആനന്ദത്തിന്റെ ചെറിയ ഒരംശം പോലും മാറ്റിവെക്കുന്നത് അവർക്ക് സഹിക്കാവുന്നതല്ല. അതിനാൽ, പൊതുതാല്പര്യം വിജയിക്കട്ടെ. കൂടുതൽ നഷ്ടങ്ങൾ ഞാൻ സഹിച്ചുകൊള്ളാം.

 

എന്റെ സന്തോഷവും മോക്ഷവും ഞാൻ തിരയേണ്ടത് എന്റെ ദുരിതങ്ങളിൽ തന്നെയാണ്. അതാണ്, കർമസിദ്ധാന്തം പഠിപ്പിക്കുന്നത്. പക്ഷെ, തൊട്ടുകൂടാത്തവർക്ക് എങ്ങനെ കർമ്മത്തിലൂടെ മോക്ഷം ലഭിക്കും? വേദങ്ങൾ അവർക്കു നിഷിദ്ധമല്ലേ? ഹേ, മനുഷ്യത്വമേ ! ആൾക്കൂട്ടത്തിന്റെ ശിക്ഷകൾ നിരന്തരം ഏറ്റുവാങ്ങാൻ വിധിക്കപെട്ട മറ്റൊരു മനുഷ്യജീവി ആയിപോയല്ലോ ഞാൻ. ( മനുഷ്യന്റെ യഥാർത്ഥമായ സാമൂഹ്യജീവിതത്തിൽ തിന്മയെയും ചൂഷണത്തെയും അനീതിയെയും അടിച്ചമർത്തലിനെയും ലോകമതങ്ങളുടെ ദൈവ ശാസ്ത്രങ്ങൾ ന്യായീകരിക്കുന്നത് മരണാനന്തര ജീവിത സൗഖ്യ വാഗ്‌ദാനത്തിലൂടെയാണ്. ഈ വാഗ്ദത്ത സ്വർഗ്ഗത്തിന്റെ പ്രലോഭനമാണ്, മതങ്ങളുടെയും മര്ദകവ്യവസ്ഥകളുടെയും പിന്നാലെ ആട്ടിൻപറ്റങ്ങളെ പോലെ ചലിക്കാൻ ജനസാമാന്യത്തെ പ്രേരിപ്പിക്കുന്നത്.

 

കഴിഞ്ഞ 3000 വർഷങ്ങളായി ജാതി-വംശീയതയെന്ന ഭീകര മർദ്ദക വ്യവസ്ഥയെ നിലനിർത്തുന്നത് കർമസിദ്ധാന്തമാണ്‌. ഓരോ മനുഷ്യനും ഓരോ ജാതിയിൽ ജനിക്കുന്നത് അവന്റെ മുജ്ജന്മ കർമഫലമായാണത്രെ ! അത് അലംഘനീയമായ പ്രപഞ്ച നിയമവുമാണ്. അതിനാൽ, ഓരോ മനുഷ്യനും അവനവന്റെ ജാതി നിയമങ്ങൾ അനുസരിക്കുക മാത്രമാണ് പോംവഴി.

 

തൊട്ടുകൂടായ്മയും അയിത്തവും പാലിക്കുകയെന്നതാണ് തൊട്ടുകൂടാത്തവന്റെ സത്കർമവും മോക്ഷ മാർഗവും. ഈ സത്കർമ പ്രലോഭനമായിരിക്കാം ഇക്കാലമത്രയും ചങ്ങലകൾ പൊട്ടിക്കാൻ മർദിത ജാതികളെ അശക്തമാക്കിയത്.

 

എന്നാൽ, മോക്ഷത്തിന് കർമവുമായി യാതൊരു ബന്ധവുമില്ലെന്നു വേദാന്തവും ശങ്കരാചാര്യരും മറയില്ലാതെ പ്രഖ്യാപിക്കുന്നു. ഒരുവന്റെ സത്കർമം അയാളെ മോക്ഷത്തിന് അർഹനാക്കുകയോ ദുഷ്കർമം അനർഹനാക്കുകയോ ചെയ്യുന്നില്ല. മോക്ഷത്തിനുള്ള ഏക യോഗ്യത ജ്ഞാനമാണ്. ജ്ഞാനമെന്നാൽ, വേദജ്ഞാനം. വേദജ്ഞാനത്തിനു അർഹത ബ്രാഹ്മണർക്കും ഇതര ത്രൈവർണികൾക്കും മാത്രം. അപ്പോൾ, കർമം കൊണ്ട് നേടാവുന്നതല്ല വേദജ്ഞാനവും മോക്ഷവുമെന്നു വ്യക്തം. അത് ജന്മസിദ്ധമാണ്. അതിന് സവർണ മാതാപിതാക്കൾക്കു ജനിക്കുക തന്നെ വേണം.

 

ഇത്രകാലവും ഈ കർമസിദ്ധാന്തം മർദിത ജാതികളെ വഞ്ചിക്കുകയായിരുന്നില്ലേ? മർദിത ജാതികൾ എത്ര അനുസരണയോടെയും ഭക്തിയോടെയും നിന്ദിതരും പീഡിതരുമായി ജീവിച്ചാലും അടുത്ത ജന്മത്തിൽ പോലും മോക്ഷം അസാധ്യം. ഈ കർമ-ധർമങ്ങളുടെ പീഡാഭാരം വലിച്ചെറിയാൻ മർദിത ജാതികൾ ഇനിയും മടിക്കുന്നതെന്തിനാണ്?

 

 

 

( ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ച ചരിത്രപ്രധാനമായ സുപ്രീം കോടതി വിധി ചോദ്യം ചെയ്യപ്പെട്ടപ്പോൾ, കേരളസർക്കാരിനു വേണ്ടി ഹാജരായി അനുകൂല വിധി സമ്പാദിച്ച അഭിഭാഷകൻ എന്ന നിലയിൽ മലയാളികൾക്ക് പരിചിതനാണ് സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനായ രാകേഷ് ദ്വിവേദി. സുപ്രീം കോടതി ജഡ്ജിയായിരുന്ന പിതാവിന്റെ പാത പിന്തുടരുന്നതിനു പകരം, രാകേഷ് തന്റെ വിദ്യാർത്ഥി ജീവിതകാലത്ത്, ഇന്ത്യൻ ചക്രവാളത്തിൽ മുഴങ്ങിയ വസന്തത്തിന്റെ ഇടിനാദം കേട്ട് നക്സലൈറ്റ് പ്രസ്ഥാനത്തിൽ ചേരുകയാണുണ്ടായത്. സിപിഐ (എം.എൽ)നൊപ്പം ഒരു ദശാബ്ദത്തിലേറെ ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ പ്രവർത്തിച്ചു. പലതവണ അറസ്റ്റ് ചെയ്യപ്പെടുകയും ഭീകര മർദ്ദന മേൽക്കുകയും ചെയ്തിട്ടുണ്ട്. ഒരു തവണ പോലീസ് വെടിവെയ്പിൽ നിന്ന് തല നാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. കുറേക്കാലം സിപിഐ (എം) നൊപ്പം പ്രവർത്തിച്ചു. അതിനു ശേഷമാണ് സുപ്രീം കോടതിയിൽ പ്രാക്ടീസ് ആരംഭിച്ചത്. കഴിഞ്ഞ വർഷം ഡൽഹിയിൽ ഒരു അത്താഴ വിരുന്നിനിടെ കണ്ടുമുട്ടിയപ്പോൾ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തെക്കുറിച്ച് ഞങ്ങൾ കുറേസമയം ചർച്ച ചെയ്തിരുന്നു. പ്രസ്ഥാനം നേരിടുന്ന പ്രതിസന്ധികളും ഇനിയും പരിഹരിച്ചിട്ടില്ലാത്ത സൈദ്ധാന്തിക സമസ്യകളും അദ്ദേഹത്തിന്റെ രാഷ്ട്രീയ മനസ്സിനെ വേട്ടയാടുന്നതായിട്ടാണ് എനിക്ക് അനുഭവപ്പെട്ടത്. പ്രസ്ഥാനവുമായുള്ള സജീവബന്ധം ഉപേക്ഷിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്, ഒരു പക്ഷേ, ഇത്തരം ത്വാതിക സംഘർഷങ്ങളാകാം.

 

ഇന്ത്യയിലെ തൊഴിലാളികളെ അയിത്തക്കാരാക്കി, ശ്വാശ്വത അടിമത്വത്തിലാഴ്ത്തുന്ന ഇന്ത്യൻ ദൈവശാസ്ത്രത്തെ തുറന്നു കാണിക്കുകയാണ് ഈ ലേഖനത്തിൽ രാകേഷ് ദ്വിവേദി.

 

ജെ.രഘു )


Rakesh Dwivedi